Wednesday, July 10, 2019 Last Updated 37 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Jun 2018 04.31 PM

ടിവി പരമ്പരകള്‍ സ്ത്രീകളെ കുറ്റവാളികളാക്കുന്നുവോ ?

''കണ്ണീര്‍ പരമ്പരകള്‍ സ്ത്രീകളെ കുറ്റവാളികളാക്കുന്നുവോ? മന:സാക്ഷിയേതുമില്ലാതെ കൊലപാതകം നടത്താന്‍ അവരെ പ്രേരിപ്പിക്കുന്നതെന്ത്?''
uploads/news/2018/06/223325/surveyTvserial050618a.jpg

പിണറായിലെ കൂട്ടക്കൊലപാതക കേസിലെ പ്രതി സൗമ്യ കൊലപാതക മാര്‍ഗ്ഗങ്ങള്‍ മനസിലാക്കിയത് സീരിയലില്‍ നിന്നാണത്രേ. അവിഹിത ബന്ധങ്ങള്‍ പ്രമേയമാക്കി നിര്‍ത്താതെ അഞ്ചും ആറും വര്‍ഷം സംപ്രേഷണംചെയ്യുന്ന സീരിയലുകള്‍ക്ക് കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടോ? കുടുംബസദസ്സുകളില്‍ നിന്ന് സീരിയലുകളെ മാറ്റി നിര്‍ത്തേണ്ടതുണ്ടോ? കന്യക അന്വേഷിക്കുന്നു...

***** സീരിയല്‍ അനുകരണം ആപത്ത്
സീരിയല്‍ അനുകരണം ആപത്താണെന്നാണ് ഡോ. റ്റി.കെ സന്തോഷ് കുമാറിന്റെ അഭിപ്രായം.മാധ്യമങ്ങള്‍, പ്രത്യേകിച്ച് സീരിയലുകള്‍ സ്വാധീനിച്ചിട്ടാണ് സമൂഹത്തില്‍ അതിക്രമങ്ങളുണ്ടാകുന്നത് എന്ന് പറഞ്ഞാല്‍ ഇന്ന് നടക്കുന്ന സകല അതിക്രമങ്ങള്‍ക്കും കാരണമിതാണെന്ന് വ്യാഖ്യാനിക്കപ്പെടും. പുസ്തകങ്ങള്‍ വായിക്കുന്നതുപോലെ, സിനിമ കാണുന്നതുപോലെ മധ്യവര്‍ഗ, സാധാരണ കുടുംബങ്ങള്‍ വിനോദമെന്ന നിലയിലാണ് സീരിയലുകള്‍ കാണുന്നത്.

മനുഷ്യനെ വിനോദിപ്പിക്കുക എന്നതാണ് കലകളുടെ ഉദ്ദേശം. സ്വഭാവ രൂപീകരണത്തില്‍ മനുഷ്യന്‍ ഇടപെടുന്ന എല്ലാ മാധ്യമങ്ങളുടെയും സ്വാധീനമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

സമൂഹത്തെ ഞെട്ടിക്കുന്ന പല കുറ്റകൃത്യങ്ങളിലും സ്ത്രീകള്‍ പങ്കാളികളാകുന്നുണ്ട്. കൂടുതല്‍ സ്ത്രീകള്‍, ക്രിമിനല്‍ സ്വഭാവമുള്ളവരാവുന്നതില്‍ അമാനുഷിക സ്ത്രീകഥാപാത്രങ്ങളുടെ പ്രേരണ ഉറപ്പായുമുണ്ട്. ദൃശ്യം സിനിമ ഇറങ്ങിയ സമയത്ത് മുന്‍ ഡി.ജി.പി. ടി.പി സെന്‍കുമാര്‍ പറഞ്ഞത്, നല്ല സിനിമയാണെങ്കിലും അത് കൊലപാതകത്തിനും ആ കൊലപാതകത്തെ നിയമവ്യവസ്ഥയുടെ മുമ്പില്‍ നിന്നു മറച്ചു പിടിക്കുന്നതിനുമുള്ള പ്രേരണ നല്‍കുന്നു എന്നാണ്. സൂക്ഷ്മമായി ആലോചിച്ചാല്‍ അത് സത്യവുമാണ്.

സീരിയല്‍ കണ്ടാല്‍ സ്ത്രീകളെല്ലാം കുറ്റവാളികളാകുമെന്നല്ല. പകരം ചില മാതൃകകള്‍ അവരിലും പുരുഷന്മാരിലും സമൂഹത്തിലും വളര്‍ന്നുവരികയും അത് നിലവിലുള്ള ജീവിത സാഹചര്യങ്ങള്‍ക്ക് നിരക്കാത്തതാവുകയും ചെയ്യും.

പല സീരിയലുകളിലും പുരുഷന്മാര്‍ അപ്രധാന കഥാപാത്രങ്ങളോ പരിഹാസ്യരോ സ്ത്രീകളുടെ നിഴലായി നിന്നു തെറ്റിന് കുടപിടിക്കുന്നവരോ ആണ്. മുഴുവന്‍ സീരിയലുകളുടെയും കഥാതന്തുവിനെ നിയന്ത്രിക്കുന്നത്, സ്ത്രീകളാണ്. ഈ സ്ത്രീകളൊന്നും കുടുംബവ്യവസ്ഥയ്ക്കുള്ളില്‍ നോര്‍മലായി പെരുമാറുന്നവരല്ല. ഇത്തരം കഥാപാത്രങ്ങളാണ് പ്രമേയത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ആ നായികാ സ്വത്വത്തെയാണ് സ്ത്രീകള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത്്. അവിഹിത ബന്ധം പുലര്‍ത്തുന്ന ഭര്‍ത്താവ്, ഭാര്യ, നിഷ്‌കളങ്കരായ കുട്ടികളെ ഉപദ്രവിക്കുന്ന രണ്ടാനമ്മ, രണ്ടാനച്ഛന്‍ ഇങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെ കുട്ടികളോടുപോലും കാരുണ്യമോ സ്നേഹമോ കാണിക്കേണ്ടെന്ന അറിവാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

രഹസ്യ കാമുകനോടൊപ്പം പോകാന്‍ അമ്മ കുഞ്ഞിനെ നിലത്തടിച്ചുകൊന്നു, കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മയേയും കൊന്നു. ഇങ്ങനെയുള്ള വാര്‍ത്തകള്‍ നിരന്തരം കാണാറില്ലേ? സമാനകഥകളാണ് സീരിയലുകളില്‍ കാണുന്നത്. പകര്‍ന്നു കിട്ടുന്ന കാഴ്ചയുടെ നിരന്തര പ്രേരണകള്‍ മനുഷ്യസ്വഭാവത്തെ സ്വാധീനിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇതു സംബന്ധിച്ച് ലോകത്താകമാനം ഒട്ടേറെ മന:ശാസ്ത്ര പഠനങ്ങള്‍ നടന്നിട്ടുണ്ട്.

മദ്യപാനം പോലെയാണ് സീരിയലുകള്‍. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എങ്കിലും ആ ലഹരിക്കടിമപ്പെട്ടാല്‍ രക്ഷയില്ല. മിക്ക സീരിയലുകളുടെയും പശ്ചാത്തലം കൊട്ടാരം പോലുള്ള വീടുകളാണ്. അടുക്കളയില്‍ ജോലി ചെയ്യുന്നവര്‍ പോലും പട്ടുസാരി ചുറ്റി ആഭരണങ്ങളണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്.

അങ്ങനെയുള്ളവരെ കാണാനാണ് പ്രേക്ഷകര്‍ക്കിഷ്ടം. അവരുടെ മനസില്‍ ഉറച്ച സൗന്ദര്യ സങ്കല്‍പ്പമാണത്. അതനുകരിക്കുന്നവരുമുണ്ട്. അവരെ കാണുമ്പോള്‍ സീരിയലില്‍ നിന്ന് ഇറങ്ങിവന്നതാണോ എന്നു തോന്നും. അതുകൊണ്ടാണല്ലോ സിനിമയുടെ പേരില്‍ ആഭരണങ്ങളും വസ്ത്രങ്ങളും ട്രെന്‍ഡായി മാറുന്നത്. ഭൗതികമായ കാര്യങ്ങള്‍ ഇത്രമാത്രം സ്വാധീനിക്കുന്നുണ്ടെങ്കില്‍ വൈകാരികമായ കാര്യങ്ങള്‍ മനുഷ്യനെ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന് എടുത്തു പറയേണ്ടതുണ്ടോ??

***** റേറ്റിങ്ങാണ് പ്രധാനം
ഓരോരുത്തരും ഒഴിവു ചെലവഴിക്കുന്നത് പല രീതിയിലാണ്. ചിലര്‍ക്കത് വായനയായിരിക്കും മറ്റു ചിലര്‍ക്ക് സോഷ്യല്‍ മീഡിയയുംം അഭിനേത്രി സംഗീത മോഹന്‍ പറഞ്ഞുതുടങ്ങിയതിങ്ങനെ.ഒരുവിഭാഗം സ്ത്രീകളുടെ വിനോദോപാധിയാകട്ടെ സീരിയലുകളും. ഒരുവിനോദോപാധിക്ക് ഒരാളുടെ സ്വഭാവത്തെ സ്വാധീനിക്കാന്‍ പറ്റില്ല എന്നൊന്നുമില്ല. പക്ഷേ സീരിയലുകള്‍ കണ്ടതുകൊണ്ടുമാത്രം സ്ത്രീകളില്‍ ആക്രമണ സ്വഭാവമുണ്ടാകണമെന്നില്ല. അങ്ങനെയാണെങ്കില്‍ ന്യൂസ് ചാനലുകള്‍ കാണുന്നവര്‍ക്ക് ആ സ്വഭാവം വളരെ കൂടുതലായിരിക്കില്ലേ?

ചുറ്റും നടക്കുന്ന കാര്യങ്ങളുടെ എല്ലാ വള്‍ഗാരിറ്റിയും ക്രൂരമായ മുഖങ്ങളും കാണിക്കുന്നത് വാര്‍ത്തകളിലാണ്. അത് കാണുമ്പോള്‍ സ്വാധീനിക്കപ്പെടാത്ത വ്യക്തി എങ്ങനെയാണ് സീരിയലുകളെ അതേപടി പകര്‍ത്താന്‍ ശ്രമിക്കുന്നത്?. പൊതുവേ സീരിയലുകളെ താഴ്ത്തിക്കെട്ടാനുള്ള പ്രവണത ജനങ്ങള്‍ക്കിടയിലുണ്ട്. സീരിയലുകളെ കുറ്റപ്പെടുത്തുന്നവര്‍ പോലും സീരിയല്‍ ആസ്വദിക്കുന്നവരാണ്.

അവിഹിതവും അമ്മായിയമ്മ-മരുമകള്‍ പോരും മാത്രമാണ് സീരിയലില്‍ കാണിക്കുന്നതെന്നാണ് ആരോപണം. സീരിയലുകളില്‍ മാത്രമല്ലല്ലോ ഇത്. ലോകത്ത് കഥയുണ്ടായ കാലം മുതലുണ്ടായതല്ലേ? പ്രപഞ്ചത്തിലേറ്റവും പ്രാധാന്യം സ്ത്രീത്വത്തിനാണ്. അതുകൊണ്ടുതന്നെ എല്ലായിടത്തും സ്ത്രീയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് താല്പര്യവും കൗതുകവും ഉണ്ടാകുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തിലും ശക്തിയിലും ശ്രദ്ധാകേന്ദ്രമായി മാറുന്നത് സ്ത്രീത്വം തന്നെയാണ്. അതുകൊണ്ടൊക്കെയാവാം എല്ലാ കഥകളും സ്ത്രീകളെ കേന്ദ്രീകരിക്കുന്നത്.

സീരിയല്‍ മാത്രമല്ല സ്ത്രീകളെ വികലമായി ചിത്രീകരിക്കുന്നത്. നോവലുകളിലും സിനിമകളിലും അങ്ങനെയല്ലേ? എവിടെയാണ് അങ്ങനെയല്ലാത്തത്? പക്ഷേ സീരിയലില്‍ എന്തുകൊണ്ടങ്ങനെ എന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരമുണ്ട്. സീരിയലുകളുടെ കഥ അതുണ്ടാക്കുന്നവരല്ല തീരുമാനിക്കുന്നത്. അത് റേറ്റിങ്ങിനെ ആസ്പദമാക്കിയാണ്. സീരിയലുകള്‍ കോടികള്‍ മറിയുന്ന ബിസിനസാണ്. മാര്‍ക്കറ്റ് ചെയ്യപ്പെട്ടാല്‍ മാത്രമേ സീരിയല്‍ മുന്നോട്ടുപോകൂ. മാര്‍ക്കറ്റ് ചെയ്യണമെങ്കില്‍ അതിന് റേറ്റിങ്ങുണ്ടാവണം.

റേറ്റിങ്ങുള്ള സീരിയലുകള്‍ക്കേ പരസ്യം കിട്ടൂ. എങ്കിലേ ചാനലുകള്‍ സീരിയലിനെ പ്രമോട്ട് ചെയ്യൂ. ഇല്ലെങ്കില്‍ നിര്‍ത്തിക്കളയും. വ്യൂവര്‍ഷിപ്പില്‍ നിന്നാണ് റേറ്റിങ് ഉണ്ടാകുന്നത്. ശാസ്ത്രീയമായാണ് റേറ്റിങ് കണക്കാക്കുന്നത്. അമ്മായിഅമ്മപ്പോരോ സ്ത്രീകളെ വികലമായി ചിത്രീകരിക്കപ്പെടുന്നതോ ഇവിടെ കാണാനാളില്ലാതാകുന്ന നിമിഷം ആ സീരിയല്‍ മാര്‍ക്കറ്റ് ചെയ്യപ്പെടാനാവാതെ വരും.

ചാനലിന് അതോടെ വരുമാനമില്ലാതാകും. പക്ഷേ ഇവിടെ സംഭവിക്കുന്നതെന്താ? എം.ടിയുടെ രണ്ടാമൂഴം വളരെ വൃത്തിയായി ചിത്രീകരിച്ച് കാണിച്ചാല്‍ കാണാന്‍ ആളില്ല എന്നൊരു പ്രശ്നമുണ്ടിവിടെ. കുറ്റം പറയുന്ന സ്ത്രീകള്‍ തന്നെ അത് കാണാന്‍ താല്‍പര്യം കാണിക്കുന്നിടത്തോളം സീരിയലുകളുടെ കഥ ആ വഴിക്ക് തന്നെ പോയിക്കൊണ്ടിരിക്കും. ആളുകള്‍ ഇത്തരം സീരിയലുകള്‍ ബഹിഷ്‌ക്കരിക്കട്ടെ, അന്ന് ട്രെന്‍ഡ് മാറും. വേറെ സബ്ജക്ടുകള്‍ കൊണ്ടുവരേണ്ടി വരും. ഈ അവിഹിതവും പോരും കാണാനാണ് പ്രേക്ഷകര്‍ക്ക് താല്പര്യം. അപ്പോള്‍ ചാനലുകള്‍ ഇങ്ങനെയുള്ള സീരിയലുകള്‍ ആവശ്യപ്പെടും.

പിണറായിലെ സംഭവത്തില്‍ കൊലപാതകിയായ സ്ത്രീ സീരിയലുകളെ മാതൃകയാക്കിയെന്ന് പറയുന്നു. അങ്ങനെ ഒറ്റപ്പെട്ട എത്രയോ സംഭവങ്ങളുണ്ടാകുന്നു. അങ്ങനെയാണെങ്കില്‍ ദൃശ്യം സിനിമ കണ്ടിട്ട് ഒരു കൊലപാതക പ്രവണത ഉണ്ടായിക്കൂടേ? അങ്ങനെ നോക്കിയാല്‍ ഷെര്‍ലക് ഹോംസിന്റെയോ അഗതാ ക്രിസ്റ്റിയുടെയോ നോവല്‍ വായിക്കാന്‍ പറ്റില്ല.

ഒരു ക്രൈം കണ്ടതുകൊണ്ടോ വായിച്ചതുകൊണ്ടോ അറിഞ്ഞതുകൊണ്ടോ ക്രൈം ചെയ്യാന്‍ പ്രചോദനമുണ്ടാകുന്നുണ്ടെങ്കില്‍ വായിക്കുന്നതോ കാണുന്നതോ അറിയുന്നതോ ആയ ക്രൈമിന്റെ കുറ്റമല്ല, അത് തോന്നുന്നവന്റെ മാനസികാവസ്ഥയാണ് പ്രശ്‌നം. അങ്ങനെയുള്ളയാള്‍ക്ക് സീരിയലല്ല, നോവല്‍ വായിച്ചാല്‍ മതി.

uploads/news/2018/06/223325/surveyTvserial050618a1.jpg

***** കുറ്റം സീരിയലിന്റേത് മാത്രമല്ല
സ്ത്രീകളില്‍ കുറ്റവാസന കൂടുന്നതിന് കാരണം സീരിയലുകളാണ് എന്നതൊക്കെ തെറ്റായ വാദഗതികളാണ്്. കലാ ഷിബുവിന്റെ അഭിപ്രായം മറ്റൊരു രീതിയിലാണ്. കുറ്റകൃത്യങ്ങളില്‍ സീരിയലിനെയും സിനിമയേയും പഴിചാരുന്നത് ശരിയല്ല. ഇവിടെ സെക്സ് ടൂറിസം കൊണ്ടുവരണം. അതില്ലാത്തതുകൊണ്ടാണ് ലൈംഗികാതിക്രമങ്ങള്‍ കൂടുന്നത്, പീഡനങ്ങള്‍ക്ക് കാരണം പുരുഷന്മാരാണ് എന്നൊക്കെ പറയുന്നത് പൂര്‍ണ്ണമായും ശരിയാണോ?പുരുഷന്മാര്‍ക്ക് മാത്രമല്ല, ഈ വികാര വിചാരങ്ങളൊക്കെ സ്ത്രീയ്ക്കുമുണ്ട്. പക്ഷേ അതേപ്പറ്റി ചര്‍ച്ച ചെയ്യാന്‍
പോലും സദാചാരം അനുവദിക്കില്ല.

പിണറായിലെ സംഭവത്തിന് പിന്നില്‍ എന്താണെന്ന് ഇപ്പോഴും വ്യക്തതയില്ല. സ്ത്രീയുടെ ആസക്തിയാണോ ഇവിടെ വില്ലനായത് എന്ന് ഉറപ്പില്ല.
സീരിയലുകള്‍ സ്ത്രീകളെ ഒരുപരിധിവരെ സ്വാധീനിക്കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. സീരിയലുകളില്‍ മാത്രമല്ലല്ലോ അമ്മായിയമ്മ-മരുമകള്‍ പോരുള്ളത്. പലരുടെയും ജീവിതത്തിലില്ലേ? വിദ്യാഭ്യാസമുണ്ടെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവിടെ മനുഷ്യന് പച്ചയായ സമീപനമായിരിക്കും.

എനിക്ക് മുമ്പില്‍ വന്ന കേസുകളില്‍ ചിലപ്പോഴൊക്കെ വില്ലനാകുന്നത് സീരിയലുകളാണ്. ഭര്‍ത്താവിനെ വളരെയധികം കുറ്റപ്പെടുത്തുന്ന സ്ത്രീകളെ കാണാറുണ്ട്. അവരോട് സംസാരിക്കുമ്പോള്‍ ഇതൊക്കെ സീരിയല്‍ കണ്ട് പറയുന്നതായിരിക്കുമെന്നാണ് ആ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരുടെ മറുപടി.
അടുക്കളയില്‍ ജോലി ചെയ്യുമ്പോഴും നെറ്റിച്ചുട്ടി അടക്കമുള്ള ആഭരണങ്ങളണിഞ്ഞും തിളങ്ങുന്ന സാരിയുടുത്തും പ്രത്യക്ഷപ്പെടുന്ന സീരിയല്‍ താരങ്ങളെ വീട്ടമ്മമാര്‍ അനുകരിക്കുന്നുവെന്നാണ് പറയുന്നത്. പക്ഷേ മലയാളി സ്ത്രീകള്‍ അങ്ങനെ അനുകരിക്കുന്നവരല്ല.

മുമ്പൊക്കെ ഞാനും സീരിയലുകള്‍ കാണാറുണ്ടായിരുന്നു. അന്നൊക്കെ നല്ല സീരിയലുകളുണ്ടായിരുന്നു. സമയമില്ലെങ്കില്‍പ്പോലും സീരിയല്‍ കാണാന്‍ സമയമുണ്ടാക്കുമായിരുന്നു. പക്ഷേ മനുഷ്യന് ദഹിക്കാത്ത രീതിയിലുള്ള സീരിയലുകള്‍ വന്നതോടെ ആ പതിവും ഉപേക്ഷിച്ചു.

ഇപ്പോഴത്തെ ടീനേജ് ഹിന്ദി സീരിയലുകള്‍ക്ക് അഡിക്ടഡാണ്. ഹിന്ദിക്കാരാണ് നല്ലത് എന്ന ചിന്താഗതിക്കാരാണവര്‍. സീരിയല്‍ കണ്ടതുകൊണ്ട് മാത്രം ആരും കുറ്റവാളികളാകുന്നില്ല. വളരെ കുറച്ചുമാത്രം സ്ത്രീകള്‍ സീരിയലുകളിലെ പല കാര്യങ്ങളും അനുകരിക്കുന്നുണ്ടാകാം. ആ സാധ്യത തള്ളിക്കളയാനാവില്ലല്ല.

****** സെന്‍സര്‍ഷിപ്പ് ആവശ്യം
ഇന്നത്തെ മസാല സീരിയലുകളെ എതിര്‍ക്കുന്ന ആളാണ് ഞാന്‍. പൊതുവേ കണ്ണീര്‍ പരമ്പരകള്‍ കാണാറില്ലെങ്കിലും അടുത്തിടെ വിശ്രമവേളയില്‍ സീരിയലുകള്‍ കാണേണ്ടിവന്നപ്പോള്‍ ഒരു സീരിയല്‍ ശ്രദ്ധയില്‍പ്പെട്ടു. അതൊരു പെണ്‍കുട്ടിയുടെ കഥയാണ്. ചെറുപ്പം മുതല്‍ അവളനുഭവിക്കുന്ന പീഡനങ്ങളും മുതിര്‍ന്നശേഷം അവളുടെ പ്രതികാരവുമൊക്കെയാണ് ഇതിവൃത്തം. തീര്‍ത്തും അരോചകമായി തോന്നിയെന്ന് പറയാതിരിക്കാന്‍ കഴിയില്ലല്ല. സീരിയലുകള്‍ അരോചകമായി മാറുന്നുവെന്നാണ് പി.പി മാത്യുവിന്റെ അഭിപ്രായം.

ഈ ക്രൂരതയൊക്കെ കണ്ട് രസിക്കുന്ന സ്ത്രീകള്‍ക്ക് ആ സ്വഭാവമുണ്ടായാല്‍ ആരെ കുറ്റം പറയാനാകും? പണ്ട് സ്ത്രീകളെ സ്വാധീനിച്ചിരുന്നത് ആഴ്ചപ്പതിപ്പുകളാണെങ്കില്‍ ഇന്നാ സ്ഥാനം പരമ്പരകള്‍ക്കാണ്. വിഷ്വലായി കാണുന്ന ഈ ക്രൂരതകള്‍ സ്ത്രീകളെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. കാരണം അവര്‍ അതില്‍ അത്രമാത്രം അഡിക്ടാണ്. സീരിയല്‍ സമയത്ത് ഒരു വീട്ടിലേക്ക് കയറിച്ചെന്ന് നോക്കൂ. അല്ലെങ്കില്‍ ഫോണ്‍ ചെയ്യൂ. അവര്‍ക്കത് ഇഷ്ടമാകണമെന്നില്ല. സീരിയലിലെ സംഭവങ്ങളും ഡയലോഗുകളും സാധാരണ സംസാരത്തിനിടയില്‍പ്പോലും കടന്നുവരുമെന്ന് പറയുമ്പോള്‍ ആലോചിച്ച് നോക്കൂ, സീരിയലുകള്‍ സ്ത്രീകളെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന്.

സെന്‍സര്‍ ബോര്‍ഡ് പോലും അംഗീകരിക്കാത്ത രംഗങ്ങളാണ് ഇന്നത്തെ സീരിയലുകളിലുള്ളത്. ദുഷ്ടത്തരം കാണിക്കുന്ന സ്ത്രീകള്‍, അവരുടെ കുതന്ത്രങ്ങള്‍, പണത്തോടുള്ള ആര്‍ത്തി ഇതൊക്കെയാണ് ഒട്ടുമിക്ക സീരിയലുകളുടേയും ഇതിവൃത്തം. സമൂഹം സ്്ത്രീകളെ ബഹുമാനിക്കണമെന്ന് പറയുമ്പോഴും അഴിഞ്ഞാട്ടക്കാരികളായ സ്ത്രീകളെയാണ് പരമ്പരകളില്‍ കാണിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ സാധാരണ വീട്ടമ്മമാരെ സ്വാധീനിക്കുമെന്നതിനാല്‍ സീരിയലുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം.

സിനിമ കാണാന്‍ തിയേറ്ററില്‍ പോകുമ്പോള്‍ പ്രേക്ഷകര്‍ക്ക് പല ചോയ്സുണ്ട്. ഇഷ്ടമുള്ളത് കാണാം. പക്ഷേ സീരിയലുകള്‍ അങ്ങനെയല്ല. അവ ഡ്രോയിംഗ് റൂമിലേക്ക് കടന്നുവരികയാണ്. ഒരു കുടുംബത്തില്‍ സിനിമയേക്കാള്‍ 10 ഇരട്ടി സ്വാധീനം ചെലുത്താന്‍ പരമ്പരകള്‍ക്ക് കഴിയുമെന്ന് പറയുമ്പോള്‍ അതിശയോക്തി ഒട്ടുമില്ല. ഏറ്റവും അരോചകമായി തോന്നുന്നത് സീരിയലിന്റെ പശ്ചാത്തല സംഗീതവും കഥാപാത്രങ്ങളുടെ മേക്കപ്പും ആടയാഭരണങ്ങളുമാണ്.

പിണറായി സംഭവത്തിലേക്കൊന്ന് കണ്ണോടിച്ചാല്‍ ആ കുറ്റകൃത്യത്തില്‍ സീരിയലിന്റെ സ്വാധീനം തള്ളിക്കളയാനാവില്ല. സെന്‍സര്‍ നിയമമനുസരിച്ച് കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന ഒരു സൂചനയെങ്കിലും നല്‍കണമെന്നാണ്. സിനിമയുടെ കാര്യത്തിലും ഈ നിയമം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് പറയാനാവില്ല. സീരിയലായാലും സിനിമയായാലും സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

മുമ്പ് സൂചിപ്പിച്ച സീരിയലില്‍ മുതിര്‍ന്ന രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് രണ്ട് കൊലപാതകങ്ങള്‍ ചെയ്യുന്നതും സമര്‍ഥമായി ഒളിപ്പിക്കുന്നതും കാണിച്ചിരുന്നു. ഇത്തരം കൊലപാതകങ്ങള്‍, പുരുഷന്മാരുടെ അമിതമായ മദ്യപാനം ഇതൊക്കെ മനുഷ്യമനസുകളെ പ്രത്യേകിച്ച് സ്ത്രീകളെ വഴിതെറ്റിക്കും.
ആളുകളെ എക്സൈറ്റ് ചെയ്യിക്കുന്ന മസാലകളും എരിപൊരി സംഭാഷണങ്ങളും അപ്രതീക്ഷിതമായ ട്വിസ്റ്റുകളുമാണ് സീരിയലുകളുടെ ഹൈലൈറ്റ്. ഇതൊക്കെ കണ്ട് സ്ത്രീകള്‍ ദുഷ്ടത്തരം ചെയ്യുന്ന കഥാപാത്രങ്ങളുടെ പക്ഷം പിടിച്ചു സംസാരിക്കുന്നു. കുറ്റം ചെയ്യുന്ന സ്ത്രീകളുടെ രീതികള്‍ നോക്കിയാല്‍ ഇത് മനസിലാകും.

സുരക്ഷിതമായ കുടുംബങ്ങളിലുള്ള, വിദ്യാഭ്യാസമുള്ളവരാണെങ്കില്‍പ്പോലും ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല. ഇങ്ങനെ അപക്വമായ മനസുള്ളവരെയാണ് സീരിയലുകള്‍ പെട്ടെന്ന് സ്വാധീനിക്കുക. സീരിയലുകളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ രക്ഷപെടാനുള്ള പഴുതുകളുണ്ടാകും. ഇതൊക്കെ കണ്ടിട്ട് അതൊക്കെ സത്യമാണെന്ന് കരുതുന്നവരുണ്ട്. കൊല ചെയ്താലും ശിക്ഷിക്കപ്പെടുന്നില്ല എന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇതൊക്കെ കണ്ട് ജീവിത്തില്‍ ശത്രുത തോന്നുന്നവരോട് ഇത്തരത്തില്‍ പെരുമാറുന്നവരുണ്ട്. അവര്‍ക്കാണ് ചികിത്സ വേണ്ടത്.

****** സ്വാര്‍ത്ഥത മുതലെടുക്കുന്നു
മനുഷ്യന്റെ സ്വാര്‍ത്ഥതയാണ് യഥാര്‍ത്ഥ പ്രശ്നമെന്നാണ് മാലാ പാര്‍വതി പറയുന്നത്.
മനുഷ്യ മനസ് പൊതുവേ സ്വാര്‍ത്ഥമാണ്. വിദ്യാഭ്യാസം കൊണ്ടും നല്ല ചിന്തകള്‍ കൊണ്ടും മനസിലെ മാലിന്യങ്ങളെ നിരന്തരമായി കഴുകി വൃത്തിയാക്കണം. ഇതിന് സഹായിക്കുന്ന ഒന്നാണ് കല. കുളിയിലൂടെ ശരീരം വൃത്തിയാക്കുന്ന പോലെ നല്ല കലാസ്വാദനത്തിലൂടെ മനസും വൃത്തിയാക്കാം. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ ദു:ഖം കാണിച്ചല്ല, സ്നേഹത്തിലൂടെയാണ് കരയിപ്പിച്ചത്. അതാണ് കലയുടെ ധര്‍മ്മം.

സീരിയലില്‍ അങ്ങനെയുള്ള സ്നേഹം കാണിച്ചാല്‍ ഉദ്വേഗഭരിതമായി ഒന്നും സംഭവിക്കില്ല. നാളെ എന്തായിരിക്കും എന്ന് ആകാംഷ ഉണ്ടാകില്ല. അവനെ കൊന്നോ ഇല്ലയോ എന്നുള്ള സ്വാര്‍ത്ഥത മനുഷ്യനില്‍ ജനിപ്പിക്കാനാവില്ല. ടിവിക്ക് മുമ്പില്‍ മനുഷ്യനെ കെട്ടിയിടാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ കുത്തിനിറച്ച സീരിയലുകള്‍ മനുഷ്യമനസിനെ സ്വാധീനിക്കുമെന്നതൊരു പച്ച പരമാര്‍ത്ഥമാണ്. ഇതിന്റെയൊന്നും സ്വാധീനം ഇതുവരെ ആരും പഠിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല.

രണ്ട് വര്‍ഷം മുമ്പുള്ള സിനിമ അവാര്‍ഡു പോലും തെറ്റായ രീതിയിലുള്ളതാണ്. പോപ്പുലറായ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് കൊടുക്കുന്നതിലൂടെ ഇതാണ് ശരിയെന്ന് പ്രേക്ഷകര്‍ മനസിലാക്കുന്നു. മനുഷ്യനെ ശരിയായ വഴിയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്വം മതത്തിന് /ജാതിക്ക് വിട്ട് കൊടുത്തിട്ട് സമൂഹം മനുഷ്യനെ സ്വതന്ത്രനായി വിടുകയാണ്.

പിണറായി കൊലപാതകം വളരെയധികം ഗൗരവത്തോടെ പഠിക്കേണ്ട വിഷയമാണ്. ആ സ്ത്രീക്ക് വിവാഹേതര ബന്ധമുണ്ടായി, അത് സമൂഹം അറിഞ്ഞാല്‍ നേരിടേണ്ടി വരുന്ന വിഷയത്തെച്ചൊല്ലിയുണ്ടായ ഭയങ്കരമായ ഭീതിയില്‍ നിന്നാണ് സ്വന്തം മകളേയും മാതാപിതാക്കളേയും കൊല്ലാന്‍ തയ്യാറാകുന്നത്. അത് സ്വാര്‍ത്ഥതയാണ്. തനിക്കൊന്നും സംഭവിക്കാതിരിക്കാന്‍ ആരുടേയും ജീവനെടുക്കാനുള്ള മനോഭാവം അവര്‍ക്ക് വന്നതെങ്ങനെയാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഭര്‍ത്താവും ഭാര്യയും മക്കളും കൂടി അണിഞ്ഞൊരുങ്ങി ഒരു ഫംഗ്ഷന് പോയാ ല്‍, ചിരിച്ചുകൊണ്ടൊരു സെല്‍ഫിയെടുത്താല്‍ ആരോഗ്യകരമായ കുടുംബമാകില്ല. ഇവരുടെ ജീവിതം യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ്? അവിടെ വഴക്കുണ്ടോ? എന്നൊന്നും ആലോചിക്കുന്നില്ല. പിന്നെ മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് വല്യ കുഴപ്പമില്ലാത്തതിനാല്‍ മാത്രം ഇവിടെ ജീവിച്ചുപോകുന്നു.

കുടുംബപ്രശ്നങ്ങളുമായി കൗണ്‍സലിംഗിന് വരുമ്പോള്‍ പല അമ്മമാരും പറയുന്നത് എന്റെ മകളുടെ അമ്മായിഅമ്മ സീരിയലിലെ അമ്മായിയമ്മയെപ്പോലെയാണെണന്നാണ്. മകളുടെ കല്യാണം ഉറപ്പിക്കുമ്പോള്‍ തന്നെ അമ്മമാര്‍ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് അമ്മായിഅമ്മയെ എങ്ങനെ നേരിടണമെന്നാണ്. വിവാഹം കഴിച്ചയക്കുന്ന വീട്ടുകാരെക്കുറിച്ച് അറിയുന്നതിന് മുമ്പുതന്നെ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള ചര്‍ച്ചകള്‍ വീടുകളില്‍ നടക്കുന്നുണ്ട്.

ഒരിക്കല്‍ എന്റെ മുമ്പില്‍ ഇത്തരമൊരു കേസ് വന്നു. പെണ്‍കുട്ടി അമ്മായിയമ്മയെക്കുറിച്ച് ഭയങ്കര പരാതി. പക്ഷേ അവരെ കണ്ടപ്പോള്‍ ഒരു പാവമാണെന്ന് എനിക്ക് തോന്നി. അമ്മായി അമ്മ വഴക്കുപറഞ്ഞോ, ഉപദ്രവിച്ചോ?? എന്ന് ചോദിച്ചപ്പോള്‍ പെണ്‍കുട്ടി അതൊക്കെ നിഷേധിച്ചു. പരാതി കേട്ടപ്പോള്‍ എനിക്കത്ഭുതം തോന്നി. അമ്മായി അമ്മ തന്നെ എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു. എന്തിനാണ് മരുമകളെ നോക്കിക്കൊണ്ടിരിക്കുന്നതെന്ന്? ഞാനവരോട് ചോദിച്ചു, എന്റെ മരുമകളല്ലേ, അവളെ കണ്‍നിറയെ കാണാനാണ്് നോക്കുന്നതെന്നായിരുന്നു മറുപടി!

പല പെണ്‍കുട്ടികളും അമ്മായിഅമ്മ ദുഷ്ടയാണെന്ന മുന്‍ധാരണയോടെയാണ് വിവാഹം കഴിച്ചുവരുന്നത്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും ജീവിതത്തിനിടയിലേക്ക് ഇരുവരുടെയും അമ്മമാര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പൊതുധാരണകളുമായി കടന്നുവരുന്നത് ശരിയല്ല.
'ഭര്‍ത്താവിന് ബൈക്ക്/കാറ് ഇല്ലെങ്കില്‍ അവനൊരു കിഴങ്ങന്‍, ഒരു കാര്യവും നോക്കാനറിയില്ല സീരിയലിലെ കഥാപാത്രത്തെപ്പോലെ, അല്ലെങ്കില്‍ ഈ സീരിയലിലെ കഥാപാത്രത്തെപ്പോലെ അമ്മ പറയുന്നതേ അനുസരിക്കൂ' എന്നൊക്കെ പറയാറുണ്ട്. സീരിയല്‍ കണ്ടിട്ട് ആളുകള്‍ പഠിക്കുന്നതാണോ ജീവിതം കണ്ട് സീരിയല്‍ എഴുതുന്നതാണോ ഇതൊക്കെ എന്നറിയി
ല്ലല്ല.

****** സാംസ്‌ക്കാരിക അധ:പതനം
വൈകുന്നേരമായാല്‍ പല കുടുംബങ്ങളും ടിവിയുടെ മുമ്പിലായിരിക്കും. കൂടുതല്‍ കാണുന്നതോ സീരിയലുകളും. ഇതൊക്കെ കണ്ടിട്ട് വിവാഹം കഴിച്ചുപോകുന്ന പെണ്‍കുട്ടികള്‍ അമ്മായി അമ്മയോടും തിരിച്ചും വഴക്കുണ്ടാക്കുന്നു. കുട്ടികളെപ്പോലും സീരിയലുകള്‍ സ്വാധീനിക്കുന്നുണ്ട്്. സീരിയലിന്റെ സ്വാധീനം കുട്ടികളില്‍പ്പോലുമുണ്ടെന്നാണ് ജോര്‍ജ് ജോസഫിന്റെ അഭിപ്രായം.

അടുത്തിടെ പാലക്കാട് ഒരു കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും മാധ്യമങ്ങളുടെ സ്വാധീനമുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു വിഷമമുണ്ടായാല്‍ കുട്ടികളുടനെ ജീവനൊടുക്കുകയാണ്. അവര്‍ക്ക് എന്തു ബുദ്ധിമുട്ടുണ്ടായിട്ടാണ്. സീരിയലില്‍ കുട്ടികള്‍ ദുരിതമനുഭവിക്കുന്നത് കാണുമ്പോഴാണ് തനിക്കും ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും ഒറ്റപ്പെടുന്നു എന്നും കുട്ടികള്‍ക്ക് തോന്നുന്നത്.

കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രമാദമായ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ മാധ്യമങ്ങളുടെ സ്വാധീനം വലുതാണെന്ന് കാണാനാകും. ഡി.വൈ.എസ്.പി ഷാജി, പ്രവീണിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ പലയിടത്ത് കൊണ്ടിട്ട സംഭവം, അമേരിക്കന്‍ മലയാളിയെ മകന്‍ കൊന്ന് കത്തിച്ചത്, ചെങ്ങന്നൂരില്‍ ഭാസ്‌ക്കരകാരണവരെ മരുമകളും കാമുകനും ചേര്‍ന്ന്കൊലപ്പെടുത്തിയത്...ഈ സംഭവങ്ങളിലെല്ലാം തെളിവു നശിപ്പിക്കാന്‍ പ്രേരണയാകുന്നത് മാധ്യമങ്ങളാണ്. വ്യക്തിവൈരാഗ്യം തീര്‍ക്കാനായി ഗുണ്ടകള്‍ പരസ്പരം കൊലപ്പെടുത്തുന്ന സംഭവങ്ങളിലും മാധ്യമങ്ങളുടെ സ്വാധീനമുണ്ട്.

ഈ സംഭവങ്ങളും അഭിപ്രായങ്ങളും വിരല്‍ ചൂണ്ടുന്നതെവിടേക്കാണ്? സീരിയലുകള്‍ പലപ്പോഴും കുടുംബങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറില്ലേ? ഉണ്ട്, ഒരു പരിധി വരെ.സീരിയലില്‍ നടക്കുന്നതാണ് യഥാര്‍ത്ഥ ജീവിതമെന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ട്. വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നത് മറ്റൊരു വസ്തുത. സാക്ഷര കേരളത്തില്‍ ഈ അവസ്ഥയ്ക്ക് എന്നാണ് പരിഹാരമുണ്ടാവുക?

അശ്വതി അശോക്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW