വളരെ പ്രതീക്ഷയോടെ പഠിപ്പിച്ച മകന് പ്ലസ്ടുവിന് തോറ്റാല്‍ എന്തായിരിക്കും മാതാപിതാക്കളുടെ പ്രതികരണം. സിവില്‍ എന്‍ജിനീയറായ അച്ഛന്റെ പാത മകന് പിന്തുടരണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാല്‍ ഋഷഭ് എന്ന മകന് വളരെ ഭംഗിയായി തോറ്റു. എന്നാല്‍ ജീവിതത്തിന് മുന്നില്‍ തോറ്റു കൊടുക്കാന്‍ ഋഷഭ് തയ്യാറായിരുന്നില്ല. പ്ലസ് ടു തോറ്റവര്‍ക്ക് മുന്നിലുള്ള വഴികളെ പറ്റി ഋഷഭ് ഗൂഗിളില്‍ പരതി. തുടര്‍ന്ന് 17-ാം വയസ്സില്‍ ഋഷഭ് ലവാനിയ എന്ന പയ്യന് സ്വന്തമായി ഒരു സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചു. എട്ടു വര്‍ഷത്തിനിപ്പുറം 25-ാം വയസ്സില്‍ വീട്രാക്കേഴ്സ് എന്ന മള്‍ട്ടി-മില്യണ്‍ ബിസിനസ് ബ്രാന്‍ഡിന്റെ ഉടമയാണ് ഋഷഭ്.
സ്റ്റീവ് ജോബ്സും ബില്‍ ഗേറ്റ്സുമൊക്കെ ആയിരുന്നു മനസ്സിലെ കണ്‍കണ്ട ദൈവങ്ങള്‍. ലാഭകരവും, ഏതു ഘട്ടത്തിലും നല്ലൊരു തുകയ്ക്ക് വിറ്റൊഴിയാന്‍ കഴിയുന്ന തരത്തിലുമുള്ള കമ്പനികള്‍ സ്ഥാപിക്കാനാണ് ഋഷഭ് ശ്രമിച്ചത്. ആദ്യം കൈ വച്ച സംരംഭങ്ങളൊക്കെയും പൂര്‍ണ്ണ പരാജയവുമായിരുന്നു. ബിസിനസ് തുടങ്ങിയപ്പോള്‍ ബന്ധുക്കളും വീട്ടുകാരും പറഞ്ഞ പ്രതികൂല അഭിപ്രായങ്ങള്‍ ചെവിക്കൊണ്ടതേയില്ല. യാത്ര ചെയ്യുക, പുതിയ ഭാഷകള്‍ പഠിക്കുക, കൂടുതല്‍ ആളുകളെ പരിചയപ്പെടുക ഒക്കെയായിരുന്നു മുഖ്യ അജന്‍ഡ. ആദ്യം തുടങ്ങിയത് 2010ല്‍ ഗുഡ്ഗാവ് അടിസ്ഥാനമാക്കി റെഡ് കാര്‍പറ്റ് എന്നൊരു ഇവന്റ് മാനേജ്മെന്റ് കമ്പനിയായിരുന്നു. ഡല്‍ഹി കേന്ദ്ര തലസ്ഥാന പ്രദേശത്തും ജയ്പൂരിലുമൊക്കെയായി എഴുപതോളം പരിപാടികളില്‍ കമ്പനി ചെറുതും വലുതുമായ പങ്ക് വഹിച്ചു. കമ്പനി ഏഴ് മാസങ്ങള്‍ക്കുള്ളില്‍ അടച്ചു പൂട്ടിയെങ്കിലും ഇവന്റ് സംഘാടകനെന്ന നിലയില്‍ നെറ്റ്വര്‍ക്കിന്റെ പ്രാധാന്യത്തെ കുറിച്ച് ഋഷഭ് നന്നായി മനസ്സിലാക്കി. നിരവധി സംരംഭകരും, നിക്ഷേപകരും, വെന്‍ച്വര്‍ ക്യാപിറ്റലിസ്റ്റുകളുമായി പരിചയമുണ്ടാക്കി.
തുടര്‍ന്ന് 2013ല്‍ ജസ്ഗെറ്റിറ്റ് എന്ന ലോജിസ്റ്റിക്സ് സ്റ്റാര്‍ട്ട്അപ്പ് തുടങ്ങി. പലവ്യഞ്ജനങ്ങള്‍ വീട്ടുവാതിക്കലെത്തിച്ച് കൊടുക്കുന്ന കമ്പനിയായിരുന്നു ജസ്ഗെറ്റിറ്റ്. ആറേഴ് മാസത്തിനുള്ളില്‍ മുപ്പതിലധികം വില്പനക്കാരും കടയുടമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഈ കമ്പനിക്കായി. അധികം ആയുസ്സുണ്ടായില്ലെങ്കിലും പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് എങ്ങനെ മൂലധന സമാഹരണം നടത്തണമെന്നതുള്‍പ്പെടെ വിലപ്പെട്ട പല അറിവുകളും നേടാന്‍ ഈ കമ്പനിയിലൂടെ ഋഷഭിന് സാധിച്ചു. അടുത്തത് ഏഗണ് സെഹന്ദര് എന്ന ആഗോള എക്സിക്യൂട്ടീവ് സര്‍ച്ച് കമ്പനിയിലേക്കായിരുന്നു. ഈ സമയം കൊണ്ട് ഉപഭോക്താവിന്റെ താത്പര്യങ്ങള്‍, വിപണി, ഉത്പന്നങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം കൂടുതല്‍ പഠിച്ചു. അമേരിക്കയിലേക്ക് പോയ ഋഷഭ് കേശു ദുബേയ് എന്നയാളുമായി ചേര്‍ന്ന് സെലേര്‍ട്ട്8 എന്ന ഡേറ്റാബേസ് ടെക് കമ്പനി ആരംഭിച്ചു.
ഈ കമ്പനി ഋഷഭിന്റെ വളര്‍ച്ചയിലെ വഴിത്തിരിവായി. ഒന്നര വര്‍ഷം കഴിഞ്ഞ് നല്ല വിലയ്ക്ക് ചൈനീസ് വെന്‍ച്വര്‍ കമ്പനിയായ ഇസഡ് ഡ്രീം സെലേര്‍ട്ട്8 നെ ഏറ്റെടുത്തു. പിന്നീട് ഇസഡ് ഡ്രീം ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി ഋഷഭ് മാറി. ഈ ഘട്ടത്തിലാണ് ഇന്ത്യ, ചൈന, അമേരിക്ക, ജപ്പാന് എന്നിവിടങ്ങളിലെ എല്ലാം സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളെ പറ്റി ഋഷഭ് കൂടുതല്‍ പഠിക്കുന്നത്. ആഫ്രിക്കയിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭകങ്ങള്‍ക്ക് മെന്റര്‍ സപ്പോര്‍ട്ട് നല്കുന്ന വീ ട്രാക്കേഴ്സ് എന്ന പുതിയ കമ്പനി രൂപീകരിച്ച് വളര്‍ച്ചയുടെ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് ഋഷഭ് ഇന്ന്. സംരംഭകനില്‍ നിന്നും വിവിധ കമ്പനികളുടെ നിക്ഷേപകനും ഉപദേശകനുമൊക്കെയായി ഈ ചെറുപ്പക്കാരന് മാറി.