Sunday, June 16, 2019 Last Updated 36 Min 59 Sec ago English Edition
Todays E paper
Ads by Google
മുരളി തുമ്മാരുകുടി
മുരളി തുമ്മാരുകുടി
Saturday 09 Jun 2018 12.40 PM

‘അതുകൊണ്ട് അളിയൻ ഇനി ആശുപത്രിയിൽ അലുവായും ആയി വരരുത്’ നീപ പനിക്കാലത്ത് മുരളി തുമ്മാരുകുടിയുടെ പോസ്റ്റ്

നിപ്പയിൽ നിന്നും ഏറെ കാര്യങ്ങൾ നമ്മൾക്ക് പഠിക്കാനുണ്ട്. പക്ഷെ ഒരാൾ ആശുപത്രിയിൽ ആയാൽ ബന്ധുക്കളും പരിചയക്കാരും ആയ എല്ലാവരും അങ്ങോട്ട് ഓടിയെത്തുന്നത് ഒന്ന് ഒഴിവാക്കാൻ നമ്മൾ പഠിച്ചാൽ അത് സമൂഹത്തിന് മൊത്തം ഗുണം ചെയ്യും.
Muralee Thummarukudy

എന്റെ വല്യച്ചനും ജ്യോത്സ്യനും ആയിരുന്ന കിഴുപ്പിള്ളി അച്യുതൻനായരെ പറ്റി ഞാൻ ഇതിന് മുൻപ് പല വട്ടം പറഞ്ഞിട്ടുണ്ട്. പഞ്ചായത്തിലെ വൈസ് പ്രസിഡണ്ട് കൂടിയായിരുന്നു അദ്ദേഹം. ഒരിക്കൽ ഒരു അപകടത്തിൽ പരിക്കേറ്റ് ആറുമാസത്തോളം എറണാകുളത്ത് ആശുപത്രിയിൽ കിടന്നിട്ടുണ്ട്. അക്കാലത്ത് കഴിച്ച ആപ്പിളിന്റത്രയും ആപ്പിൾ പിന്നെ ഞാൻ എൻ്റെ ആയുസ്സിൽ കഴിച്ചിട്ടില്ല. ദിവസവും ഡസൻ കണക്കിന് ആളുകൾ ആണ് വല്യച്ചനെ കാണാൻ വരുന്നത്. അദ്ദേഹം അബോധാവസ്ഥയിൽ ആണ്, ഭക്ഷണം ഒക്കെ ടൂബ് വഴിയാണ്. പക്ഷെ വരുന്നവരുടെ ഒക്കെ കയ്യിൽ ആപ്പിൾ ഉണ്ട്. ഓരോരോ ആചാരങ്ങൾ ആകുമ്പോൾ.

വിമാനത്താവളത്തിൽ ഒരാൾ വരുമ്പോൾ പത്തു പേർ സ്വീകരിക്കാൻ പോകുന്നത് പോലെ തന്നെ പുതിയകാലത്തെ മലയാളി സംസ്കാരത്തിന്റെ ഭാഗമാണ് രോഗിയെ സന്ദർശിക്കുന്നതും. ഒരാൾ ആശുപത്രിയിൽ ആയാൽ പോകേണ്ടത് നമ്മുടെ കടമയായിട്ടാണ് നാം കരുതുന്നത്, നമ്മൾ ആശുപത്രിയിൽ ആയാൽ വരാത്ത സുഹൃത്തുക്കളും ബന്ധുക്കളും വേണ്ടത്ര കരുതൽ ഇല്ലാത്തവരാണെന്ന് നമ്മളും കരുതുന്നു. ഗുണം മുഴുവൻ ആപ്പിൾ കച്ചവടക്കാരനാണ്.

ഇതത്ര നിർദ്ദോഷം ആയ ആചാരം അല്ല. കാരണം ആശുപത്രി എന്നാൽ അസുഖങ്ങളുടെ ഒരു എക്സ്ചേഞ്ച് ആണ്. വെറുതെ ആശുപത്രിയിൽ ചെല്ലുന്നവർ പനിയും ആയി തിരിച്ചു വരുന്നു. പനിയും ആയി ചെല്ലുന്നവർ അത് നാട്ടുകാർക്ക് കൊടുത്ത് ചെങ്കണ്ണും വാങ്ങി വരുന്നു. ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന രോഗിക്ക് വരുന്നവർ എല്ലാം ആകും പോലെ ഓരോ രോഗങ്ങൾ കൊടുക്കുന്നു.

ഇതൊന്നും ആർക്കും അറിയാത്ത കാര്യം ആല്ല. രോഗം രോഗാണുക്കൾ മൂലമാണ് ഉണ്ടാകുന്നത് എന്ന് മനുഷ്യൻ മനസ്സിലാക്കാത്ത കാലത്തിന് മുൻപ് തന്നെ ആശുപത്രി വാർഡുകളിൽ കൈ കൈ കഴുകാതെ ഗർഭിണികളെ പരിചരിക്കുന്ന ഡോക്ടർമാർ വഴി രോഗം പരന്ന് പ്രസവശേഷം അമ്മമാർ മരിക്കുന്നുണ്ട് എന്ന് കണ്ടുപിടിച്ചത് ജർമ്മൻ ഡോക്ടറായിരുന്ന ഇഗ്‌നാസ് സെമ്മെൽവീസ് ആണ്. അതുകൊണ്ട് പുതിയ രോഗിയെ പരിശോധിക്കുന്നതിന് മുൻപ് ഡോക്ടർമാർ ക്ളോറിൻ ലായനിയിൽ കൈ കഴുകണം എന്ന് പറഞ്ഞ അദ്ദേഹത്തെ മറ്റു ഡോക്ടർമാർ പഞ്ഞിക്കിട്ടു. പക്ഷെ പിൽക്കാലത്ത് ഇക്കാര്യം ലോകം അംഗീകരിച്ചു. കൈ കഴുകലും കയ്യുറയും ഒക്കെ ഇപ്പോൾ വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്.

പക്ഷെ ആശുപത്രിയിൽ എത്തുന്നവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലും അവർ "ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും" എന്ന് പറയുന്നത് പോലെ രോഗീ ക്ഷേമത്തിന് വന്ന് അവരെ അപകടത്തിൽ ആക്കി പോകും എന്നൊക്കെ ഇപ്പോഴും നമ്മൾ അങ്ങ് അംഗീകരിച്ചിട്ടില്ല. പക്ഷെ നിപ്പ പോലെ എന്തെങ്കിലും വരുമ്പോൾ ആരൊക്കെയാണ് ആശുപത്രിയിൽ വന്നത്, രോഗിയും ആയി സമ്പർക്കം ഉണ്ടായത് എന്നൊക്കെ അറിയാതെ ഡോക്ടർമാർ നട്ടം തിരിയുന്നു.

നിപ്പയിൽ നിന്നും ഏറെ കാര്യങ്ങൾ നമ്മൾക്ക് പഠിക്കാനുണ്ട്. പക്ഷെ ഒരാൾ ആശുപത്രിയിൽ ആയാൽ ബന്ധുക്കളും പരിചയക്കാരും ആയ എല്ലാവരും അങ്ങോട്ട് ഓടിയെത്തുന്നത് ഒന്ന് ഒഴിവാക്കാൻ നമ്മൾ പഠിച്ചാൽ അത് സമൂഹത്തിന് മൊത്തം ഗുണം ചെയ്യും.

അതുകൊണ്ട് അളിയൻ ഇനി ആശുപത്രിയിൽ അലുവായും ആയി വരരുത്. അലുവായുടെ കാശ് അക്കൗണ്ടിലേക്ക് ഇട്ടാൽ മതി. രോഗം മാറിക്കഴിയുമ്പോൾ ഞാൻ തന്നെ പോയി അലുവായൊ ആപ്പിളോ എന്താണെന്ന് വച്ചാൽ വാങ്ങി കഴിച്ചോളാം. അപ്പോൾ അളിയന് സ്നേഹം ഒന്നും കുറയുന്നുമില്ല എനിക്കൊട്ടു പണി കിട്ടുന്നും ഇല്ല.

മുരളി തുമ്മാരുകുടി (എഫ്. ബി. പോസ്റ്റ്)

Ads by Google
മുരളി തുമ്മാരുകുടി
മുരളി തുമ്മാരുകുടി
Saturday 09 Jun 2018 12.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW