Monday, April 22, 2019 Last Updated 11 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 02.10 AM

നമ്മുടെ കുട്ടികള്‍ക്ക്‌ ശുഭയാത്ര നേരാം

uploads/news/2018/06/225772/bft1.jpg

ബസുകളുടെ ഫിറ്റ്‌നസ്‌ പരിശോധനയെ സംബന്ധിച്ച എന്റെ ചോദ്യത്തിന്‌ നിയമസഭയില്‍ നല്‍കിയ ഉത്തരത്തില്‍ സംസ്‌ഥാനത്ത്‌ യാത്രാബസുകളായി ഓടുന്ന ബസുകളുടെ ഫിറ്റ്‌നസ്‌ പരിശോധനാ മാനദണ്ഡങ്ങള്‍ പുതിയ വാഹനങ്ങള്‍ക്ക്‌ ആദ്യം രണ്ടു വര്‍ഷത്തേക്കും തുടര്‍ന്ന്‌ ഓരോ വര്‍ഷത്തേക്കുമാണ്‌ ഫിറ്റ്‌നസ്‌ കാലാവധി നല്‍കുന്നതെന്നാണ്‌ ലഭിച്ചത്‌. 15 വര്‍ഷം വരെ പഴക്കമുള്ള ബസുകള്‍ മാത്രമേ പൊതുഗതാഗതത്തിന്‌ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.
അടുത്ത ചോദ്യത്തിന്റെ ഉത്തരം രസകരമാണ്‌. സ്‌കൂള്‍ ബസുകള്‍ക്ക്‌ ഇതില്‍ ഇളവുകളുമുണ്ടോയെന്ന ചോദ്യത്തിന്‌ സ്‌കൂള്‍ ബസുകള്‍ക്ക്‌ പഴക്കം നിശ്‌ചയിച്ചിട്ടില്ലായെന്നായിരുന്നു മറുപടി. റൂട്ട്‌ ബസുകളായി ഓടിക്കാന്‍ സാധിക്കാത്ത ബസുകള്‍ സ്‌കൂള്‍ ബസുകളായി പരിണമിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മറുപടി ലഭിച്ചു. ഇത്തരം ബസുകള്‍ക്ക്‌ അനുമതി നല്‍കുന്നത്‌ തടയണമെന്ന നിയമം കൊണ്ടുവരേണ്ടത്‌ കേന്ദ്ര സര്‍ക്കാരാണെന്ന കൈകഴുകല്‍ മറുപടിയും ലഭിച്ചു. സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ എങ്ങനെയെങ്കിലും ഉത്തരം നല്‍കി കൈകഴുകിയാല്‍ വകുപ്പിന്റെ ജോലി അവസാനിച്ചു. കുട്ടികളുടെ യാത്രാസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും പരിഹാരമുണ്ടാക്കാനുമുള്ള എന്റെ ശ്രമം പ്രസക്‌തമാണെങ്കിലും ഇപ്പോഴും അപ്രസക്‌തമായി തുടരുന്നു. സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന സംബന്ധിച്ച്‌ സഹസാമാജികനായ പി.ഉബൈദുള്ള ഉന്നയിച്ച ഒരു ചോദ്യം, ഫിറ്റ്‌നസില്ലാത്ത വാഹനങ്ങളില്‍ കുട്ടികളെ കയറ്റി സര്‍വീസ്‌ നടത്തുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നായിരുന്നു. ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വാഹനപരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ലഭിച്ച മറുപടി.
കഴിഞ്ഞ ദിവസം മരടില്‍ ഡേ കെയറിലെ കുട്ടികളുമായി പോയ വാന്‍ കുളത്തിലേക്കു മറിഞ്ഞ്‌ രണ്ട്‌ പിഞ്ചു കുഞ്ഞുങ്ങളും ആയയും മരിച്ച വാര്‍ത്ത വേദനയോടെയാണ്‌ നമ്മള്‍ കേട്ടത്‌. പൊലിഞ്ഞത്‌ മൂന്നു കുടുംബങ്ങളുടെ സ്വപ്‌നങ്ങളാണ്‌. അനുഭവങ്ങളുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ പോകുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ ആദ്യമല്ല. 2011- ല്‍ രണ്ടു തവണയാണ്‌ പാര്‍വതി പുത്തനാര്‍ മരണക്കെണിയായത്‌. 2012 നവംബര്‍ രണ്ടിന്‌ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പത്‌ കുട്ടികള്‍ ഒരു ഓട്ടോറിക്ഷയില്‍ സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ പേരന്തൂര്‍ കനാലിലേക്ക്‌ മറിഞ്ഞ്‌ അപകടമുണ്ടായി. 2015 ജൂണ്‍ 26-ന്‌ കോതമംഗലത്തിനു സമീപം സ്‌കൂള്‍ വാനിനു പുറത്തേക്കു മരംവീണ്‌ അഞ്ചു വിദ്യാര്‍ഥികള്‍ മരിക്കാനിടയായ സംഭവവും നമ്മളെ ഏറെ ഞെട്ടിച്ചു.
2017 ഒകേ്‌ടാബര്‍-10-ന്‌ പെരുമ്പാവൂരിനു സമീപം സ്‌കൂള്‍ ബസ്‌ മറിഞ്ഞ്‌ അധ്യാപികയും അറ്റന്‍ഡന്‍ഡറും മരിച്ചു. 15 ഓളം കുട്ടികള്‍ക്കു പരുക്കേറ്റു. പാര്‍വതി പുത്തനാര്‍ മുതല്‍ മരട്‌ വരെ അപകടങ്ങളുടെ പട്ടിക നീളുമ്പോള്‍ ആദ്യത്തെ ജനരോഷവും ചര്‍ച്ചകളും കഴിയുമ്പോള്‍ കാര്യങ്ങള്‍ പഴയപടിയാകുന്നു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ടവര്‍ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കുലറുകളും പുറപ്പെടുവിക്കാറുണ്ട്‌. പക്ഷേ, നിയമലംഘനങ്ങള്‍ പൗരാവകാശമായി കരുതുന്ന നാട്ടില്‍ ഏതു സര്‍ക്കുലറുകള്‍ക്കും വരുന്ന ഗതിതന്നെയാണ്‌ ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സംഭവിക്കാറുള്ളത്‌. സര്‍ക്കാര്‍ സര്‍ക്കുലറില്‍ ജലാശയങ്ങളുടെ വശങ്ങളിലൂടെ സര്‍വീസ്‌ നടത്തുന്ന സ്‌കൂള്‍ ബസുകള്‍ക്ക്‌ വേഗപരിധി നിശ്‌ചയിക്കണമെന്നും കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങളുടെ വിശദാംശങ്ങള്‍ സ്‌കൂളില്‍ സൂക്ഷിക്കണമെന്നും കുട്ടികളുടെ എണ്ണം, ഡ്രൈവറുടെ വിവരങ്ങള്‍ എന്നിവ ഒരു വാഹന രജിസ്‌റ്ററാക്കി സ്‌കൂളില്‍ സൂക്ഷിക്കണമെന്നും ഇതിന്റെ പകര്‍പ്പ്‌ തൊട്ടടുത്ത പോലീസ്‌ സേ്‌റ്റഷനില്‍ കൊടുക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. സ്‌കൂളുകളില്‍ ട്രാഫിക്‌ ക്ലബുകള്‍ രൂപീകരിച്ച്‌ പോലീസ്‌ സഹായത്തോടെ ബോധവത്‌കരണം നടത്തണമെന്നും സ്‌കൂള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങള്‍ ഒരു അധ്യാപകന്റെയോ അധ്യാപികയുടയോ നേതൃത്വത്തില്‍ ആയിരിക്കണമെന്ന്‌ നിഷ്‌കര്‍ഷിക്കുന്നു. സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക്‌ 35 ല്‍ കൂടുതല്‍ പ്രായമുണ്ടായിരിക്കണമെന്നാണ്‌ മറ്റൊരു നിര്‍ദേശം. സ്‌കൂള്‍ കുട്ടികളെ കൊണ്ടുവരുന്ന എല്ലാത്തരം വാഹനങ്ങളും, അവ വാടക വാഹനങ്ങള്‍ ആണെങ്കില്‍ പോലും ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്നു വെളുത്ത പ്രതലത്തില്‍ നീല അക്ഷരത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണം. 12 വയസില്‍ താഴെ കുട്ടികളെ കൊണ്ടുപോകുമ്പോള്‍ വാഹനത്തിന്റെ സീറ്റിങ്‌ കപ്പാസിറ്റിയുടെ ഒന്നരയിരട്ടിയില്‍ കൂടുതല്‍ കയറ്റാന്‍ പാടില്ലായെന്നാണ്‌ ചട്ടം. കുട്ടികളെ ഓട്ടോറിക്ഷയില്‍ തിക്കിഞെരുക്കി കൊണ്ടുപോകുന്ന കാഴ്‌ച പുതുമയല്ല. 1989-ലെ കേരള മോട്ടോര്‍ വെഹിക്കിള്‍ ആക്‌ടിലെ ചട്ടം 151 പ്രകാരം പ്രഥമശുശ്രൂഷാ ഉപകരണങ്ങള്‍, ഫയര്‍ എക്‌സ്‌റ്റിങ്ങ്യൂഷര്‍ എന്നിവ ബസില്‍ നിര്‍ബന്ധമാണ്‌. 10 വര്‍ഷത്തെ പ്രവൃത്തിപരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ സ്‌കൂള്‍ വാഹനം ഓടിക്കാന്‍ പാടില്ല. ഒരുവര്‍ഷത്തിനിടയില്‍ രണ്ടുതവണയെങ്കിലും മോട്ടോര്‍വാഹന നിയമലംഘനത്തിന്‌ ശിക്ഷിക്കപ്പെട്ടവര്‍, അപകടകരമായോ മദ്യപിച്ചോ വാഹനമോടിച്ചതിന്‌ ഒരു തവണയെങ്കിലും ശിക്ഷ ലഭിച്ചവര്‍ എന്നിവര്‍ക്ക്‌ സ്‌കൂള്‍ ബസ്‌ ഓടിക്കാന്‍ നിയമം അനുവദിക്കുന്നില്ല.
സ്‌കൂള്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന എല്ലാവരുടെ പേരുകളും രക്ഷാകര്‍ത്താക്കളുടെ പേര്‌, ഫോണ്‍ നമ്പര്‍ എന്നിവ പ്രിന്റ്‌ ചെയ്‌ത്‌ ലാമിനേറ്റ്‌ ചെയ്‌ത്‌ വാഹനത്തില്‍ സൂക്ഷിക്കണമെന്ന കര്‍ശന നിര്‍ദേശമുള്‍പ്പെടെ നിലനില്‍ക്കെ കുട്ടികളുടെ അപകടരഹിതമായ യാത്രയ്‌ക്ക്‌ നിയമത്തിന്റെ കുറവോ നിര്‍ദേശങ്ങളുടെ അസാന്നിധ്യമോ അല്ല പ്രധാന പ്രശ്‌നമെന്നുള്ളത്‌ യാഥാര്‍ഥ്യമാണ്‌. സ്‌പീഡ്‌ ഗവേണര്‍ വേണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നുവെന്നുള്ളത്‌ ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. കുട്ടികളുടെ സുരക്ഷിതത്വം അധ്യാപകരുടെയും സര്‍ക്കാരുകളുടെയും മാത്രം ഉത്തരവാദിത്തമല്ല. രക്ഷാകര്‍ത്താക്കളും ഇക്കാര്യത്തില്‍ ജാഗരൂകരാകണം.
വിദ്യാര്‍ഥികളെ വലയിലാക്കാനുള്ള ലഹരിമാഫിയയുടെ ശ്രമങ്ങള്‍ വേറെ. മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ നമ്മെ അലോസരപ്പെടുത്തുന്ന ലഹരിയുടെ വേരുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആവശ്യമാണ്‌. പലപ്പോഴും കുട്ടികള്‍ അപരിചതരുടെ വാഹനങ്ങളില്‍ ലിഫ്‌റ്റ്‌ ചോദിക്കുന്ന കാഴ്‌ചയും കാണാറുണ്ട്‌. ഇത്തരം യാത്രകളുടെ ഭവിഷ്യത്തുകള്‍ കുട്ടികള്‍ ഒരുപക്ഷേ ഗൗരവമായി എടുക്കാറില്ല. സ്‌കൂളുകളില്‍ ഇതു സംബന്ധിച്ച്‌ ബോധവത്‌കരണം നല്‍കണം. സ്‌കൂളുകള്‍ തുറക്കുന്നത്‌ കൃത്യമായ തീയതികളിലാണ്‌. ഇതറിയാത്ത രണ്ടു വിഭാഗങ്ങളാണ്‌ റോഡ്‌ സുരക്ഷാ അതോറിറ്റിയും പൊതുമരാമത്ത്‌ വകുപ്പും. മഴക്കാലത്തിന്‌ മുന്‍പേ സ്‌കൂളുകളുടെ മുന്‍വശത്തെ റോഡുകളില്‍ സീബ്രാ ലൈനുകള്‍ തെളിക്കാനുള്ള ബോധമെങ്കിലും ഇവര്‍ര്‍ക്ക്‌ എപ്പോഴാണ്‌ ഉണ്ടാകുന്നത്‌.? സുരക്ഷിതമായ ഒരു വിദ്യാലയ വര്‍ഷം വിദ്യാലയത്തിനകത്ത്‌ മാത്രമല്ല പുറത്തും തയാറാക്കാനുള്ള ബാധ്യത നമുക്കുണ്ട്‌. തൊടുപുഴ കരിങ്കുന്നത്ത്‌ ബസ്‌ നിര്‍ത്താതെ പോയതിന്‌ പരാതി പറയാന്‍ ചെന്ന സ്‌കൂള്‍ കുട്ടിയുടെ തല തോര്‍ത്തിക്കൊടുക്കുന്ന പോലീസ്‌ മാതൃകയും നമ്മുടെ ഇടയിലുണ്ട്‌. വിദ്യാലയങ്ങള്‍ ഹൈടെക്‌ ആകുന്നതോടൊപ്പം വളരെ പ്രാധാന്യമുള്ളതാണ്‌ കുട്ടികളുടെ സുരക്ഷയും. അതുകൊണ്ടുതന്നെ സംസ്‌ഥാനത്ത്‌ സമഗ്രമായ വിദ്യാലയ സുരക്ഷാനയം രൂപവത്‌കരിക്കേണ്ടതുണ്ട്‌. അതില്‍ ഊന്നല്‍ നല്‍കേണ്ടത്‌ കുട്ടികളുടെ യാത്ര, ലഹരി ഉപയോഗത്തിനെതിരായ ബോധവത്‌കരണം, കുട്ടികള്‍ പാലിക്കേണ്ട സമീപനങ്ങള്‍ എന്നിവയ്‌ക്കാണ്‌. ചിരിച്ച്‌ കൈവീശി വിദ്യാലായങ്ങളിലേക്കു പോകുന്ന നമ്മുടെ പിഞ്ചോമനകള്‍ സുരക്ഷിതരാണെന്ന്‌ ഉറപ്പുവരുത്തേണ്ടത്‌ സര്‍ക്കാരിന്റെയും വിദ്യാലയത്തിന്റെയും രക്ഷാകര്‍ത്താക്കളുടെയും ഉത്തരവാദിത്തമാണ്‌. അപകടരഹിതമായ ഒരു വിദ്യാലയവര്‍ഷത്തിന്‌ അതിലൂടെ നമുക്ക്‌ ശുഭയാത്ര നേരാം.

Ads by Google
Thursday 14 Jun 2018 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW