Wednesday, October 17, 2018 Last Updated 15 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 04 Jun 2018 05.06 PM

മഴക്കാലം.. മാളം വിട്ടു വിഷപ്പാമ്പുകള്‍ പുറത്തിറങ്ങുന്നു, പുതപ്പിനുള്ളിലും ഷൂവിലും ഒളിഞ്ഞിരിക്കുന്ന അണലികളെ സൂക്ഷിക്കുക

uploads/news/2018/06/223014/10.jpg

കോട്ടയം : മണ്ണിന് വേണ്ടത്ര തണുക്കാത്തതിനാല്‍ മഴക്കാലമായിട്ടും പമ്പുകള്‍ പുറത്തേക്കിറങ്ങുന്നു. മാളങ്ങളില്‍ ചൂടേറുന്നതോടെ തണുപ്പു തേടിയാണു പുറത്തേക്കിറങ്ങുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണു പാമ്പുകളെ മഴക്കാലത്തും തണുപ്പു തേടി പുറത്തേക്കിറങ്ങുന്നത്. സാധാരണ ഗതിയില്‍ ഏപ്രില്‍, മേയ്, നവംബര്‍, ഡിസംബര്‍ തുടങ്ങിയ മാസങ്ങളിലാണു പാമ്പുകള്‍ പകല്‍ പുറത്തിറങ്ങാറുള്ളത്. ജൂണ്‍, ജൂലൈ മാസങ്ങളിലെ മഴത്തണുപ്പില്‍ മാളങ്ങളില്‍ത്തന്നെ പതുങ്ങുകയാണു പതിവ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലെ ആദ്യമഴയ്ക്കു തന്നെ മണ്ണ് തണുക്കേണ്ടതാണ്. കഴിഞ്ഞ തവണ അതു സംഭവിച്ചതുമാണ്. എന്നാല്‍ ഇത്തവണ കാലവര്‍ഷം നേരത്തേയെത്തിയെങ്കിലും മഴ ശക്തമായില്ല. ഇടയ്ക്കിടെ വെയിലേറുകയും ചെയ്യുന്നു. അതോടെയാണു പാമ്പുകള്‍ മാളം വിട്ടു പുറത്തിറങ്ങാന്‍ തുടങ്ങിയത്.

ഇവ മിക്കപ്പോഴും ആശ്രയിക്കുന്നതാകട്ടെ വീടുകളും. വീടുകളിലെ തറയുടെ തണുപ്പാണ് ഇവയ്ക്കുള്ള പ്രലോഭനം. മറ്റൊരു പ്രശ്‌നം കൂടി ഇപ്പോള്‍ തലപൊക്കുന്നുണ്ട് പുതപ്പിനുള്ളില്‍ പാമ്പുകള്‍ ചുരുണ്ടു കൂടിക്കിടക്കുന്നത്. വണ്ടിക്കുള്ളിലും ഷൂവിനുള്ളിലുമെല്ലാം തണുപ്പു തേടി പാമ്പുകള്‍ പതുങ്ങുന്നതും അപകടസാധ്യതയേറ്റുന്നു. വീട്ടുവളപ്പിലെ ചെടികളും കുറ്റിക്കാടുകളുമെല്ലാം പരിശോധിക്കണം. മഴക്കാലത്തു പൊഴിയുന്ന ഇലകള്‍ക്കടിയിലും തണുപ്പുപറ്റി പാമ്പുകള്‍ കിടക്കാറുണ്ട്. രാത്രി കിടക്കും മുന്‍പ് പുതപ്പും മറ്റും നല്ലതു പോലെ പരിശോധിക്കുക, പുറത്തൂരിയിട്ട ചെരിപ്പുകളും ഷൂവുമെല്ലാം പിറ്റേന്നു രാവിലെ തട്ടിക്കുടഞ്ഞു മാത്രം ഉപയോഗിക്കുക, വാഹനങ്ങളുടെ അകത്തും ദിവസവും പരിശോധന നടത്തുക തുടങ്ങിയവ ഉറപ്പാക്കണം. വീടും പരിസരവും കാടുപിടിക്കാതെ വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

അണലി, ശംഖുവരയന്‍, മൂര്‍ഖന്‍ എന്നീ പാമ്പുകളെയാണു നാട്ടുപ്രദേശങ്ങളില്‍ മഴക്കാലത്തു പ്രധാനമായും ഭയക്കേണ്ടത്. ഇവയില്‍ അണലിയും ശംഖുവരയനും രാത്രിസഞ്ചാരികളാണ്. ഇപ്പോള്‍ പകല്‍ പാമ്പു കടിയേല്‍ക്കുന്ന സംഭവങ്ങളിലേറെയും അണലിയില്‍ നിന്നാണ്. ചൂടേറുന്നതു തന്നെ കാരണം. മൂര്‍ഖനെപ്പോലെ ചീറ്റി മുന്നറിയിപ്പു നല്‍കുന്നതല്ല അണലിയുടെ രീതി, അവ പതുങ്ങിക്കിടന്ന് ആരെങ്കിലും ശല്യപ്പെടുത്തിയാലാണു കടിക്കുക. പുതപ്പിനടിയിലെ തണുപ്പു പറ്റി കിടക്കുന്ന അണലിയുടെ കടിയേല്‍ക്കാന്‍ സാധ്യത കൂടുന്നതും അതുകൊണ്ടാണ്. മഴക്കാലത്തെ തണുപ്പിലും പാമ്പുകളെ ഭയക്കണമെന്നതാണു സത്യം. വീടിലേക്ക് ഏതുവിധേനയും ഇവ കടക്കാം. എന്നാല്‍ അല്‍പം മുന്‍കരുതലെടുക്കുകയാണെങ്കില്‍ വിഷപ്പാമ്പുകളുടെ കടിയേല്‍ക്കാതെ പ്രതിരോധിക്കാനും സാധിക്കും. പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്നു ചികിത്സ തേടാനും ശ്രമിക്കണം. കടിച്ച പാമ്പിനെ കൊന്നു കൊണ്ടുവരേണ്ട ആവശ്യവുമില്ല. അണലിയുടെ വിഷം രക്തക്കുഴലുകളെയും മൂര്‍ഖന്റെയും ശംഖുവരയന്റേതും നാഡീവ്യൂഹത്തെയും തലച്ചോറിനെയുമാണു ബാധിക്കുക. ഇവയ്ക്കു മൂന്നിനും ഒരേ ആന്റി സ്‌നേക്ക് വെനമാണ്(എഎസ്വി) ഉപയോഗിക്കുന്നത്. അതിനാല്‍ത്തന്നെ വിഷം തീണ്ടിയാല്‍ എത്രയും പെട്ടെന്ന് എഎസ്വി ലഭ്യമാക്കുകയെന്നതിനാണു പ്രാധാന്യം.

Ads by Google
Monday 04 Jun 2018 05.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW