Thursday, June 20, 2019 Last Updated 15 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 06.54 PM

ഹൈക്കമാന്‍ഡിനെപ്പോലും വകവെക്കാതെയാണ് ഉമ്മന്‍ചാണ്ടി വിഴിഞ്ഞം പദ്ധതി അദാനിക്ക് കൊടുത്തത്: വി.എം. സുധീരന്റെ പത്രസമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം

uploads/news/2018/06/225593/oommanchandy-sudheeran.jpg

വി.എം. സുധീരന്റെ പത്രസമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് അധാര്‍മ്മികമാണ്. ബി.ജെ.പിക്ക് എതിരെ ലോകസഭയില്‍ നടത്തുന്ന പോരാട്ടത്തില്‍ ഒരു അംഗത്തിന്റെ കുറവ് വരുത്തുകയെന്ന ഹിമാലയന്‍ മണ്ടത്തരമാണ് അന്തിമ ഫലം. സാമാന്യ ബുദ്ധിയുള്ള ഒരു രാഷ്ട്രിയ പാര്‍ട്ടിയും ഇത്തരം പക്വതിയില്ലാത്ത തീരുമാനമെടുക്കില്ല.

ഒരേ സമയത്ത് യു.ഡി.എഫിനോടും ഇടതു മുന്നണിയോടും ബി.ജെ.പിയോടും വിലപേശിയ കേരള കോണ്‍ഗ്രസ് ബി.ജെ.പിക്ക് ഒപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ്. ഇപ്പോഴും സമദൂരമെന്നാണ് മാണി പറയുന്നത്. മാണി ചാഞ്ചാട്ടക്കാരനാണ്. അങ്ങനെയുള്ളയാളുമായി ഇടപ്പെടുമ്പോള്‍ നേതൃത്വത്തിന് പാളിച്ച സംഭവിക്കാന്‍ പടില്ലായിരുന്നു.

ആര്‍.എസ്.പിക്ക് അഞ്ച് മിനിറ്റ് കൊണ്ട് സീറ്റ് കൊടുത്തുവെന്ന് പറയുന്നത് ശരിയല്ല. ബന്ധപ്പെട്ട സമിതികളില്‍ ചര്‍ച്ച നടത്തിയും ആര്‍.എസ്.പിക്ക് മുന്നില്‍ ഉപാധിവച്ചുമാണ് സീറ്റ് നല്‍കിയത്. ദേശീയ ആര്‍.എസ്.പി, യു.പി.എയുടെ ഭാഗമല്ലെന്നതിനാല്‍ കേരള ആര്‍.എസ്.പി കോണ്‍ഗ്രസിനോപ്പം നില്‍ക്കുമെന്ന ഉറപ്പ് മുന്‍കരുതലായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സീറ്റ് ദാനം ചരിത്രത്തില്‍ ഇല്ലാത്ത വിധം പ്രതിഷേധം ഉയര്‍ത്തുന്നു.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്താന്‍ സങ്കുചിത താല്‍പര്യം വെച്ച് പുലര്‍ത്തുന്നവരുടെ ഒളി അജണ്ടയാണ് രാജ്യസഭാ സീറ്റ് ദാനത്തില്‍ കണ്ടത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തടവറയിലാണ് പാര്‍ട്ടി നേതൃത്വം. രണ്ട് ദിവസങ്ങളായി നടന്ന കെ.പി.സി.സി യോഗങ്ങളില്‍ നേതൃത്വം ഒഴികെ മറ്റ് എല്ലാവരും തീരുമാനം തെറ്റാണെന്ന് പറഞ്ഞു.

തെറ്റ് സംഭവിച്ചാല്‍ തുറന്ന് സമ്മതിക്കുന്നതായിരിക്കണം നേതൃത്വം. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകയാണ് നേതൃത്വം ചെയ്യേണ്ടത്. പരസ്യ പ്രസ്താവന പാടില്ലെന്ന ഒറ്റമൂലി അല്ലാതെ രണ്ട് ദിവസത്തെ യോഗങ്ങളില്‍ ഒരു തീരുമാനവുമുണ്ടായില്ല. പരസ്യ പ്രസ്താവന എന്നുമുണ്ട്. പരസ്യ പ്രസ്താവന പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റായിരിക്കെ താനും പറഞ്ഞിട്ടുണ്ട്. സ്ഥാനത്തിരിക്കുമ്പോള്‍ പറയേണ്ടി വരും. എന്നാല്‍, ഇപ്പോള്‍ പരസ്യ പ്രസ്താവന വിലക്കുന്നവരുടെ പശ്ചാത്തലം നോക്കണം. എ.കെ.ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി എന്നിവരാണ് കെ.എസ്.യുകാലം മുതല്‍ നേതാക്കള്‍. അവരുടെ ഭാഗത്ത് നിന്നും പോരായ്മയുണ്ടായാല്‍ പറയേണ്ടി വരും. തെറ്റ് കണ്ടാല്‍ വിമര്‍ശിച്ചാല്‍ മറുപടി പറയും. അത് പരസ്യ പ്രസ്താവനയല്ല. യാഥര്‍ത്ഥ്യങ്ങളില്‍ നിന്നും അകലെ നില്‍ക്കുന്ന, പ്രവര്‍ത്തകരുടെ വികാരം തിരിച്ചറിയുന്നതില്‍ വീഴ്ച വരുത്തുന്നതാകരുത് നേതൃത്വം.

കോണ്‍ഗ്രസില്‍ തന്നെ ആരും കെട്ടി ഇറക്കിയതല്ല, എന്നാല്‍ കെ.പി.സി.സി പ്രസിഡന്റായ തന്നോട് ഉമ്മന്‍ചാണ്ടി സഹകരിച്ചില്ല. കാണാന്‍ ചെന്നപ്പോള്‍ നീരസത്തിന്റെ ഭാവമായിരുന്നു. ക്രൂരമായ നിസഹകരണമാണുണ്ടായത്. ജനപക്ഷ യാത്രയും ജനരക്ഷാ യാത്രയും പരാജയപ്പെടുത്താന്‍ ഗ്രൂപ്പ് മാനേജര്‍മാരുടെ ഭാഗത്ത് നിന്നും ശ്രമിച്ചു. സമരങ്ങള്‍ പൊളിച്ചു. വ്യക്തി പരമായി ആക്ഷേപിച്ചു. പലരും പിന്നില്‍ നിന്നും കുത്തുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വാര്‍ഡ് കമ്മിറ്റി നിര്‍ദ്ദേശിക്കുന്നവര്‍ മത്സരിക്കണമെന്നാതയിരുന്നു തീരുമാനം. ഇത് ഗ്രൂപ്പുകള്‍ ചേര്‍ന്ന് അട്ടിമറിച്ചു. ഗ്രൂപ്പ് നിര്‍ദേശിച്ചവര്‍ ഔദ്യോഗിക സ്ഥാനാര്‍ഥികളായപ്പോള്‍ വാര്‍ഡ് കമ്മിറ്റി തീരുമാനിച്ചവര്‍ വിമതരായി. പരാജയം അവിടെ തുടങ്ങി. താഴെത്തട്ടില്‍ അന്ന് ആരംഭിച്ച സ്പര്‍ധ ഇപ്പോഴും തുടരുകയാണ്. ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ് കണ്ണ് തുറക്കലാകണം.

സോളാര്‍ വിവാദവും ജിഷ കേസും ബാറും തോട്ട ഭൂമിയും അവസാന സമയത്ത് എടുത്ത തീരുമാനങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളാണ്. ജനരക്ഷ യാത്രക്കിടെയാണ് സോളാര്‍ കേസ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിരോധിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ശ്രമിച്ചു. കരുണ എസ്‌റ്റേറ്റിനും ഹോപ് പ്ലാന്റേഷനും കരമടക്കാന്‍ അനുമതി നല്‍കിയത് മുന്‍കാല തീരുമാനങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. അത് തിരുത്തണമെന്ന് താന്‍ ആവശ്യപ്പെടുകയല്ലാതെ സര്‍ക്കാരിനെതിരെ ഒരു വിമര്‍ശനവും ഉന്നയിച്ചില്ല.

പിന്നീട് നടന്ന കെ.പി.സി.സി യോഗത്തില്‍ ഇക്കാര്യങ്ങള്‍ വന്നു. അന്ന് ഉമ്മന്‍ചാണ്ടിയോട് അവിടെ മുഴുവന്‍ സമയവുമിരുന്ന് കാര്യങ്ങള്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടതാണ്. എന്നാല്‍ അത് കേള്‍ക്കാതെ അദ്ദേഹം പോയി. ഒടുവില്‍ സംസാരിച്ച താന്‍ ഈ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കാനാവില്ലെന്ന് പറഞ്ഞു. അത് പാര്‍ട്ടിവേദിയില്‍ യോഗത്തിനുള്ളിലാണ് പറഞ്ഞത്. താന്‍ അത് പുറത്തുപറഞ്ഞിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ വിരോധികളാരോ ആയിരിക്കും അത് പുറത്ത് നല്‍കിയത്.

സി.എ.ജി വിമര്‍ശിച്ച 418 ബാറുകള്‍ പൂട്ടണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. ഇതിന് ജനങ്ങള്‍ക്കിടയില്‍ നിന്നും വലിയ സ്വീകര്യതയുണ്ടായി. അതിന്റെ നേട്ടം തനിക്കെങ്ങാനും ലഭിക്കുമോയെന്ന അസൂയമൂലമാണ് 730 ബാറുകളും പൂട്ടിയത്. തനിക്ക് അതില്‍ സന്തോഷമേയുള്ളു. ബാറുകള്‍ പൂട്ടിയതാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനുള്ള കാരണങ്ങളില്‍ ഒന്ന്. അവിടെ കുടുംബയോഗങ്ങളില്‍ അത് വിശദമായി ചര്‍ച്ചചെയ്തു. എന്നാല്‍ നേട്ടം സുധീരന് കിട്ടിയാലോ എന്ന അസൂയയെ തുടര്‍ന്ന് പിന്നീട് അതിനെക്കുറിച്ച് പ്രചരിപ്പിക്കാതായി.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് താന്‍ ഒന്നും ചെയ്തിട്ടില്ല. സര്‍ക്കാരിന്റെ അവസാനകാലത്ത് എടുത്ത തീരുമാനങ്ങളും സോളാര്‍, സരിത കേസുകളും സ്ഥാനാര്‍ത്ഥിനിര്‍ണ്ണയവുമാണ് പരാജയത്തിന് വഴിവച്ചത്. അവസാനസമയത്തുണ്ടായ ജിഷാകേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്ത പലനല്ലകാര്യങ്ങളും വിസ്മൃതിയിലാക്കി. 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ മാറണമെന്ന നിര്‍ദ്ദേശമാണ് താന്‍ മുന്നോട്ടുവച്ചത്. പല എം.എല്‍.എമാര്‍ക്കും സ്വീകാരമായിരുന്നെങ്കിലും പൊതുതീരുമാനമാക്കണമെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനായില്ല.

ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം ശരിയായി നടത്തിയിരുന്നെങ്കിലും പരസ്പരം കാലുവാരാതിരുന്നെങ്കിലും വിജയിക്കാമായിരുന്നു. താനാണ് പരാജയത്തിന് കാരണമെന്ന് പറയുന്ന ഡൊമനിക് പ്രസന്റേഷന്‍ ആത്മപരിശോധന നടത്തണം. അദ്ദേഹം മാറിനിന്ന് അവിടെ ടോമി ചമ്മിണി മത്സരിച്ചിരുന്നെങ്കില്‍ സ്ഥതി എന്താകുമായിരുന്നു. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നടന്ന ഒരു കാര്യവും താന്‍ പുറത്തുപറഞ്ഞിട്ടില്ല.

കേന്ദ്ര തെരഞ്ഞെടുപ്പുകമ്മിറ്റിയില്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം പൂര്‍ത്തിയായപ്പോള്‍ തന്നെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവച്ചുകൊണ്ടുള്ള കത്ത് താന്‍ തയാറാക്കി തന്റെ പി.എയായി പ്രവര്‍ത്തിച്ചിരുന്ന പണിക്കരുടെ കൈകളില്‍ നല്‍കിയതാണ്. എന്നാല്‍ ആ സമയത്ത് അത് ചെയ്യരുതെന്ന് പലരും പറഞ്ഞു. അത് ശരിയാണെന്ന് തനിക്കും തോന്നി. അതിനുശേഷം തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യാന്‍ രാജീവ് ഗാന്ധി സെന്ററില്‍ ചേര്‍ന്ന നിര്‍വാഹകസമിതിയോഗത്തിലെ സമാപനപ്രസംഗത്തില്‍ രാജിപ്രഖ്യാപിക്കാമെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ ആ യോഗത്തിന്റെ തുടക്കത്തില്‍ തന്നെ ഹസ്സന്‍ രാജി ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ അത് മാധ്യമങ്ങളില്‍ വരികയും ചെയ്തു. പിന്നീട് പലരും ഈ ആവശ്യം അവിടെ ഉന്നയിച്ചു. എന്നാല്‍ അങ്ങനെ തോല്‍വിയുടെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ട., ഒരു കൈ നോക്കാമെന്ന് താനും തീരുമാനിക്കുകയായിരുന്നു. പിന്നെ വലിയ നിസ്സഹകരണമായിരുന്നു.

ബൂത്ത് കമ്മിറ്റികള്‍ വീണ്ടും ശക്തമാക്കാന്‍ ശ്രമിച്ചു. തൃശൂരില്‍ അത് വിജയിച്ചു. അത് സുഗമമായി വരുന്നുവെന്ന് കണ്ടപ്പോഴാണ് ഗ്രൂപ്പ് പ്രാതിനിധ്യം നഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ് ഗ്രൂപ്പ് യോഗങ്ങള്‍ ആരംഭിച്ചു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ ഒരിക്കലും സമ്മതിക്കില്ലെന്ന് ബോദ്ധ്യപ്പെട്ടു. അതോടൊപ്പം ശാരീരികസ്ഥിതി കൂടി വന്നപ്പോള്‍ രാജിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ക്ഷതമുണ്ടാകരുത്. ഒരാളെയും വേദനിപ്പിക്കാന്‍ പാടില്ലെന്നുകൊണ്ട് അന്ന് പറഞ്ഞില്ല. ഇക്കാര്യങ്ങള്‍ കെ.പി.സി.സി യോഗത്തില്‍ താന്‍ പറഞ്ഞു. യോഗം കഴിഞ്ഞ് താന്‍ പുറത്തുവരുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നോട് അത് ചോദിച്ചു. എല്ലാം പുറത്തുവന്ന സാഹചര്യത്തില്‍ എന്തിന് ഒളിച്ചുവയ്ക്കണമെന്ന് കരുതി താന്‍ അവിടെ പറഞ്ഞു. കെ.പി.സി.സി യോഗത്തില്‍ ഒരിക്കലും ഉണ്ടാകാത്ത അനുഭവമാണ് തനിക്കുണ്ടായത്. രണ്ടു വളരെ ജൂനിയറായവര്‍ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന ഒരു വ്യക്തിക്ക് സംസാരിക്കാന്‍ അവസരമില്ലെങ്കില്‍ പിന്നെന്ത്. തന്റെ മനസിന് വളരെ വിഷമമുണ്ടാക്കിയ സംഭവമാണത്.തുറന്ന് പറച്ചലാണ് തന്റെ രാഷ്ട്രിയം. അത് താന്‍ ഏറ്റവും എതിര്‍ത്തിട്ടുള്ള കെ. കരുണാകരനും അംഗീകരിച്ചിട്ടുള്ളതാണ്. പറയാനുള്ളത് മുന്‍ വാതിലിലൂടെ പറയും എന്നതിനാണ് പത്രസമ്മേളനം.

വിഴിഞ്ഞം പദ്ധതിയില്‍ തുടക്കം മുതല്‍ വിവാദമുണ്ട്. ഇതേ തുടര്‍ന്നാണ് സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, മുകുല്‍വാസ്‌നിക്ക് എന്നിവരും താനും ഉമ്മന്‍ചാണ്ടിയും പങ്കെടുത്ത യോഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തത്. എ.കെ. ആന്റണിയേയും രമേശ് ചെന്നിത്തലയേയും കൂടി വിളിച്ച് ചര്‍ച്ചചെയ്യണമെന്ന് താന്‍ അന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം അവരെക്കൂടി വിളിച്ച് എല്ലാവശവും ചര്‍ച്ച ചെയ്യാമെന്നും സംസ്ഥാനത്തിന്റെയും ജനത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്നും തീരുമാനിച്ചു. എന്നാല്‍, ഇത് അട്ടിമറിച്ച് രണ്ടുദിവസം കഴിഞ്ഞ് അരുവിക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച് തങ്ങള്‍ പുറത്തുവരുമ്പോള്‍ മാധ്യമങ്ങളിലൂടെയാണ് വിഴിഞ്ഞം കരാര്‍ നല്‍കാന്‍ തീരുമാനിച്ച വിവരം അറിയുന്നത്. വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കിയത് സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചല്ല. അതില്‍ അദാനിയുടെ താല്‍പ്പര്യമാണ് സംരക്ഷിച്ചത്. എ.ഐ.സി.സിയെപ്പോലും അംഗീകരിക്കാതെ മുന്നോട്ടുപോകുന്നത് എങ്ങനെ അംഗീകരിക്കും. എ.ഐ.സി.സിയെപോലും മാനിക്കാത്ത വ്യക്തിയെ എങ്ങനെ മാനിക്കും.

തനിക്ക് ഗ്രുപ്പില്ല, സജീവമായ ഗ്രൂപ്പുണ്ടായിരുന്നു. 1991ല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഗ്രൂപ്പുകള്‍ എന്നത് വ്യക്തിതാല്‍പര്യത്തിന് വേണ്ടി മാത്രമാണെന്ന് മനസിലായതുകൊണ്ടായിരുന്നു അത്. ഡി.സി.സി തലത്തില്‍ ജംബോകമ്മിറ്റികള്‍ ഉണ്ടായത് തനിക്ക് ഗ്രൂപ്പുണ്ടാക്കനല്ല. കാസര്‍കോഡും വയനാടും പുനഃസംഘടന കഴിഞ്ഞതോടെ ഒരുവിധത്തിലും മറ്റു ജില്ലകളില്‍ നടത്താന്‍ കഴിയില്ലെന്ന സ്ഥിതിവന്നു. ഒടുവില്‍ രണ്ടു ഗ്രൂപ്പുകളുടെയും ആവശ്യങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു. ജംബോകമ്മിറ്റികള്‍ ഉണ്ടാക്കിയത് താനല്ല. താന്‍ വരുമ്പോള്‍ തന്നെ ജംബോകമ്മിറ്റികളുണ്ട്. പിന്നെ അതില്ലാതാക്കാന്‍ ശ്രമിച്ചില്ല.

താന്‍ ഗ്രൂപ്പുണ്ടാക്കിയാല്‍ രണ്ട് ഗ്രൂപ്പിലും ആളില്ലാതാകും.ഇപ്പോഴത്തെ ഗ്രൂപ്പുകള്‍ തട്ടിക്കൂട്ടുകളാണ്. ആശയപരമോ നയപരമോ അല്ല. വ്യക്തികള്‍ക്ക് വേണ്ടിയാണ്. ഇപ്പോള്‍ നടക്കുന്ന വിനാശകരമായ ഗ്രൂപ്പ് പ്രവര്‍ത്തനമാണ്. കരുണകാരനും ആന്റണിയും ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നപ്പോള്‍ അത് ഡി.സി.സിക്ക് താഴേയ്ക്ക് പോകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, ആവശ്യം വരുമ്പോള്‍ ഒരുമിക്കുകയും ചെയ്യുമായിരുന്നു. ഇന്ന് അത് താഴേക്ക് വ്യാപിപ്പിച്ചു. ഗ്രൂപ്പുകളിലും ഐക്യമില്ല. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സമയാസമയങ്ങളില്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിടുണ്ട്. രാജ്യസഭാ സീറ്റ്ദാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അറിയിച്ചിട്ടുണ്ട്.

ചാനലുകളില്‍ ഇപ്പോള്‍ സുധീരവിമര്‍ശനത്തിനായി രാഷ്ട്രീയനിരീക്ഷകര്‍ എന്ന പേരില്‍ ചിലര്‍ സ്ഥിരം വരുന്നുണ്ട്. അവര്‍ക്ക് തന്നെക്കുറിച്ച് നല്ലത് ഒന്നും പറയാനില്ല. മുമ്പ് താന്‍ എടുത്ത ചില തീരുമാനങ്ങളെക്കുറിച്ചാണ് പറയുന്നത്. താന്‍ ഒരിക്കലും വ്യക്തിതാല്‍പര്യത്തിന് വേണ്ടിയോ, വ്യക്തിവൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലോ തീരുമാനം എടുത്തിട്ടില്ല. സ്പീക്കര്‍ എന്ന നിലയില്‍ നടത്തിയ റൂളിംഗുകള്‍ ഒന്നുപോലും പിന്നീട് ഒരു ശത്രുക്കള്‍ക്കും ആയുധമാക്കാനായിട്ടില്ല. തന്നെ എതിര്‍ത്തിരുന്നവര്‍ പോലും രഹസ്യമായി അവയെ അംഗീകരിച്ചിട്ടുണ്ട്.


കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ കൊണ്ട് വരണം. എന്നാല്‍ അത് പാര്‍ട്ടിയെ തകര്‍ത്ത് കൊണ്ടല്ല വേണ്ടത്. വിലപേശിയായിരുന്നില്ല, അവര്‍ മുന്നണയിലേക്ക് വരാന്‍. രണ്ട് ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചാല്‍ എല്ലാമാകുമെന്ന് ഹൈക്കമാന്‍ഡ് തെറ്റിദ്ധരിച്ചിരിക്കാം.

നേതൃത്വത്തിന്റെ ഭാഗത്തുനിന്നും തെറ്റുകള്‍ സംഭവിച്ചിട്ടും പരസ്യപ്രസ്താവന പാടില്ലെന്ന ഒറ്റമൂലിയുമായി വരുമ്പോള്‍ ഈ പാര്‍ട്ടി എവിടെ നില്‍ക്കുന്നുവെന്ന ദുഃഖമുണ്ട്. സഹപ്രവര്‍ത്തകരുടെ വിശ്വാസം വീണ്ടെക്കാനോ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിശ്വാസം വീണ്ടെടുത്ത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് തെരഞ്ഞെടുപ്പിന് സജ്ജമാക്കാനല്ല ശ്രമം. പകരം പരസ്യപ്രസ്താവനയെന്ന ഒറ്റമൂലി കൊണ്ടുവരാനാണ് നീക്കം. ഹസ്സന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അതേ മൈക്കില്‍ കൂടി തന്നെ പറ്റില്ലെന്നും താന്‍ പറഞ്ഞിട്ടുണ്ട്.

താന്‍ എന്നും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആലപ്പുഴ എം.പിയായിരുന്ന താന്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് കരിമണല്‍ സമരം ശക്തമായി നടത്തിയത്. അദ്ദേഹം അതിനെ മറ്റൊരു നിലയില്‍ കണ്ടിട്ടില്ല. കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവന നടത്താതിരുന്ന രണ്ടുവ്യക്തികളേ തന്റെ അറിവിലുള്ളു. മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ സി.വി. പത്മരാജനും തെന്നല ബാലകൃഷ്ണപിള്ളയും. താനും കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ പരസ്യപ്രസ്താവന വിലക്കിയിട്ടുണ്ട്. അതിന് തൊട്ടുപിന്നാലെ തന്നെ കെ.പി.സി.സി ആസ്ഥാനത്ത് തന്നെ ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് അന്നത്തെ വൈസ്പ്രസിഡന്റ് പരസ്യമായിപത്രസമ്മേളനം നടത്തി. ഒരിക്കലല്ല, പലതവണ. പിന്നെ 1994ല്‍ ജനാധിപത്യത്തിന്റെ പരമോന്നത രൂപമായ മന്ത്രിസഭയില്‍ നിന്നുംവരെ രാജി വച്ച് നാടുനീളെ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അതുകൊണ്ട് അച്ചടക്കത്തിന്റെ വാളൊന്നും കാട്ടി ആരെയും നിശബദനാക്കാമെന്ന് കരുതണ്ട.

മാണിയുടെ സീറ്റിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഒറ്റയ്ക്കല്ല തീരുമാനം എടുത്തത്. രമേശ് ചെന്നിത്തലയും എം.എം.ഹസ്സനും ചേര്‍ന്നാണ് തീരുമാനിച്ചത്. അതുകൊണ്ട് ഉമ്മന്‍ചാണ്ടിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എന്നാല്‍ ഇത് ചര്‍ച്ചയ്ക്ക് വരുമെന്ന് അറിയാമായിരുന്നിട്ടും മാറ്റിവയ്ക്കാന്‍ കഴിയുന്ന പരിപാടിയായിട്ടും അദ്ദേഹം യോഗത്തില്‍ പങ്കെടുത്തില്ല. ഉമ്മന്‍ചാണ്ടിക്കും രമേശിനും കഴിയുന്ന സമയത്തേക്ക് ആ യോഗം മാറ്റിവയ്ക്കുകയായിരുന്നു വേണ്ടത്. ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പറയാതെ പാവം ഹസ്സനോട് പറഞ്ഞിട്ട് എന്ത് കാര്യം.

ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റിന്റെ ദുര്‍ഗതി ആര്‍ക്കും ഉണ്ടാകരുത്. ജാഥയുമായി പാതി വഴിയില്‍ എത്തിയപ്പോഴാണ് കെ.പി.സി.സി പ്രസിഡന്റിനെ മാറ്റാന്‍ ഗ്രൂപ്പ് നേതാക്കള്‍ ഡല്‍ഹിയില്‍ ചെന്നത്. ഈ സമയത്ത് ആരെങ്കിലും ആ നിര്‍ദ്ദേശം വച്ചാല്‍ പോലും തടയേണ്ടവരായിരുന്നു അവര്‍. രാജ്യസഭാസീറ്റുമായി ബന്ധപ്പെട്ട് പെട്ടെന്ന് തീരുമാനം മാറിയപ്പോള്‍ തന്നെ രമേശ് ചെന്നിത്തലയേയും ഹസ്സനേയും താന്‍ വിളിച്ച് ഒരിക്കലും സമ്മതിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്നും പറഞ്ഞിരുന്നു.

ഇപ്പോള്‍ ഒറ്റതവണത്തേക്കെന്നാണ് പറയുന്നത്. ഈ ഒറ്റതവണയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കെ.സി. ജോസഫ്. 1981ല്‍ കണ്ണൂരിലെ ഇരിക്കൂറില്‍ കെ.സി. ജോസഫിന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ട്ടിയില്‍ വലിയ പടപ്പുറപ്പാടാണ് ഉണ്ടായത്. അന്ന് തന്റെ നേതൃത്വത്തിലാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്. അന്ന് താന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശമാണ് ഒരു തവണത്തേക്കെന്ന്. ഇപ്പോള്‍ എത്രതവണയായെന്ന് പരിശോധിച്ചാല്‍ മതി. അനാവശ്യമായും അകാരണമായും കുറ്റപ്പെടുത്തുന്നതിനാലാണ്ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്. പണ്ടും ഗ്രൂപ്പുണ്ടായിരുന്നു. അത് ആരോഗ്യപരമായിരുന്നു. ഡി.സി.സിക്ക് താഴെ ഗ്രൂപ്പുണ്ടായിരുന്നില്ല.

പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്ന തരത്തിലല്ല, സര്‍ക്കാരിന് എതിരെ ജനപക്ഷത്ത് നിന്നും എതിര്‍പ്പ് ഉയരുന്നില്ല. പൈതൃക സ്വത്തായ കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറിയിട്ട് എതിര്‍പ്പുയര്‍ന്നില്ല. ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ തോറ്റ് കൊടുത്തു. മദ്യനയത്തില്‍ നിലപാടില്ല. എന്തെങ്കിലുമൊക്കെ ചെയ്‌തെന്ന് കാട്ടി രക്ഷപ്പെടുകയാണ്.

താന്‍ പാര്‍ലമെന്ററി രാഷ്ട്രിയം അവസാനിപ്പിച്ചതാണ്. രാജ്യസഭാ സീറ്റില്‍ തനിക്ക് ഒരു താല്‍പ്പര്യവുമില്ല. ഇപ്പോള്‍ അത്തരത്തില്‍ ചില വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ വീണുപോകരുത്. 2009ല്‍ ലോക്‌സഭയിലേക്കും 2011ല്‍ നിയമസഭയിലേക്കും മത്സരിക്കാന്‍ സോണിയാ ഗാന്ധിയടക്കം ആവശ്യപ്പെട്ടിട്ടും മാറിനിന്ന ആളാണ് താന്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW