Wednesday, June 12, 2019 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 03.55 PM

വിട്ടുവീഴ്ചയില്ലായ്മ പ്രശ്‌നമാകുമ്പോള്‍

ജോലിക്കൂടുതലുള്ള ദിവസങ്ങളില്‍ രാത്രി വൈകിയാണെങ്കിലും ജോലി തീര്‍ത്തശേഷം മാത്രമേ വീട്ടില്‍ പോയിരുന്നുള്ളൂ. രാവിലെ ഏറ്റവുമാദ്യം ഓഫീസിലെത്തി ജോലി തുടങ്ങുന്നതും അയാളായിരുന്നു.എന്നാല്‍ ഒരു ദിവസം രാവിലെ അയാളുടെ നാലുവയസുള്ള കുട്ടിക്ക് പെട്ടെന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു.
uploads/news/2018/06/225315/psychiatriccasediary120618a.jpg

ഒരു സ്ഥാപനത്തില്‍ നന്നായി ജോലി ചെയ്യുന്ന ഒരു ഗുമസ്തനുണ്ടായിരുന്നു. വളരെ ഉത്തരവാദിത്വബോധത്തോടെ സമയബന്ധിതമായി അയാള്‍ ജോലി പൂര്‍ത്തിയാക്കി. ജോലിക്കൂടുതലുള്ള ദിവസങ്ങളില്‍ രാത്രി വൈകിയാണെങ്കിലും ജോലി തീര്‍ത്തശേഷം മാത്രമേ വീട്ടില്‍ പോയിരുന്നുള്ളൂ. രാവിലെ ഏറ്റവുമാദ്യം ഓഫീസിലെത്തി ജോലി തുടങ്ങുന്നതും അയാളായിരുന്നു.

എന്നാല്‍ ഒരു ദിവസം രാവിലെ അയാളുടെ നാലു വയസുള്ള കുട്ടിക്ക് പെട്ടെന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ മകനെ കൊണ്ടുപോയി. കുട്ടിയെ ഡോക്ടറെ കാണിച്ച ശേഷം തിരികെ ഓഫീസിലെത്തിയപ്പോള്‍ അല്പം വൈകി. പത്തുമണിക്ക് ഓഫീസ് സമയം ആരംഭിക്കുമെങ്കിലും അയാള്‍ ഓഫീസിലെത്തിയപ്പോള്‍ സമയം പത്തുമണി കഴിഞ്ഞ് 20 മിനിറ്റ്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓഫീസ് മേധാവിയായ വ്യക്തി സാധാരണ എന്താണ് ചെയ്യുക? പതിവായി കൃത്യസമയത്തു ഓഫീസിലെത്തുന്ന ജീവനക്കാരനായതുകൊണ്ട് അയാള്‍ക്ക് ചെറിയൊരു പരിഗണന ലഭിക്കുമെന്നുറപ്പ്. എന്തുകൊണ്ടാണ് വൈകിയതെന്ന് അന്വേഷിക്കും. കുട്ടിക്ക് രോഗം ബാധിച്ചതുകൊണ്ടാണെന്ന് മനസിലാകുമ്പോള്‍ അനുഭാവപൂര്‍വം പെരുമാറും.

എന്നാല്‍ ആ ഓഫീസിലെ മേധാവി വ്യത്യസ്തസ്വഭാവക്കാരനായിരുന്നു. വൈകിവന്ന ജീവനക്കാരനെ നോക്കി മേധാവി ചോദിച്ചു, ''എന്താടോ താന്‍ വരാന്‍ വൈകിയത്...?'' കുട്ടിക്ക് അസുഖമാണെന്നും ആശുപത്രിയില്‍ പോകേണ്ടിവന്നതുകൊണ്ടാണ് വൈകിയതെന്നും ജീവനക്കാരന്‍ വിശദീകരിച്ചു. എന്നാല്‍ മേധാവിയുടെ മറുപടി അത്ര സുഖകരമായിരുന്നില്ല.

''തന്റെ കുട്ടിക്ക് ശ്വാസം മുട്ട് വരുന്നതിന് ഞാനെന്തു വേണം? ലോകത്തെവിടെയെല്ലാം കുട്ടികള്‍ക്ക് ശ്വാസംമുട്ട് വരുന്നു. കുട്ടികള്‍ ചാവുന്നു. തന്റെ മകന് വയ്യാന്നുവച്ച് ഈ ഓഫീസ് അടച്ചിടാന്‍ പറ്റുമോ? താനിന്ന് ഹാഫ് ഡേ ലീവെടുത്തോ. എന്നിട്ട് വീട്ടില്‍ പോയി കുട്ടിയെ താലോലിച്ചുകൊണ്ടിരുന്നോ.''

മേധാവിയുടെ സംസാരം കേട്ട് ആ ജീവനക്കാരന്‍ മാത്രമല്ല, ഓഫീസില്‍ ജോലിചെയ്തു കൊണ്ടിരുന്ന ബാക്കിയെല്ലാവരും ഞെട്ടി. അത്രയും നാള്‍ വളരെ ആത്മാര്‍ഥമായി ജോലിചെയ്തിരുന്ന ഒരു ജീവനക്കാരന്റെ മനസ് വേദനിച്ചു. അയാള്‍ അതിയായ വിഷമത്തോടെ തന്റെ സുഹൃത്തുക്കളോട് പറഞ്ഞു, ''ഞാനിത്രയും നാള്‍ സമയം നോക്കാതെ ഇരുട്ടും വരെ ജോലിചെയ്തതൊന്നും ഇയാള്‍ കണ്ടില്ലേ...? ഞാനെന്തിനാ ഇങ്ങനെ പട്ടിയെപ്പോലെ കഷ്ടപ്പെടുന്നത്? ഞാനിനി കൃത്യം 10 മുതല്‍ 5 വരെയേ ജോലിചെയ്യൂ.''

പിറ്റേന്നു മുതല്‍ കൃത്യം 10 മണിക്ക് ജോലിക്കുവന്ന അയാള്‍ കൃത്യം 5 ന് ഓഫീസില്‍നിന്നിറങ്ങാന്‍ തുടങ്ങി. അധികജോലി ചെയ്തിരുന്ന കഠിനാധ്വാനിയായ ആ ചെറുപ്പക്കാരന്‍ അങ്ങനെ മറ്റുള്ളവരെപ്പോലെ വ്യവസ്ഥിതിക്കകത്തുനിന്നുമാത്രം ജോലി ചെയ്യുന്ന ആളായി മാറി.

****** അനന്‍കാസ്റ്റിക് മേധാവികള്‍
ചില വ്യക്തികള്‍ നിയമങ്ങളും ചട്ടങ്ങളുമൊക്കെ അണുവിട വ്യത്യാസമില്ലാതെ നിര്‍ബന്ധമായും നടപ്പിലാക്കണമെന്നു ശഠിക്കുന്നവരാണ്. അമിതമായ അടുക്കും ചിട്ടയും വച്ചുപുലര്‍ത്തുന്ന ഇവര്‍ മറ്റുള്ളവരും അതുപോലെ ചെയ്യണമെന്ന നിര്‍ബന്ധബുദ്ധി പുലര്‍ത്തും. തൊഴിലിടങ്ങളിലും കര്‍ശനമായ നിലപാടുകള്‍ കൊണ്ട് ഇവര്‍ സഹപ്രവര്‍ത്തകര്‍ക്കും ഗുണഭോക്താക്കള്‍ക്കും തലവേദനയുണ്ടാക്കും.

ഇത്തരത്തില്‍ അമിതമായ നിര്‍ബന്ധബുദ്ധി പുലര്‍ത്തുന്ന വ്യക്തികള്‍ക്ക് 'അനന്‍കാസ്റ്റിക് വ്യക്തിത്വവൈകല്യം' എന്ന പ്രശ്‌നമുണ്ടോയെന്ന് സംശയിക്കാം. താഴെപറയുന്ന ലക്ഷണങ്ങള്‍ നാലെണ്ണമെങ്കിലുമുണ്ടെങ്കില്‍ ആ വ്യക്തിക്ക് അനന്‍കാസ്റ്റിക് വ്യക്തിത്വവൈകല്യമുണ്ടെന്ന് കരുതാം.

1. പിടിവാശിയും നിര്‍ബന്ധബുദ്ധിയുമുള്ള പെരുമാറ്റരീതി
2. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനു തടസം നില്‍ക്കുന്ന രീതിയില്‍ സമ്പൂര്‍ണതയോടുള്ള അമിതഭ്രമം

3. ചട്ടങ്ങള്‍, നിയമങ്ങള്‍, വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അമിതമായ ധാരണയും താല്പര്യവും മൂലം ചെയ്യേണ്ട പ്രവൃത്തിയുടെ പ്രധാനഭാഗം നഷ്ടപ്പെടുക.
4. സൗഹൃദങ്ങളെയും വിനോദവേളകളെയും ഒഴിവാക്കി ജോലിയില്‍ മാത്രം ശ്രദ്ധിക്കാവുള്ള താല്പര്യം

5. ധാര്‍മ്മിക മൂല്യങ്ങള്‍, ചട്ടങ്ങള്‍, നൈതികത എന്നിവയെക്കുറിച്ചുള്ള പിടിവാശി
6. ഒരു പ്രാധാന്യവുമില്ലെങ്കില്‍പ്പോലും ഉപയോഗിച്ചുകഴിഞ്ഞ വസ്തുക്കള്‍ ഉപേക്ഷിക്കാന്‍ മടി. പഴയ ഫയലുകളും പത്രകട്ടിങ്ങുകളുമൊക്കെ ഇത്തരത്തില്‍ ദീര്‍ഘകാലം സൂക്ഷിച്ചുവയ്ക്കുക

7. കീഴ്ജീവനക്കാര്‍ക്ക് ജോലി വിഭജിച്ചു നല്‍കാന്‍ മടി. അങ്ങനെ നല്‍കിയാല്‍ പോലും അവരുടെ ജോലിയില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുക
8. പണം തീരെ ചെലവഴിക്കാതെ, ഭാവിയിലെ ആവശ്യങ്ങള്‍ക്കുവേണ്ടി കൂട്ടിവയ്ക്കുന്ന ശീലം.

സമൂഹത്തിലെ ഒരു ശതമാനത്തോളം വ്യക്തികള്‍ക്ക് ഈ വ്യക്തിത്വ വൈകല്യമുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമിതമായ അടുക്കും ചിട്ടയും മൂലം സ്വന്തം ജോലികളൊക്കെ ഇവര്‍ കൃത്യമായി ചെയ്‌തേക്കുമെങ്കിലും, പൂര്‍ണത കൈവരിക്കാനുള്ള ശ്രമം മൂലം പലപ്പോഴും കാര്യങ്ങള്‍ വൈകുന്നത് സാധാരണമായിരിക്കും. വ്യക്തികള്‍ക്കും വൈകാരിക ബന്ധങ്ങള്‍ക്കും അധികം വില കല്‍പ്പിക്കാത്ത ഇവര്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വളരെയേറെ പ്രാധാന്യം നല്‍കാറുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ഇവര്‍ സഹപ്രവര്‍ത്തകരെയും കീഴ്ജീവനക്കാരെയും വെറുപ്പിക്കാന്‍ സാധ്യതയേറെയാണ്. സേവനകാലം കഴിഞ്ഞാലും ആത്മാര്‍ഥ സുഹൃത്തുക്കള്‍ എന്നുപറയാന്‍ ഇവര്‍ക്കാരുമുണ്ടാകാന്‍ സാധ്യതയില്ല.

***** ഒരു കസേരയും സ്ഥിരമല്ല
ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ മനസിലാക്കേണ്ട അടിസ്ഥാനപരമായ ഒരു മാനവ വിഭവശേഷി വികസനപാഠം, 'ഒരു തൊഴില്‍സ്ഥാനവും ആര്‍ക്കും സ്ഥിരമായി പതിച്ചുകിട്ടിയിട്ടുള്ളതല്ല' എന്നതാണ്.

കീഴ്ജീവനക്കാരെ അംഗീകരിക്കുകയും അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും അവര്‍ ചെയ്യുന്ന നല്ല പ്രവൃത്തികളെ അഭിനന്ദിക്കുകയും ചെയ്താല്‍ അവരുടെ മനസില്‍ നിങ്ങളോട് സ്‌നേഹം നിറഞ്ഞ ഒരു വിധേയത്വമുണ്ടാകും.

'ഇത് എന്റെ സ്ഥാപനമാണ്' എന്ന ചിന്ത അവരുടെ മനസില്‍ വന്നാല്‍ അവര്‍ സ്ഥാനപത്തിന്റെ നന്മയ്ക്കായി കഠിനാധ്വാനം ചെയ്യുകയും അതുവഴി ആ സ്ഥാപനത്തിന്റെ ഉത്പാദനക്ഷമത കൂടുകയും ചെയ്യും.

ഈയൊരു പ്രതികരണം സഹപ്രവര്‍ത്തകരില്‍ നിന്നും കീഴ്ജീവനക്കാരില്‍ നിന്നും ഉണ്ടാകണമെങ്കില്‍ അവരോട് ന്യായമായ വിട്ടുവീഴ്ചാ മനോഭാവം പുലര്‍ത്തേണ്ടതുണ്ട്. അവര്‍ പറയുന്ന ന്യായമായ കാര്യങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കുന്നതാണ് വ്യക്തിബന്ധങ്ങള്‍ ദൃഢമാകാനും അതുവഴി തൊഴിലിടങ്ങളിലെ സൗഹൃദാന്തരീക്ഷം ശക്തമാകാനും നല്ലത്.

***** ഡോ. അരുണ്‍ ബി. നായര്‍
അസിസ്റ്റന്റ് പ്രൊഫസര്‍
സൈക്യാട്രി വിഭാഗം
മെഡിക്കല്‍ കോളജ് , തിരുവനന്തപുരം

Ads by Google
Tuesday 12 Jun 2018 03.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW