Wednesday, July 17, 2019 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 16 Jun 2018 03.02 PM

ഉപ്പും മുളകും നവരസവും; ബിജു സോപാനത്തി​​​ന്റെ അഭിനിയവഴികള്‍

'' ഫ്‌ളവേഴ്‌സ് ചാനലില്‍ ആര്‍. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഉപ്പും മുളകും മാറ്റിമറിച്ചത് ബിജു സോപാനമെന്ന നവരസ നടന്റെ ജീവിതമാണ്. ഹാസ്യം മുതല്‍ കരുണംവരെ ശോകം മുതല്‍ ബീഭത്സം വരെ ഈ പ്രോഗ്രാമില്‍ ബിജു പകര്‍ന്നാടിക്കൊണ്ടിരിക്കുന്നു.''
Uppum Mulakum

ചിലരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ട്വിസ്റ്റുകളുണ്ടാകും. അത് അവരുടെ നിര്‍ഭാഗ്യജാതകത്തെ മാറ്റും. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വരില്ല. വിജയപാതകളാകും മുന്നില്‍. എന്നാല്‍ ഭാഗ്യം വരുന്നതും കാത്ത് വെറുതെ മിഴി നട്ടിരുന്നാല്‍ പോരാ. പരിശ്രമിക്കണം.

പരിശ്രമിച്ചുകൊണ്ടേയിരിക്കണം. ഫ്‌ളവേഴ്‌സ് ചാനലില്‍ ആര്‍. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഉപ്പും മുളകു മാറ്റിമറിച്ചത് ബിജു സോപാനമെന്ന നവരസ നടന്റെ ജീവിതമാണ്. ഹാസ്യം മുതല്‍ കരുണംവരെ ശോകം മുതല്‍ ബീഭത്സം വരെ ഈ പ്രോഗ്രാമില്‍ ബിജു പകര്‍ന്നാടിക്കൊണ്ടിരിക്കുന്നു.

തിരുവനന്തപുരത്ത് പേരിടാത്ത ചിത്രത്തില്‍ അഭിനയിക്കുന്ന തിരക്കിലാണ് ബിജു സോപാനം. അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴ ഷൂട്ടിങ്ങിനെ ബാധിച്ചപ്പോള്‍ ബിജു ഫ്രീയായി.''നമുക്ക് കുറച്ചുനേരം സംസാരിച്ചാലോ''- ചോദിച്ചപ്പോള്‍ ബിജുവിന് സമ്മതം. പക്ഷേ ഒരു കണ്ടീഷന്‍ വച്ചു. സ്ഥിരമായി മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്ന ക്ലീഷേ ചോദ്യങ്ങള്‍ ഒഴിവാക്കണം.

സമ്മതിച്ചപ്പോള്‍ ബിജുവിന്റെ മുഖത്തൊരു കള്ളച്ചിരി. ഉപ്പും മുളകും കാണുന്നവര്‍ക്ക് ഈ ചിരി പരിചിതം. നീലുവിനെ പറ്റിക്കുന്ന അതേ ചിരി.

? കാവാലം കളരിയിലെ അനുഭവം....


ഠ എന്നിലെ നടന്‍ ഉരുത്തിരിഞ്ഞുവന്നത് കാവാലം സാറിന്റെ സോപാനത്തിലൂടെയാണ്. ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് പാസായതിനു ശേഷമാണ് ഞാന്‍ സോപാനത്തിലെത്തിയത്. 22 വര്‍ഷം മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ മരണം വരെ ഞാന്‍ സോപാനത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു.

വാചികാഭിനയം മാത്രമല്ല മെയ് വഴക്കവും താളബോധവും ഒരു നടനുണ്ടാകണമെന്ന കാവാലം സാറിന്റെ ഉപദേശം എന്നിലെ നടനെ പക്വമാക്കി. മെയ്‌വഴക്കത്തിനു വേണ്ടി മാധവമഠം സി.വി.എന്‍. കളരിയില്‍ ഒരുവര്‍ഷം കളരി പഠിച്ചു. തനതു നാടകങ്ങളായിരുന്നല്ലോ സാറിന്റേത്. അതിനുവേണ്ടി പഞ്ചവാദ്യം പഠിച്ചു.

Uppum Mulakum

? കാവാലത്തിന്റെ നാടകങ്ങളില്‍ അഭിനയിച്ച ശ്രദ്ധേയമായ കഥാപാത്രങ്ങള്‍...


ഠ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. മാളവാഗ്നിമിത്രത്തില്‍ അഗ്നിമിത്രനായി അഭിനയിച്ചു. മാധ്യമവ്യായോഗത്തില്‍ ഭീമനായും സൂത്രധാരനായും രണ്ടു വേഷങ്ങള്‍ ചെയ്തു. സാറിന്റെ പ്രശസ്ത തനതു നാടകമായ അവനവന്‍ കടമ്പയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. ദാസന്റെ എട്ടു നാടകങ്ങള്‍ ചെയ്തു. ഓരോ നാടകങ്ങളും എനിക്ക് ഓരോ പാഠശാലയായിരുന്നു.

? ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് പാസായ മകന്‍ സ്ഥിരതയില്ലാതത അഭിനയരംഗത്ത് പ്രവേശിച്ചപ്പോള്‍ മാതാപിതാക്കളുടെ പ്രതികരണം...


ഠ അവര്‍ എതിര്‍ത്തു. ഞാന്‍ കൂട്ടാക്കിയില്ല. സ്‌കൂളില്‍ പഠിക്കുമ്പോഴേ എന്റെ മനസ്സില്‍ അഭിനയമോഹം ഉണ്ടായിരുന്നു. സ്‌കൂള്‍ നാടകങ്ങളില്‍ സജീവമായിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന ലക്ഷ്യമാണ് സോപാനത്തിലെത്തിച്ചത്.

? അയ്യപ്പപ്പണിക്കര്‍, ഭരത് ഗോപി, മുരളി എന്നിവരൊക്കെ സോപാനത്തിലെ സന്ദര്‍ശകരായിരുന്നല്ലോ...


ഠ അതെ. ഇവരെല്ലാം എന്റെ അഭിനയത്തിന് കരുത്തു നല്‍കിയവരാണ്. സൂക്ഷ്മമായ നിരീക്ഷണവും അഭിനയവും തമ്മിലുള്ള ബന്ധം എന്നെ പഠിപ്പിച്ചത് അയ്യപ്പ പണിക്കര്‍ സാറാണ്. ഒരു മദ്യപാനിയുടെ വേഷം ചെയ്യണമെങ്കില്‍ അയാളെ കണ്ടെത്തി അയാളുടെ മാനറിസങ്ങള്‍ പകര്‍ത്തണമെന്ന് അയ്യപ്പ പണിക്കര്‍ സാര്‍ ഉപദേശിച്ചിട്ടുണ്ട്.

ഗോപിച്ചേട്ടന്‍ ദൂരയാത്ര നടത്തുമ്പോള്‍ എന്നെയും കൂട്ടും. അപ്പോഴൊക്കെ അദ്ദേഹം നാടകത്തെക്കുറിച്ച് സംസാരിക്കും. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് എന്റെ ചിരകാലാഭിലാഷമായ സിനിമാമോഹം അറിയിച്ചു. 'ഫാ' എന്ന ആട്ടായിരുന്നു മറുപടി. ഇന്ത്യയിലെ മികച്ച കലാകാരന്മാരുമായി ബന്ധപ്പെടാനും സോപാനം വഴിയൊരുക്കി. അമോല്‍ പാലേക്കര്‍, ഗിരീഷ് കര്‍ണാഡ്, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരൊക്കെ ഒരു തീര്‍ത്ഥാടനമെന്ന പോലെ സോപാനത്തിലെത്തിയിരുന്നു.

? സോപാനത്തില്‍ വരുമാനം കുറവായിരുന്നല്ലോ... സാമ്പത്തിക പ്രതിസന്ധി ഉണ്ടായോ...


ഠ സര്‍ക്കാരില്‍നിന്നും ഗ്രാന്റ് കിട്ടുമായിരുനനു. പ്രതിഫലമല്ല അഭിനയമായിരുന്നു എനിക്ക് പ്രധാനം. അതിലുപരി കാവാലം സാറിന്റെ സ്‌നേഹവും സോപാനത്തില്‍ എന്നെ പിടിച്ചുനിര്‍ത്തി. ഒരു തള്ളക്കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെയാണ് അദ്ദേഹം ഞങ്ങളെ സംരക്ഷിച്ചത്.

? മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ കര്‍ണ്ണഭാരത്തില്‍ സൂത്രധാരനായി അഭിനയിച്ചല്ലോ. ലാലുമൊത്തുള്ള അഭിനയാനുഭവം...


ഠ ഒരുദിവസം കാവാലം സാര്‍ പറയുന്നു ലാലെന്ന നടന്‍ സോപാനത്തില്‍ അഭിനയിക്കാനെത്തുന്നെന്ന്. അയാള്‍ സിനിമാ നടനാണെന്നും എന്നാല്‍ സോപാനത്തില്‍ എത്തിയാല്‍ നാടകവിദ്യാര്‍ത്ഥി മാത്രമാണെന്നും സാര്‍ പറഞ്ഞു. അതായിരുന്നു കാവാലം സാര്‍. മോഹന്‍ലാലിനെയും സോപാനത്തിലെ അഭിനേതാക്കളെയും ഒരുപോലെയാണ് അദ്ദേഹം കണ്ടത്.

ലാല്‍ സോപാനത്തിലെത്തി അദ്ദേഹത്തിന്റെ മെയ്‌വഴക്കവും താളബോധവും എന്നെ അത്ഭുതപ്പെടുത്തി. കഥാപാത്രമായി പരകായപ്രവേശം നടത്തുകയായിരുന്നു ലാല്‍. വടക്കേ ഇന്ത്യയിലെ വിവിധ സ്‌റ്റേജുകളില്‍ കര്‍ണ്ണഭാരം അവതരിപ്പിച്ചു. നല്ല പ്രതികരണമാണ് ലഭിച്ചത്.

Uppum Mulakum

? സോപാനത്തിലെത്തിയവരെല്ലാം അതിവേഗം സിനിമയിലെത്തി. ഉദാഹരണത്തിന് നെടുമുടി വേണു. ബിജു മാത്രം വൈകിയതിനു കാരണം..


വേണു ചേട്ടന്‍ സോപാനത്തിലെത്തി പത്തുവര്‍ഷം കഴിഞ്ഞതിനു ശേഷമാണ് സിനിമയിലെത്തിയത്. ഗോപിച്ചേട്ടനും ഏറെനാള്‍ ഉണ്ടായിരുന്നു. മുരളിച്ചേട്ടന്റെ അനുഭവവും ഇതുതന്നെ. അഭിനയ കലയില്‍ ചുവടുറപ്പിച്ച ശേഷമേ സിനിമയിലേക്ക് പോകാവൂ എന്ന കാവാലം സാറിന്റെ ഉപദേശം ഇവരെല്ലാം അനുസരിച്ചു.

ഒരിക്കല്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം കാവാലം സാറിനോട് തുറന്നുപറഞ്ഞു. സരസ്വതി ദേവിയെ നന്നായി ഉപാസിച്ചാല്‍ ലക്ഷ്മിദേവി കൂടെ വരുമെന്നായിരുന്നു സാറിന്റെ മറുപടി ഞാന്‍ സിനിമയിലെത്തേണ്ട സമയമായില്ലെന്ന് അദ്ദേഹം വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു.

? ഉപ്പും മുളകിലുമെത്തിയത്...


ഠ ഇതിന്റെ രചയിതാവ് സുരേഷ് ബാബുവാണ് എന്നെ ഉണ്ണികൃഷ്ണന്‍ സാറിന് പരിചയപ്പെടുത്തിയത്. അങ്ങനെ ബാലുവായി. നാടകത്തില്‍ അഭിനയിച്ച് തഴക്കം വന്നതിനാല്‍ ബാലുവിനെ അവതരിപ്പിക്കുന്നത് പ്രയാസമായി തോന്നിയില്ല. മിഡില്‍ക്ലാസ് ഫാമിലിയില്‍ നടക്കുന്ന കഥയാണ് ഇതില്‍ പറയുന്നത്. എനിക്ക് പരിചിതമായ പശ്ചാത്തലമാണിത്. ഇതും ബാലുവിനെ രൂപപ്പെടുത്താന്‍ സഹായിച്ചു. ഉപ്പും മുളകും എന്റെ മാത്രം സ്വന്തമല്ല. ഇതൊരു കൂട്ടായ്മയാണ്. എല്ലാ അഭിനേതാക്കളും അവരുടെ റോള്‍ നന്നായി ചെയ്യുന്നു.

? സിനിമയിലും തിരക്കേറുകയാണല്ലോ...


ഠ അതെ. സൈറാ ബാനുവിലെ വക്കീലിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. ലച്ച്മി, അംഗരാജ്യത്തെ ജിമ്മന്മാര്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഇവിടെയീ നഗരത്തില്‍ എന്നിവയില്‍ അഭിനയിച്ചു. ഇപ്പോള്‍ അജിതന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ നായകതുല്യ വേഷം ചെയ്യുന്നു.

? പ്രതീക്ഷയുള്ള പ്രോജക്ട്..


ഠ സെയ്ദ് ഉസ്മാന്‍ സംവിധാനം ചെയ്യുന്ന റിക്ഷാക്കാരന്‍. ആദ്യമായി ഞാന്‍ മുഴുനീള നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് റിക്ഷാക്കാരന്റെ പ്രത്യേകത.

? കുടുംബം.


ഠ ഭാര്യ ലക്ഷ്മി. മകള്‍ ഗൗരി. ഉപ്പും മുളകുവില്‍ കണ്‍മണി എന്ന കഥാപാത്രമായി അഭിനയിക്കുന്നത് ഗൗരിയാണ്.

കെ.എന്‍.ഷാജികുമാര്‍

Ads by Google
Saturday 16 Jun 2018 03.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW