സമീപകാല ലോകചരിത്രത്തില്‍ നടന്ന സമാധാന ശ്രമങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരില്‍ നടത്തിയത്. രണ്ടു മാസം മുന്‍പു വരെ തമ്മിലടിച്ചു നിന്നവരായിരുന്നു ട്രംപും ഉന്നും. അന്യോന്യം യുദ്ധം ചെയ്യാന്‍ തയാറായി നില്‍ക്കുകയായിരുന്നു ഇരുരാജ്യങ്ങളും. ഉത്തര കൊറിയ അമേരിക്കന്‍ പ്രദേശങ്ങളില്‍ വരെ എത്തുന്നത്ര ശക്തിയുള്ള മിസൈലുകളും മറ്റും പരീക്ഷിക്കുകയും അമേരിക്കയെ വെല്ലുവിളിക്കുകയും ചെയ്തുവരികയായിരുന്നു. അമേരിക്കയാകട്ടെ ഏത് ആക്രമണത്തെയും അതേ നാണയത്തില്‍ തിരിച്ചടിക്കും എന്ന നിലപാടിലുമായിരുന്നു. ലോകം ഒരു യുദ്ധത്തിന്റെ പടിവാതില്ക്കല് എന്ന അവസ്ഥ പോലുമുണ്ടായി. പിന്നീടാണു കഴിഞ്ഞ ഏപ്രിലില്‍ ഉത്തര-ദക്ഷിണ കൊറിയ ഭരണാധികാരികള്‍ തമ്മില്‍ ആദ്യമായി ചര്‍ച്ച നടത്തിയത്. ഇതു സമാധാനത്തിലേക്കുള്ള ഒരു വലിയ ചുവടായി പരിഗണിക്കപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സമാധാനപ്രദേശത്തായിരുന്നു കിം ജോങ് ഉന്നും മൂണ്‍ ജേ ഇന്നും തമ്മില്‍ ചര്‍ച്ചനടത്തിയത്.
അതിനുശേഷമായിരുന്നു അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ചര്‍ച്ച തീരുമാനിച്ചത്. ഈ ചര്‍ച്ച സഫലമാകാന്‍ ഉത്തരകൊറിയ പല നടപടിക്രമങ്ങളും എടുത്തിരുന്നു. പ്രശസ്തമായ ആയുധപരീക്ഷണ കേന്ദ്രം തകര്‍ക്കുന്നതടക്കമുള്ള നടപടികള്‍ക്കാണ് ഉത്തര കൊറിയ തയാറായത്. ഉത്തര കൊറിയയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രവൃത്തിയായിരുന്നു അത്. എന്നാല്‍, ഇതേ സമയം ഇരു രാജ്യങ്ങളുടെയും ചില പ്രധാന ഉദ്യോഗസ്ഥര്‍ തമ്മില്‍ കടുത്ത ആശയസംഘട്ടനമുണ്ടായി. ഇതിന്റെ പേരില്‍ ചര്‍ച്ച ഉപേക്ഷിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനെ നയതന്ത്ര മേഖല അവിശ്വസനീയതയോടെയാണ് കേട്ടത്. ചര്‍ച്ചയില്‍നിന്നു പിന്മാറരുതെന്നും സമാധാനത്തിനുള്ള ഒരവസരവും നഷ്ടമാക്കരുതെന്നും സമാധാനപ്രിയര്‍ ഒന്നടങ്കം ട്രംപിനോട് അഭ്യര്‍ഥിച്ചു. എന്തായാലും അതിനു ഫലമുണ്ടായി. ഇതേത്തുടര്‍ന്നാണ് സിംഗപ്പൂരില്‍ ചര്‍ച്ചയ്ക്ക് വേദിയൊരുങ്ങിയത്.
ഒരു അമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍ ഭരണാധികാരിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നോ ഊഷ്മളമായ ചര്‍ച്ചയിലൂടെ സമയം ചെലവഴിക്കുമെന്നോ ലോകം കരുതിയിട്ടുള്ളതല്ല. അത്രയ്ക്ക് ശത്രുതയിലുള്ള രണ്ടു നേതാക്കള്‍ തമ്മില്‍ ഹസ്തദാനം നടത്തുന്നതു തന്നെ ലോകസമാധാനത്തിന് ആക്കം കൂട്ടും. ഫലപ്രദമായൊരു സമാധാനശ്രമത്തിനു തുടക്കമിട്ടെന്നായിരുന്നു ചര്‍ച്ചയ്ക്കു ശേഷം ഇരുനേതാക്കളും അഭിപ്രായപ്പെട്ടത്. ചര്‍ച്ച ഫലപ്രദമല്ലെങ്കില്‍ ഇറങ്ങിപ്പോകുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിരുന്നെങ്കിലും വളരെ സൗഹൃദമായിരുന്നു ചര്‍ച്ചയെന്ന് ഇരു നേതാക്കളുടെയും ശരീരഭാഷയില്‍ നിന്നു വ്യക്തം. സമാധാനത്തിനു വലിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെങ്കിലും സമാധാനത്തിലേക്കുള്ള ചെറിയ ചുവടുവയ്പ് ഉണ്ടായി എന്നു വിശ്വസിക്കാം. ഉത്തര കൊറിയയ്ക്കെതിരായ ഉപരോധം തുടരുമെന്നാണ് ചര്‍ച്ചയ്ക്ക് ശേഷവും ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെയര്‍ഥം ഇനിയും ഏറെ കടമ്പകളുണ്ട് എന്നതാണ്. സമാധാന ശ്രമങ്ങളില്‍ ഇനിയും ചുവടുതെറ്റാതെ ഇരുരാജ്യങ്ങളും മുന്നോട്ടുപോകട്ടെ എന്ന് ആശിക്കാം.