Wednesday, July 17, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 15 Jun 2018 02.18 AM

പെണ്‍കുട്ടികള്‍ പോകുന്നു; നമ്മള്‍ എന്തു ചെയ്യുന്നു?

uploads/news/2018/06/226009/bft1.jpg

വിദ്യാര്‍ഥിനിയായ ജെസ്‌ന വീടുവിട്ടു. മാസം രണ്ടു കഴിഞ്ഞു. പതിവുപോലെ, അന്വേഷണം നടക്കുന്നു. ഒരിക്കല്‍ അവളെ ജീവനോടെ കണ്ടെത്താനാകുമെന്നു വീട്ടുകാര്‍ വിശ്വസിക്കുന്നു; അവര്‍ കാത്തിരിക്കുന്നു. അന്വേഷണം തുടക്കത്തില്‍ കാര്യമായി നടന്നില്ല. വാര്‍ത്തയും ആക്‌ഷന്‍ കൗണ്‍സിലും സജീവമായപ്പോള്‍ പോലീസ്‌ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. തുടക്കത്തില്‍ ഇതേ ഗൗരവം അന്വേഷണത്തിനുണ്ടായിരുന്നെങ്കില്‍ അവളെ കണ്ടെത്താനാകുമായിരുന്നെന്നു ബന്ധുക്കള്‍ കരുതുന്നു; സഹപാഠികള്‍ അങ്ങനെ വിശ്വസിക്കുന്നു. ഒരാള്‍ പറഞ്ഞു, ചെന്നൈയില്‍ അവളെ കണ്ടെന്ന്‌. വിവരം പോലീസില്‍ അറിയിച്ചിട്ടും പോലീസ്‌ കാര്യമായി എടുത്തില്ലത്രേ. മറ്റുചിലര്‍ പറയുന്നു, ദാ അവിടെ, ദേ ഇവിടെ...
പോലീസിനെക്കുറിച്ചുള്ള പരാതികള്‍ക്കു പുതുമയില്ല. ജെസ്‌നയുടെ കാര്യത്തിലുയരുന്ന പരാതിക്കും പുതുമയില്ല; ആരും പരാതി ഗൗരവമായി എടുക്കില്ല. പോലീസ്‌ അല്ലാതെ ആശ്രയിക്കാന്‍ പിന്നെ മറ്റെന്താണുള്ളത്‌? മാസങ്ങള്‍ക്കുമുന്‍പ്‌ ജെസ്‌നയെപ്പോലെ മിഷേല്‍ എന്ന പെണ്‍കുട്ടിയെയും കാണാതായി. മിഷേല്‍ ഷാജി എന്ന ആ സിഎ വിദ്യാര്‍ഥിനിയെ കായലില്‍ മരിച്ചുകിടന്ന നിലയില്‍ പിന്നീട്‌ കണ്ടെത്തി; മിഷേലിന്റെ ഗതി ജെസ്‌നയ്‌ക്ക്‌ സംഭവിക്കാതിരിക്കട്ടെ.
കഴിഞ്ഞ മാര്‍ച്ച്‌ 5-നാണ്‌ മിഷേലിനെ കാണാതായത്‌. കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ എറണാകുളം നോര്‍ത്ത്‌ വനിതാസ്‌റ്റേഷനില്‍ ചെന്നു. അടുത്തുള്ള നോര്‍ത്ത്‌ സ്‌േറ്റഷനിലേക്ക്‌് അവര്‍ പരാതിക്കാരെ തിരിച്ചയച്ചു. അധികാരപരിധി തര്‍ക്കത്തെത്തുടര്‍ന്ന്‌, നോര്‍ത്ത്‌ സ്‌േറ്റഷനിലെ പോലീസുകാര്‍ പരാതിക്കാരോടു സെന്‍ട്രല്‍ സ്‌േറ്റഷനിലേക്കു പോകാന്‍ പറഞ്ഞു. അപ്പോള്‍ രാത്രി പതിനൊന്നുമണി കഴിഞ്ഞിരുന്നു. ഇതിനോടകം തകര്‍ന്നുപോയ മാതാപിതാക്കള്‍ മൂന്നു പോലീസ്‌ സ്‌േറ്റഷനുകള്‍ കയറിയിറങ്ങി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ സഹായിക്കണമെന്ന്‌ അവര്‍ പോലീസിനോടു കരഞ്ഞു പറഞ്ഞു. എന്നാല്‍ പിറ്റേന്നു രാവിലെ പത്തിനുശേഷമാണ്‌ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനുള്ള അപേക്ഷ കമ്മിഷണര്‍ മുഖേന സൈബര്‍ സെല്ലില്‍ എത്തിയത്‌. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. പരാതി കിട്ടിയ ഉടന്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയിരുന്നുവെങ്കില്‍, മിഷേലിനെ ജീവനോടെ കിട്ടുമായിരുന്നുവെന്നാണ്‌ മാതാപിതാക്കള്‍ പറയുന്നത്‌. സെന്‍ട്രല്‍ പോലീസിന്റെ ഗുരുതരമായ വീഴ്‌ചകാരണം വിലപ്പെട്ട ഒരു ജീവന്‍ നഷ്‌ടമായി.
വിലപ്പെട്ട ജീവനോ? ആര്‍ക്ക്‌? അന്യന്റെ ജീവനു വില കല്‍പിക്കാത്ത സമൂഹമായി വളര്‍ന്നുകഴിഞ്ഞ കേരളത്തില്‍ അവനവന്റെ മക്കളുടെ ജീവനുമാത്രമേ വിലയുള്ളുവെന്നു മിഷേലിന്റെ ജീവന്‍ നമ്മോടു വിളിച്ചുപറയുന്നു: അന്യദുഃഖം സ്വദുഃഖം കൂടിയാണെന്ന്‌ തിരിച്ചറിഞ്ഞ ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. ജെസ്‌നയുടെ വീട്‌ സന്ദര്‍ശിച്ച പി. സി. ജോര്‍ജ്‌ എം.എല്‍.എ. ഒരു പത്രസമ്മേളനം നടത്തി, ചില ആരോപണങ്ങള്‍ ഉന്നയിച്ചു. ആ വീട്ടില്‍ ചെന്നപ്പോള്‍ കുടുംബാംഗങ്ങള്‍ക്കു കാര്യമായ വിഷമം ഉള്ളതായി തോന്നിയില്ലത്രേ; ജെസ്‌നയുടെ സഹോദരങ്ങള്‍ കരയുന്നതായി കണ്ടുമില്ലത്രേ. അതായത്‌ ദുഃഖം ഉണ്ടോയെന്നു നേതാവ്‌ പരിശോധിക്കും; പരിശോധനയില്‍ വിജയിക്കണമെങ്കില്‍ മര്യാദയ്‌ക്ക്‌ കരഞ്ഞുകാണിച്ചുകൊള്ളണം. പുഴയില്‍ മുങ്ങിമരിച്ച ആളിന്റെ വീട്‌ പി.സി.ജോര്‍ജ്‌ സന്ദര്‍ശിക്കുന്നുവെന്നു കരുതുക. അദ്ദേഹത്തിനു കാര്യം ബോധ്യപ്പെടണമെങ്കില്‍ ബന്ധുക്കള്‍ പുഴയില്‍ ചാടിക്കാണിക്കണം. താലികെട്ടു കഴിഞ്ഞ കല്യാണവീട്ടില്‍ എം.എല്‍.എ. വൈകിയെത്തിയാല്‍ വധൂവരന്മാര്‍ ഒരു തവണ കൂടി കെട്ടിക്കാണിക്കണം; എങ്കിലേ കല്യാണം നടന്നുവെന്ന്‌ അദ്ദേഹം വിശ്വസിക്കൂ.
ജെസ്‌നയുടെ മാതാപിതാക്കള്‍ ഗാന്ധിയരോ കമ്മ്യൂണിസ്‌റ്റുകളോ എന്നതാവരുത്‌ മാനദണ്ഡം. ആ പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്താന്‍ കഴിയുമോ എന്നതുമാത്രമാണ്‌ പ്രധാനം. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ചര്‍ച്ച ജെസ്‌നയുടെ പിതാവിനെക്കുറിച്ചാണ്‌. കാണാതായ പെണ്‍കുട്ടിയുടെ ജീവനെക്കാള്‍ ചിലര്‍ക്കു പ്രധാനം കാണാന്‍ കഴിയുന്ന ജെസ്‌നയുടെ പിതാവാണ്‌.
നമ്മുടെ മക്കളുടെയോ സഹോദരങ്ങളുടെയോ പ്രായമുള്ള ഈ പെണ്‍കുട്ടികള്‍ എങ്ങോട്ടുപോകുന്നു? കായലുകളില്‍ കാണാവുന്നവിധവും കരയില്‍ കത്തിക്കരിഞ്ഞു കാണാനാകാത്തവിധവും ഇവരില്‍ പലരും അവസാനിക്കുന്നു. സ്‌േറ്റഷന്‍ പരിധികളുടെ ദൂരം അളന്നും മാതാപിതാക്കളുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ്‌ പരിശോധിച്ചും നാം കാണാതായവരെ കൊല്ലാതെ കൊല്ലുന്നു; മാതാപിതാക്കളെ പരിഹസിക്കുന്നു.

സുഹൃത്തേ, ഇന്നു ഞാന്‍, നാളെ നീ....

Ads by Google
Friday 15 Jun 2018 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW