Tuesday, June 18, 2019 Last Updated 5 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 07 Jun 2018 03.04 PM

ചെറുപ്പത്തില്‍ മുണ്ടിനീര് വന്നാല്‍ വന്ധ്യതയ്ക്ക് സാധ്യതയുണ്ടോ? മുണ്ടിനീരും വന്ധ്യതയും തമ്മില്‍ ബന്ധമുണ്ടോ?

ജനറല്‍ മെഡിസിന്‍
uploads/news/2018/06/223919/askdrgenmedicn070618.jpg

മദ്യപാനം നിര്‍ത്തുന്നതിന് വളരെ ഫലപ്രദമായ ചികില്‍സ ലഭ്യമാണ്

***മദ്യപാനശീലം മരുന്നുകൊണ്ട് മാറുമോ?
എനിക്ക് 65 വയസ്. ഏകദേശം 30 വയസുമുതല്‍ ഞാന്‍ മദ്യം ഉപയോഗിക്കും. ഈ ദുശീലം നിര്‍ത്തണമെന്നുണ്ട്. സ്വയം നിര്‍ത്താന്‍ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. ഒരിക്കല്‍ രക്തം ഛര്‍ദിച്ചു. ലിവര്‍ സിറോസിസ് ഉണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എങ്ങനെയാണ് മദ്യപാനം പൂര്‍ണമായും നിര്‍ത്താനാവുക? മരുന്ന് കഴിക്കുന്നത് ഫലപ്രദമാണോ?
------ ജെ. കെ , മാണിക്യമംഗലം

കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ലിവര്‍ സിറോസിസ് ഉണ്ടായതിന്റെ പ്രധാന കാരണം അമിത മദ്യപാനമാണ്. ഇത് അതീവ ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണ്. കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സിറോസിസ്-പോര്‍ട്ടല്‍ ഹൈപ്പര്‍ ടെന്‍ഷനാകാനുള്ള സാധ്യതയാണ് കൂടുതല്‍.

ഇത്തരം പ്രശ്‌നമുള്ള ഒരാള്‍ മദ്യപാനം എത്രയും വേഗം നിര്‍ത്തിയില്ലെങ്കില്‍ വളരെ പെട്ടെന്നുതന്നെ അപകടകരമായ അവസ്ഥയിലേയ്ക്ക് എത്തിച്ചേരും എന്നതില്‍ സംശയമില്ല. മദ്യപാനം നിര്‍ത്തുന്നതിന് വളരെ ഫലപ്രദമായ ചികില്‍സ ലഭ്യമാണ്.

കൗണ്‍സിലിംഗിനു പുറമേ ബെന്‍സോഡയസിപാം വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ മദ്യപാനം നിര്‍ത്താനും മദ്യത്തോടുള്ള ആസക്തി കുറയ്ക്കുന്നതിനും വേണ്ടി ഉപയോഗിച്ചു വരുന്നു. ഒരു മനഃശാസ്ത്ര വിദഗ്ധന്റെ നിര്‍ദേശപ്രകാരം ചികിത്സിക്കുന്നത് നന്നായിരിക്കും.

നടക്കാന്‍ ബുദ്ധിമുട്ട്


വിദേശത്ത് ലാബ് ജീവനക്കാരനാണ് ഞാന്‍. 45 വയസ്. രാവിലെ ഉണരുമ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കൈകാലുകള്‍ക്കുണ്ടാകുന്ന മരവിപ്പാണ് എന്റെ പ്രശ്‌നം. മറ്റ് ശരീരഭാഗങ്ങള്‍ക്കൊന്നും ഈ പ്രശ്‌നമില്ല. ഇതു മൂലം കട്ടിലില്‍ നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ കഴിയാറില്ല. ഇതു മാറാന്‍ എന്താണ് ചെയ്യാന്‍ കഴിയുക?
------- ജിമ്മി ഫിലിപ്പ് , ദമാം

മുമ്പും ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം തേടി കത്തുകള്‍ ലഭിച്ചിരുന്നു. അതിനു മറുപടിയും നല്‍കിയിട്ടുണ്ട്. താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നു കരുതുന്നു. വളരെയധികം സമയം ഒരു ഭാഗത്ത് ചരിഞ്ഞു കിടക്കുകയോ കൈ തലയ്ക്കടിയില്‍ വച്ച് കിടക്കുകയോ ചെയ്താല്‍ ഉണരുമ്പോള്‍ അല്‍പ്പസമയം തരിപ്പ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്.

ഇതൊരു അസുഖമല്ല. അധിക നേരം ഒരുപോലെ കിടക്കുമ്പോള്‍ നാഡികളിലുണ്ടാകുന്ന സമ്മര്‍ദവും രക്തചംക്രമണത്തിലുള്ള വ്യത്യാസവുമാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ കൈകളിലെ തരിപ്പ് മറ്റ് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. അതുകൊണ്ട് ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും.

മുണ്ടിനീരും വന്ധ്യതയും


എനിക്ക് കുട്ടിക്കാലത്ത് മുണ്ടിനീര് വന്നിരുന്നു. ചെറുപ്പത്തില്‍ മുണ്ടിനീര് വന്നാല്‍ വന്ധ്യതയ്ക്ക് സാധ്യതയുണ്ടെന്ന് വായിച്ചിട്ടുണ്ട്. 25 വയസുള്ള എനിക്ക് വിവാഹാലോചനകള്‍ വരുന്നുണ്ട്. എനിക്ക് വന്ധ്യതയുണ്ടാകുമോ? മുണ്ടിനീരും വന്ധ്യതയും തമ്മില്‍ ബന്ധമുണ്ടോ?
-------- പ്രമോദ്കുമാര്‍ , തിരുവനന്തപുരം

മുണ്ടിനീര് ഇപ്പോള്‍ കുട്ടികളില്‍ നന്നേ കുറഞ്ഞിരിക്കുന്നു. രോഗപ്രതിരോധകുത്തിവയ്പ്പുകള്‍ വ്യാപകമായതോടെയാണ് കുത്തിവയ്പ് മുഖേന തടയാവുന്ന മുണ്ടിനീര്, ടെറ്റനസ്, ഡിഫ്തീരിയ, മീസെല്‍സ്, റൂബെല്ല, പോളിയോ തുടങ്ങിയ രോഗങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് നമുക്ക് ഒരു പരിധിവരെ തുടച്ചു നീക്കാന്‍ സാധിച്ചത്.

മുണ്ടിനീര് വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ്. പരോട്ടിഡ് ഗ്രന്ഥിയുടെ വീക്കവും വേദനയുമാണ് ഇതിന്റെ ലക്ഷണം. ചിലര്‍ക്ക് കവിളിന്റെ ഒരു ഭാഗത്ത് മാത്രമേ വീക്കവും വേദനയുംഉണ്ടാകാറുള്ളു. എന്നാല്‍ ചിലര്‍ക്ക് രണ്ടു ഭാഗത്തും ഉണ്ടാകാം.

മുണ്ടിനീര് ബാധിച്ച ആണ്‍കുട്ടികളില്‍ 20 ശതമാനം ആളുകളില്‍ ഓര്‍ക്കൈറ്റിസ് എന്ന അവസ്ഥ കാണാറുണ്ട്. വൃഷണങ്ങളിലെ തടിപ്പും നീര്‍ക്കെട്ടും വേദനയുമാണ് ഇതിന്റെ ലക്ഷണം. 10 ശതമാനം ആളുകളില്‍ രണ്ടു വൃഷണങ്ങളെയും ബാധിക്കാറുണ്ട്.

മറവി കൂടുന്നു


എനിക്ക് 50 വയസ്. പെട്ടെന്ന് ഓര്‍മ്മ നഷ്ടമാകുന്നതാണ് എന്നെ അലട്ടുന്ന പ്രശ്‌നം. ചില സന്ദര്‍ഭങ്ങളില്‍ വല്ലാത്തൊരു ശൂന്യത അനുഭവപ്പെടും. ഞാന്‍ എവിടെയാണെന്നോ എന്തിനു വന്നതാണെന്നോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് യാതൊരു എത്തും പിടിയും കിട്ടില്ല. അല്‍പസമയം കഴിഞ്ഞാണ് നഷ്ടമായ ഓര്‍മ്മകള്‍ തിരികെ ലഭിക്കുന്നത്. കുട്ടിക്കാലം മുതല്‍ ഈ പ്രശ്‌നം എനിക്കുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ക്ലാസില്‍ അധ്യാപകര്‍ ചോദ്യം ചോദിച്ചാല്‍ പെട്ടെന്ന് കണ്ണില്‍ ഇരുട്ടു കയറി സ്ഥലകാല ബോധം നഷ്ടമാകും. എന്താണ് ഇതിനു കാരണം? ഇതൊരു മാനസിക പ്രശ്‌നമാണോ?
------- മോഹനന്‍ , കോലഞ്ചേരി

പെട്ടെന്നുണ്ടാകുന്ന ഓര്‍മ്മക്കുറവ് പല കാരണങ്ങള്‍കൊണ്ടുണ്ടാവാം. തലച്ചോറിലേക്കുള്ള രക്തസഞ്ചാരത്തില്‍ മാറ്റം വരുമ്പോള്‍ പൊടുന്നനെ ഓര്‍മ്മ നഷ്ടപ്പെടാം. ഇതിനെ ട്രാന്‍സിയന്റ് ഗ്ലോബല്‍ അമ്‌നേഷ്യ എന്നു പറയുന്നു. ഇതു സാധാരണയായി പ്രായമായവരിലാണ് കാണുന്നത്. രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടി രക്തസഞ്ചാരം കുറയുന്നതും അതുമൂലം ഓക്‌സിജന്റെ അളവ് കുറയുന്നതുമാണ് ഇതിനു കാരണം.

ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യതിയാനങ്ങളും സിക് സൈനസ് സിന്‍ഡ്രോം, കാര്‍ഡിയാക് ഫെയി ലിയര്‍ തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഇത്തരത്തില്‍ പെട്ടെന്നുള്ള ഓര്‍മ്മക്കുറവിന് കാരണമാവാം. പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോഴും ഓര്‍മ്മക്കുറവ് ഉണ്ടാവാം.

അപസ്മാര രോഗികളിലും ഓര്‍മ്മക്കുറവ് കാണാറുണ്ട്. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന ഓര്‍മ്മക്കുറവിന്റെ ഒരു പ്രധാന കാരണം, മാനസിക സംഘര്‍ഷം തന്നെയാണ്. കത്തില്‍ നിന്നും വായിച്ചറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ താങ്കള്‍ക്ക് ചികിത്സ ആവശ്യമുള്ള അസുഖങ്ങളൊന്നും ഉള്ളതായി തോന്നുന്നില്ല. എങ്കിലും ഡോക്ടറെ കാണിച്ച് പരിശോധനകള്‍ നടത്തണം.

ഭക്ഷണത്തോട് താല്‍പര്യമില്ല


എന്റെ മകള്‍ക്കു വേണ്ടിയാണ് കത്ത്. കോളജ് വിദ്യാര്‍ഥിനിയാണ്. 20 വയസ്. തീരെ മെലിഞ്ഞാണിരിക്കുന്നത്. മാസമുറ ക്രമമാണ്. വിശപ്പില്ല എന്നതാണ് പ്രശ്‌നം. പ്രത്യേകിച്ച് ഒരു ഭക്ഷണത്തോടും താല്‍പര്യമില്ല. ഇഡ്ഡലിയും ദോശയും ഒരെണ്ണമാണ് കഴിക്കുന്നത്. വിശപ്പുണ്ടാകാനും ശരീരത്തിന് വണ്ണം വയ്ക്കാനും എന്താണ് ചെയ്യേണ്ടത്? വിശപ്പുണ്ടാകുവാനുള്ള മരുന്ന് ലഭ്യമാണോ?
--------- ഷീല വര്‍ഗീസ് , പൊന്നാനി

കത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുംതന്നെ ഉണ്ടാകാന്‍ സാധ്യതയില്ല. ശരീരം മെലിഞ്ഞിരിക്കുന്നത് ചിലരുടെ ശരീരപ്രകൃതമാവാം. മറ്റു ചിലരില്‍ രോഗലക്ഷണവും. മെലിഞ്ഞിരിക്കുന്ന ശരീരപ്രകൃതമല്ല. പെട്ടെന്ന് ശരീരംഭാരം കുറയുന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇത് രോഗമോ രോഗ ലക്ഷണമോ ആകാനുള്ള സാധ്യതയുണ്ട്. പ്രമേഹം, തൈറോയ്ഡ് ഗ്രന്ഥികളുടെ അമിതമായ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം പെട്ടെന്ന് ശരീരം ക്ഷീണിക്കുന്നതിന് കാരണമാകാം.

വിഷാദം, ഉത്കണ്ഠ, വണ്ണം വയ്ക്കാതിരിക്കാന്‍ പട്ടിണികിടക്കുന്ന അനോറെക്‌സിയാ നെര്‍വോസാ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും ശരീരം മെലിയുന്നതിന് കാരണമാകാം. അതിനാല്‍ ഒരു ഡോക്ടറെ നേരില്‍ കാണുകയും ആവശ്യമെങ്കില്‍ പരിശോധകള്‍ നടത്തുകയുമാണ് ഉചിതം. വിശപ്പ് വര്‍ധിപ്പിക്കുവാനും തടി കൂടുവാനും സഹായിക്കുന്ന മരുന്നുകള്‍ ലഭ്യമാണ്. ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
Ads by Google
Loading...
TRENDING NOW