Wednesday, November 14, 2018 Last Updated 9 Min 31 Sec ago English Edition
Todays E paper
Ads by Google
എം. ആര്‍. കൃഷ്ണന്‍
Tuesday 05 Jun 2018 12.52 PM

കെ. മുരളീധരനെ ഡല്‍ഹിക്ക് വിളിപ്പിച്ചതെന്തിന്? ഹൈക്കമാന്‍ഡ് തേടുന്നത് പിന്നില്‍ അണികളുള്ള നേതാവിനെ; സംസ്ഥാനകോണ്‍ഗ്രസില്‍ പുതിയ ശക്തികേന്ദ്രം

K. Muraleedharan

തിരുവനന്തപുരം: കെ. മുരളീധരന്‍ സംസ്ഥാനകോണ്‍ഗ്രസില്‍ പുതിയ ശക്തികേന്ദ്രമാകുന്നു. രാഹുല്‍ഗാന്ധി പാര്‍ട്ടിയുടെ ചുമതലയിലേക്ക് വന്നപ്പോള്‍മുതല്‍ തന്നെ മുരളീധരന് വേണ്ട പരിഗണന ലഭിച്ചിരുന്നെങ്കിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോടെ അത് വര്‍ദ്ധിച്ചിരിക്കുകയാണ്.

തന്നെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് മുരളീധരന്‍ പറയുന്നുണ്ടെങ്കിലും ഹൈക്കമാന്‍ഡിന് പ്രത്യേകിച്ച് രാഹുലിന് മുരളിയെ ആ സ്ഥാനത്ത് കൊണ്ടുവരണമെന്ന ആഗ്രഹമുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡല്‍ഹിയില്‍ സംസ്ഥാന നേതാക്കളുമായി നടത്തുന്ന ചര്‍ച്ചകളിലേക്ക് മുരളിയേയും രാഹുല്‍ ക്ഷണിച്ചിരിക്കുന്നത്.

സംസ്ഥാന കോണ്‍ഗ്രസ് ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്ന വിഷമഘട്ടത്തില്‍നിന്നും അതിനെ രക്ഷിക്കാന്‍ ശക്തനായ ഒരുനേതാവ് വേണമെന്ന ചിന്തയാണ് ഭൂരിപക്ഷത്തിനുമുള്ളത്. ഇതിനായാണ് മുരളിയെ പരിഗണിക്കുന്നത്. മുരളി പാര്‍ട്ടിയില്‍ ശക്തനാണെന്ന് മാത്രമല്ല, കെ. കരുണാകരന്റെ പൈതൃകവും അദ്ദേഹത്തിന് അവകാശപ്പെടാനുണ്ട്. മാത്രമല്ല, പാര്‍ട്ടിയില്‍ നിന്നും ഇപ്പോള്‍ അകന്നുപോയ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തിനെയെങ്കിലും തിരിച്ചുകൊണ്ടുവരാന്‍ മുരളിക്ക് കഴിയുമെന്നാണ് കേന്ദ്രനേതാക്കളുടെ കണക്കുകൂട്ടല്‍.

കെ. കരുണാകരന് ശേഷം മലബാറില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന അടിത്തറ പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരുന്നു. ഇന്ന് സംസ്ഥാന കോണ്‍ഗ്രസിലെ ഒരു നേതാവിനും മലബാറില്‍ വേണ്ടത്ര സ്വീകാര്യതയുമില്ല. അതേസമയം കെ. മുരളീധരന് മലബാറിലും തിരുവിതാംകൂറിലും ഒരുപോലെ സ്വീകാര്യതയുണ്ട്. ഇത് എ.ഐ.സി.സി നേതൃത്വം പരിഗണിക്കുന്നുണ്ട്. അതു മാത്രമല്ല, ഡി.ഐ.സി. രൂപീകരിച്ച് കോണ്‍ഗ്രസ് വിട്ടുപോയ കെ. കരുണാകരന്‍ മടങ്ങിയെത്തിയിട്ടും അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന നല്‍കിയിരുന്നില്ല. ഇക്കാര്യത്തില്‍ അവര്‍ കടുത്ത അതൃപ്തിയിലുമാണ്. പാര്‍ട്ടി അണികളില്‍ ഭൂരിപക്ഷവും ഇന്നും കരുണാകര അനുയായികളുമാണ്. അതുകൊണ്ട് ഈ അതൃപ്തിമൂലം താഴേത്തട്ടില്‍ ആരും സജീവമാകുന്നില്ലെന്ന വിലയിരുത്തലാണ് ഹൈക്കമാന്‍ഡിനുള്ളത്. മുരളീധരന്‍ തലപ്പത്തേക്ക് വന്നാല്‍ ഈ സ്ഥിതിവിശേഷം ഇല്ലാതാക്കികൊണ്ട് പ്രവര്‍ത്തകരെ കൂടുതല്‍ സജീവമാക്കാനാകുമെന്നും അവര്‍ വിലയിരുത്തുന്നു.

മുരളീധരന് മാത്രമാണ് ഇക്കൂട്ടര്‍ക്കിടയില്‍ അല്‍പ്പമെങ്കിലും സ്വാധീനമുള്ളത്. ഈ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം കെ. മുരളീധരന് മറ്റ് ഏത് നേതാക്കള്‍ക്ക് നല്‍കുന്നതിനെക്കാളും കൂടുതല്‍ പ്രാധാന്യം ഇപ്പോള്‍ നല്‍കുന്നുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തിന് വിലകല്‍പ്പിച്ചുകൊണ്ട് ഡല്‍ഹി ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിരിക്കുന്നതും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW