Saturday, July 20, 2019 Last Updated 23 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 02.09 AM

യുവതികളെ റാഞ്ചാന്‍ ക്രിമിനല്‍ കാമുകന്‍മാര്‍; ആത്മഹത്യയില്‍ അഭയതേടി പ്രണയിനികള്‍, കുട്ടിച്ചോറാകുന്നത്‌ ഒട്ടേറെ കുടുംബങ്ങള്‍

uploads/news/2018/06/225771/bft2.jpg

അധികനാളായില്ല, തലസ്‌ഥാനനഗരത്തോടു ചേര്‍ന്ന്‌, ഐ.ടി. പട്ടണമായ കഴക്കൂട്ടത്തിനു സമീപം മുരിക്കുംപുഴയിലെ റെയില്‍ പാളത്തില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. ട്രെയിന്‍ കയറി ഛിന്നഭിന്നമായതിനാല്‍ ആളെ തിരിച്ചറിയാന്‍ പോലീസ്‌ ഏറെ പാടുപെട്ടു. ഒടുവില്‍ ഒരു ഞെട്ടലോടെ സമൂഹം തിരിച്ചറിഞ്ഞു, ഒരു പ്രണയവഞ്ചനയുടെ ബാക്കിപത്രമാണവിടെ ചിതറിക്കിടക്കുന്നത്‌.
തിരുവനന്തപുരത്തെ വമ്പന്‍ ബിസിനസ്‌ സമ്രാട്ടിന്റെ മകളായിരുന്നു ആ ഹതഭാഗ്യ; വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവള്‍. അവളെ പ്രേമത്തിന്റെ ചൂണ്ടയില്‍ കുരുക്കിയതാകട്ടെ നഗരത്തിലെ കുപ്രസിദ്ധമായ, ചെങ്കല്‍ചൂള കോളനിയിലെ ഒരു ഗുണ്ടയും! ക്രിമിനലുകളുടെ താവളമായിരുന്ന ചെങ്കല്‍ചൂള ആ ദുഷ്‌പേരില്‍നിന്നു മോചനം നേടിവരുന്നതേയുള്ളൂ. ഇന്നവിടം രാജാജി നഗറാണ്‌. കോളനി വാസിയായ കഥാനായകന്‍ നഗരത്തിലെ വന്‍കിട ഹോട്ടലിനോട്‌ അനുബന്ധിച്ചുള്ള ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരനായിരുന്നു. നിത്യേന അവിടം സന്ദര്‍ശിച്ചിരുന്ന നിരവധി യുവതികളില്‍ ഒരാളായിരുന്നു ബിസിനസുകാരന്റെ മകള്‍. ജീവനക്കാരന്റെ പഞ്ചാരവാക്കുകളില്‍ മയങ്ങിയ യുവതി ഒരുനാള്‍ രായ്‌ക്കുരാമാനം കൈയില്‍ കിട്ടിയതുമായി വീടുവിട്ടിറങ്ങി. മകളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച്‌ പിതാവ്‌ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജി ഫയല്‍ ചെയ്‌തു. ഇതോടെ പോലീസ്‌ ഇരുവരെയും പിടികൂടി കോടതിയില്‍ ഹാജരാക്കി. എന്നാല്‍, പ്രായപൂര്‍ത്തിയായതിനാല്‍ ഒന്നിച്ചു താമസിക്കണമെന്ന ഇവരുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇരുവരും ചെങ്കല്‍ചൂളയിലെ വീട്ടില്‍ കഴിയവേയാണ്‌ ഒരു കുത്തുകേസില്‍ യുവാവിനെ കോടതി അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ചത്‌. ഇതോടെ, ജീവിതപങ്കാളിയുടെ തനിനിറം മനസിലാക്കിയ യുവതി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

****
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു സമീപമുള്ള ഈ കോളനിക്കു പറയാന്‍ ഇതുപോലെ നിരവധി കഥകളുണ്ട്‌. നഗരത്തിലെ കുബേരപുത്രന്‍മാരുടെ കളിപ്പാവകളായി ഒട്ടേറെ യുവാക്കള്‍ ഇവിടെയുണ്ട്‌. പണവും മദ്യവും നല്‍കി തങ്ങളുടെ ആവശ്യങ്ങള്‍ക്ക്‌ ഇവരെ പലപ്പോഴും ബലിയാടാക്കുകയാണു പതിവ്‌. ഉപയോഗിക്കാന്‍ ബൈക്കും കാറുമൊക്കെ നല്‍കും. ഇങ്ങനെ ലഭിച്ച വിലകൂടിയ ബൈക്കുമായി കോളനി വാസിയായ ഒരു യുവാവ്‌ ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയെ വലയിലാക്കി. ഹോസ്‌റ്റലില്‍നിന്നു പള്ളിയിലേക്കും ടെക്‌നോപാര്‍ക്കിലേക്കുമുള്ള കാല്‍നടയാത്രയ്‌ക്കിടെ, ബൈക്കുമായി പിന്നാലെ കൂടിയാണു യുവതിയെ വശീകരിച്ചത്‌. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഈ ഇരുപത്തിനാലുകാരി പിന്നീടു ജോലിസ്‌ഥലത്തേക്കും തിരിച്ചുമുള്ള യാത്ര കുപ്രസിദ്ധനായ ഈ ഗുണ്ടയ്‌ക്കൊപ്പമായി. കാമുകന്‍ ഗുണ്ടയാണെന്ന വിവരം അവള്‍ അറിഞ്ഞതുമില്ല. തുടര്‍ന്ന്‌ മുട്ടട സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ വിവാഹിതരായ ഇവര്‍ വഴുതക്കാടിനു സമീപം വാടകവീട്ടില്‍ താമസം തുടങ്ങി. ഇതിനിടെ യുവതിയുടെ സ്വര്‍ണമെല്ലാം ഭര്‍ത്താവ്‌ വിറ്റുതുലച്ചു. ഒടുവില്‍ വാടക കൊടുക്കാന്‍ നിവൃത്തിയില്ലാതെ ഭാര്യയുമൊത്ത്‌ കോളനിയില്‍ എത്തിയപ്പോഴാണു ചതിക്കപ്പെട്ട കാര്യം അവള്‍ അറിഞ്ഞത്‌. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചതോടെ പോലീസ്‌ കേസായി. എന്നാല്‍, ഭാര്യയെ ജോലിക്കുപോലും വിടാതെ ഇയാള്‍ വീട്ടുതടങ്കലിലാക്കി. പിന്നീട്‌, ടെക്‌നോപാര്‍ക്കിലെ കമ്പനി അധികൃതരും വീട്ടുകാരുമൊക്കെ ഇടപെട്ട്‌ വന്‍തുക യുവാവിനു നല്‍കിയാണ്‌ പെണ്‍കുട്ടിയെ മോചിപ്പിച്ചത്‌.
"പറന്നു പോയകിളിയെ-
പ്പക്ഷേ, വീണ്ടും പിടിച്ചിടാം;
കാലമോ പോവുകില്‍പ്പോയീ..." എന്ന ജി. ശങ്കരക്കുറുപ്പിന്റെ വരികളില്‍, കാലത്തിനു പകരം "മകളോ" എന്നു ചേര്‍ത്താല്‍ സമകാലിക കേരളത്തിന്റെ അവസ്‌ഥയായി.

****

സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെ യുവതി ഓട്ടോറിക്ഷാ ഡ്രൈവറെ പ്രണയിക്കുന്നതും ക്ലൈമാക്‌സില്‍ എതിര്‍പ്പുകളെല്ലാം മറികടന്ന്‌ അവര്‍ ഒന്നിക്കുന്നതുമാണു വേണു നാഗവള്ളി സംവിധാനം ചെയ്‌ത ഏയ്‌ ഓട്ടോ എന്ന സിനിമയുടെ പ്രമേയം. അതു സിനിമയില്‍... കഥ സമാനമാണെങ്കിലും ജീവിതം ദുരന്തത്തില്‍ പര്യവസാനിച്ചതാണു മലപ്പുറം, എടപ്പാളിലെയും കോട്ടയം, ചക്കാമ്പുഴയിലെയും രണ്ടു യുവതികള്‍ക്കുണ്ടായ അനുഭവം.
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നതാണ്‌ എടപ്പാളിലെ പെണ്‍കുട്ടിയുടെ ഇന്നത്തെ അവസ്‌ഥ. കാമുകന്‍ കശക്കിയെറിഞ്ഞ്‌ തെരുവില്‍ തള്ളപ്പെട്ടവള്‍. സമ്പന്നകുടുംബത്തില്‍പ്പെട്ട യുവതിക്ക്‌ ഓട്ടോ ഡ്രൈവറുമായുള്ള പ്രണയം വീട്ടുകാര്‍ക്ക്‌ അറിയാമായിരുന്നു. അതു കാര്യമാക്കാതെ മകള്‍ക്ക്‌ അവര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചു. മികച്ച ജോലിയും കുടുംബപശ്‌ചാത്തലവുമുള്ള യുവാവായിരുന്നു പ്രതിശ്രുതവരന്‍. എന്നാല്‍ വിവാഹം ഉറപ്പിച്ചതോടെ യുവതി കാമുകന്റെ കൂടെ ഒളിച്ചോടി. നാട്ടുകാര്‍ക്കു പറഞ്ഞു ചിരിക്കാനൊരു വിഷയവും വീട്ടുകാര്‍ക്കു മാനക്കേടും ബാക്കിയായി. എന്നാല്‍, ശരിക്കുള്ള മാനക്കേട്‌ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മകളുടെ ഒളിച്ചോട്ടത്തിനുശേഷം പിതാവ്‌ മരിച്ചു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി തെരുവിലായി. ഇന്നു നാട്ടിലെ അറിയപ്പെടുന്ന ലൈംഗികത്തൊഴിലാളിയാണ്‌ ഈ യുവതി. നല്ല കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടിയുടെ അധഃപതനം നാട്ടുകാര്‍ക്കിപ്പോഴും ഒരു കൗതുകം മാത്രം.

****
കോട്ടയം ജില്ലയിലെ ചക്കാമ്പുഴ ഇടക്കോലിക്കു സമീപം മാതാപിതാക്കളും രണ്ടു പെണ്‍മക്കളുമടങ്ങിയ ഇടത്തരം കുടുംബം. പഠിക്കാന്‍ മിടുക്കിയായ മൂത്തമകള്‍ ഉഴവൂരിലെ കോളജ്‌ വിദ്യാര്‍ഥിനി. പ്രകൃതത്തിലും പെരുമാറ്റത്തിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതോടെ അമ്മ വിവരം തിരക്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണു മകള്‍ അകപ്പെട്ട ചതിക്കുഴി തിരിച്ചറിഞ്ഞത്‌.
ഉഴവൂരിനു സമീപമുള്ള, ഇതരജാതിയില്‍പ്പെട്ട ഓട്ടോ ഡ്രൈവറായിരുന്നു കാമുകന്‍. പലവട്ടം ഉപദേശിച്ചതോടെ പ്രേമത്തില്‍നിന്നു പിന്മാറിയതായി അമ്മയെ മകള്‍ വിശ്വസിപ്പിച്ചു. ഒരാഴ്‌ച കഴിഞ്ഞ്‌ കാമുകന്റെ കൂടെ ഒളിച്ചോടി വിവാഹം കഴിച്ചു. പലയിടങ്ങളില്‍ കറങ്ങിയശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടി ഞെട്ടി. ചോര്‍ന്നൊലിച്ച്‌ ഏതു നിമിഷവും നിലംപതിക്കാവുന്ന വീട്‌. അപ്പനും അമ്മയും സഹോദരങ്ങളുമടങ്ങിയ കുടുംബം ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം രണ്ടു മുറിയുള്ള വീട്ടില്‍. പ്രാഥമികാവശ്യങ്ങള്‍ക്കായി അയല്‍വാസിയുടെ പുരയിടമാണു ശരണം. ഒരാഴ്‌ചയേ പെണ്‍കുട്ടിക്കു ഭര്‍തൃവീട്ടില്‍ കഴിയാനായുള്ളൂ.
തുടര്‍ന്ന്‌ സ്വന്തം വീട്ടിലേക്കു മടങ്ങി. അപ്പോഴേക്ക്‌ അപമാനഭാരത്താല്‍ വീടും സ്‌ഥലവും വില്‍ക്കാനുള്ള തിരക്കിലായിരുന്നു മാതാപിതാക്കള്‍. പഠനവും ജീവിതവും ഇരുളടഞ്ഞതു തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചു. ഒരുവര്‍ഷത്തിനുശേഷം ഓട്ടോ ഡ്രൈവര്‍ മറ്റൊരു പെണ്‍കുട്ടിയെ വലയില്‍ വീഴ്‌ത്തി വിവാഹം കഴിച്ചു. കിട്ടിയ വിലയ്‌ക്കു വീടും പുരയിടവും വിറ്റ്‌ നാടുവിട്ട പെണ്‍കുട്ടിയുടെ കുടുംബം എവിടെയാണെന്ന്‌ ഇന്നാര്‍ക്കുമറിയില്ല.

****

കണ്ണൂരിലെ ശ്രീകണ്‌ഠാപുരത്ത്‌, ആന്‍മരിയ എന്ന പെണ്‍കുട്ടിയുടെ ജീവിതയാത്ര ദുരന്തത്തില്‍ കലാശിച്ചതു ബസ്‌ ഡ്രൈവറുമായുള്ള പ്രണയത്തേത്തുടര്‍ന്നാണ്‌. പതിവായി യാത്രചെയ്യുന്ന ബസിലെ ഡ്രൈവറെയാണ്‌ ഈ കോളജ്‌ വിദ്യാര്‍ഥിനി പ്രേമിച്ചത്‌. കഴിഞ്ഞവര്‍ഷം ഇരുവരും വിവാഹിതരായി. എന്നാല്‍, വീട്ടുകാരുടെ എതിര്‍പ്പവഗണിച്ചുള്ള പ്രണയവിവാഹത്തിന്‌ നാലുമാസമേ ആയുസ്‌ ഉണ്ടായുള്ളൂ. ഭര്‍തൃവീട്ടില്‍ വിഷം ഉള്ളില്‍ച്ചെന്ന നിലയിലാണ്‌ അവളുടെ മൃതദേഹം കണ്ടെത്തിയത്‌. പൈസക്കരി ദേവമാതാ കോളജിലെ ഒന്നാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിനി ആന്‍മരിയ പതിവായി യാത്ര ചെയ്‌തിരുന്ന ബസിലെ ഡ്രൈവറായിരുന്നു സുബിന്‍. പഠിച്ച്‌ എന്തെങ്കിലും ജോലിയായാല്‍ വിവാഹം നടത്തിത്തരാമെന്നു യുവതിയുടെ വീട്ടുകാര്‍ പറഞ്ഞെങ്കിലും കമിതാക്കള്‍ ഒളിച്ചോടി. എന്നിട്ടും പിന്നീടു പള്ളിയില്‍ത്തന്നെ വിവാഹം നടത്തി. ഭര്‍തൃവീട്ടില്‍ താമസിച്ച്‌ ആന്‍മരിയ പഠനം തുടര്‍ന്നു. ജോലി നേടിയിട്ടേ സ്വന്തം വീട്ടില്‍ പോകൂവെന്നായിരുന്നു അവളുടെ ശാഠ്യം. എന്നാല്‍, വിവാഹം കഴിഞ്ഞ്‌ നാലുമാസമായതോടെ ഭര്‍തൃവീട്ടില്‍ താളപ്പിഴകള്‍ ആരംഭിച്ചു. അവള്‍ പ്രതീക്ഷിച്ചതില്‍നിന്ന്‌ ഏറെ വിഭിന്നമായിരുന്നു അവിടുത്തെ സാഹചര്യങ്ങള്‍. അക്കാര്യങ്ങള്‍ കോളജിലെ സഹപാഠികളുമായാണ്‌ അവള്‍ പങ്കിട്ടത്‌. ആന്‍മരിയയുടെ ആത്മഹത്യാക്കുറിപ്പ്‌ ഇങ്ങനെ തുടങ്ങുന്നു: "ആരെയും കുറ്റപ്പെടുത്തുന്നില്ല. തെറ്റുപറ്റിയത്‌ എനിക്കാണ്‌". ജീവിതത്തിലെ പ്രതീക്ഷകളെല്ലാം തെറ്റിയ പെണ്‍മനസിന്റെ വ്യഥകളത്രയും ആ കത്തിലുണ്ടായിരുന്നു. കുറിപ്പുകളില്‍ ഒന്ന്‌ ആന്‍മരിയയുടെ അമ്മ ആനിക്കും മറ്റൊന്നു ഭര്‍ത്താവിനുമുള്ളതായിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ അവളെ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ഭര്‍ത്താവ്‌ സുബിന്‍ അറസ്‌റ്റിലായി നിയമനടപടി നേരിടുകയാണ്‌.

****

ആന്‍മരിയയുടെ കാമുകന്‍ ബസ്‌ ഡ്രൈവറായിരുന്നെങ്കില്‍, മലപ്പുറത്തെ പ്രമുഖ ബിസിനസുകാരന്റെ മകള്‍ ഒളിച്ചോടിയത്‌ ഇതരമതസ്‌ഥനായ ബസ്‌ കണ്ടക്‌ടര്‍ക്കൊപ്പമാണ്‌. വീട്ടിലെ പോര്‍ച്ചില്‍ ആഡംബരക്കാര്‍ ഒന്നിലേറെയുണ്ടെങ്കിലും പതിവായി ബസിലായിരുന്നു കോളജ്‌ വിദ്യാര്‍ഥിനിയുടെ യാത്ര. ആ യാത്രകള്‍ ബസിലെ കണ്ടക്‌ടറുമായുള്ള പ്രണയത്തിലും ഒളിച്ചോട്ടത്തിലും കലാശിച്ചു. കോട്ടയത്തെ കെവിന്റെ കാര്യത്തിലെന്നപോലെ, പെണ്‍കുട്ടിയുടെ പിതാവും സഹോദരന്‍മാരുമടങ്ങിയ സംഘം അന്നുതന്നെ അയല്‍ജില്ലക്കാരനായ യുവാവിന്റെ വീട്ടിലേക്കു പുറപ്പെട്ടു. എന്നാല്‍, വീടിനടുത്ത്‌ യുവാവിന്റെ സുഹൃത്തുക്കള്‍ വാഹനം തടഞ്ഞു. യുവാവുമായി സംസാരിച്ചാല്‍ മതിയെന്നും പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും വീട്ടുകാര്‍ ഉറപ്പുനല്‍കി. തുടര്‍ന്ന്‌, കാമുകനുമായി സംസാരിച്ചപ്പോഴാണ്‌ അവന്റെ പ്രണയം പണത്തോടാണെന്ന സത്യം പുറത്തുവന്നത്‌. 10 ലക്ഷം രൂപ തന്നാല്‍ പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാമെന്നായി യുവാവ്‌. അവനൊപ്പം ജീവിച്ചാല്‍ മകളുടെ ഭാവി എന്താകുമെന്നു വ്യക്‌തമായി ബോധ്യപ്പെട്ട വീട്ടുകാര്‍, പറഞ്ഞ തുക നല്‍കി യുവതിയെ കൂട്ടിക്കൊണ്ടുപോയി. കാമുകന്റെ തനിനിറം പെണ്‍കുട്ടിയും മനസിലാക്കിയത്‌ അപ്പോഴാണ്‌. ഇന്നവള്‍ വീട്ടുകാര്‍ ആലോചിച്ച മറ്റൊരു വിവാഹം കഴിച്ച്‌ സന്തുഷ്‌ടജീവിതം നയിക്കുന്നു.

****

ഒളിച്ചോട്ടം മൂലമുണ്ടായ അപമാനം സഹിക്കാനാകാതെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാമുകന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയത്‌ അടുത്തിടെയാണ്‌. കാസര്‍ഗോഡ്‌ വെള്ളരിക്കുണ്ടിലായിരുന്നു നാടകീയസംഭവങ്ങള്‍. പരപ്പ കനകപ്പള്ളിയിലെ 19 വയസുള്ള വിദ്യാര്‍ഥിനിയാണു വെള്ളരിക്കുണ്ടിലെ ഓട്ടോ ഡ്രൈവര്‍ ജിജോ ജോസഫിനൊപ്പം ഒളിച്ചോടിയത്‌. പ്രകോപിതരായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ജിജോയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന്‌ പോലീസ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തു. ഇവര്‍ തട്ടിക്കൊണ്ടുപോയ, ജിജോയുടെ സഹോദരനെ കര്‍ണാടക അതിര്‍ത്തിയായ പാണത്തൂരില്‍നിന്നാണു പോലീസ്‌ കണ്ടെത്തിയത്‌.

****

പ്രണയകാലം ഏറെ പ്രത്യേകതകളുള്ളതാണ്‌. പ്രണയികള്‍ എപ്പോഴും ഇണയുടെ നല്ല മുഖം മാത്രമേ കാണാറുള്ളൂ, അഥവാ അതേ കാണാന്‍ ആഗ്രഹിക്കുന്നുള്ളൂ. സ്വന്തം സ്വത്വം മറച്ചുവച്ച്‌ പ്രേമിക്കുന്നതില്‍ സോഷ്യല്‍ മീഡിയ വലിയൊരു പങ്കുവഹിക്കുന്നുണ്ട്‌. വിവാഹകാര്യം വീട്ടില്‍ അവതരിപ്പിക്കുമ്പോഴും കാമുകന്റെ/കാമുകിയുടെ ഗുണഗണങ്ങളാകും എണ്ണിപ്പറയുക. അവനെ/അവളെ കിട്ടിയില്ലെങ്കില്‍ ചത്തുകളയും, മറ്റൊരാള്‍ തന്റെ ശവത്തിലേ താലികെട്ടൂ എന്നൊക്കെയുള്ള ഭീഷണികള്‍ക്കു മുന്നിലാണു പല പ്രണയവിവാഹങ്ങള്‍ക്കും വീട്ടുകാര്‍ സമ്മതം മൂളാറുള്ളത്‌. പലപ്പോഴും വിവാഹവും മധുവിധുവും കഴിഞ്ഞശേഷമാകും പങ്കാളിയുടെ തനിനിറം പുറത്തുവരുക. മറ്റാര്‍ക്കും പങ്കില്ലാത്ത അത്തരം തെരഞ്ഞെടുപ്പുകള്‍ തെറ്റുമ്പോള്‍, ആത്മഹത്യയിലും വിവാഹമോചനത്തിലും കലാശിക്കുന്ന സംഭവങ്ങള്‍ എണ്ണിയാലൊടുങ്ങില്ല.

മാതാപിതാക്കളെ തള്ളി കാമുകനൊപ്പം: കേസ്‌ വര്‍ധിക്കുന്നതില്‍ ഹൈക്കോടതിക്ക്‌ ആശങ്ക

കൊച്ചി: മാതാപിതാക്കളെ അവഗണിച്ചു കാമുകനൊപ്പംപോയശേഷം കോടതിയിലെത്തി മാതാപിതാക്കള്‍ക്കെതിരേ നിലപാടെടക്കുന്ന കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ െഹെക്കോടതിക്ക്‌ ആശങ്ക. ഇത്തരം കേസുകളുമായി ബന്ധപ്പെട്ടു ഹേബിയസ്‌ കോര്‍പ്പസ്‌, പോലീസ്‌ സംരക്ഷണ ഹര്‍ജികള്‍ വര്‍ധിച്ചുവരുകയാണെന്നും കോടതി വ്യക്‌തമാക്കി.
അയല്‍ക്കാരനൊപ്പം പോയ യുവതിക്കുണ്ടായ ദാരുണമായ അനുഭവം വിവരിച്ചാണ്‌ ജസ്‌റ്റിസ്‌ കെ. വിനോദ്‌ ചന്ദ്രന്‍, ജസ്‌റ്റിസ്‌ അശോക്‌ മേനോന്‍ എന്നിവര്‍ ആശങ്ക വ്യക്‌തമാക്കിയത്‌. ദാമ്പത്യബന്ധത്തിലെ പൊരുത്തക്കേടുകളെത്തുടര്‍ന്നുണ്ടാകുന്ന അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതു കാണാതിരിക്കാനാവില്ല. അയല്‍വാസിക്കൊപ്പം പോയി വിവാഹിതയായ യുവതി മയക്കുമരുന്നിന്റെ അടിമയാണ്‌ ഭര്‍ത്താവെന്നു പിന്നീടാണ്‌ അറിഞ്ഞത്‌. യുവതിയെ ആക്രമിക്കുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്‌തു. മയക്കുമരുന്നിനടിമയായ ഭര്‍ത്താവില്‍നിന്നു പോലീസ്‌ സംരക്ഷണം വേണമെന്ന ആവശ്യം ന്യായമാണെന്നും കോടതി വ്യക്‌തമാക്കി. യുവതിക്കു മതിയായ പോലീസ്‌ സംരക്ഷണം നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.

(തുടരും)

Ads by Google
Thursday 14 Jun 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW