Thursday, June 07, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
സുഭാഷ് ആരക്കുന്നം
Thursday 07 Jun 2018 02.30 PM

അര്‍ബുദം പിടിമുറുക്കിയ ഹെന്‍ട്രിക്കായി എട്ടുവയസുകാരന്‍ വാട്‌സ്ആപ്പ് വഴി സമാഹരിച്ചു നല്‍കിയതു ഒരു ലക്ഷം രൂപ

Eight year old boy, One Lakh rupees,Cancer patient
അര്‍ബുദ രോഗം ബാധിച്ച് അമൃത ആശുപത്രിയില്‍ കഴിയുന്ന കൂട്ടുകാരന്‍ ഹെന്‍ട്രിയുമായി ഗ്രിഗറി ഫോണില്‍ സംസാരിക്കുന്നു

മുളന്തുരുത്തി: അര്‍ബുദ രോഗം എട്ടു വയസുകാരന്‍ ഹെന്‍ട്രിക്കാണെങ്കിലും തീരാവേദന കൂട്ടുകാരന്‍ ഗ്രിഗറിനാണ്. മുളന്തുരുത്തി തുപ്പംപടി സ്വദേശി എബി കുര്യന്റെ മകനാണു ഹെന്‍ട്രി. തുപ്പംപടി കോക്കടയില്‍ മനോജ് കെ. ജോണിന്റെ മകനാണു ഗ്രിഗറിന്‍. തലക്കോട് സെന്റ് മേരീസ് ഹൈസ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഹെന്‍ട്രിയും തിരുവാണിയൂര്‍ ഗ്ളോബബല്‍ പബ്ലിക് സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഗ്രിഗറിയും ട്യൂഷന്‍ ക്ലാസിലെ ഉറ്റ സുഹൃത്തുക്കളാണ്.

ആഴ്ചകള്‍ക്ക് മുമ്പ് ട്യൂഷന്‍ ക്ലാസിലെ ടീച്ചറില്‍ നിന്നാണ് ഹെന്‍ട്രിക്ക് അര്‍ബുദ രോഗമാണെന്നും ലക്ഷങ്ങള്‍ ചികിത്സക്കായി വേണ്ടിവരുമെന്നും ഗ്രിഗറിന്‍ അറിയുന്നത്. രോഗം മൂര്‍ച്ഛിച്ച് അമൃത ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കുവേണ്ടി ഹെന്‍ട്രിയെ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ടീച്ചര്‍ പറഞ്ഞു. ടീച്ചറിന്റെ വാക്കുകളില്‍ നിന്നും ഗ്രിഗറിന് ഒരു കാര്യം മനസിലായി തന്റെ ഉറ്റ ചങ്ങാതിക്ക് വലിയ രോഗമാണെന്നും മരുന്നിന് ഒത്തിരി കാശ് വേണമെന്നും. വീട്ടിലെത്തിയ ഗ്രിഗറിന്‍ മാതാവ് ദീപയോട് പറഞ്ഞു അമ്മേ അമ്മയുടെ സ്‌കൂട്ടര്‍ വില്‍ക്കാമോ? മകന്റെ ചോദ്യം കേട്ട് ദീപ എന്തിനാണെന്നു ചോദിച്ചപ്പോഴാണു ഹെന്‍ട്രിയെക്കുറിച്ച് ട്യൂഷന്‍ ക്ലാസിലെ ടീച്ചര്‍ പറഞ്ഞ കാര്യം പറയുന്നത്.

കൂട്ടുകാരന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിന് ദീപ മകന് ഒരു മാര്‍ഗം പറഞ്ഞു കൊടുത്തു. പപ്പയുടെ സൃഹൃത്തുക്കള്‍ക്ക് വാട്സ്ആപ് മെസേജ് അയക്കുക. പിന്നെ താമസിച്ചില്ല. മലേഷ്യയില്‍ ജോലി ചെയ്യുന്ന മനോജിന്റെയും നഴ്സായ ദീപയുടെയും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഹെന്‍ട്രിയുടെ രോഗാവസ്ഥ വിവരിച്ച് സന്ദേശം അയച്ചു. ഗ്രിഗറിന്റെ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഫലംകണ്ടു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ ലഭിച്ചു. ഹെന്‍ട്രിയുടെ പിതാവ് എബിക്ക് നല്‍കാന്‍വേണ്ടി മനോജിന്റെ കുടുംബ സുഹൃത്തും പൊതു പ്രവര്‍ത്തകനുമായ തുപ്പംപടി സ്വദേശി ജോര്‍ജ് മര്‍ക്കോസിനെ ഒരു ലക്ഷം രൂപയുടെ ചെക്ക് ഗ്രിഗറിന്‍ കൈമാറി. കഴിഞ്ഞ ദിവസം ജോര്‍ജ് മര്‍ക്കോസ് ചെക്ക് എബിക്ക് കൈമാറി.

ഇതിനിടെ ഗ്രിഗറിന് ഒരാഗ്രഹം ഹെന്‍ടിയോടൊന്നു സംസാരിക്കണം. ഈ വിവരം വീട്ടിലെത്തിയ ജോര്‍ജിനോട് പറയുകയും ഗ്രിഗറിന്‍ ഹെന്‍ട്രിയുമായി സംസാരിക്കുകയും ചെയ്തു. ആദ്യം ഫോണെടുത്ത എബിയോട് ഹെന്‍ട്രിക്ക് നല്‍കാന്‍ പറഞ്ഞു. മറുതലക്കല്‍ ഹെന്‍ട്രിയുടെ ഹലോ എന്ന ശബ്ദം കേട്ടതോടെ ഗ്രിഗറിന്‍ ചോദിച്ചു. എടാ ഹെന്‍ട്രി നിനക്ക് സുഖമാണോടാ, ഭക്ഷണം കഴിച്ചോ ? ചോറുണ്ടെന്നും നിനക്ക് സുഖമല്ലേടാ ഗ്രിഗറി എന്ന് ഹെന്‍ട്രിയും. കുറച്ച് നേരം ഇരുവരും സംസാരിച്ചു. അവനോട് സംസാരിച്ചപ്പോ ഒത്തിരി സന്തോഷം തോന്നി. ട്യൂഷന്‍ ക്ലാസില്‍ ഉറക്കെ സംസാരിക്കുകയും ഓടി നടക്കുകയും ചെയ്യുന്ന കൂട്ടുകാരനാണു കുഞ്ഞു ഹെന്‍ട്രിയെന്നു ഗ്രിഗറിന്‍ പറഞ്ഞു. ഹെന്‍ട്രിക്ക് ക്ലാസ് തുറന്നെങ്കിലും ചികിത്സയ്ക്കായി അമൃത ആശുപത്രിയിലാണ്.

ോബല്‍ പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന ഗ്രിഗറിന് ഇന്നലെ ക്ലാസ് തുറന്നു. പുതിയ അധ്യായന വര്‍ഷത്തില്‍ ഉറ്റ സുഹൃത്തായ ഹെന്‍ട്രിയും ട്യൂഷന്‍ ക്ലാസില്‍ ഉണ്ടാകണമെന്നാണ് ഗ്രിഗറിയുടെ ആഗ്രഹം. അവന്റെ രോഗം മാറാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട്. കാര്യമറിയില്ലങ്കിലും അംഗന്‍വാടിയില്‍ പഠിക്കുന്ന കുഞ്ഞനുജത്തി ജോര്‍ജീനയും ഹെന്‍ട്രിക്കായുള്ള പ്രാര്‍ത്ഥനയില്‍ ദിവസവും ഗ്രിഗറിനൊപ്പം കൈകോര്‍ക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW