Saturday, June 15, 2019 Last Updated 26 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Jun 2018 03.16 PM

സംഗീതം വിഷ്ണുമയം

''ഹിന്ദിയിലെ കളേഴ്‌സ് ചാനലിലെ റൈസിംഗ് സ്റ്റാര്‍ എന്ന ഇന്ത്യയിലെ ആദ്യത്തെ തത്സമയ സിംഗിങ് റിയാലിറ്റി ഷോയിലൂടെ സെക്കന്‍ഡ് റണ്ണറപ്പായ കൊച്ചുമിടുക്കി വിഷ്ണുമായ രമേഷിന്റെ സംഗീതജീവിതത്തി ലൂടെ...''
uploads/news/2018/06/223633/vishnumaya060618.jpg

ബെയ്‌രി പിയാ ബഡാ ബേദര്‍ദി
ഹോ, ഭേരി പിയാ ബഡാ ബേദര്‍ദി
ദില്‍ കാ ദര്‍ദ്ദ് നാ ജാനേ സൗദായ്

ശ്രേയ ഘോഷാല്‍ അവിസ്മരണീയമാക്കിയ ദേവ്ദാസെന്ന ചിത്രത്തിലെ ഈ ഗാനം സംഗീതപ്രേമികള്‍ക്കെന്നും പ്രിയങ്കരമാണ്.

അടുത്തിടെ കളേഴ്‌സ് ചാനലിലെ റൈസിംഗ് സ്റ്റാര്‍ 2 എന്ന ഇന്ത്യയിലെ ആദ്യത്തെ തത്സമയ ഹിന്ദി സംഗീത റിയാലിറ്റി ഷോയിലൂടെ വിഷ്ണുമായയെന്ന കൊച്ചുഗായിക തന്റെ സ്വരമാധുരിയിലൂടെ ഈ ഗാനം മധുരതരമാക്കിയപ്പോള്‍ പലരും വിസ്മയിച്ചുപോയി.

മരുന്നിനുപോലും ഹിന്ദി ഭാഷ അറിയാതിരുന്നിട്ടും അതിമനോഹരമായി ഹിന്ദി ഗാനങ്ങള്‍ പാടിയ ഈ കോഴിക്കോടുകാരിക്ക് ഇന്ന് ആരാധകരേറെ. സംഗീതലോകത്തിലൂടെ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങുന്ന വിഷ്ണുമായക്ക് തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെക്കുറിച്ച് പറയാനേറെയുണ്ട്.

റൈസിംഗ് സ്റ്റാറിലേക്ക് എത്തിയതെങ്ങനെ?


ഞാന്‍ നേരത്തെ ചെയ്ത സ്‌റ്റേജ് പ്രോഗ്രാമുകളും യൂട്യൂബില്‍ വന്ന വീഡിയോസുമെല്ലാം കണ്ടിട്ടാണ് എന്നെ റൈസിംഗ് സ്റ്റാറിലേക്ക് വിളിച്ചത്. ഞാന്‍ പാടിയ കുറച്ചു പാട്ടുകളുടെ ഓഡിയോയും അവര്‍ക്ക് അയച്ചു കൊടുത്തു. അങ്ങനെയാണ് റൈസിംഗ് സ്റ്റാറിന്റെ ആദ്യ ഘട്ടത്തിലേക്കെത്തിയത്.

ഇത്ര നന്നായി ഹിന്ദി ഗാനങ്ങള്‍ ആലപിക്കുന്നതെങ്ങനെ ?


സത്യത്തില്‍ എനിക്ക് ഹിന്ദി ഒട്ടും അറിയില്ല. കാണാതെ പഠിച്ചാണ് പാടുന്നത്. കൂടാതെ സ്‌റ്റേജില്‍ പറയേണ്ട ഡയലോഗുകളൊക്കെ നേരത്തെ തന്നെ പഠിക്കും. ഒപ്പമുള്ള മത്സരാര്‍ത്ഥികളും അവതാരകരും ഹിന്ദി പറയാനും പാട്ടു പാടാനുമെല്ലാം സഹായിക്കാറുണ്ടായിരുന്നു.

മാതാപിതാക്കളുടെ പിന്തുണ ?


അച്ഛനും അമ്മയും സഹോദരിയും അധ്യാപകരുമാണ് എന്നെ ഏറ്റവുമധികം പിന്തുണച്ചിട്ടുള്ളത്. കോഴിക്കോട് വടകരയാണ് സ്വദേശം. അച്ഛന്‍ രമേഷ്, ഫ്രാന്‍സിസ് ആലുക്കാസില്‍ മാനേജരാണ്. അമ്മ ബിന്ദു വീട്ടമ്മയാണ്. ചേച്ചി വിസ്മയ പ്ലസ് ടുവിന് പഠിക്കുന്നു. കോഴിക്കോട് പതിയാരക്കരയിലെ അമൃത പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസിലുള്ള എന്റെ എല്ലാ സുഹൃത്തുക്കളും വളരെ സപ്പോര്‍ട്ടീവാണ്.
uploads/news/2018/06/223633/vishnumaya060618a.jpg

റൈസിംഗ് സ്റ്റാറിനെക്കുറിച്ച് ?


ഇന്ത്യയിലെ ആദ്യ ലൈവ് റിയാലിറ്റി ഷോയാണിത്. സാധാരണ റിയാലിറ്റി ഷോയില്‍ പ്രായപരിധിയുണ്ടല്ലോ. ഇതിനങ്ങനെയില്ല. നാല് വയസ് മുതല്‍ 60 വയസ് വരെയുള്ളവര്‍ പങ്കെടുത്തിട്ടുണ്ട്. എനിക്കേറെയിഷ്ടപ്പെട്ട ഗായകരായ ശങ്കര്‍ മഹാദേവന്‍, മൊണാലി ഠാക്കൂര്‍, ദില്‍ജിത്ത് ദൊശാന്‍ജ്് എന്നിവരാണ് ജഡ്ജുകളായിരുന്നത്.

ഛോട്ടി ചിത്രയെന്നാണല്ലോ അറിയപ്പെടുന്നത്. ?


ഷോയില്‍ ഞാന്‍ ആദ്യമായി പാടിയത് ദില്‍ സേയിലെ ജിയ ജലേ ജാ ജലേ എന്ന പാട്ടാണ്. ഈ പാട്ട് പാടിക്കഴിഞ്ഞും ശങ്കര്‍ ജി (ശങ്കര്‍ മഹാദേവന്‍ ) പറഞ്ഞുുനീ ഛോട്ടി ചിത്രയാണ്.

അത്ര സ്വരമാധുരിയാണ് നിന്റെ ശബ്ദത്തിന്...ഞാന്‍ ഏറെ ആരാധിക്കുന്ന ഗായികയാണ് ചിത്ര മാം. ഭാവിയില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗായികയാവട്ടെ. ചിത്ര മാം പാടുന്നതു പോലെ മനോഹരമായാണ് നീയും പാടുന്നത്.

എന്നദ്ദേഹം പറഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. ശങ്കര്‍ ജിയെപ്പോലെ ഒരാളില്‍ നിന്ന് അത്തരമൊരു കോംപ്ലിമെന്റ് കിട്ടിയപ്പോള്‍ സത്യത്തിലെന്റെ കണ്ണുനിറഞ്ഞു പോയി. ഓസ്‌കര്‍ കിട്ടിയ പ്രതീതിയായിരുന്നത്.

തങ്കബലിയെന്നൊരു പേരുമുണ്ടല്ലോ ?


ആ സംഭവം വളരെ രസകരമാണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട നായിക ദീപിക പദുകോണാണ്. ഒരിക്കല്‍ ദീപിക മാം ഷോയിലെത്തിയപ്പോള്‍ ഞാന്‍ ചെന്നൈ എക്‌സ്പ്രസിലെ തങ്കബലി കിട്ട വരാതെ നാന്‍ ഉന്നൈ വിടമാട്ടേയ്ന്‍ന്‍ എന്ന ഡയലോഗ് പറഞ്ഞു.

അത് വളരെ രസകരമായി പറഞ്ഞതു കൊണ്ട് ദീപിക മാമും ആസ്വദിച്ചു. അന്ന് ദീപിക മാം എന്നെ വിളിച്ച പേരാണ് തങ്കബലി. അതിന് ശേഷം പലരും തങ്കബലിയെന്നാണ് എന്നെ വിളിക്കാറുള്ളത്.

മറക്കാനാവാത്ത ദിനങ്ങള്‍ ?


ഒരിക്കല്‍ നടി രേഖ മാം ഷോയിലെത്തി. അന്ന് മാം അഭിനയിച്ച ചിത്രത്തിലെ പാട്ടാണ് പാടിയത്. പാടിക്കഴിഞ്ഞതും രേഖ മാം വന്നെന്നെ കെട്ടിപ്പിച്ചു. വളരെ നന്നായി പാടിയെന്നും പറഞ്ഞു.

പിന്നീടൊരിക്കല്‍ റാണി മുഖര്‍ജി ഷോയില്‍ വന്നു. അന്ന് റാണി മുഖര്‍ജിയുടെ പാട്ടാണ് ഞാന്‍ പാടിയത്. പാടിക്കഴിഞ്ഞതും എന്റെയടുത്ത് വന്നു പറഞ്ഞു. ഇനി ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ നിന്നെക്കൊണ്ട് എനിക്കുവേണ്ടി ഒരു പാട്ട് പാടിപ്പിക്കും..എന്ന്. മറ്റൊരിക്കല്‍ ശ്രീദേവി മാമിന് വേണ്ടി ഒരു ട്രിബ്യൂട്ട് ചെയ്തു. ഹവാ ഹവായി എന്ന പാട്ടാണ് പാടിയത്.

അന്ന് കവിത മാം (കവിത കൃഷ്ണമൂര്‍ത്തി) യാണ് വന്നത്. പാടിയത് വളരെ നന്നായിട്ടുണ്ടെന്നും പെട്ടെന്ന് ശ്രീദേവി മാമിനേയും പഴയ കാലവുമെല്ലാം ഓര്‍ത്തു പോയെന്നും പറഞ്ഞു.

uploads/news/2018/06/223633/vishnumaya060618b.jpg

പാടിയതില്‍ ഏറ്റവും ഗംഭീരമായി എന്ന് മറ്റുള്ളവര്‍ പറഞ്ഞത് ഏത് ഗാനമാണ് ?


ഓരോ പാട്ടും എനിക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ മാത്രമേ തന്നിട്ടുള്ളൂ. ഓഡിഷന് ചെന്നതു മുതല്‍ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വരെ നല്ല പ്രതികരണമാണ് എ ല്ലാവരില്‍ നിന്നുമെനിക്ക്കിട്ടിയത്.

സംഗീതം അഭ്യസിച്ചു തുടങ്ങിയത് ?


ചെറുപ്രായം മുതലേ സംഗീതം പഠിക്കുന്നുണ്ടെങ്കിലും ഇപ്പോഴും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. റിയാലിറ്റി ഷോയില്‍ പങ്കെടുക്കേണ്ടതു കൊണ്ട് പലപ്പോഴും സംഗീത പഠനം തുടരാന്‍ സാധിക്കാറില്ല.

വേദിയില്‍ മറക്കാനാവാത്ത നിമിഷങ്ങള്‍ ?


റൈസിംഗ് സ്റ്റാര്‍സില്‍ മൂന്നാം സ്ഥാനത്തെത്തിയത് മറക്കാനാവാത്ത ഒരനുഭവമായിരുന്നു. കാരണം ഇത്രയധികം മത്സരാര്‍ത്ഥികളില്‍ നിന്നു അവസാന മൂന്നു പേരിലേക്ക് എനിക്കെത്താന്‍ സാധിച്ചില്ലേ? അതൊരു വലിയ കാര്യമല്ലേ.

റൈസിംഗ് സ്റ്റാറില്‍ വിജയിയായത് ഹേമന്ത് ബ്രിജ്വാസി ചേട്ടനാണ്. റിയാലിറ്റി ഷോയ്ക്ക് ശേഷം ചാനലുകാരെല്ലാം ഹേമന്ത് ചേട്ടനോട് ചോദിച്ചു, ഈ മത്സരത്തില്‍ ഏറ്റവും വലിയ കോംപറ്റീറ്ററായി തോന്നിയതാരാണെന്ന്. എല്ലാവരേയും ചേട്ടന്‍ മറുപടിയായി എന്റെ പേര് പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് ഞാനാണ്.

ഗായിക ചിത്ര ഫിനാലേയില്‍ വന്നല്ലോ. അന്നത്തെ അനുഭവം ?


ചിത്ര മാം ഫിനാലേയില്‍ വന്നപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ഒരു പക്ഷേ ഞാനായിരിക്കും. മാം സ്‌ക്രീനില്‍ ലൈവായി വന്ന് എന്നോട് പറഞ്ഞു., ഛോട്ടി ചിത്രയുടെ പാട്ടൊക്കെ ഞാന്‍ കേള്‍ക്കാറുണ്ട്.

ഞാനൊരു പാവം ബഡി ചിത്രയാണ്. ഭാവിയി ല്‍ ഇനിയും നന്നായി പാടാന്‍ കഴിയട്ടെ..പാട്ട് കഴിഞ്ഞപ്പോള്‍ എനിക്കു വേണ്ടി ലൈവായി വോട്ട് ചോദിക്കുകയും
ചെയ്തു.

uploads/news/2018/06/223633/vishnumaya060618c.jpg

മലയാളിയായതുകൊണ്ട് പ്രത്യേക പരിഗണനയെന്തെങ്കിലും ?


ഒരു മലയാളി ഹിന്ദി പാട്ട് പാടുന്നത് എല്ലാവര്‍ക്കും വലിയ അത്ഭുതമായിരുന്നു. ഇത്ര നന്നായി എങ്ങനെ പാടുന്നു എന്ന് പലരും ചോദിച്ചിട്ടുണ്ട്.
റൈസിംഗ് സ്റ്റാറിന് വേണ്ടി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടുണ്ട്. പലപ്പോഴും നിശ്ചയിക്കുന്ന സെലിബ്രിറ്റികളാവില്ല വരുന്നത്.

ചിലപ്പോള്‍ അവര്‍ വരുമെന്ന് പറയുന്നതിന്റെ തലേന്നായിരിക്കും അവര്‍ക്ക് പകരം മറ്റൊരാളെ ഗസ്റ്റായി തെരഞ്ഞെടുക്കുന്നത്.

പിന്നീട് അത്രയും ദിവസം കഷ്ടപ്പെട്ട് പഠിച്ച പാട്ട് മാറ്റിയിട്ട് പുതിയൊരു പാട്ട് പഠിച്ചു തുടങ്ങും. രാത്രി ഉറങ്ങാതെ മണിക്കൂറുകള്‍ നീണ്ട പ്രാക്ടീസിനൊടുവിലാണ് അടുത്ത ദിവസം പാടുന്നത്.

ഭാവി കാര്യങ്ങള്‍ ?


സംഗീതം ഇനിയും പഠിക്കാനുണ്ട്. ഒപ്പം സിനിമയില്‍ നല്ല പാട്ടുകളും പാടണം. ഇതെല്ലാം എന്റെ കുഞ്ഞു വലിയ ആഗ്രഹങ്ങളാണ്.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Wednesday 06 Jun 2018 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW