അമ്പലപ്പുഴ: പരാതിയുമായി എത്തുന്നവര്‍ക്ക് സൗഹൃദാന്തരീക്ഷമൊരുക്കിയും കുട്ടികള്‍ക്കായി കളിസ്ഥലം തീര്‍ത്തും പുന്നപ്ര സ്റ്റേഷന് മാതൃകാ പോലീസ് സ്റ്റേഷനാകുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ 1987ലെ പ്രൊബേഷന്‍ കാലത്ത് പുന്നപ്രയില്‍ എസ്.എച്ച്.ഒ. ആയി ജോലി ചെയ്തിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം അമ്പലപ്പുഴയിലെത്തിയപ്പോള്‍ പുന്നപ്രയിലെ അസൗകര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതോടെയാണ് സ്റ്റേഷനുവേണ്ടി പദ്ധതികള്‍ ഒരുക്കിയത്. പുന്നപ്ര സ്റ്റേഷന് 1969-ല്‍ ആണ് സ്ഥാപിതമായത്. അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുള്‍പ്പടെ നിറഞ്ഞ് സ്റ്റേഷന് അങ്കണം ഏറെ അസൗകര്യങ്ങളിലായിരുന്നു. ഇവിടെയാണ് സൗഹൃദത്തിന്റെ അന്തരീക്ഷമൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പരാതി നല്കാനല്ലാതെ കുട്ടികളുമായി സ്റ്റേഷനിലെത്തുമ്പോള്‍, കുട്ടികളുടെ മാനസികോല്ലാസത്തിനായി അംഗന്‍വാടികള്‍ക്കു സമാനമായി അപകടരഹിതമായ കളിക്കോപ്പുകള്‍ സ്ഥാപിക്കും. ഒപ്പം കുട്ടികളുടെ മിനി പാര്ക്കുമൊരുക്കും. കൂടാതെ കൗണ്‍സിലിങ് സെന്റര്‍, സീനിയര്‍ സിറ്റിസണ്‍ റസ്റ്റ് റൂം, ഭിന്നശേഷിക്കാര്‍ക്ക് സ്റ്റേഷനിലേക്കുള്ള പ്രവേശനത്തിന് റാംപ് സൗകര്യവും ശുചി മുറിയും.
ജനെമെത്രി ഹാള്‍ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണിവിടെ. വനിത ഹെല്‍പ്പ് ഡസ്കിന്റെ നിര്‍മാണം പൂര്‍ത്തിയായി. ദേശീയപാതയോരത്തുനിന്ന് സ്റ്റേഷന് വരെയുള്ള നടവഴി െടെല്‍ പാകി. പ്രധാന കവാടവും പുനര്‍നിര്‍മിച്ച് മതില് കെട്ടിനകവും പുറവും മണല്‍ വിരിച്ച് ഗ്രൗണ്ട് ഉയര്‍ത്തി. അറ്റകുറ്റപ്പണിയുടെ ഭാഗമായി സ്റ്റേഷന്റെ മുന്‍ഭാഗത്തെ ഗ്രില്ല് മാറ്റി. ലോക്കപ്പും നവീകരിച്ചു.സീലിങ് ജോലികള്‍ പൂര്‍ത്തിയാക്കി പെയ്ന്റും പൂശി. കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന്, ഡിെവെ.എസ്.പി പി.വി. ബേബി എന്നിവര്‍ നിര്‍മാണപുരോഗതി വിലയിരുത്തി. എസ്.ഐ ആര്. ബിനുവിന്റെ മേല്‍നോട്ടത്തില്‍ കോര്പറേഷന് പ്രോജക്ട് എന്‍ജിനീയര്‍ സുമേഷാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.