Friday, April 19, 2019 Last Updated 2 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 15 Jun 2018 02.16 AM

കലക്‌ടറാകേണ്ടവള്‍ കയര്‍ത്തുമ്പില്‍ ഒടുങ്ങി; ഡോക്‌ടറാകേണ്ടവള്‍ ഐ.എസില്‍ ചാവേര്‍!

uploads/news/2018/06/226007/bft3.jpg

"ഹോസ്‌റ്റലില്‍ മൂന്നുനേരം എന്താണു കഴിച്ചതെന്നുപോലും എന്നും വിളിച്ചു തിരക്കുമായിരുന്നു. തലേന്നു വിളിച്ചപ്പോഴും ഒരു സൂചനയും തന്നില്ല. 24 വര്‍ഷം ഓമനിച്ചു വളര്‍ത്തിയ അമ്മയെ മറന്ന്‌, ഇന്നലെ മാത്രം കണ്ട ഓട്ടോ ഡ്രൈവര്‍ക്കൊപ്പം അവള്‍ പോയി"...യഹിയ എന്ന ഐ.എസ്‌. ഭീകരനെ പ്രണയിച്ച്‌ അഫ്‌ഗാനിസ്‌ഥാനിലേക്കു കടന്ന, തിരുവനന്തപുരത്തെ നിമിഷയെ ഓര്‍ത്ത്‌ അമ്മ ബിന്ദു വിതുമ്പി. യഹിയ പിന്നീടു സിറിയയിലോ അഫ്‌ഗാനിലോ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ്‌ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. അഫ്‌ഗാനില്‍ ഒരു കുഞ്ഞിനു ജന്മം നല്‍കിയ നിമിഷയെന്ന ഫാത്തിമ ജീവിച്ചിരിപ്പുണ്ടോ ഐ.എസ്‌. ഭീകരരുടെ അടിമയായി കഴിയുകയാണോയെന്നു വ്യക്‌തമല്ല...
തലേന്നു രാത്രിയും മകള്‍ക്കു കടുംകാപ്പി തിളപ്പിച്ചുകൊടുത്ത്‌, പഠിക്കാന്‍ കൂട്ടിരുന്ന മറ്റൊരു അമ്മയുടെ വിലാപം കേട്ടതു മൂവാറ്റുപുഴ കോടതി വരാന്തയിലാണ്‌. രാവിലെ പരീക്ഷയ്‌ക്കു പോകാനായി ധൃതിയില്‍ മുറ്റത്തിറങ്ങിയ മകള്‍ക്ക്‌, പിന്നാലെചെന്ന്‌ ഭക്ഷണം വായില്‍വച്ചു കൊടുത്തു...പിന്നെ കേട്ടത്‌ അവള്‍ ഏതോ ഒരുവന്റെകൂടെ പോയെന്നാണ്‌. കോടതിവരാന്തയില്‍ ആരുടെയോ നിര്‍ദേശപ്രകാരമെന്നോണം, കാമുകിയുടെ കൈകള്‍ വിലങ്ങിട്ടപോലെ അവന്‍ കോര്‍ത്തുപിടിച്ചിരുന്നു. കൂസലില്ലാതെ നടന്നുനീങ്ങുമ്പോഴും അവള്‍ നിസ്സഹായയായ സ്വന്തം അമ്മയുടെ മുഖത്തേക്കു നോക്കിയില്ല...
രണ്ടു കൊലക്കേസില്‍ പ്രതിയായ ഗുണ്ടയെ ഫെയ്‌സ്‌ബുക്കിലൂടെ പ്രേമിച്ച യുവതിയുടെ ജീവിതം ഒടുവില്‍ ഒരുമുഴം കയറിലൊടുങ്ങി. ആത്മഹത്യയോ കൊലപാതകമോയെന്ന്‌ ക്രൈം ബ്രാഞ്ചിനുപോലും കണ്ടെത്താനാകാത്ത കേസില്‍ കാമുകന്‍ ഇപ്പോഴും പുറത്തുവിലസുന്നു. നാടുവിട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എവിടെയെന്ന്‌ ആര്‍ക്കുമറിയില്ല...
ബസ്‌ കണ്ടക്‌ടര്‍ക്കും സഹപാഠിക്കുമൊപ്പം ഒളിച്ചോടിയ വിദ്യാര്‍ഥിനികളെ ഭര്‍തൃവീട്ടില്‍ വരവേറ്റതു കൊടിയദുരിതങ്ങള്‍...

എറണാകുളം മഹാരാജാസ്‌ കോളജില്‍ എം.എ. പൊളിറ്റിക്‌സ്‌ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ പെരിന്തല്‍മണ്ണ സ്വദേശിനി മാതാപിതാക്കള്‍ക്കൊപ്പം കൊച്ചിയിലെ ഇടപ്പള്ളിയിലായിരുന്നു താമസം. 90% മാര്‍ക്കോടെ ബിരുദം നേടിയ അവളുടെ സ്വപ്‌നങ്ങളില്‍ നിറയെ സിവില്‍ സര്‍വീസായിരുന്നു.
പി.ജി. പഠനത്തിനൊപ്പം സിവില്‍ സര്‍വീസ്‌ പരീക്ഷയ്‌ക്കുള്ള തയാറെടുപ്പും നടത്തുന്നതിനിടെയാണു ഫെയ്‌സ്‌ബുക്കിലൂടെ തൃശൂര്‍ ചാവക്കാട്‌ സ്വദേശിയായ ഖലീമിനെ പരിചയപ്പെട്ടത്‌. ഫെയ്‌സ്‌ബുക്കിലെ അഴകിയ കാമുകന്റെ യഥാര്‍ത്ഥ "ഫെയ്‌സ്‌" മറ്റൊന്നായിരുന്നു. രണ്ടു കൊലക്കേസുകളില്‍ പ്രതി. ഇയാള്‍ക്കു മറ്റൊരു ഭാര്യയുമുണ്ടായിരുന്നു. ഖലീമിന്റെ വിവാഹവാഗ്‌ദാനം വിശ്വസിച്ച യുവതിയും മാതാപിതാക്കളും അയാളെ സംശയിച്ചില്ല. തുടര്‍ന്ന്‌ ഇരുവരും ഇടപ്പള്ളിയിലെ ഒരു വാടകവീട്ടില്‍ ഒരുമിച്ചു താമസമാരംഭിച്ചു. ആ ബന്ധം ഒന്നരവര്‍ഷമേ നീണ്ടുനിന്നുള്ളൂ. 2015 മേയ്‌ 15-ന്‌ അവളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഖലീം തന്നെയാണു പങ്കാളിയുടെ മരണവിവരം പോലീസിനെ അറിയിച്ചത്‌. പെണ്‍കുട്ടി ജീവനൊടുക്കിയ മുറിയില്‍ അവളുടെ നീണ്ടിടതൂര്‍ന്ന തലമുടി മുഴുവനായി വടിച്ചിട്ട നിലയില്‍ കണ്ടെത്തി. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്ില്ലെന്നു യമാതാപിതാക്കള്‍ പറയുന്നു. ഖലീമിന്റെ ക്രിമിനല്‍ പശ്‌ചാത്തലത്തെക്കുറിച്ചു യുവതി സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. മാതാപിതാക്കള്‍ ആഭ്യന്തരമന്ത്രിക്കു നല്‍കിയ പരാതിപ്രകാരം കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല.
ഖലീം ജയില്‍മോചിതനുമായി. ഒരുപക്ഷേ, ജില്ലാ കലക്‌ടറോ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥയോ ആകേണ്ടിയിരുന്ന യുവതിയുടെ ജീവിതം ഒരുമുഴം കയറില്‍ അവസാനിച്ചു. നീറുന്ന നെഞ്ചുമായി ഇടപ്പള്ളി വിട്ട അവളുടെ മാതാപിതാക്കള്‍ ഇപ്പോള്‍ എവിടെയാണെന്ന്‌ ആര്‍ക്കുമറിയില്ല.

കാണാമറയത്ത്‌ മകളുണ്ടോ? കണ്ണീര്‍ക്കയത്തില്‍ ഒരമ്മ

പ്രണയദുരന്തത്തിന്‌ ഇരയായ മകളെയോര്‍ത്ത്‌ പെരിന്തല്‍മണ്ണ സ്വദേശികളായ മാതാപിതാക്കള്‍ എവിടെയോ ഉള്ളുരുകിക്കഴിയുമ്പോള്‍, തിരുവനന്തപുരത്ത്‌ ആറ്റുകാലില്‍ ഒരമ്മയുടെ ആധിയത്രയും മകള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നാണ്‌. രാജ്യശ്രദ്ധയാകര്‍ഷിച്ച ഒരു തിരോധാനക്കേസിലെ പരാതിക്കാരിയാണു ബിന്ദു; കാസര്‍ഗോഡ്‌ പൊയ്‌നാച്ചി സെഞ്ച്വറി ഡെന്റല്‍ കോളജ്‌ വിദ്യാര്‍ഥിനിയായിരുന്ന നിമിഷയുടെ അമ്മ. മതംമാറി ഫാത്തിമയായ മകള്‍, പാലക്കാട്ടുകാരന്‍ യഹിയയ്‌ക്കൊപ്പം ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ അഫ്‌ഗാനിസ്‌ഥാനിലേക്കു പോയെന്നറിഞ്ഞതു മുതല്‍ നീറുന്ന നെഞ്ചുമായി നിയമപോരാട്ടത്തിലാണ്‌ ഈ അമ്മ. 2016 ജൂണ്‍ നാലിനാണു നിമിഷയെ ബിന്ദു അവസാനമായി കണ്ടത്‌. തലേന്നുവരെ മൂന്നുനേരവും ഫോണില്‍ വിളിച്ച്‌, "മോള്‍ വല്ലതും കഴിച്ചോ"യെന്നു തിരക്കിയിരുന്ന അമ്മയെ അവളോര്‍ത്തില്ല. നിമിഷയെ അഫ്‌ഗാനിലേക്കു തട്ടിക്കൊണ്ടുപോയ യഹിയ പിന്നീട്‌ ഐ.എസില്‍ ചേര്‍ന്ന്‌ കൊല്ലപ്പെട്ടു. മകള്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചെന്ന സന്ദേശമാണ്‌ ഒടുവിലെത്തിയതെന്നു ബിന്ദു പറയുന്നു. ഐ.എസ്‌. ഭീകരര്‍ അനാഥയായ നിമിഷയെ ചാവേറോ അടിമയോ ആക്കിയിരിക്കാമെന്നാണ്‌ അന്വേഷണ ഏജന്‍സികളുടെ ആശങ്ക. മകളെന്നെങ്കിലും മടങ്ങിയെത്തുന്നതു കാത്തിരിക്കുമ്പോഴും ബിന്ദു നിയമപോരാട്ടം തുടരുകയാണ്‌. ഇനിയൊരു പെണ്‍കുട്ടിക്കും ഈയവസ്‌ഥ ഉണ്ടാകാതിരിക്കാന്‍. പിച്ചവച്ച നാള്‍മുതല്‍, വളര്‍ച്ചയുടെ ഓരോഘട്ടത്തിലും താങ്ങായിരുന്ന മാതാപിതാക്കളെ മറന്ന്‌, ഇന്നലെക്കണ്ട ഒരുവനൊപ്പം നിഷ്‌കരുണം ഇറങ്ങിപ്പോകുന്ന എല്ലാ പെണ്‍മക്കള്‍ക്കുമൊരു പാഠമാകാന്‍...

പെറ്റവയറിനേ നോവറിയൂ

പെറ്റമ്മയെ ബോധരഹിതയായി കണ്ടിട്ടും കൂളായി കാമുകന്റെ കൈപിടിച്ചു പോയ മകളെ, മനഃസാന്നിധ്യം കൈവിടാതെ നല്ലൊരു ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്ന അനുഭവമാണു കോട്ടയം ജില്ലയിലെ കുര്യനാട്‌ സ്വദേശികളായ ദമ്പതികള്‍ക്കു പറയാനുള്ളത്‌. വലിയൊരു ദുരന്തത്തില്‍ കലാശിക്കുമായിരുന്ന മകളുടെ ജീവിതം മടക്കിക്കിട്ടിയതു ഭാഗ്യംകൊണ്ടാണെന്നും ഇവര്‍ പറയുന്നു. രണ്ടു പെണ്‍മക്കളാണ്‌ ഇവര്‍ക്കുള്ളത്‌. മക്കളെ നല്ലനിലയിലെത്തിക്കാന്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുകയായിരുന്നു പിതാവ്‌. ബിരുദം നേടിയശേഷം മകളെ ഗള്‍ഫിലേക്കു കൊണ്ടുപോകാനും അദ്ദേഹം ആഗ്രഹിച്ചു. അതിനായി പാലായിലെ സ്‌ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്‌ കോഴ്‌സിനു ചേര്‍ത്തു. എറണാകുളം-പാലാ റൂട്ടിലോടുന്ന സ്വകാര്യ ബസിലാണു പെണ്‍കുട്ടി സ്‌ഥിരമായി യാത്ര ചെയ്‌തിരുന്നത്‌. ഇതിനിടെ കണ്ടക്‌ടറുമായി അടുത്തു. വിവരമറിഞ്ഞു നാട്ടിലെത്തിയ പിതാവ്‌ മകളെ പിന്തിരിപ്പിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. കോഴ്‌സ്‌ അവസാനിക്കാന്‍ രണ്ടുമാസമേ ശേഷിച്ചിരുന്നുള്ളൂ. കാമുകനെ കാണാതിരിക്കാന്‍ പിന്നീടു മറ്റൊരു ബസിലാണു പാലായിലേക്ക്‌ അയച്ചിരുന്നത്‌. എന്നാല്‍, രക്ഷിതാക്കളെ കബളിപ്പിച്ച യുവതി ആരുമറിയാതെ ഉഴവൂരില്‍ ഇറങ്ങി കാമുകന്റെ ബസില്‍ യാത്ര തുടര്‍ന്നു. അധികം വൈകാതെ കാമുകിയുമൊത്ത്‌ കണ്ടക്‌ടര്‍ മുങ്ങി. മാതാപിതാക്കള്‍ കുറവിലങ്ങാട്‌ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ മേലുകാവിനു സമീപമാണു കണ്ടക്‌ടറുടെ വീടെന്നു കണ്ടെത്തി. പോലീസിന്റെ നിര്‍ദേശപ്രകാരം ഇരുവരും കുറവിലങ്ങാട്‌ സ്‌റ്റേഷനില്‍ ഹാജരായി. മകളെ കണ്ടപാടെ ബോധരഹിതയായി നിലത്തുവീണ അമ്മയെ തിരിഞ്ഞുനോക്കാതെ, കാമുകന്റെ കൈയില്‍ മുറുകെപ്പിടിച്ച്‌, ഒന്നിച്ചു ജീവിക്കാന്‍ പോലീസ്‌ സഹായം അഭ്യര്‍ഥിക്കുകയാണു പെണ്‍കുട്ടി ചെയ്‌തത്‌. തുടര്‍ന്ന്‌ പാലായിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴും അവള്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു.
പിന്നീടായിരുന്നു കഥയിലെ വഴിത്തിരിവ്‌. കാമുകന്റെ ഒറ്റമുറിവീട്ടിലെ താമസം മടുത്ത്‌ നാലാംദിവസം മകള്‍ അമ്മയെ ഫോണില്‍ വിളിച്ചു. രക്ഷിക്കണമെന്നു കരഞ്ഞപേക്ഷിച്ചു. അപ്പനും മക്കളും കൂട്ടുകാരും ചേര്‍ന്നുള്ള മദ്യപാനസദസുകള്‍ ഭര്‍തൃവീട്ടില്‍ പതിവായിരുന്നു. ഉടുതുണിക്കു മറുതുണിയില്ല. കിട്ടുന്ന വാഹനത്തില്‍ ഉടന്‍ വീട്ടിലെത്താന്‍ അമ്മ നിര്‍ദേശിച്ചു.
മകള്‍ മടങ്ങിയെത്തിയപാടേ മാതാപിതാക്കളുമൊത്ത്‌ കുറവിലങ്ങാട്‌ പോലീസില്‍ അഭയം തേടി. പീഡനത്തിന്‌ അകത്താകുമെന്നായതോടെ കണ്ടക്‌ടര്‍ മുങ്ങി. മാസങ്ങള്‍ക്കുശേഷം യുവതിയെ പിതാവ്‌ ഗള്‍ഫിലേക്കു കൊണ്ടുപോയി. അടുത്തിടെ നല്ലനിലയില്‍ വിവാഹം ചെയ്‌തയച്ചു.

ചെറ്റക്കുടിലിലെ ചെത്തുപയ്യന്‍

ജാത്യഭിമാനക്കൊലപാതകം എന്ന നിലയില്‍ കോട്ടയത്തെ കെവിന്റെ ദുര്‍വിധി കേരളത്തെ ഞെട്ടിച്ചതാണ്‌. തുടര്‍ന്ന്‌ ആ പ്രണയരക്‌തസാക്ഷിക്കു സാമൂഹികമാധ്യമങ്ങളില്‍ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്‌ജലി പ്രവാഹമായിരുന്നു. എന്നാല്‍, അതില്‍നിന്നെല്ലാം വ്യത്യസ്‌തമായിരുന്നു ഒരമ്മ ഫെയ്‌സ്‌ബുക്കില്‍ കുറിച്ച വരികള്‍. "ആ മോന്റെ മരണത്തില്‍ വിഷമമുണ്ട്‌. അവന്റെ നഷ്‌ടങ്ങള്‍ നികത്താനുമാകില്ല. പക്ഷേ അവളെ നൊന്തുപ്രസവിച്ച ഒരമ്മ, അവരുടെ സ്വപ്‌നങ്ങള്‍. അതേക്കുറിച്ച്‌ ആരെങ്കിലും ചിന്തിച്ചോ?".
ഇടുക്കി ജില്ലക്കാരിയായ ഈ അമ്മയ്‌ക്കു രണ്ടുമക്കളാണ്‌. ഭര്‍ത്താവ്‌ ഗള്‍ഫില്‍ ഉന്നതോദ്യോഗസ്‌ഥന്‍, സന്തുഷ്‌ടകുടുംബം. എല്ലാം മാറിമറിഞ്ഞതു മൂത്തമകളെ ബിരുദപഠനത്തിനു ചേര്‍ത്തതോടെയാണ്‌. നാട്ടുകാരായ സഹപാഠികള്‍ക്കൊപ്പം രാജക്കാട്ടുനിന്നുള്ള ഒരു സുമുഖനുമുണ്ടായിരുന്നു. അടിച്ചുപൊളി ജീവിതം നയിക്കുന്ന പയ്യന്‍ പെണ്‍കുട്ടിയോടു പെട്ടെന്നടുത്തു. അവന്‍ പ്രണയം തുറന്നുപറഞ്ഞെങ്കിലും മാതാപിതാക്കളോട്‌ ആലോചിച്ചശേഷമാകാം എന്ന നിലപാടിലായിരുന്നു പെണ്‍കുട്ടി. പക്ഷേ, പയ്യന്‍ വിടാതെ പിന്നാലെകൂടി. പെണ്‍കുട്ടിയുടെ വീടിനു മുന്നിലൂടെ രാത്രി പതിവായി ബൈക്കില്‍ ചെത്തിപ്പറന്നു. ഒരു സുപ്രഭാതത്തില്‍ നാടുണര്‍ന്നത്‌ പെണ്‍കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത കേട്ടാണ്‌. അന്വേഷിച്ചിറങ്ങിയ വീട്ടുകാര്‍ ഒടുവില്‍ എത്തിയതു കുന്നിന്‍മുകളിലെ ഒരു കുടിലിലാണ്‌. ഒരു മുറിയും അടുക്കളയുമുള്ള ചോര്‍ന്നൊലിക്കുന്ന മണ്‍കൂര. അതിനുള്ളില്‍ നാലംഗകുടുംബം. മകളെ കാണാനില്ലെന്നറിഞ്ഞ്‌ വിദേശത്തുനിന്നെത്തിയ പിതാവ്‌ ആ കാഴ്‌ച കണ്ടു പൊട്ടിക്കരഞ്ഞു. ഒപ്പംവരാന്‍ കൂടെപ്പിറപ്പും കരഞ്ഞപേക്ഷിച്ചു. പ്രണയലഹരിയില്‍ പെണ്‍കുട്ടി അതെല്ലാം നിഷേധിച്ചു. മകളുടെ മനസ്‌ മാറില്ലെന്നറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ വിവാഹം നടത്തിക്കൊടുത്തു. ജീവിക്കാനുള്ള സാഹചര്യങ്ങളും ഒരുക്കിനല്‍കി. പയ്യനെ ബംഗളുരുവില്‍ പഠിക്കാനയച്ചു. എന്നാല്‍, മൂന്നുമാസം കഴിഞ്ഞു കേട്ടത്‌ ഭാര്യവീട്ടുകാരുടെ ചെലവില്‍ അവന്‍ അവിടെയൊരു പുതിയബന്ധം തുടങ്ങിയെന്നാണ്‌. ഇതറിഞ്ഞ്‌ തകര്‍ന്നുപോയ പെണ്‍കുട്ടി രാജാക്കാട്ടുനിന്ന്‌ സ്വന്തം വീട്ടിലെത്തി. മാനക്കേടു ഭയന്ന്‌ ഇന്ന്‌ എറണാകുളം നഗരത്തിലെ ഒരു ബന്ധുവീട്ടില്‍ കഴിയുന്നു. അവള്‍ ഉറ്റകൂട്ടുകാരിക്കയച്ച സന്ദേശം ഇങ്ങനെ: "അന്നവന്‍ തൂങ്ങിമരിക്കുമെന്നു പറഞ്ഞു. അല്ലെങ്കില്‍ ഞാന്‍ അച്‌ഛനെയും അമ്മയെയും നിഷേധിച്ച്‌ ഇറങ്ങിപ്പോകില്ലായിരുന്നു". പെണ്‍കുട്ടിക്ക്‌ ആ തിരിച്ചറിവുണ്ടായപ്പോഴേക്ക്‌ ഏറെ വൈകിപ്പോയിരുന്നു.
(തുടരും)

സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Friday 15 Jun 2018 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW