Thursday, April 25, 2019 Last Updated 19 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 12 Aug 2016 12.56 AM

വീണ്ടും ഗാഡ്‌ഗില്‍

uploads/news/2016/08/22411/1n.jpg

ന്യൂഡല്‍ഹി:കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ മലയോര മേഖലയില്‍ ആശങ്ക നിലനില്‍ക്കെ, അതിനും മുമ്പുള്ള ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളാതെ കേന്ദ്ര സര്‍ക്കാര്‍. പശ്‌ചിമഘട്ടം സംരക്ഷണത്തിന്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്ന്‌ ആര്‍.എസ്‌.എസ്‌. നേതൃത്വം കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചതിനു പിന്നാലെയാണ്‌ കേന്ദ്ര വനം- പരിസ്‌ഥിതി മന്ത്രി അനില്‍ മാധവ്‌ ദവെയുടെ നിലപാടുമാറ്റം.
രണ്ടു റിപ്പോര്‍ട്ടുകളാണ്‌ പരിഗണനയിലുള്ളതെന്നും ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളിയിട്ടില്ലെന്നും ഇന്നലെ കേരളത്തില്‍നിന്നുള്ള എം.പിമാരുടെ യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

ഏതു റിപ്പോര്‍ട്ടാണു നടപ്പാക്കുന്നതെങ്കിലും ആറു മാസത്തിനകം അന്തിമ വിജ്‌ഞാപനം ഇറക്കും. ഇതിനായി കേരളത്തില്‍ വച്ച്‌ വീണ്ടും എം.പിമാരുടെ യോഗം ചേരും. ജനപ്രതിനിധികളുടെ ആശങ്ക കണക്കിലെടുക്കുന്നു. അവരുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കും. പരിസ്‌ഥിതി മന്ത്രാലയം എല്ലാവര്‍ക്കും മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ്‌. എല്ലാവര്‍ക്കും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചേ അന്തിമ വിജ്‌ഞാപനം ഇറക്കൂ. പശ്‌ചിമഘട്ടത്തിന്റെ സംരക്ഷണം അനിവാര്യമാണ്‌. അതിനൊപ്പം ജനങ്ങളുടെ സുരക്ഷയ്‌ക്കും അടിസ്‌ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം നല്‍കണം. മൂന്നാമതൊരു റിപ്പോര്‍ട്ട്‌ തയ്യാറാക്കാനായി പുതിയ സമിതിയെ നിയോഗിക്കുന്നത്‌ ആലോചനയിലില്ലെന്നും മന്ത്രി പറഞ്ഞു. പശ്‌ചിമഘട്ടം സംരക്ഷണത്തിനായി 2010 മാര്‍ച്ചിലാണ്‌ യു.പി.എ. സര്‍ക്കാര്‍ മാധവ്‌ ഗാഡ്‌ഗില്‍ കമ്മിറ്റിയെ നിയോഗിച്ചത്‌. സംസ്‌ഥാനത്തെ 14 താലൂക്കുകള്‍ പരിസ്‌ഥിതി ദുര്‍ബല മേഖലയായി കണക്കാക്കണമെന്നും സംരക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും 2011 മാര്‍ച്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മിറ്റി ശിപാര്‍ശ ചെയ്‌തു.

ഇടുക്കി ജില്ലയിലെ നാലു താലൂക്കുകളും പരിസ്‌ഥിതി ദുര്‍ബല മേഖലയായി കണക്കാക്കുന്ന രീതിയിലായിരുന്നു ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശ. പ്രാദേശിക യോഗങ്ങള്‍ വിളിച്ചും ശാസ്‌ത്രീയ പഠനങ്ങള്‍ നടത്തിയും തയാറാക്കിയ റിപ്പോര്‍ട്ടിനെതിരേ പ്രതിഷേധം വ്യാപകമായതോടെയാണ്‌ ഇതേക്കുറിച്ച്‌ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കസ്‌തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ചത്‌.2012 സെപ്‌റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ കസ്‌തൂരി രംഗന്‍ കമ്മിറ്റി 2013 ഏപ്രിലില്‍ റിപ്പോര്‍ട്ട്‌ നല്‍കി. പരിസ്‌ഥിതി ദുര്‍ബല മേഖലയുടെ എണ്ണം 121 വില്ലേജുകളായി ചുരുക്കിയെങ്കിലും ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കപ്പെട്ടില്ലെന്നു കുറ്റപ്പെടുത്തി മലയോര ജനത പ്രതിഷേധവുമായി രംഗത്തിറങ്ങി.

ഉപഗ്രഹചിത്രങ്ങള്‍ മുഖേന പഠനം നടത്തിയതിനാല്‍ കൃഷിയിടങ്ങള്‍ പോലും വനമേഖലയായി ചിത്രീകരിക്കപ്പെട്ടുവെന്നത്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പോരായ്‌മയായി. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ പുറത്തിറക്കിയ കരട്‌ വിജ്‌ഞാപനമാണു നിലവിലുള്ളത്‌. കരട്‌ വിജ്‌ഞാപനത്തില്‍ പരാമര്‍ശിച്ച ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി അന്തിമവിജ്‌ഞാപനം ഇറക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കിയേക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്‌.പശ്‌ചിമഘട്ടം സംരക്ഷണത്തിന്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്നായിരുന്നു ആര്‍.എസ്‌.എസിന്റെ എന്നത്തെയും നിലപാട്‌. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അതിനു ശക്‌തി കൂടി. പ്രകാശ്‌ ജാവ്‌ദേക്കറെ മാറ്റി ദീര്‍ഘകാലം ആര്‍.എസ്‌.എസ്‌. പ്രചാരകനായിരുന്ന അനില്‍ മാധവ്‌ ദവെയെ പരിസ്‌ഥിതി മന്ത്രിയാക്കിയത്‌ ആര്‍.എസ്‌.എസിന്റെ നിര്‍ദേശാനുസരണമായിരുന്നു. മോഡി സര്‍ക്കാര്‍ രണ്ടു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ വൈകരുതെന്നു നിര്‍ദേശം നല്‍കിയ ആര്‍.എസ്‌.എസ്‌. നേതൃത്വം ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ സമവായത്തിലൂടെ നടപ്പാക്കാനാണ്‌ ആവശ്യപ്പെട്ടത്‌.
ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കി കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്ന്‌ എം.പിമാരില്‍ ചിലര്‍ പറയുന്നു. രണ്ടു റിപ്പോര്‍ട്ടുകളും പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ മൂന്നാമതൊരു കമ്മിറ്റിയെ നിയോഗിക്കണമെന്നാണ്‌ മറ്റു ചിലരുടെ ആവശ്യം.

ഇതിനിടെ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ വീണ്ടും ചര്‍ച്ചയാക്കാനും ജനങ്ങളെ ബോധവത്‌കരിച്ച്‌ നടപ്പാക്കാനുമാണ്‌ പരിസ്‌ഥിതി മന്ത്രാലയത്തിന്റെ നീക്കം. ഇത്‌ മലയോര മേഖലയെ വീണ്ടും സംഘര്‍ഷഭൂമിയാക്കുമെന്നാണ്‌ ആശങ്ക.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Friday 12 Aug 2016 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW