Sunday, June 16, 2019 Last Updated 11 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 04.04 PM

ഒരു മുറൈ വന്തു പാറായോ....

''25 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാമനാഥനായി പ്രേ ക്ഷകമനസ്സില്‍ ഇടം പിടിച്ച ശ്രീധര്‍ എന്ന അഭിനേതാവിന്റെയും നര്‍ത്തകന്റെയും പു തിയ വിശേഷങ്ങളിലേക്ക്...''
uploads/news/2018/06/225011/sreefherINW110619.jpg

അംഗനമാര്‍ മൗലി മണീ,
തിങ്കളാശൈ ചാരുശീലേ
നാഗവല്ലി മനോഹരീ,
രാമനാഥന്‍ തേടും ബാലെ..... ഈ വരികള്‍ പാടി ശോഭനയുടെ ചടുലച്ചുവടുകള്‍ക്കൊത്ത് മെയ് വഴക്കത്തോടെ നൃത്തമാടി പ്രേക്ഷകമനസ്സില്‍ രാമനാഥന്‍ ഇടം പിടിച്ചിട്ട് 25 വര്‍ഷം.

വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും രാമനാഥനായി തിരശ്ശീലയ്ക്കു മുന്നിലെത്തിയ ശ്രീധര്‍ ശ്രീറാം എന്ന നര്‍ത്തകന് മണിച്ചിത്രത്താഴിനൊപ്പം തന്നെ പ്രശസ്തിയുണ്ട്. നൃത്തവേദികളില്‍ ശ്രീധറും ഭാര്യ അനുരാധയും ഒരുമിച്ചെത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. രജത ജൂബിലിയില്‍ മണിച്ചിത്രത്താഴ് തിളങ്ങുമ്പോള്‍ ശ്രീധറും ഒരു മടക്കയാത്ര പോകുകയാണ്.

മണിച്ചിത്രത്താഴിലൂടെ മലയാള സിനിമയില്‍. ഇത്ര വര്‍ഷം പിന്നിട്ടിട്ടും ആ അംഗീകാരം കിട്ടുമ്പോള്‍ ?


എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങള്‍ നല്‍കിയ സിനിമയാണ് മണിചിത്രത്താഴ്. ഒരുപാട് കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ ഞാന്‍ നായകവേഷം ചെയ്തിട്ടുണ്ട്.

പക്ഷേ മണിചിത്രത്താഴിലെ രാമനാഥന് കിട്ടിയ അംഗീകാരവും പ്രശസ്തിയും മറ്റെവിടെയും കിട്ടിയില്ല. ആ സിനിമയുടെ പ്രത്യേകതയും കഥാപാത്രത്തിന്റെ ആഴവുമൊക്കെയാണതിന്റെ കാരണം.

മണിച്ചിത്രത്താഴിന്റെ മാധുര്യം ഇപ്പോഴുമുണ്ടോ ?


ഇന്ത്യയില്‍ ഏറ്റവും നല്ല സിനിമകളുണ്ടാക്കുന്നത് മലയാളികളാണ്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. പ്രത്യേകിച്ച് മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്ക് എന്നും യുവത്വമുണ്ട്. 25 വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ തനിമ അല്‍പ്പം പോലും നഷ്ടപ്പെട്ടിട്ടില്ല.

ഇത്രയും സുന്ദരമായ ഒരു സൈക്കിക്ക് ത്രില്ലര്‍ അതിനു മുമ്പോ അതിനു ശേഷമോ ഉണ്ടായിട്ടുണ്ടോ എന്നും സംശയമാണ്. ഷൂട്ടിംഗ് മുതല്‍ കാലമിത്രയായിട്ടും ആ മാധുര്യത്തിന് ഒരംശം കുറവ് വന്നിട്ടില്ല. ഞാനവിടെ പന്ത്രണ്ടിലധികം ദിവസങ്ങളുണ്ടായിരുന്നു, ഒരുപാട് ആസ്വദിച്ച ലൊക്കേഷനാണത്.

ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന്റെ അപരവ്യക്തിത്വം നാഗവല്ലിയായി വരുമ്പോ കാമുകനായി വരുന്ന രാമനാഥനായിട്ടാണ് ഞാനതില്‍. വളരെക്കുറച്ചു രംഗങ്ങളെ ഉള്ളൂവെങ്കിലും എന്റെ കഥാപാത്രം പ്രേക്ഷകമനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ്.

ഒരു മുറൈ വന്ത് പാര്‍ത്തായ പാട്ടിന്റെ ലാസ്റ്റ് ബിറ്റിലും ഞാനുണ്ട്. അതില്‍ കുറച്ചു ഭാഗം കൊറിയോഗ്രാഫ് ചെയ്തത് ഞാനാണ്. എനിക്കും ശോഭനയ്ക്കും എക്‌സ്പീരിയന്‍സുണ്ടെന്നു പറഞ്ഞ് നൃത്തസംവിധായകന്‍ ഞങ്ങളോട് കൊറിയോഗ്രാഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പൂര്‍ണ്ണസ്വാതന്ത്ര്യം ഞങ്ങള്‍ക്കു തന്നു.

സിനിമയുടെ റിലീസിനു ശേഷം കേരളത്തില്‍ എവിടെ പോയാലും പ്രേക്ഷകര്‍ എന്നെ രാമനാഥനായി കാണും, എന്റെ യഥാര്‍ത്ഥ പേരു പോലും പലര്‍ക്കുമറിയില്ല.

സാധാരണ ഒരു സിനിമ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഔട്ട്‌ഡേറ്റഡാകും. മണിച്ചിത്രത്താഴ് അങ്ങനെയല്ല. വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് അങ്ങനെയൊരു സിനിമയുണ്ടാകുന്നത്. ഇരുപതിലധികം തവണ ആ സിനിമ കണ്ടിട്ടുണ്ടെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. യൂറോപ്പ്, ജര്‍മനി എന്നിവിടങ്ങളിലെ മലയാളികള്‍ പോലും രാമനാഥന്‍ന്‍ എന്നു വിളിച്ച് ഓടിയെത്തും.

ഫാസില്‍, മോഹന്‍ലാല്‍, ശോഭന...അവര്‍ക്കൊപ്പമുണ്ടായിരുന്ന നിമിഷങ്ങള്‍ ?


ഫാസില്‍ സാറിനൊപ്പം സെക്കന്‍ഡ് യൂണിറ്റ് സംവിധായകരായി പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍, സിബി മലയില്‍ എന്നിവരടങ്ങുന്ന വലിയൊരു സംവിധായക സംഘമുണ്ടായിരുന്നു മണിച്ചിത്രത്താഴില്‍.

ഫാസില്‍ സാര്‍ വളരെ പ്രഗല്ഭനായ സംവിധായകനായതു കൊണ്ടാണല്ലോ 25 വര്‍ഷങ്ങള്‍ക്കു ശേഷവും ആ സൈക്കോ ത്രില്ലര്‍ പ്രേക്ഷകര്‍ മനസ്സില്‍ സൂക്ഷിക്കുന്നത്.ആദ്യമായി മലയാളത്തില്‍ അഭിനയിക്കുകയാണെന്നു േേതാന്നാതിരുന്നത് ഫാസില്‍ സാറും അണിയറപ്രവര്‍ത്തകരും തന്ന പിന്തുണ കൊണ്ടാണ്.

മോഹന്‍ലാല്‍ജി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാവാണ്. വളരെ സിമ്പിളായ, ഡൗണ്‍ ടു എര്‍ത്തായ ആള്‍. അദ്ദേഹത്തിന്റെ അഭിനയം അത്ഭുതപ്പെടുത്തും. ഞാനദ്ദേഹത്തെ ആദ്യമായി നേരിട്ട് കാണുന്നത് മണിച്ചിത്രത്താഴിലാണെങ്കിലും ചിത്രം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ സിനിമകളൊക്കെ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. കിരീടത്തിലെ അഭിനയം കണ്ട് ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായതാണ്.

എന്നെ അദ്ദേഹം തിരിച്ചറിയുമെന്ന് ഓര്‍ത്തതേയില്ല. കന്നഡ സിനിമകളിലും അദ്ദേഹം അത്രയ്ക്കും അപ്പ് ടു ഡേറ്റാണെന്ന് അന്നാണ് അറിഞ്ഞത്. അദ്ദേഹമന്ന് കൂടുതല്‍ സംസാരിച്ചത് കമലദളത്തെക്കുറിച്ചാണ്, നൃത്തമറിയില്ലെങ്കിലും നര്‍ത്തകന്റെ വേഷമായിരുന്നെന്നും മാക്‌സിമം ചെയ്യാന്‍ ശ്രമിച്ചെന്നുമൊക്കെ.

ശോഭനയുമായി വളരെ നേരത്തേ സൗഹൃദമുണ്ട്. നൃത്തമായിരുന്നു അതിന് കാരണം. സുരേഷ്‌ഗോപിയും വളരെ സൗഹാര്‍ദ്ദപരമായി ഇടപെട്ടു. നെടുമുടി വേണു സാറും തിലകന്‍ സാറും വിസ്മയങ്ങളാണ്.

അവരുടെ സിനിമകളും ഞാനൊരുപാട് കണ്ടിട്ടുണ്ട്. നെടുമുടി സാറിന് മൃദംഗം വായിക്കാനൊക്കെ അറിയാവുന്നത് കൊണ്ട് അതിനെക്കുറിച്ച് കൂടുതല്‍ സംസാരിച്ചു. തിലകന്‍ സാറിന്റെ അഭിനയം ആരെയും ആകര്‍ഷിക്കും.

പത്മനാഭപുരം കൊട്ടാരം, അതിലെ പാട്ടുകളും നൃത്തവും, അഭിനേതാക്കള്‍ എന്നിവയെല്ലാം നല്ല ഓര്‍മ്മകളാണ്. ഓരോ ദിവസവും ആ സിനിമയുടെ ത്രില്‍ മനസ്സിലുണ്ടായിരുന്നു.

uploads/news/2018/06/225011/sreefherINW110619a.jpg

മണിച്ചിത്രത്താഴിലേക്ക് ക്ഷണിച്ചത് ശോഭനയാണെന്ന് കേട്ടിട്ടുണ്ട് ?


അതെ. ശോഭനയ്ക്ക് എന്നെ നേരത്തെയറിയാം. ശോഭനയുടെ ഗുരു ചിത്രാ വിശ്വേശ്വരന് എന്നെ വളരെയിഷ്ടമായിരുന്നു. ഞാന്‍ നൃത്തം ചെയ്തു തുടങ്ങിയ കാലത്തു തന്നെ അവര്‍ എന്നിലെ നര്‍ത്തകനെ ശ്രദ്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആ വഴി ശോഭനയെയറിയാം.

മാത്രമല്ല കെ. ബാലചന്ദ്രര്‍ സംവിധാനം ചെയ്ത മനതില്‍ ഉറുതി വേണ്ടും എന്ന തമിഴ് സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് ശോഭനയും തമിഴ് സിനിമകളില്‍ സജീവമായിരുന്നു. ഞങ്ങെളാരുമിച്ച് ഒരു തമിഴ് സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

നൃത്തമായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന് കാരണം. ഷൂട്ടിംഗിനിടെ നൃത്തവും പാട്ടുമൊക്കെയായിരുന്നു ഞങ്ങളുടെ സംഭാഷണം. മണിച്ചിത്രത്താഴില്‍ നൃത്തമറിയാവുന്നയാളാണ് രാമനാഥന് യോജിക്കുന്നതെന്ന് ഫാസില്‍ സാര്‍ പറഞ്ഞപ്പോള്‍ ശോഭന എന്നെ സജസ്റ്റ് ചെയ്തു.

കന്നഡയില്‍ നായകവേഷം ചെയ്യുന്ന ഒരാളുണ്ടെന്നും നര്‍ത്തകനാണെന്നും പറഞ്ഞപ്പോള്‍ ഫാസില്‍ സാര്‍ എന്നെ വിളിപ്പിച്ചു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതു കൊണ്ടാണല്ലോ എന്നെ രാമനാഥനാക്കിയത്.

മലയാള ഭാഷ പ്രശ്‌നമായിരുന്നോ ?


1984ല്‍ സിനിമയിലെത്തിയ കാലം മുതല്‍ ഞാന്‍ മലയാള സിനിമ കാണുമായിരുന്നു. അടൂര്‍, ഭരതന്‍, പ്രിയദര്‍ശന്‍, ഫാസില്‍ എന്നിവരുടെ സിനിമകള്‍ കണ്ടിട്ടുണ്ട്. അന്നുമുതല്‍ മലയാളം കൂടുതലറിയാനും മനസ്സിലാക്കാനും പറ്റി. സത്യത്തില്‍ മണിചിത്രത്താഴില്‍ അഭിനയിക്കുമ്പോള്‍ മലയാളം ശരിക്കറിയാമായിരുന്നു.

പക്ഷേ പിന്നീട് ഞാന്‍ മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. നൃത്തത്തില്‍ തിരക്കായ ശേഷം പല നാടുകളിലേക്കായി യാത്രകള്‍. അതോടെ മലയാളം മറന്നു. സൂര്യ കൃഷ്ണമൂര്‍ത്തി സാര്‍ വഴിയാണ് ഞാനും അനുരാധയും കേരളവുമായി പിന്നീടടുത്തത്. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഞങ്ങള്‍ക്കും ശോഭനയ്ക്കും അദ്ദേഹം വേദി തന്നു.

വടക്കുംനാഥ ക്ഷേത്രവും പാലക്കാടുമൊക്കെ ഞങ്ങള്‍ ശരിക്കും ആസ്വദിച്ച വേദികളാണ്. കേരളത്തിലെ സംസ്‌കാരം എന്നെ വളരെ ആകര്‍ഷിച്ചിട്ടുണ്ട്.

ആദ്യമായി കേരളത്തിലെത്തിയതും മണിച്ചിത്രത്താഴിനു വേണ്ടിയാണോ ?


അല്ല. മുമ്പ് ഒരു ഹിന്ദി സീരിയലിന്റെ ഭാഗമാകാന്‍ ഞാനിവിടെ എത്തിയിരുന്നു. 1990-1991 കാലത്ത്. ജ്ഞാനപീഠം നേടിയ തകഴി ശിവശങ്കരപ്പിള്ളയുടെ കയര്‍ എം.എസ്.സത്യു സീരിയലാക്കിയിരുന്നു.

ഞാനതില്‍ ഒന്നാം ഭാഗത്ത് കൊച്ചുപ്പിള്ളയെയും രണ്ടാം പകുതിയില്‍ മകന്‍ കേശവനെയും അവതരിപ്പിച്ചു. അതിനു വേണ്ടി രണ്ടു വര്‍ഷത്തോളം അമ്പലപ്പുഴ ക്ഷേത്രത്തില്‍ വരുമായിരുന്നു. അവിടെ വച്ചാണ് തകഴി ശിവശങ്കരപ്പിള്ളയെ നേരിട്ട് കണ്ടത്. അത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു.

തകഴിയുമായി പങ്കിട്ട നിമിഷങ്ങള്‍..?


എം.എസ്. സത്യു തകഴിസാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികളെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. കേട്ടറവില്‍ നിന്നു തന്നെ അദ്ദേഹത്തെ കാണണമെന്ന മോഹവുമുണ്ടായി. ഷൂട്ടിംഗിനു അമ്പലപ്പുഴയിലെത്തി രണ്ടാം ദിവസമാണ് എനിക്കാ ഭാഗ്യമുണ്ടാകുന്നത്.

ലൊക്കേഷനില്‍ തകഴി സാര്‍ വന്നിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ എനിക്കദ്ദേഹത്തെ കാണണമെന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു. അദ്ദേഹം പാരപ്പറ്റില്‍ ഇരിക്കുന്നുണ്ടെന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. അമ്പലത്തിനനടുത്തുള്ള പാരപ്പറ്റില്‍ ഏകദേശം ഇരുനൂറോളം പേര്‍ നില്‍ക്കുന്നതാണ് ഞാന്‍ കണ്ടത്. അതിനിടയില്‍ തകഴി സാറിനെ കണ്ടെത്താനായില്ല.

അപ്പോള്‍ സംവിധായകന്‍ സാറിനെ ചൂണ്ടി, ദാ, ആ പൊക്കം കുറഞ്ഞ ആളിനെ കണ്ടോ. മുണ്ടും തോര്‍ത്തും അണിഞ്ഞ് നില്‍ക്കുന്ന ആള്‍. കണ്ടാലൊരു സാദാ കര്‍ഷകനെന്നു തോന്നും. അദ്ദേഹമാണ് കേരളത്തിനു പുറത്ത് ഏറ്റവുമധികം അറിയപ്പെടുന്ന മലയാളികളുടെ സ്വന്തം സാഹിത്യകാരന്‍..

uploads/news/2018/06/225011/sreefherINW110619d.jpg

എനിക്കദ്ദേഹത്തെ കണ്ടപ്പോള്‍ സത്യത്തില്‍ അത്ഭുതം തോന്നി. ഇത്ര വലിയ എഴുത്തുകാരനായിട്ടും അദ്ദേഹം വളരെ സിമ്പിളാണല്ലോ എന്നോര്‍ത്തു. ഞാനദ്ദേഹത്തെ ചെന്നു കണ്ടു പരിചയപ്പെട്ടു. അറിയാവുന്ന മലയാളത്തില്‍ സംസാരിച്ചു. ഷൂട്ടുള്ള ദിവസങ്ങളിലെല്ലാം അദ്ദേഹം പിന്നീടവിടെ എത്തുമായിരുന്നു.

ഒരിക്കല്‍ നോവലിലെ ഒരു രംഗം ഞങ്ങള്‍ പൂന്തോട്ടത്തില്‍ വച്ച് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. അതുകണ്ട് തകഴി സാര്‍ പറഞ്ഞു: ഈ സംഭവം നടക്കുന്നത് അമ്പലപ്പുഴയിലെ ഒരു വിപണിയിലാണ്. അതവിടെ വച്ച് ഷൂട്ട് ചെയ്യണം..

ആ മാര്‍ക്കറ്റിന്റെ അവസ്ഥ ഒരുപാട് മാറിയെന്നും, നൂറു വര്‍ഷം മുമ്പ് നടന്ന സംഭവം ഇപ്പോഴവിടെ ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു. വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്തത്്. ശരിക്കും ഒരു സാഹിത്യകാരന്റെ നിഷ്‌കളങ്ക മനസ്സാണവിടെ കാണാന്‍ കഴിഞ്ഞത്. ആ ലൊക്കേഷനില്‍ വച്ചാണ് എം.ടി വാസുദേവന്‍ നായര്‍ സാറിനെയും പരിചയപ്പെടുന്നത്.

എം.ടി.യുമായുള്ള ആത്മബന്ധം ?


അത് വാക്കുകളില്‍ പറയാനാവില്ല. വാസുദേവന്‍ സാറിന്റെ കഥകളുടെയും തര്‍ജ്ജിമ ഞാന്‍ വായിച്ചിട്ടുണ്ട്. എനിക്കൊരുപാട് ആരാധന തോന്നിയ വ്യക്തിയാണദ്ദേഹം. കണ്ടപ്പോള്‍ തന്നെ എന്നോട് നൃത്തത്തെക്കുറിച്ചൊക്കെ സംസാരിച്ചു.

മാത്രമല്ല എന്നെയും അനുരാധയെയും നൃത്തം ചെയ്യാന്‍ ക്ഷണിക്കുകയും ചെയ്തു. തിരൂര്‍ തുഞ്ചന്‍ സ്മാരകത്തില്‍ നൃത്തം അവതരിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ ചെന്നപ്പോഴാണ് വിജയദശമി നാളില്‍ വിദ്യാരംഭത്തിനായി ഒരുപാട് ആളുകള്‍ എത്തുന്നു എന്നറിഞ്ഞത്.

എന്റെ മകള്‍ അനഘയ്ക്കന്ന് മൂന്നരവയസ്സാണ്. തുഞ്ചന്‍ സ്മാരകത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ഞാനും അനുരാധയും മകളുടെ വിദ്യാരംഭം അവിടെ നടത്താന്‍ തീരുമാനിച്ചു.

സരസ്വതിദേവിയുടെ അനുഗ്രഹം നിറഞ്ഞുനില്‍ക്കുന്ന ആ സ്ഥലത്ത് പിറ്റേന്ന് രാവിലെ കുളിച്ചൊരുങ്ങി പൂജയില്‍ പങ്കെടുത്ത് മകളെക്കൊണ്ട് ആലിലയില്‍ ഓം നമഃശിവായ എഴുതിപ്പിച്ചു. അതെല്ലാം എം.ടി. വാസുദേവന്‍ സാറിനെ പരിചയപ്പെട്ടതു കൊണ്ടാണ് സംഭവിച്ചത്.

സിനിമയിലേക്കുള്ള തുടക്കം ?


നൃത്തവേദികളാണതിനും കാരണം. കന്നഡയിലെ പ്രശസ്ത സംവിധായകന്‍ പുട്ടണ കനഗളാണ് അമൃതഗലിഗേ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിച്ചത്. 1983ലായിരുന്നു അത്.

പ്രേക്ഷകര്‍ എന്നെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു എന്നു മാത്രമല്ല 20 വര്‍ഷം സിനിമയില്‍ നിന്ന ഒരാള്‍ അഭിനയിക്കുന്നതു പോലെയാണ് തോന്നിയത് എന്നതുള്‍പ്പടെ ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടി.

അതിലെ ഹിന്ദുസ്ഥാനവു എന്തു മര്യാട എന്ന പാട്ട് അന്നുമിന്നും പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്നതാണ്. ഇന്നും കന്നഡ പ്രേക്ഷകര്‍ അമൃതഗലിഗേ ശ്രീധര്‍ എന്നാണെന്നെ വിളിക്കാറ്.

ഒരു സിനിമ കഴിഞ്ഞ് നൃത്തത്തിലേക്കു മടങ്ങാമെന്നാണ് കരുതിയത്. പക്ഷേ ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ എനിക്കൊരുപാട് ഓഫറുകള്‍ വന്നു. അങ്ങനെ 65 ലധികം സിനിമകളില്‍ അഭിനയിച്ചു. ഞാന്‍ പോലുമറിയാതെ സിനിമാനടനാവുകയായിരുന്നു.

ഞാനഭനിയിച്ച മിക്ക സിനിമകളിലും നല്ല പാട്ടുകളുമുണ്ടായിരുന്നു. കന്നഡയില്‍ പുട്ടണ കനഗള്‍, തമിഴില്‍ കെ.ബാലചന്ദ്രര്‍ സാര്‍, മലയാളത്തില്‍ ഫാസില്‍ സാര്‍ എന്നിങ്ങനെ പ്രശസ്ത സംവിധായകര്‍ക്കൊപ്പം ഓരോ ഭാഷയിലും തുടങ്ങാനായതും എന്റെ ഭാഗ്യമായി.

നൃത്തവുമായുള്ള ബന്ധം തുടങ്ങിയത് ?


യഥാസ്ഥിതിക ബ്രാഹ്മണ കുടുംബമാണു ഞങ്ങളുടേത്. നാലുവയസ്സുള്ളപ്പോള്‍ തന്നെ നൃത്തം എന്നെ ആകര്‍ഷിച്ചു. കലാപാരമ്പര്യമില്ലാഞ്ഞിട്ടും അമ്മയ്ക്ക് സംഗീതത്തോടുള്ള അടുപ്പമാകാം എന്നെ നൃത്തത്തിലേക്കടുപ്പിച്ചത്.

1960 കളില്‍ വൈജയന്തിമാല, പത്മിനിയൊക്കെ അഭിനയിക്കുന്ന മിക്ക സിനിമകളിലും ക്ലാസിക്കല്‍ ഡാന്‍സുണ്ടായിരുന്നു. അന്ന് സിനിമ കാ
ണുന്നത് നൃത്തത്തിനു വേണ്ടിയാണ്. സി നിമ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഞാനത് അനുകരിച്ച് ചെയ്യാന്‍ ശ്രമിക്കുമായിരുന്നു.

നൃത്തത്തോടുള്ള പാഷന്‍ കാരണം ഞാനത് പഠിക്കണമെന്ന് വീട്ടിലറിയിച്ചു. അങ്ങനെ ബംഗളൂരുവിലെ രാധാ ശ്രീധര്‍ എന്റെ ഗുരുവായി. അവിടെ എന്റെ ജൂനിയറായിരുന്നു അനുരാധ. അന്നുമുതല്‍ ഞാന്‍ അനുവിനെ ശ്രദ്ധിച്ചിട്ടുണ്ട്. (ആ കഥ പിന്നീട് പറയാം) പിന്നീട് കലാക്ഷേത്രയില്‍ കൃഷ്ണമൂര്‍ത്തി സാര്‍ പഠിപ്പിച്ചു.

uploads/news/2018/06/225011/sreefherINW110619c.jpg

18 വയസ്സുള്ളപ്പോള്‍ തന്നെ പലരും എന്റെ നൃത്തത്തെക്കുറിച്ച് പ്രശംസിച്ചിരുന്നു. എങ്കിലും അച്ഛന്‍ എന്‍ജിനീയറായതു കൊണ്ടും വീട്ടിലെ മൂത്ത മകന്‍ ഞാനായതു കൊണ്ടും ഒരു പ്രൊഫഷന്‍ എനിക്കാവശ്യമാണെന്ന് അച്ഛനു തോന്നി. നൃത്തമെന്ന പ്രൊഫഷന് ഗ്യാരന്റിയില്ല, മാത്രമല്ല അന്നത് പ്രൊഫഷനാക്കുന്നവരും കുറവാണ്.

അങ്ങനെ സിവില്‍ എന്‍ജിനീയറിംഗ് പഠിച്ചു. പക്ഷേ അഞ്ചാം വര്‍ഷം പഠിക്കുമ്പോള്‍ നൃത്തം പ്രൊഫഷനാക്കണമെന്നും എന്‍ജിനീയറാവാനില്ലെന്നും തീരുമാനിച്ചു. അതില്‍ പൂര്‍ണ്ണ പിന്തുണ തന്നത് അമ്മയാണ്.

അച്ഛനും മെക്കാനിക്കല്‍ എന്‍ജിനീയറായ അനിയനും അദ്ധ്യാപികയായ അനിയത്തിയുമൊക്കെ ഇപ്പോള്‍ നല്ല പിന്തുണയാണ്. വേദികളില്‍ സജീവമായ ശേഷം ഞാന്‍ ഹമ്പി കന്നഡ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റുമെടുത്തു.

ജീവിതസഖിയെ കണ്ടെത്തിയതും നൃത്തത്തിലൂടെയാണല്ലോ ?


നൃത്തക്ലാസുകളിലൂടെയാണ് ഞാന്‍ അനുവിനെ ആദ്യമായി കാണുന്നത്. അന്നെനിക്ക് 18 വയസ്സും അനുവിന് 10 വയസ്സുമാണ്. ശരിക്കും അനുവിനെ ഞാനന്ന് ശ്രദ്ധിച്ചിട്ടുണ്ട്. അനുവിന്റെ അച്ഛന്‍ മൃദംഗവിദ്വാനായിരുന്നു.

രാമായണം, മഹാഭാരതം കഥകളൊക്കെ അദ്ദേഹവുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. കുടുംബപരമായും നല്ലയടുപ്പമുള്ളത് കൊണ്ട് അന്ന് അനുവിനെ സ്ഥിരമായി കാണുമായിരുന്നു. പക്ഷേ അനുവിന് 15 വയസ്സായ ശേഷം ഞാന്‍ കണ്ടിട്ടില്ലെന്നതും മറ്റൊരു സത്യം.

പഠന ശേഷം ഞാന്‍ വേദികളിലും സിനിമകളിലുമൊക്കെയായി തിരക്കിലായി. വിവാഹാലോചനകളെക്കുറിച്ച് വീട്ടില്‍ സംസാരം വന്നപ്പോള്‍ അനുവിനെ താത്പര്യമാണെന്ന് ഞാന്‍ പറഞ്ഞു. വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമായതോടെ അനു എന്റെ ജീവിതസഖിയായി. അഭിനേതാവിനെയല്ല, നര്‍ത്തകനെയാണ് വിവാഹം കഴിക്കുന്നതെന്നായിരുന്നു അനുവിന്റെ വശം.

വിവാഹശേഷം 1994 ല്‍ ഞങ്ങളൊരുമിച്ച് വേദികളിലെത്തി. പുതിയ കഥസന്ദര്‍ഭങ്ങളും ചുവടുകളും ആശയങ്ങളും ആലോചിച്ച് ഒരു വര്‍ഷത്തോളം പരിശീലനം ചെയ്താണ് വേദികളിലെത്തിയത്.

നൃത്തത്തില്‍ അഭിനയത്തിന് പ്രാധാന്യം നല്‍കിയാണ് ഞങ്ങള്‍ ചെയ്യുന്നത്. മഹാഭാരതത്തിലെയും രാമായണത്തിലെയും കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍, കാളിദാസന്റെ കുമാരസംഭവം, ഉപനിഷത്ത് എന്നിവയൊക്കെ വേദികളിലെത്തിച്ചു.

ബംഗളൂരുവില്‍ ഖേച്ച്‌രാ എന്ന നൃത്തവിദ്യാലയം തുടങ്ങിയത് ഞങ്ങളൊരുമിച്ച് വേദികളില്‍ വന്നു തുടങ്ങിയ ശേഷമാണ്. ഇവിടെ നൃത്തം പഠിപ്പിക്കാന്‍ തിരക്കിനിടയിലും സമയം കണ്ടെത്തുന്നു.

കേരളത്തില്‍ ശാഖകള്‍ തുടങ്ങാത്തത് നേരിട്ട് പരിശീലനം നടത്താന്‍ കഴിയാത്തതിന്റെ ബുദ്ധിമുട്ടു കൊണ്ടാണ്. ചെന്നൈ കലാക്ഷേത്രയില്‍ പഠിക്കുന്ന മകള്‍ അനഘാഗൗരിയും നൃത്തത്തിലേക്കു തിരിയാനാണ് തീരുമാനിച്ചിരിക്കുന്നത്. അവളും താമസിയാതെ അക്കാദമിയിലെത്തും.

മറക്കാനാവാത്ത നൃത്തവേദി ?


എല്ലാ വേദികളും മറക്കാനാവാത്തതാണ്. നൃത്തം ചെയ്ത ശേഷം ഞങ്ങളതിന്റെ സി.ഡി കാണാന്‍ ശ്രമിക്കാറുണ്ട്. അതിലെ കുറവുകളും വീഴ്ചകളും കണ്ടെത്തി ശരിയാക്കും. സൂര്യ ഫെസ്റ്റിവല്‍, കാലടിയിലെ നൃത്തവേദി എന്നിവയൊക്കെ മനസ്സില്‍ നില്‍ക്കുന്നതാണ്.

കേരളത്തിലെ ഒട്ടുമിക്ക വേദികളിലും പല നര്‍ത്തകരും ഞങ്ങളുടെ നൃത്തം കാണാനെത്തുന്നത് പാരമ്പര്യ വസ്ത്രം ധരിച്ചാണ്. കസവുസാരിയുടുത്ത് പാരമ്പര്യ വേഷത്തിലെത്തുന്നത് നര്‍ത്തകരാണെന്ന് കാണുമ്പോഴേ മനസ്സിലാകും.

മറ്റെവിടെയും ഞങ്ങളത് കണ്ടിട്ടില്ല. അതുകൊണ്ട് കേരളത്തിലെ വേദികള്‍ മറക്കാനാവില്ല. ഞാനും അനുവും മകളും ഒരുമിച്ച് ഫ്രാന്‍സില്‍ ഒരു പ്രോഗ്രാം ചെയ്തിട്ടുണ്ട്. അതും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണ്.

uploads/news/2018/06/225011/sreefherINW110619b.jpg

സിനിമകളില്‍ ഓര്‍മ്മിച്ചു വയ്ക്കുന്നത് ?


കന്നഡയിലെ സന്ത സിശുനാട ഷെരീഫാ എന്ന സിനിമയില്‍ 20 മുതല്‍ 80 വയസ്സു വരെയുള്ള ഒരു സന്യാസ കവിയുടെ കഥാപാത്രത്തിന് സംസ്ഥാന അവാര്‍ഡടക്കം പല പുരസ്‌കാരങ്ങളും കിട്ടി. ബന്നഡ വേഷ എന്ന സിനിമയിലെ കഥാപാത്രവും വളരെയിഷ്ടമാണ്. ബോംബട്ട് ഹെന്‍ഡി എന്ന സിനിമയിലെനിക്ക് സ്ത്രീവേഷമായിരുന്നു. നൃത്തമെന്ന പ്ലാറ്റ്‌ഫോമാണെനിക്കതിന് പ്രചോദനമായത്.

ശബരിമലൈ സ്വാമി അയ്യപ്പ എന്ന സിനിമയില്‍ ശിവനായി. പതിനൊന്നിലധികം തവണ ഞാന്‍ ശിവനായി വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. മഹാസാധ്വി മല്ലമ്മ എന്ന സിനിമയില്‍ ഞാനും അനുരാധയും ശിവനും പാര്‍വ്വതിയുമായിട്ടുണ്ട്.

കെ. ബാലചന്ദ്രര്‍ സാറിന്റെ മനതില്‍ ഉറുതി വേണ്ടും എന്ന തമിഴ് സിനിമയിലെ ശാസ്ത്രിയ നര്‍ത്തകന്‍, ഭൈരവി എന്ന ഹിന്ദി ചിത്രത്തിലെ ആന്റിഹീറോ, സ്വരാഭിഷേകം എന്ന തെലുങ്ക് സിനിമ എന്നിവയൊക്കെ പ്രത്യേകതയുള്ളതാണ്. മണിച്ചിത്രത്താഴ് പേഴ്‌സണല്‍ ഫേവറൈറ്റാണ്.

മുന്നോട്ടു നോക്കുമ്പോള്‍..?


കേരളത്തിലും ഇന്ത്യയിലും മാത്രമല്ല വിദേശങ്ങളില്‍ വരെ നൃത്തമവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷേ അഭിനയത്തിലേക്കു മാറിയിരുന്നെങ്കില്‍ എനിക്കിത്ര പ്രശസ്തനാകാന്‍ കഴിയുമായിരുന്നില്ല.

ഇപ്പോള്‍ മഹാത്മാഗാന്ധിയുടെ ജീവിതം ക്ലാസിക്കല്‍ നൃത്തത്തിലൂടവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇനിയും ഒരുപാട് പുരാണ കഥാപാത്രങ്ങളും വേദിയിലെത്തിക്കണമെന്നുണ്ട്. ഇതിനിടെ മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും വെള്ളിത്തിരയിലുമെത്തും...

ലക്ഷ്മി ബിനീഷ്

Ads by Google
Monday 11 Jun 2018 04.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW