Sunday, June 16, 2019 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.21 AM

ലിനിയുടെ രക്‌തസാക്ഷിത്വം ഓര്‍മിപ്പിക്കുന്നത്‌...

uploads/news/2018/06/225414/2.jpg

സംസ്‌ഥാനം മുഴുവന്‍ പടര്‍ന്നുപിടിക്കുമെന്നു ഭയന്ന നിപ എന്ന മാരക വൈറസിനെ കേരളം പിടിച്ചുകെട്ടി. നിപ വൈറസിനെ ഇത്രവേഗം കണ്ടെത്തി പിടിയിലൊതുക്കാന്‍ ഇതുവരെ ലോകത്തൊരിടത്തും കഴിഞ്ഞിട്ടില്ല എന്നാണ്‌ അറിയുന്നത്‌. ആരോഗ്യപ്രവര്‍ത്തകരും പ്രത്യേകിച്ച്‌ കോഴിക്കോട്‌ ജില്ലയിലെ ഡോക്‌ടര്‍മാരും ഭരണകൂടവും ഒത്തുചേര്‍ന്നപ്പോള്‍ ആ പോരാട്ടത്തില്‍ നമ്മള്‍ വിജയിച്ചു.
മരണസംഖ്യ നൂറിലേറെ ആയപ്പോഴാണു മറ്റു പല രാജ്യങ്ങളിലും നിപയെ തിരിച്ചറിഞ്ഞതെങ്കില്‍, കേരളം രണ്ടാമത്തെ മരണത്തില്‍ രോഗഭീകരനെ കണ്ടെത്തി. ചികിത്സ, പകര്‍ച്ചസാധ്യതയുള്ളവരെ നിരീക്ഷിക്കല്‍, ശവസംസ്‌കാരം തുടങ്ങിയ കാര്യങ്ങളില്‍ മുന്‍ അനുഭവം ഒന്നുമില്ലാതിരുന്നിട്ടും രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കപ്പുറത്തെ ശ്രദ്ധയും മുന്‍കരുതലും പാലിക്കാന്‍ നമുക്കു സാധിച്ചു. ഇത്തരത്തില്‍ ഒട്ടേറെ അനുഭവങ്ങളും പാഠങ്ങളുമാണ്‌ കേരളം ലോകത്തിനു നല്‍കുന്നത്‌. യുദ്ധമുഖത്തെ പടനായികയെപ്പോലെ നിപനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അഭിനന്ദനം അര്‍ഹിക്കുന്നു.
അതേസമയംതന്നെ ഒരുപാട്‌ മുന്നറിയിപ്പുകളും നിപ ബാക്കിയാക്കുന്നു. 17 വിലപ്പെട്ട ജീവനുകള്‍ നമുക്കിടയില്‍നിന്നു നിപ കൊത്തികൊണ്ടുപോയി. ഇതിലേറെ വേദനിപ്പിക്കുന്നതു ലിനി എന്ന നഴ്‌സ്‌ സഹോദരിയുടെ മരണമാണ്‌. ആരോഗ്യപരിപാലനത്തിലും വ്യക്‌തിശുചിത്വത്തിലുമൊക്കെ കേരളം മുന്നിലാണെങ്കിലും സാമൂഹ്യമായ പോരായ്‌മകള്‍ ഏറെയാണ്‌. കരിമ്പനി, ഡെങ്കി, ചിക്കന്‍ഗുനിയ, എലിപ്പനി തുടങ്ങിയ അപകടകാരികളായ പകര്‍ച്ചവ്യാധികള്‍ക്ക്‌ ശമനമില്ല. മാലിന്യങ്ങള്‍ കുന്നുകൂടിയ പരിസരങ്ങളില്‍നിന്നാണ്‌ ഇവ പിറവിയെടുക്കുന്നത്‌. ആരോഗ്യമെന്നത്‌ കേവലം ഡോക്‌ടര്‍, ആശുപത്രി, നഴ്‌സ്‌, മരുന്ന്‌ എന്ന സമവാക്യത്തിനപ്പുറം ശുദ്ധമായ കുടിവെള്ളം, ശുദ്ധവായു, വൃത്തിയുള്ള വീട്‌, പരിസരം, തൊഴില്‍ സ്‌ഥലം, വൃത്തിയുള്ള സമൂഹം എന്നിവയാണെന്നു കൂടി നാം തിരിച്ചറിയണം. ഭൂരിഭാഗം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം നമ്മുടെ പ്രവൃത്തികള്‍ തന്നെയാണ്‌. ഒരു മെച്ചപ്പെട്ട ആരോഗ്യ സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത്‌ അനിവാര്യമാണ്‌.
വിദ്യാഭ്യാസം, സ്വന്തമായി വീടുള്ളവരുടെ എണ്ണം, ആയുര്‍ദൈര്‍ഘ്യം തുടങ്ങി വിവിധ മേഖലകളില്‍ കേരളം രാജ്യത്തെ മറ്റു മിക്ക പ്രദേശങ്ങളേക്കാളും മുന്നിലാണെന്നതില്‍ നാം അഭിമാനിക്കാറുണ്ട്‌. പക്ഷെ, ഈ നേട്ടങ്ങള്‍ക്ക്‌ കാരണമായ സംഗതികളെല്ലാം വളരെ മുന്‍പു നടന്നതാണ്‌. വ്യക്‌തി ശുചിത്വത്തില്‍ കാര്യത്തില്‍ കേമന്മാരെന്ന്‌ അഭിമാനിക്കുന്ന മലയാളികളുടെ സാമൂഹിക ശുചിത്വബോധം ദയനീയം തന്നെ. ഏതു തെരുവിലും കാണാം അതിന്റെ തെളിവുകള്‍. പ്രതിശീര്‍ഷ ചെലവിന്റെ കാര്യത്തില്‍ ഏറെ നാളായി മുന്‍പന്തിയിലായിരുന്ന കേരളം അടുത്ത കാലത്തായി പ്രതിശീര്‍ഷ വരുമാനത്തിലും മുന്നിലെത്തിയിട്ടുണ്ട്‌. എന്നിട്ടും സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്‌. ദരിദ്രമായ സര്‍ക്കാരും സമ്പന്നരായ ജനങ്ങളും എന്നത്‌ വേറൊരു വൈരുധ്യം.
ആധുനിക ചികിത്സാസൗകര്യങ്ങള്‍ ലഭ്യമായിരിക്കുമ്പോള്‍ത്തന്നെ കേരളത്തില്‍ ആരോഗ്യച്ചെലവ്‌ കുതിച്ചുയരുകയാണ്‌. ഉയര്‍ന്ന ചെലവ്‌ താങ്ങാനാകാതെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക്‌ ചികിത്സ നിഷേധിക്കപ്പെടുന്ന അമേരിക്കയുടേതുപോലുള്ള സ്‌ഥിതിയിലേക്ക്‌ കേരളവും മാറിക്കൊണ്ടിരിക്കയാണെന്നാണ്‌ ആസൂത്രണബോര്‍ഡിന്റെയും മറ്റും പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. ദുര്‍ബല ജനവിഭാഗത്തില്‍പ്പെട്ടവരെ പരമ ദരിദ്രരാക്കുകയും ഇടത്തരക്കാരെ ദാരിദ്ര്യരേഖക്ക്‌താഴേക്കു തള്ളിയിടുകയും ചെയ്യുന്ന ഘടകങ്ങളില്‍ പ്രധാനം വര്‍ധിച്ചുവരുന്ന ചികിത്സാച്ചെലവാണ്‌. ഇത്‌ വളരെ നാളുകള്‍ക്കു മുന്‍പു തന്നെ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ചൂണ്ടിക്കാട്ടിയിരുന്നു. പരിഷത്തിന്റെ പഠനമനുസരിച്ചു പ്രതിവര്‍ഷ പ്രതിശീര്‍ഷ ആരോഗ്യച്ചെലവ്‌ 1987 ല്‍ 88 രൂപയായിരുന്നത്‌ 1996 ല്‍ 548 രൂപ, 2004 ല്‍ 1710 രൂപ, 2011 ല്‍ 5629 രൂപ എന്നിങ്ങനെ വര്‍ധിച്ചു. ഏറ്റവും സാമൂഹ്യമായി പിന്നോക്കാവസ്‌ഥയിലുള്ളവര്‍ മൊത്തം വരുമാനത്തിന്റെ 39.6 ശതമാനം ആരോഗ്യാവശ്യങ്ങള്‍ക്കായി ചെലവാക്കേണ്ടിവരുമ്പോള്‍ സാമ്പത്തികശ്രേണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ 6.79 ശതമാനം മാത്രമാണ്‌ ചെലവിടേണ്ടിവരുന്നതെന്നും പഠനം വെളിപ്പെടുത്തിയിരുന്നു. 2014ല്‍ ആസൂത്രണ ബോര്‍ഡ്‌ പ്രസിദ്ധീകരിച്ച കണക്കിലും കേരളം ചികിത്സാച്ചെലവുകൂടിയ സംസ്‌ഥാനമാണ്‌.
നാഷണല്‍ ഹെല്‍ത്ത്‌ അക്കൗണ്ട്‌സ് കമ്മറ്റിയുടെ കണക്കനുസരിച്ചു 2004 ല്‍ കേരളീയരുടെ ആരോഗ്യച്ചെലവ്‌ 2,663 രൂപയാണ്‌. രണ്ടാമതായി വരുന്ന പഞ്ചാബിലേത്‌ 1,112 രൂപയും. കേരളത്തില്‍ 12 ശതമാനം ഗ്രാമീണരും 8 ശതമാനം നഗര വാസികളും 2004 ല്‍ ആരോഗ്യച്ചെലവ്‌ മൂലം ദരിദ്ര്യരേഖയ്‌ക്ക്‌ താഴേക്കു തള്ളപ്പെട്ടെന്നും ആസൂത്രണ ബോര്‍ഡിന്റെ രേഖയില്‍ പറയുന്നു.
ലഭ്യമായ ചികിത്സകള്‍ ഒരുപോലെ എല്ലാവര്‍ക്കും പ്രാപ്യമല്ലെന്നതാണു പ്രധാന പ്രശ്‌നം. സാധാരണക്കാര്‍ക്കു നല്ല ചികിത്സ സൗജന്യമായി നല്‍കേണ്ട സര്‍ക്കാര്‍ ആശുപത്രികള്‍ ഇന്നും പരിമിതികളിലൂടെയും പരാധീനതകളിലൂടെയുമാണു നീങ്ങുന്നത്‌. ആരോഗ്യരംഗത്ത്‌ ആസൂത്രിതമായും ഭാവനയോടെയും കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. അതിനുള്ള രാഷ്‌്രടീയ ഇച്‌ഛാശക്‌തിയും വിഭവസമാഹരണവും വേണം. സ്വകാര്യ മേഖലയുടെ സേവനം നിര്‍ധനര്‍ക്കുകൂടി ഉപയോഗപ്പെടുന്ന സംവിധാനങ്ങളുണ്ടാകണം.
നിപ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞ തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായി മാറേണ്ടിയിരിക്കുന്നു. ദേശീയ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ കേരളത്തില്‍ സ്‌ഥാപിക്കേണ്ടതിന്റെ അടിയന്തരപ്രാധാന്യം ബോധ്യപ്പെട്ട ഘട്ടംകൂടിയാണിത്‌.

Ads by Google
Wednesday 13 Jun 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW