Thursday, June 27, 2019 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Jun 2018 03.15 PM

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ സൗന്ദര്യം കെടുത്തുമോ? എങ്ങനെയാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്?

''സൗന്ദര്യപ്രശ്‌നങ്ങള്‍'' സംശയങ്ങള്‍ക്ക് മറുപടി
uploads/news/2018/06/223313/askdrbeutycar050618a.jpg

''സൗന്ദര്യത്തിന് മാറ്റുകുറയ്ക്കുന്ന സൗന്ദര്യപ്രശ്‌നങ്ങളുണ്ട്. ആരോടും പങ്കുവയ്ക്കാന്‍ കഴിയാതെ ആ സങ്കടം ഉള്ളിലൊതുക്കി കഴിയുന്നവരും ധാരാളം. നിത്യജീവിതത്തില്‍ നേരിടുന്ന അത്തരം ചില ബുദ്ധിമുട്ടുകളും അവയ്ക്കുള്ള പരിഹാരവും''

സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് അവസാനമില്ല. കാരണം ഇവ നിത്യജീവിതത്തില്‍ അത്രമാത്രം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ആരോഗ്യമംഗളത്തില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന ബ്യൂട്ടി ഡോക്ടര്‍ എന്ന പംക്തിയില്‍ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവും

പ്രസവശേഷം വയറില്‍ പാടുകള്‍


എനിക്ക് 34 വയസ്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. കുഞ്ഞിന് നാലു വയസുണ്ട്. പ്രസവശേഷം എന്റെ പൊക്കിളിനു ചുറ്റുമായി വെളുത്ത വരപോലെ കാണുന്നു. ഇരുണ്ട ശരീരപ്രകൃതമായതിനാല്‍ ഇത് വളരെ വ്യക്തമായി കാണാം. ഈ പ്രശ്‌നം മൂലം എനിക്ക് സാരിയുടുക്കാന്‍ കഴിയുന്നില്ല. പലതരം ഓയിന്റ്‌മെന്റുകളും ഫെയര്‍നസ് ക്രീമുകളും പുരട്ടി നോക്കി. എന്നിട്ടും യാതൊരു മാറ്റവും കാണുന്നില്ല. എന്താണ് ഞാന്‍ ചെയ്യേണ്ടത്? ഈ പാടു മാറാന്‍ മാര്‍ഗമുണ്ടോ?
------ സല്‍മ , നീലേശ്വരം

പ്രസവശേഷം സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ച് അടിവയറ്റില്‍ സ്ട്രച്ച് മാര്‍ക്ക് കാണുന്നത് സാധാരണമാണ്. ഇത് കുറച്ചുകാലം കഴിയുമ്പോള്‍ താനെ മാറും. ഇതേക്കുറിേച്ചാര്‍ത്ത് വിഷമിക്കേണ്ടതില്ല. ഇങ്ങനെയുള്ള പാടുകള്‍ മാറാന്‍ പ്രത്യേകം സര്‍ജറികളോ ചികിത്സകളോ ഇല്ല. എന്നാല്‍ ഈ പാടുകള്‍ മറയ്ക്കാന്‍ ചര്‍മത്തിന്റെ നിറമുള്ള ചില ക്രീമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. സാരിയുടുത്ത് പുറത്തു പോകുമ്പോള്‍ ഈ ക്രീം പുരട്ടി പാടുകള്‍ മറയ്ക്കാവുന്നതാണ്.

തുടയില്‍ കറുത്ത പാട്


എന്റെ മകള്‍ക്കു വേണ്ടിയാണ് കത്ത്. പി.ജി വിദ്യാര്‍ഥിനിയാണ്. 22 വയസ്. വെളുത്ത നിറമാണ്. അവളുടെ തുടകളുടെ ഉള്‍ഭാഗത്ത് ചൊറിച്ചിലാണ്. കുറച്ചു കഴിയുമ്പോള്‍ തടിച്ചു പൊങ്ങും. ഇപ്പോള്‍ ഈ ഭാഗത്ത് കറുത്ത പാട് കാണാം. ഇതുമൂലം വലിയ മനപ്രയാസമാണ് കുട്ടിക്ക്. വിവാഹാലോചനകള്‍ വരുന്നു. ഈ പ്രശ്‌നം പൂര്‍ണമായും മാറിയിട്ടു മതി വിവാഹം എന്നതീരുമാനത്തിലാണ് മകള്‍. മടിമൂലം ഇതുവരെ ഡോക്ടറെ കാണിച്ചിട്ടില്ല. എന്തുകൊണ്ടാണിത്? തുടകള്‍ക്കിടയിലെ കറുത്ത പാട് മാറാന്‍ എന്താണ് ചെയ്യേണ്ടത്?
------ ലീന , കാഞ്ഞിരപ്പിള്ളി

ശരീരത്തിലെ ഒരേ ചര്‍മത്തിന് പല ഭാഗങ്ങളില്‍ പല സ്വഭാവമാണ്. ചില ഭാഗങ്ങളില്‍ ചര്‍മം നേര്‍ത്തതും മറ്റു ചിലയിടങ്ങളില്‍ കട്ടിയുള്ളതുമാണ്. അതുപോലെതന്നെയാണ് നിറത്തിന്റെ കാര്യവും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ചര്‍മത്തിന് ഒരേ നിറമായിരിക്കില്ല.

കക്ഷം, തുടയിടുക്ക്, ഗുഹ്യഭാഗം തുടങ്ങിയ ഇടങ്ങളില്‍ ചര്‍മത്തിന് ഇരണ്ടു നിറം സ്വാഭാവികമാണ്. ചിലരില്‍ വിയര്‍പ്പു മൂലമോ അണുബാധമൂലമോ കറുപ്പു നിറവും ചൊറിച്ചിലും ഉണ്ടാകാം. അതിനാല്‍ ഒരു ചര്‍മ രോഗവിദഗ്ധനെ കണ്ട് പരിശോധന നടത്തുന്നതാണ് നല്ലത്.

മലര്‍ന്ന ചുണ്ട് ആകര്‍ഷകമാക്കാം


മകള്‍ക്ക് 22 വയസ് പ്രായം. അവളുടെ ചുണ്ട് തടിച്ച് മലര്‍ന്നതാണ്. ചുണ്ടിന്റെ അഭംഗികാരണം പല വിവാഹാലോചനകളും മുടങ്ങിപ്പോകുന്നു. ഈ പ്രശ്‌നം മൂലം കുട്ടി മാനസികമായും തളര്‍ന്നിരിക്കുകയാണ്.പ്ലാസ്റ്റിക് സര്‍ജറിയിലുടെ മകളുടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമോ? ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
------ ഷീബ , രാജാക്കാട്

തടിച്ചു മലര്‍ന്ന ചുണ്ട് അനാകര്‍ഷമാണെന്ന് പൂര്‍ണമായും പറയാനാവില്ല. ചിലരില്‍ ഇതും സൗന്ദര്യത്തിന് മാറ്റുകൂട്ടും. തടിച്ചതും മലര്‍ന്നതുമായ ചുണ്ടുകളുള്ള എത്രയോ സിനിമാ നടിമാരുണ്ട് നമുക്ക്. അപ്പോള്‍ താങ്കളുടെ മകളുടെ പ്രശ്‌നം വലിയൊരു സൗന്ദര്യപ്രശ്‌നമായി കാണാതിരിക്കുക. കുട്ടിയെ നേരില്‍ കണ്ടാല്‍ മാത്രമേ ചുണ്ടിന്റെ രൂപം മാറ്റേണ്ടതുണ്ടോ എന്ന് പറയാനാവുകയുള്ളൂ.

കുട്ടിയുടെ വിവാഹം ഇക്കാരണത്താല്‍ മാറിപ്പോകുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ വിദഗ്ധനായ ഒരു കോസ്‌മെറ്റിക് സര്‍ജനെ കാണിക്കുന്നത് നന്നായിരിക്കും. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ചുണ്ടിന്റെ അഭംഗി പൂര്‍ണമായും പരിഹരിക്കാം. ഏതു രൂപത്തിലേക്ക് മാറ്റിയെടുക്കുവാനും സാധിക്കും. എന്നാല്‍ ഇതൊരു സൗന്ദര്യപ്രശ്‌നമാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ചെയ്യുക.

uploads/news/2018/06/223313/askdrbeutycar050618a2.jpg

തൂങ്ങിയ സ്തനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍


32 വയസുള്ള വീട്ടമ്മയാണ് ഞാന്‍. 3 കുട്ടികളുണ്ട്. ഇതില്‍ രണ്ടുപേര്‍ ഇരട്ടകളാണ്. മൂത്ത കുട്ടിക്ക് പത്തും ഇളയകുട്ടികള്‍ക്ക് ആറും വയസായി. എന്റെ സ്തനങ്ങള്‍ അമിതമായി തൂങ്ങിയിരിക്കുകയാണ്. പ്രസവം നിര്‍ത്തി. പ്രസവശേഷമാണ് ഇങ്ങനെ കണ്ടുതുടങ്ങിയത്. ഇതുമുലം ഞാന്‍ ആകെ വിഷമത്തിലാണ്. ചുരിദാര്‍ ഇടുന്നത് പതിവുള്ള എനിക്ക് ഇപ്പോള്‍ അതിനു കഴിയുന്നില്ല. ഇടിഞ്ഞു തുങ്ങിയ സ്തനങ്ങള്‍ പഴയ സ്ഥിതിലാക്കാന്‍ എന്താണ് മാര്‍ഗം?
-------- എ.എസ് , തൊടുപുഴ

സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്നത് അപൂര്‍വമല്ല. ഓരോരുത്തരുടെയും ശരീരപ്രകൃതിയും പാരമ്പര്യവും ഇതിന് കാരണമാകാം. സ്തനങ്ങള്‍ക്ക് കട്ടിയും ദൃഢതയും നല്‍കുന്ന കൊഴുപ്പു പാളികളുടെയും പേശീസംവിധാനങ്ങളുടെയും തളര്‍ച്ചയും തകര്‍ച്ചയും മൂലമാണ് പ്രസവശേഷം സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്നത്.

ആകൃതി നഷ്ടപ്പെട്ട സ്തനങ്ങള്‍ തീര്‍ച്ചയായും സ്ത്രീ സൗന്ദര്യം കെടുത്തുകതന്നെ ചെയ്യും. അത് വ്യക്തി ജീവിതത്തെയും ചിലപ്പോള്‍ ദാമ്പത്യ ജീവിതത്തെപ്പോലും ബാധിച്ചെന്നിരിക്കും. ആത്മവിശ്വാസക്കുറവിനും കാരണമാകാം. പ്രത്യേകതരം ബ്രായുടെ സഹായത്തോടെ കാഴ്ചയിലുള്ള അഭംഗി പരിഹരിക്കാമെന്നല്ലാതെ വ്യായാമം കൊണ്ട് താങ്കളുടെ പ്രശ്‌നത്തിന് പരിഹാരമായെന്നു വരില്ല.

എന്തായാലും പ്ലാസ്റ്റിക് സര്‍ജറികൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. എന്നാല്‍ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ ഡോക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താനാവകയുള്ളൂ. താങ്കള്‍ ഒരു കോസ്‌മെറ്റിക് സര്‍ജന്റെ ഉപദേശം തേടുന്നതായിരിക്കും ഉചിതം.

നെറ്റിയിലും കഴുത്തിനു ചുറ്റും കറുത്ത നിറം


ഞാനൊരു കോളജ് വിദ്യാര്‍ഥിയാണ്. 20 വയസ്. ഇരു നിറമാണ് എനിക്ക്. എന്റെ നെറ്റിയിലും കഴുത്തിനു ചുറ്റുമായും കറുത്ത നിറമാണ്. നാലഞ്ചു വര്‍ഷമായി ഇത് കണ്ടു തുടങ്ങിയിട്ട്. പലതരം ഫെയര്‍നസ് ക്രീമുകള്‍ പുരട്ടിനോക്കി. യാതൊരു മാറ്റവുമില്ല. തന്നെയുമല്ല, ഫെയര്‍നെസ് ക്രീം പുരട്ടി വെയിലില്‍ നടന്നാല്‍ നെറ്റി വേഗം കറക്കുന്നു. എന്നാല്‍ മുഖത്തിനോ കൈകാലുകള്‍ക്കോ ഈ പ്രശ്‌നം ഇല്ല. എന്തുകൊണ്ടാണ് ഇതുണ്ടാകുന്നത്? ഏതെങ്കിലും രോഗത്തിന്റെ ഭാഗമാണോ? എന്തു എങ്ങനെ മാറ്റിയെക്കാന്‍ കഴിയും?
------ രാജീവ് സോമന്‍ , മുവാറ്റുപുഴ

പലരിലും കണ്ടുവരുന്ന ഒരു സൗന്ദര്യപ്രശ്‌നമാണിത്. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍. സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവരിലാണ് ഈ പ്രശ്‌നം കൂടുതലായും കാണുന്നത്. പകല്‍ സമയത്ത് പുറത്ത് ഇറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നത് നല്ലതാണ്.

4 മണിക്കൂര്‍ കൂടുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടതാണ്. ഇതുകൊണ്ടും മാറ്റമുണ്ടാകുന്നില്ലെങ്കില്‍ ഒരു സ്‌കിന്‍ സ്‌പെഷലിസ്റ്റിനെ കണ്ട് ലേസര്‍ ചികിത്സയ്ക്ക് വിധേയമാവാം. ഇതിലൂടെ ഒരു പരിധിവരെ നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

മുലഞെട്ടിന്റെ വലിപ്പം വര്‍ധിപ്പിക്കാം


എന്റെ മകള്‍ക്കു വേണ്ടിയാണ് കത്ത്. അവള്‍ക്ക് 16 വയസ്. അവളുടെ ഒരു മുലഞെട്ടിന് വലുപ്പം തീരെ കുറവാണ്. എന്നാല്‍ സ്തനങ്ങള്‍ക്ക് ഒരേ വലുപ്പമാണ്. ഇതുമൂലം അവള്‍ മാനസികമായി വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മുലഞെട്ടിന്റെ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗമുണ്ടോ? പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് കേട്ടിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ ഭാവിയില്‍ മുലയൂട്ടുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമോ?
------ ആലീസ് ,ബെഗളൂരു

പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുലഞെട്ടിന്റെ വലുപ്പം കൂട്ടാന്‍ സാധിക്കുന്നതാണ്. ഡോക്ടറെ കണ്ട് വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ ഏതുതരം ചികിത്സാരീതിയാണ് വേണ്ടിവരുന്നതെന്ന് ഉറപ്പിക്കാന്‍ കഴിയൂ. പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതുകൊണ്ട് ഭാവിയില്‍ മുലയൂട്ടുന്നതിന് തടസങ്ങളൊന്നും ഉണ്ടാവില്ല.

പൊള്ളിയ പാട് മാറാന്‍


രണ്ടു വയസ് പ്രായമായ എന്റെ കുഞ്ഞിനു വേണ്ടിയാണ് ഈ കത്ത്. പെണ്‍കുഞ്ഞാണ്. ആറുമാസം മുമ്പ് അവളുടെ ദേഹത്ത് ചൂടുചായ വീണു. കഴുത്തിന് താഴേക്ക് ഭാഗികമായി പൊള്ളലേറ്റു. നെഞ്ചിലും കഴുത്തിലും കാലിലുമാണ് പൊള്ളല്‍ കൂടുതല്‍ സംഭവിച്ചത്. ഇപ്പോള്‍ ഉണങ്ങിയെങ്കിലും പാടുകള്‍ അവശേഷിക്കുന്നു. ഇത് മാറാന്‍ എന്താണ് ചെയ്യേണ്ടത്. ഓയിന്‍മെന്റ് പുരട്ടുന്നുണ്ട്. എന്നാല്‍ ചില ഭാഗങ്ങളില്‍ വെളുത്ത അടയാളമുണ്ട്. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
------- നസീമ , കാഞ്ഞങ്ങാട്

കുഞ്ഞിന്റെ ദേഹത്തെ പൊള്ളിയ പാടിനെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട. കുട്ടി പ്രായമാകുന്നതിനനുസരിച്ച് പൊള്ളലേറ്റ ഭാഗങ്ങളിലെ പാടുകള്‍ മാറുന്നതാണ്. കുറച്ചുകാലം നോക്കിയിട്ടും മാറ്റമൊന്നും കണ്ടില്ലെങ്കില്‍ ഒരു പ്ലാസ്റ്റിക് സര്‍ജന്റെ സഹായം തേടാവുന്നതാണ്. മറ്റു ചികിത്സകളൊന്നും ഇപ്പോള്‍ ആവശ്യമില്ല. ഡോക്ടര്‍ നിര്‍ദേശിച്ച ഓയിന്‍മെന്റ് തല്‍ക്കാലം പുരട്ടുക.

uploads/news/2018/06/223313/askdrbeutycar050618a3.jpg

ഫേഷ്യല്‍ കോസ്‌മെറ്റിക് സര്‍ജറി


ഞാനൊരു കോളജ് വിദ്യാര്‍ഥിനിയാണ്. ഫേഷ്യല്‍ കോസ്‌മെറ്റിക് സര്‍ജറിയെക്കുറിച്ച് വായിച്ചിട്ടുണ്ട്. എന്താണ് ഈ ചികിത്സാ രീതി. എന്തെല്ലാം സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് ഈ ചികിത്സാരീതി പരിഹാരമാണ്.
------ രമ്യ , തൃശൂര്‍

മുഖത്തെ ചുളിവുകള്‍ മാറ്റാനുള്ള ബോട്ടോക്‌സ്, മുഖത്തെ പേശികള്‍ തൂങ്ങുന്നത് ഒഴിവാക്കാനുള്ള ഫേസ് ലിഫ്റ്റ്, മിനി ഫേസ് ലിഫ്റ്റ്, ഫേഷ്യല്‍ ഇന്‍പ്ലാന്റ്‌സ്, ഫോര്‍ഹെഡ് ലിഫ്റ്റ്, കണ്‍പോളകള്‍ക്കുള്ള ബ്ലഫറോപ്ലാസ്റ്റി, കണ്‍പുരികത്തിനുള്ള ഐബ്രോലിഫ്റ്റ്, ഐബ്രോ റിസ്‌റ്റൊറേഷന്‍, ഐബ്രോ ട്രാന്‍സ്പ്ലാന്റ്, ഇന്‍ജക്ടബിള്‍ ഫില്ലേഴ്‌സ്, ഡെര്‍മാബ്രേഷന്‍, കീഴ്താടിയുടെ തകരാര്‍ പരിഹരിക്കുന്ന ജോ ഏയ്ഗുമെന്റേഷന്‍, ജോഇംപ്ലാന്റ്, ചിന്‍എയ്ഗുമെന്റേഷന്‍, ചീക്ക് ഇംപ്ലാന്റ്, ചീക്ക് റിഡക്ഷന്‍, ഫേഷ്യല്‍ ലൈപ്പോസക്ക്ഷന്‍, ലേസര്‍ സ്‌കിന്‍ റിസ്‌റ്റൊറേഷന്‍, ചെറിയതും ഭംഗിയില്ലാത്തതുമായ ചുണ്ടുകള്‍ക്ക് പരിഹാരമായി ലിപ് എയ്ഗുമെന്റേഷന്‍, വലിയ ചുണ്ട് ചെറുതാക്കുന്ന ലിപ് റിഡക്ക്ഷന്‍, ഒട്ടിയ കവിളുകള്‍ക്കുള്ള ഫാറ്റ് ഇന്‍ജക്ക്ഷന്‍, മൂക്കിന്റെ തകരാര്‍ പരിഹരിക്കുന്ന റൈനോപ്ലാസ്റ്റി, സ്‌കിന്‍ ടൈറ്റനിംഗ് തുടങ്ങിയ ചികിത്സാ മാര്‍ഗങ്ങളാണ് ഫേഷ്യല്‍ കോസ്‌മെറ്റിക് സര്‍ജറി വിഭാഗത്തില്‍പ്പെടുന്നത്. ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടുവേണം ചികിത്സ നിശ്ചയിക്കാന്‍.

സ്തനങ്ങളുടെ അഭംഗി പരിഹാരത്തിന് മാര്‍ഗങ്ങളേറെ


എന്റെ മകള്‍ക്കു വേണ്ടിയാണ് കത്ത്. 22 വയസ്. മെലിഞ്ഞ ശരീരപ്രകൃതമാണ്. മകളുടെ സ്തനങ്ങള്‍ക്ക് ഷേപ്പ് വ്യത്യാസമുണ്ട്. ഇടതു സ്തനം അല്‍പം തൂങ്ങിയാണ് നില്‍ക്കുന്നത്. കാഴ്ചയില്‍ അഭംഗിയാണ്. ബ്രാ ധരിച്ചായും വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കാനാവുമോ?
------- ജോസിന്‍ , കായംകുളം

കൗമാരത്തിലെത്തുന്നതോടെ പെണ്‍കുട്ടികളുടെ ശ്രദ്ധമുഴുവന്‍ ശരീരസൗന്ദര്യത്തിലായിരിക്കും. അതില്‍ സ്തന സൗന്ദര്യത്തിന് പ്രത്യേക പരിഗണന നല്‍കുന്നു. സ്തനസൗന്ദര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ഡോക്ടര്‍മാരെ സമീപിക്കുന്ന കൗമാരക്കാര്‍ നിരവധിയാണ്. സ്തനങ്ങളുടെ അഭംഗി ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്.

പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സ്തനങ്ങള്‍ ആകര്‍ഷകമാക്കാം. ആദ്യകാലത്ത് പ്ലാസ്റ്റിക് സര്‍ജറിയിലുണ്ടായിരുന്ന പോരായ്മകള്‍ ഇന്ന് പരിഹരിക്കപ്പെട്ടിട്ടുണ്ട്.

സ്തനങ്ങളുടെ വലുപ്പം കൂട്ടുന്നതിന് അനുയോജ്യമായ ഇംപ്ലാന്റുകള്‍ ലഭ്യമാണ്. 'ലൈപ്പോസക്ഷന്‍' എന്ന ചികിത്സാ രീതിയിലൂടെ സ്തനങ്ങളുടെ അമിത വലുപ്പം കുറയ്ക്കാവുന്നതുമാണ്. അതിനാല്‍ സ്തനങ്ങളുടെ അഭംഗിയോര്‍ത്ത് ഇക്കാലത്ത് വിഷമിക്കേണ്ടതില്ല. പരിഹാരമുണ്ട്.

കണ്ണിനു താഴെ കുരുക്കള്‍


ഞാനൊരു കോളജ് വിദ്യാര്‍ഥിനിയാണ്. എനിക്ക് 18 വയസ് പ്രായം. എന്റെ കണ്ണുകളുടെ കീഴ്‌പ്പോളയില്‍ ചെറിയ അരിമ്പാറപോലെ കാണുന്നു. രണ്ടുവര്‍ഷമായി ഇതു കണ്ടു തുടങ്ങിയിട്ട്. ആദ്യം വലതുഭാഗത്ത് മാത്രം ഒന്നോ രണ്ടോ എണ്ണം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ കുരുക്കള്‍ കാണുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലൊന്നും ഇത് കാണാനില്ല. ഇതു നീക്കം ചെയ്യാനാവുമോ?
------ ശാലിനി നായര്‍ , കുടക്

മുഖത്ത് ഉണ്ടാകുന്ന ഏതു മാറ്റവും വളരെ വേഗം തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇതു സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നങ്ങളും ഏറെയാണ്. താങ്കളുടെ കണ്ണിന്റെ കീഴ്‌പ്പോളയില്‍ കാണുന്ന കുരുക്കള്‍ ലേസര്‍ ചികിത്സയിലൂടെ നീക്കം ചെയ്യാവുന്നതാണ്. ഇത് ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ വേണം ചെയ്യാന്‍. അതിനു മുമ്പ് കുരുക്കളുടെ സ്വഭാവം എന്തെന്ന് തിരിച്ചറിയണം.

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ സൗന്ദര്യം കെടുത്തുമോ?


സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്നത് ചര്‍മ്മത്തെ ബാധിക്കുമെന്ന് കേള്‍ക്കുന്നുണ്ട്. ഞാനൊരു മോഡലാണ്. അതിനാല്‍ പതിവായി മേക്കപ്പ് ഉപയോഗിക്കുന്നു. സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ എങ്ങനെയാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്.
------- റോസ്മിന്‍ , കോഴിക്കോട്

സാധാരണ മേക്കപ്പ് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കാറില്ല. പ്രത്യേകിച്ച് പ്രമുഖ കമ്പനികളുടെ ഉല്‍പന്നങ്ങള്‍. എന്നാല്‍ മേക്കപ്പ് ഉപയോഗിക്കുമ്പോള്‍ ചിലരില്‍ അലര്‍ജി ഉണ്ടാകാനിടയുണ്ട്. അതിനാല്‍ ഓരോരുത്തരുടെയും ചര്‍മ്മത്തിന് അനുയോജ്യമായ ഗുണമേന്മയുള്ള ഫൗണ്ടേഷനും റോസ്പൗഡറും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ഓയിലിയായ മേക്കപ്പ് ഉപയോഗിക്കരുത്. ഇത് മുഖക്കുരുവിന് കാരണമാകാം. അതുപോലെ ഒരു ബ്രഷ്തന്നെ ഉപയോഗിച്ച് പലരുടെ മുഖത്ത് മേക്കപ്പ് ചെയ്യുന്നതും അണുബാധയ്ക്കു കാരണമാകാം. മറ്റുള്ളവര്‍ ഉപയോഗിച്ച ബ്രഷ് ഉപയോഗിക്കാതിരിക്കുകയും വേണം.

uploads/news/2018/06/223313/askdrbeutycar050618a1.jpg

കവിളുകള്‍ കുഴിഞ്ഞത്


എനിക്ക് 20 വയസ്. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ്. വണ്ണമില്ലാത്ത ശരീരമാണ് എനിക്ക്. എന്റെ കവിളുകള്‍ ഉള്ളിലേക്ക് കുഴിഞ്ഞാണിരിക്കുന്നത്. കുട്ടിക്കാലം മുതല്‍ ഇങ്ങനെതന്നെയാണ്. ഇതുമൂലം കവിളെല്ലുകള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നു. ഒട്ടിയ കവിള്‍ ശരിയായവിധമാക്കാന്‍ സാധിക്കുമോ?
------- ശ്യാംകുമാര്‍ , ശാസ്തമംഗലം

തുടത്ത കവിളുകളായിരുന്നു ഒരുകാലത്ത് സൗന്ദര്യ ലക്ഷണമായി കരുതിയിരുന്നത്. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ ആ സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റം വന്നു. ഇന്ന് കവിളുകള്‍ അത്ര തുടുക്കുന്നത് പലരും അഭംഗിയായി കാണുന്നു. അതേ സമയം ഒട്ടിയ കവിളും അഭംഗിതന്നെ. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചുള്ള കവിളുകള്‍ രൂപപ്പെടുത്താം. ഫാറ്റ് ഇന്‍ജക്ക്ഷന്‍ താങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമാകും.

അരക്കെട്ടും തുടയും ആകര്‍ഷകമാക്കാം


ഞാനൊരു വീട്ടമ്മയാണ്. 30 വയസ്. എനിക്ക് ഒരു കുട്ടിയുണ്ട്. പ്രസവം കഴിഞ്ഞിട്ട് നാലു വര്‍ഷമായി. പ്രസവത്തിനു ശേഷം ശരീരം തടിച്ചു. അരക്കെട്ടും തുടയും അനാകര്‍ഷകമായി. ജീന്‍സു പോലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇതുമൂലം ബുദ്ധിമുട്ടാണ്. ആഹാരം കുറച്ചുനോക്കി. വ്യായാമം മുടങ്ങാതെ ചെയ്യുന്നുണ്ട്. എന്നിട്ടും ഇതുവരെ മാറ്റമൊന്നും കാണുന്നില്ല. എന്താണ് ഞാന്‍ ചെയ്യേണ്ടത്?
----- റിയ , മഞ്ചേശ്വരം

ഇത്തരം പരിഭവങ്ങളും പരാതികളുമായി നിരവധി സ്ത്രീകള്‍ ഡോക്ടറുടെ അടുത്ത് എത്താറുണ്ട്. മറ്റുചിലരാകട്ടെ വ്യാജചികിത്സകരുടെ അടുത്ത് എത്തിച്ചേരുകയും ആവശ്യമില്ലാത്ത മരുന്ന് കഴിച്ച് ഇല്ലാത്ത അസുഖങ്ങളൊക്കെ ഉണ്ടാക്കുകയും ചെയ്യും. വസ്ത്രം ധരിക്കുമ്പോള്‍ അരക്കെട്ട് ആകര്‍ഷകമായിരിക്കണം. തടിച്ച അരക്കെട്ട് അനാകര്‍ഷകമാണ്. ഇതു പരിഹരിക്കാന്‍ അടിവയറിന്റെയും തുടയുടെയും വണ്ണം കുറയ്ക്കണം.

സൗന്ദര്യ ചികിത്സയിലൂടെ ഇതിനു സാധിക്കും. അടിവയറിന്റെ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന സൗന്ദര്യ ചികിത്സയാണ് അബ്‌ഡൊമിനോ പ്ലാസ്റ്റി. ഇതിനെ ടമ്മി ടക്ക് എന്നും പറയുന്നു. ലോകത്ത് ഏറ്റവും കൂടുതലായി ഉപയോഗിച്ചുവരുന്ന സൗന്ദര്യ ശസ്ത്രക്രിയകളിലൊന്നാണിത്. അടിവയറ്റില്‍ അമിതമായി അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പും ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ടതുമൂലം തൂങ്ങിയ ചര്‍മ്മവും നീക്കം ചെയ്യുന്നതാണ് ഈ ചികിത്സാ മാര്‍ഗം.

അതോടൊപ്പം തന്നെ ചര്‍മ്മം വലിഞ്ഞുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കും ഇതുവഴി ഒഴിവാക്കാനാവും. അബ്‌ഡൊമിനോപ്ലാസ്റ്റി കഴിഞ്ഞതിനു ശേഷം അടിവയറ്റിലെ പേശികള്‍ മുറുകുകയും കാഴ്ചയില്‍ ഒതുക്കവും ചര്‍മ്മത്തിന് മിനുസവും ഭംഗിയും ലഭിക്കുകയും ചെയ്യുന്നു.

മൂക്കിന്റെ വളവ് മാറ്റാന്‍


എനിക്ക് 25 വയസ്. അധ്യാപകനാണ്. എന്റെ മൂക്ക് അല്‍പം വലതു വശത്തേക്ക് ചരിഞ്ഞതാണ്. ഇത് അഭംഗിയാണ്. സംസാരിക്കുമ്പോഴും ബുദ്ധിമുട്ടുണ്ട്. ശബ്ദം മൂക്കില്‍ തട്ടി ചിതറിപോകുന്നു. മൂക്കിന്റെ വളവ് പരിഹരിക്കാന്‍ എന്താണ് മാര്‍ഗം. സര്‍ജറി ഫലപ്രദമാകുമോ? എത്രകാലം ആശുപത്രിയില്‍ കഴിയേണ്ടിവരും?
------ രാജേഷ് , കോഴിക്കോട്

മൂക്കിന്റെ വളവ് സര്‍ജറിയിലൂടെ പരിഹരിക്കാനാവും. സെപ്‌റ്റോറൈനോപ്ലാസ്റ്റി എന്നാണ് ഈ ശസ്ത്രക്രിയ അറിയപ്പെടുന്നത്. മൂക്കിന്റെ അഭംഗി മാറിക്കിട്ടുന്നതിനൊപ്പം സംസാരിക്കുവാനുള്ള ബുദ്ധിമുട്ടും ഇതു വഴി മാറ്റാനാവും. ഈ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി ഒരാഴ്ച ആശുപത്രിയില്‍ കഴിയേണ്ടിവരും.

കണ്‍കുരു നീക്കം ചെയ്യാന്‍


ഞാനൊരു കോളജ് വിദ്യാര്‍ഥിയാണ്. 20 വയസ്. എനിക്ക് പതിനഞ്ച് വയസുള്ളപ്പോള്‍ കണ്ണിന്റെ കീഴ്‌പ്പോളയില്‍ കണ്‍കുരുവന്നു. രണ്ടാഴ്ച കഴിഞ്ഞ് അതു പഴുത്ത് വലുതായി. എന്നാല്‍ പൊട്ടിപ്പോയില്ല. കടുത്ത നീരും വേദനയുമായിരുന്നു. മരുന്നൊന്നും ചെയ്തില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആശ്വാസം തോന്നി. നീരും വേദനയും കുറഞ്ഞു. പക്ഷേ കണ്‍കുരു തടിച്ചുതന്നെ കിടന്നു. ഇപ്പോള്‍ ആ കണ്‍കുരു ഉറച്ചുപോയ മട്ടാണ്. ഇതു മാറാന്‍ എന്താണു ചെയ്യേണ്ടത്? സര്‍ജറി ചെയ്താല്‍ പ്രയോജനമുണ്ടാകുമോ? സര്‍ജറി ഏതെങ്കിലും വിധത്തില്‍ കണ്ണിന് ദോഷമാകുമോ?
------ പ്രശാന്ത് ,നിലമ്പൂര്‍

ഉറച്ചുപോയ കണ്‍കുരു നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. ശസ്ത്രക്രിയ ചെയ്യുന്നതുകൊണ്ട് കണ്ണിന് ദോഷമൊന്നും ഉണ്ടാകില്ല. ഒരു നേത്രരോഗ വിദഗ്ധനെകണ്ട് ഇതിനെക്കുറിച്ച് വിശദമായി ചോദിച്ച് മനസിലാക്കുക. കണ്‍കുരു ലോക്കല്‍ അനസ്‌തേഷ്യവഴി എടുത്തുമാറ്റാന്‍ സാധിക്കുന്നതാണ്.

ഉത്തരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ആര്‍. ജയകുമാര്‍
കോസ്‌മെറ്റിക് മൈക്രോ വാസ്‌കുലര്‍ സര്‍ജറി
വിഭാഗം മേധാവി , സ്‌പെഷലിസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി

Ads by Google
Tuesday 05 Jun 2018 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW