Monday, September 10, 2018 Last Updated 22 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 15 Jun 2018 02.19 AM

കോച്ച്‌ ഫാക്‌ടറി: കേരളം പ്രതികരിക്കണം

uploads/news/2018/06/226010/editorial.jpg

കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്കു തിരിച്ചടിയാണു പാലക്കാട്‌ കഞ്ചിക്കോട്ട്‌ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന കോച്ച്‌ ഫാക്‌ടറി ഉപേക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. റെയില്‍വേക്കു നിലവിലും സമീപഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ത്തന്നെ സംവിധാനമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു പാലക്കാട്‌ കോച്ച്‌ ഫാക്‌ടറിക്ക്‌ റെയില്‍വേ തടയിട്ടത്‌. 2008- 09 ലെ കേന്ദ്ര ബജറ്റിലാണ്‌ കോച്ച്‌ ഫാക്‌ടറി പ്രഖ്യാപിച്ചത്‌. എന്നാല്‍, 10 വര്‍ഷം പിന്നിട്ടിട്ടും കാര്യമായ നടപടിയുണ്ടായില്ല. 2012-13 വര്‍ഷത്തെ ബജറ്റില്‍ സംയുക്‌തസംരംഭമായോ പി.പി.പി. മോഡലിലോ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ അനുമതി നല്‍കിയിരുന്നു. ഇതോടെ പദ്ധതിക്കായി പാലക്കാട്‌ കഞ്ചിക്കോട്‌ 439 ഏക്കര്‍ ഭൂമി സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, തുടര്‍പ്രവര്‍ത്തനങ്ങളൊന്നും മുന്നോട്ടു പോയില്ല.

പാലക്കാട്‌ റെയില്‍വേ ഡിവിഷന്റെ മൂന്നിലൊന്നു ഭാഗം വിഭജിച്ചെടുത്ത്‌ സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ ആശ്വാസമായി പ്രഖ്യാപിച്ചതാണ്‌ ഈ കോച്ച്‌ ഫാക്‌ടറി. 1133 കിലോമീറ്റര്‍ റെയില്‍പ്പാത ഉണ്ടായിരുന്ന പാലക്കാട്‌ ഡിവിഷനെ 588 കിലോമീറ്ററിലേക്ക്‌ വെട്ടിച്ചുരുക്കിയാണു സേലത്തിന്‌ രൂപം നല്‍കിയത്‌. പകരം ടൗണ്‍ഷിപ്പും ആശുപത്രിയും സ്‌കൂളും അനുബന്ധ വ്യവസായങ്ങളും അടങ്ങുന്ന കോച്ച്‌ ഫാക്‌ടറി നല്‍കുമെന്നു പ്രഖ്യാപിച്ചു. 6,000 കോടി രൂപയുടെ പദ്ധതിയാണ്‌ ആദ്യം പ്രഖ്യാപിച്ചത്‌. വൈകാതെ പദ്ധതി 550 കോടിയിലേക്കും 500 കോടിയിലേക്കും ചുരുക്കി.

തികഞ്ഞ മെല്ലെപ്പോക്ക്‌ ആയിരുന്നു കോച്ച്‌ ഫാക്‌ടറിയുടെ കാര്യത്തില്‍ ഉണ്ടായത്‌. കഞ്ചിക്കോട്‌ പുതുശ്ശേരി വെസ്‌റ്റ്‌ വില്ലേജില്‍ റെയില്‍വേ ആവശ്യപ്പെട്ടതു പ്രകാരം 239 ഏക്കര്‍ ഭൂമി ഏറ്റെടുത്ത്‌ നല്‍കിയിരുന്നു. ഫാക്‌ടറിയില്‍ പങ്കാളിത്തത്തിന്‌ കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ സ്‌റ്റീല്‍ അഥോറിട്ടി ഓഫ്‌ ഇന്ത്യ(സെയില്‍) തയ്യാറാവുകയും ചെയ്‌തു. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാലുവര്‍ഷം കാലാവധി നിശ്‌ചയിച്ചിരിക്കെ 18 മാസംകൊണ്ട്‌ പദ്ധതി പൂര്‍ത്തിയാക്കാമെന്നായിരുന്നു സെയിലിന്റെ വാഗ്‌ദാനം. രണ്ടുതവണ ആഗോള ടെന്‍ഡര്‍ വിളിച്ചെങ്കിലും സ്വകാര്യ പങ്കാളിയെ കിട്ടിയില്ല. നൂറുശതമാനം വിദേശനിക്ഷേപത്തില്‍ നടപ്പാക്കാന്‍ ആലോചിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. പദ്ധതിയുമായി സഹകരിക്കാന്‍ ഭാരത്‌ എര്‍ത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌ (ബി.ഇ.എം.എല്‍) താല്‍പര്യം അറിയിച്ചിരുന്നെങ്കിലും റെയില്‍വേ ഇക്കാര്യത്തില്‍ നിലപാട്‌ വ്യക്‌തമാക്കിയിരുന്നില്ല. എല്ലാം ചുവപ്പുനാടയില്‍ കുരുങ്ങി.

കോച്ച്‌ ഫാക്‌ടറിയുടെ കാര്യത്തില്‍ റെയില്‍വേ ഒളിച്ചുകളി നടത്തുകയായിരുന്നു. ഹരിയാന സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത 161 ഏക്കര്‍ ഭൂമിയിലേക്ക്‌ കോച്ച്‌ ഫാക്‌ടറി മാറ്റി സ്‌ഥാപിക്കാന്‍ റെയില്‍വേ നീക്കങ്ങള്‍ നടത്തുന്നതായും നേരത്തെ സൂചനയുണ്ടായിരുന്നു. കഞ്ചിക്കോട്‌ കോച്ച്‌ ഫാക്‌ടറിക്ക്‌ ഒപ്പം റായ്‌ബറേലിയിലും ഒരു കോച്ച്‌ ഫാക്‌ടറി പ്രഖ്യാപിച്ചിരുന്നു. കഞ്ചിക്കോട്‌ മുടന്തി നീങ്ങിയപ്പോള്‍ റായ്‌ബറേലി കുതിച്ചു പാഞ്ഞു. അവിടെയടക്കം ഉത്‌പാദനം വര്‍ധിച്ചതോടെയാണ്‌ കഞ്ചിക്കോടിന്റെ വഴിയടഞ്ഞത്‌. ആവശ്യത്തിനു സ്‌ഥലം ഏറ്റെടുത്തു കൊടുത്തശേഷവും കേരളത്തിലെ പദ്ധതികള്‍ക്കു നേരേ കേന്ദ്ര സ്‌ഥാപനങ്ങള്‍ മുഖം തിരിച്ചു നില്‍ക്കുന്നത്‌ പതിവാണ്‌. പതിറ്റാണ്ടുകളായി ഇതാണ്‌ പതിവ്‌.

കേരളത്തിനു കോച്ച്‌ ഫാക്‌ടറി എന്നത്‌ പതിറ്റാണ്ടുകള്‍ നീണ്ട വാഗ്‌ദാനമാണ്‌. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കേരളത്തിനനുവദിച്ച കോച്ച്‌ ഫാക്‌ടറി പഞ്ചാബിലേക്ക്‌ കൊണ്ടുപോയിരുന്നു. അന്ന്‌ അതിനെതിരേ കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ ആര്‍. ബാലകൃഷ്‌ണ പിള്ള നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ മന്ത്രി സ്‌ഥാനം നഷ്‌ടപ്പെടാന്‍ വരെ ഇടയാക്കി. ഈ ചരിത്രം നിലനില്‍ക്കുമ്പോഴാണു വീണ്ടും അവഗണന. ഇതിനെതിരേ കേരള സര്‍ക്കാര്‍ ശക്‌തമായ നിലപാട്‌ എടുക്കേണ്ടിയിരിക്കുന്നു.

Ads by Google
Friday 15 Jun 2018 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW