Friday, June 28, 2019 Last Updated 16 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 04 Jun 2018 02.45 PM

ഇനി അല്പം ഗൗരവമാവാം!

''രമേഷ് പിഷാരടി എന്നാല്‍ ചിരി എന്നാണ്. ചിരിയുടെ മറുപുറത്ത് പിഷാരടിക്ക് മറ്റൊരു മുഖം കൂടിയുണ്ട്. ജീവിതത്തേയും കലയേയും ഗൗരവത്തോടെ സമീപിക്കുന്ന രമേഷ് പിഷാരടിയുടെ വിശേഷങ്ങള്‍.''
uploads/news/2018/06/222983/rameshpisharody040618c.jpg

പിഷാരടിയുടെ മുഖത്ത് സ്വതവേയുള്ള ചിരിയുടെയൊപ്പം അല്‍പ്പം ഗൗരവംകൂടി കടന്നുകൂടിയിട്ടുണ്ടോ..? ചോദ്യത്തിന് പിഷാരടിയുടെ മറുപടി താന്‍ എപ്പോഴും പോസിറ്റീവാണെന്ന് മാത്രം.

ശരിയാണ് എല്ലാകാര്യങ്ങളും പോസിറ്റീവായി കാണുന്ന, നെഗറ്റീവ് വാക്കുകള്‍ക്ക് ജീവിതത്തില്‍ പ്രാധാന്യമേ കൊടുക്കാത്തയാളാണ് രമേഷ് പിഷാരടി. ആ ഗുണഗണങ്ങള്‍ തന്നെയാണ് പിഷാരടിയുടെ ആദ്യ സിനിമയായ പഞ്ചവര്‍ണ്ണതത്തയിലും പ്രതിഫലിച്ചത്.

സംവിധാന രംഗത്തേക്ക് കടന്നുവന്ന മിമിക്രി കലാകാരനെന്നതിലുപരി തികഞ്ഞ അര്‍പ്പണ ബോധത്തോടും സത്യസന്ധതയോടും കൂടി കലയെ സ്‌നേഹിക്കുന്ന പച്ചയായൊരു മനുഷ്യനെയാണ് പിഷാരടിയുടെ മുഖത്ത് കണ്ടത്. പഞ്ചവര്‍ണ്ണതത്തയുടെ വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോഴും പിഷാരടിയുടെ മുഖത്ത് അമിതാഹ്ലാദമില്ല. ഒരു ചെറുപുഞ്ചിരിയിലൊതുക്കിയ സന്തോഷം മാത്രം.

സിനിമാക്കാരനെന്ന നിലയില്‍ ഉത്തരവാദിത്തം കൂടിയോ?


ഉത്തരവാദിത്തം കൂടിയെന്നല്ല. ഒരു ഉത്തരവാദിത്തം കൂടി എന്നിലേക്ക് വന്നു ചേര്‍ ന്നു. ചെറിയ സ്‌റ്റേജ് ഷോ ചെയ്താലും സിനിമചെയ്താലുമെല്ലാം ഉത്തരവാദിത്തം ഒരുപോലെയാണ്. അതിന്റെ അളവ് വ്യത്യാസമുണ്ടെന്നുമാത്രം.

മിമിക്രിയില്‍നിന്നു സംവിധായകനിലേക്കുളള വളര്‍ച്ച ?


പത്താം ക്ലാസ് കഴിഞ്ഞ് പ്രിഡിഗ്രി എന്ന് പറയുന്നംപോലെ 18 വര്‍ഷം മിമിക്രി ചെയ്ത് ആക്ടീവായി നിന്ന അതിനുശേഷമാണ് സിനിമയിലേക്ക് തിരിയുന്നത്. ചെയ്യാനാവും എന്ന ഉറപ്പുള്ളതുകൊണ്ടാണ് സംവിധാനം എന്ന പുതിയ മേഖലയേക്കുറിച്ച് ചിന്തിച്ചത്. സിനിമചെയ്യുമ്പോഴുള്ള ഒരേയൊരു ഉത്തരവാദിത്തം മറ്റൊരാളുടെ കോടിക്കണക്കിന് രൂപകൊണ്ടുള്ള കളിയാണെന്നുള്ളതുമാത്രമാണ്.

ആദ്യ സിനിമയാണെങ്കിലും ക്യാമറ എവിടെ വയ്ക്കണമെന്നുപോലുമുള്ള വ്യക്തമായ ഐഡിയ ഉണ്ടായിരുന്നല്ലോ?


മുന്‍പരിചയമുള്ള ആളെപ്പോലെ പ്രവര്‍ത്തിക്കാന്‍ പറ്റിയത് ആ എക്‌സ്പീരിയന്‍സ് എനിക്ക് ഇല്ല എന്നുള്ളതുകൊണ്ടാണ്. അതുകൊണ്ട് വളരെ കരുതിയാണ് ഓരോന്നും ചെയ്തത്.

ഞാനും സുഹൃത്ത് ഹരി പി. നായരും കൂടി ക ച ട ത പ , പുഞ്ചിരിക്കൂ പരസ്പരം തുടങ്ങി രണ്ട് ഷോര്‍ട്ട്ഫിലിമുകള്‍ ചെയ്തിരുന്നു. പഞ്ചവര്‍ണ്ണത്തത്തയ്ക്കു മുന്‍പ് കൃത്യമായ സ്‌ക്രിപ്റ്റ് എല്ലാ ക്രൂ മെമ്പേഴ്‌സിനേയും വായിച്ചുകേള്‍പ്പിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു.

അങ്ങനെയൊക്കെ ചെയ്തതുകൊണ്ടാണ് സിനിമ ഇത്ര നന്നാക്കാന്‍ കഴിഞ്ഞത്. കോമഡി പടം, ഇടി പടം, ഫാമിലി പടം അങ്ങനെ കെട്ടിയിടാവുന്ന സിനിമയാവരുത് എന്റേത് എന്നാഗ്രഹമുണ്ടായിരുന്നു. അഞ്ച് വയസായ എന്റെ മകളേയും 76 വയസായ അച്ഛനേയും പരിഗണിച്ചാണ് ഞാന്‍ സിനിമ ചെയ്യുന്നത്.

uploads/news/2018/06/222983/rameshpisharody040618.jpg

നാട്ടിലായിരുന്നല്ലോ ഷൂട്ടിംഗ്?


എന്റെ നാടായ വെള്ളൂരും പരിസരങ്ങളിലുമായിട്ടായിരുന്നു പഞ്ചവര്‍ണ്ണതത്തയുടെ ഷൂട്ടിംഗ്. പലരും പറഞ്ഞു നാട്ടില്‍ ഷൂട്ടിംഗ് വയ്ക്കുന്നത് ഭയങ്കര അപകടമാണ്. നാട് മുഴുവന്‍ ശത്രുക്കളുണ്ടാകുമെന്ന്. പക്ഷേ എനിക്കങ്ങനെയൊന്നും തോന്നിയില്ല. ഞാനവിടെ ജീവിച്ചതാണ്. എനിക്കെന്റെ നാട്ടുകാരെ അറിയാം. അവിടൊരു പ്രശ്‌നവവുമുണ്ടാവില്ലന്നുറപ്പുണ്ടായിരുന്നു.

എനിക്കും ഏറ്റവും ഈസിയായി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്ന സ്ഥലം നാടുതന്നെയാണ്. നാട്ടുകാരുടെ ഭാഗത്തുനിന്നുള്ള സഹകരണം വളരെ വലുതായിരുന്നു. അവരുടെ സ്‌നേഹവും പരിഗണനയും ഒക്കെ എന്റെ കൂടെയുണ്ടായിരുന്നവര്‍ക്കും കിട്ടി.

ശരിക്കും ഒരു ഫിലിം സിറ്റി പോലെയായിരുന്നു ലൊക്കേഷന്‍. ഷൂട്ട് തീരും വ രെ എല്ലാ വീടുകളുടെയും വാതില്‍ ഞങ്ങ ള്‍ക്കായി തുറന്നിട്ടിരിക്കുകയായിരുന്നു.

സിനിമയെക്കുറിച്ച് ചിലര്‍ സോഷ്യല്‍മീഡിയയിലൂടെ മോശമായി പ്രചരിപ്പിച്ചല്ലോ?


ഞാന്‍ എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്നയാളാണ്. നമ്മുടെ വിചാരം നമുക്ക് ശത്രുക്കളില്ലന്നാണ്. കാരണം നമ്മളാരെയും ഉപദ്രവിക്കാന്‍ പോയിട്ടില്ല. പക്ഷേ ഒരു സിനിമയുമായിട്ടിറങ്ങിയപ്പോഴാണറിയുന്നത് പല പ്രശ്‌നങ്ങളുണ്ടാകുമെന്ന്.

പ്രേക്ഷകര്‍ പറഞ്ഞിട്ടാണ് ഈ സിനിമ വിജയിച്ചത്. ചില ആളുകള്‍ അര്‍ഥം വച്ച് നമ്മളെ തന്നെ ടാര്‍ജറ്റ് ചെയ്ത് റിവ്യൂ എഴുതിയിരുന്നു. ചെറിയ ദേഷ്യവും സങ്കടവുമൊക്കെയുണ്ടാക്കി. പക്ഷേ സിനിമ കണ്ടിറങ്ങിയ ഒരുപാട് പേരുടെ മെസേജ് എനിക്ക് ഇന്‍ബോക്‌സില്‍ വന്നുകൊണ്ടിരുന്നു. സിനിമ നന്നായി എന്നുപറഞ്ഞ്. അത് വലിയ ആശ്വാസമായിരുന്നു.

എറ്റവും ദേഷ്യം തോന്നുന്ന കാര്യം എന്താണ്?


എന്തെങ്കിലും ചെയ്യാമെന്ന് നമ്മളോട് വാക്കുപറഞ്ഞിട്ട് അത് ചെയ്യാതിരിക്കുന്ന താണ് ഏറ്റവും ദേഷ്യമുള്ള കാര്യം. അതുകൊണ്ട് പുറത്തുനിന്നാരെങ്കിലും എന്നെ വിഷമിപ്പിക്കാന്‍ വന്നാലും അവര്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യകാരണങ്ങളുണ്ടോ എന്ന് ചിന്തിക്കാറുണ്ട്.

ഇതുവരെ നിരാശ ബാധിച്ചിട്ടില്ല. സങ്കടങ്ങളുണ്ടാവും. ഉണ്ടായിട്ടുമുണ്ട്. നമുക്ക് വേണ്ടപ്പെട്ട ഒരാള്‍ ആശുപത്രിയിലായി. അപ്പോള്‍ സ്വാഭാവികമായും നമുക്ക് വിഷമമുണ്ടാകും. ഡിപ്രഷനും നിരാശയുമൊക്കെ മന സുകൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യമാണ്.

കുടുംബത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നയാളാണ്?


വീട് മറന്നൊരു ജോലിയില്ല. എന്റെ ജോലിയെ മനസിലാക്കുകയും അതിനെ പിന്‍തുണയ്ക്കുകയും ചെയ്യുന്ന അച്ഛനമ്മമാരെയും ഭാര്യയേയും കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം. ഞാന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണക്കാര്‍ അവരാണ്.

ഷൂട്ടിംഗ് വീടിനടുത്തായിരുന്നതുകൊ ണ്ട് ഇടയ്ക്കിടക്ക് ഭാര്യയും മക്കളുമൊക്കെ ലൊക്കേഷനിലേക്ക് വരും. അവര്‍ക്കും ഇതൊക്കെ കാണുന്നത് ഇഷ്ടമാണ്. പ്രൊഫഷണലായി പറയുകയാണെങ്കില്‍ ഒരു പട്ടാളക്കാരനും കുടുംബത്തെ യുദ്ധ ഭൂമിയിലേക്ക് കൊണ്ടുപോകില്ല. അതുപോലെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ അവര്‍ക്കഭിപ്രായം പറയാന്‍ അവസരം കൊടുക്കാറുമില്ല.

സ്‌റ്റേജ് ഷോയ്ക്ക് പോകുമ്പോള്‍ മിക്കപ്പോഴും കുടുംബത്തെയും കൊണ്ടു പോകും, ഒന്നിച്ച് തിരിച്ച് വരും. അല്ലാതെ പ്രോഗ്രാമിന് ചെല്ലുമ്പോള്‍ എന്റെ കുടുംബത്തെ മുന്നിലിരുത്തണമെന്നും അവരെ പരിഗണിക്കണമെന്നും ഞാനും അവരും വാശിപിടിക്കാറില്ല. നമുക്ക് പരിഗണനതരുന്നത് പോലെ കുടുംബത്തെയും പരിഗണിക്കണമെന്ന് പറഞ്ഞാല്‍ സംഘാടകര്‍ക്ക് പറ്റാതെ വരും.

uploads/news/2018/06/222983/rameshpisharody040618b.jpg

അച്ഛനെ സ്‌റ്റേജിലും ടിവിയിലും കാണുമ്പോള്‍ മക്കളുടെ പ്രതികരണം?


മകള്‍ പൗര്‍ണ്ണമിയെ ഞങ്ങള്‍ പീലിയെന്നാണ് വിളിക്കുന്നത്. മകനെ വീരന്‍ എന്നും. എന്നെ എപ്പോഴും ടിവിയിലും മറ്റും കാണുന്നതുകൊണ്ട് വലിയ എക്‌സൈറ്റ്‌മെന്റൊന്നും ഇല്ല.

ചെറിയ രീതിയിലൊക്കെ അവര്‍ എന്നെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരു കാര്യത്തിലും കുട്ടികളെ നിര്‍ബന്ധിക്കാറില്ല. തനിയെ കാര്യങ്ങള്‍ മനസിലാക്കാന്‍ വിടുകയാണ് പതിവ്.

മക്കള്‍ക്ക് വീരന്‍ എന്നും പീലിയെന്നും പേരിട്ടതിനുപിന്നില്‍?


മോന് ആദ്യം മൗലി എന്നാണ് പേരിടാന്‍ വിചാരിച്ചിരുന്നത്. മൗലി എന്നാല്‍ ഏറ്റവും മുകളില്‍ എന്നാണ് അര്‍ഥം. മൗലിയിലാണ് പീലിയുള്ളത്. ആ കണ്‍സപ്റ്റ് എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ ഭാര്യക്ക് അതൊരു പ്രശ്‌നമായി. അവള്‍ പൂനെയിലാണ് ജനിച്ചുവളര്‍ന്നത്. അവിടെ അവര് മേടിച്ചുകൊണ്ടിരുന്ന പായ്ക്കറ്റ് പാലിന്റെ പേരാണ് മൗലി മില്‍ക്ക്. അതുകൊണ്ട് മൗലിയെന്ന് പേരിടാന്‍ അവള്‍ സമ്മതിച്ചില്ല.

പിന്നെയീ ഉണ്ണിക്കുട്ടന്‍ അപ്പുക്കുട്ടന്‍ എന്ന പേരുകളൊക്കെ ആദ്യം രസമായി തോന്നുമെങ്കിലും വളര്‍ന്ന് വലുതാകുമ്പോള്‍ അതിനൊരു പവറില്ലാത്തതുകൊണ്ട് മോനെ വീരന്‍ എന്ന് തന്നെ വിളിച്ചു.

പഞ്ചവര്‍ണ്ണതത്തയില്‍ മകള്‍ അഭിനയിച്ചിട്ടുണ്ടല്ലോ?


മക്കള്‍ സിനിമയില്‍ വരുന്നതില്‍ പ്രശ്‌നമുള്ള അച്ഛനല്ല ഞാന്‍. പിന്നെ മക്കളുടെ കാര്യങ്ങളില്‍ ഇപ്പോഴേ അഭിപ്രായം പറയാനാവില്ല. കാരണം നമ്മുടെ സ്വന്തമെന്ന് പറയാമെന്നല്ലാതെ അവരുടെ കാര്യങ്ങളിലൊന്നും നമുക്ക് ഇടപെടാന്‍ കഴിയില്ല. ചെറിയ കുട്ടി എന്നുള്ളതില്‍നിന്നും ഓ രോ ദിവസം കഴിയുംതോറും ഓരോ വ്യക്തികളായിക്കൊണ്ടിരിക്കുകയാണ് അവര്‍.

ഒരു ഡ്രസ് എടുത്തുകൊടുത്താല്‍ ഇത് വേണ്ട വേറെ ഏതെങ്കിലും മതി..എന്ന് പറയാന്‍ കഴിയുന്നവരാണ് ഇന്നത്തെ കുട്ടികള്‍. ഭക്ഷണത്തിന്റെ കാര്യത്തിലായാല്‍പോലും ഇൗ ഭക്ഷണം വേണ്ട മറ്റെന്തെങ്കിലും ഉണ്ടാക്കിതരൂ എന്ന് പറയാന്‍ പോലും കുട്ടികളായി.

കുഞ്ഞുങ്ങളുടെ വളര്‍ച്ച കണ്‍മുന്നില്‍ കാണുന്നതിന്റേയും അറിയുന്നതിന്റേയും അതിശയം എനിക്കുണ്ട്. ഒരു വാക്ക് പറയാന്‍ പഠിക്കുന്നത്, ഏത് പോയിന്റിലാണ് ഇവര്‍ ദേഷ്യപ്പെട്ട് തുടങ്ങുന്നത് , വാശിപിടിച്ചുതുടങ്ങുന്നത് അങ്ങനെ.

uploads/news/2018/06/222983/rameshpisharody040618a.jpg

ഈ അച്ഛനെ മക്കള്‍ക്ക് പേടിയുണ്ടോ?


പേടിയുണ്ടെങ്കില്‍ എന്നെയേ പേടിയുള്ളൂ. സൗമ്യയെ പേടിയില്ല. അവള്‍ അടിക്കും ഇടിക്കും എന്നൊക്കെ പറയാറേയുള്ളൂ. ചെയ്യില്ല. പറഞ്ഞ് വിലകളയും. ഞാന്‍ ആവശ്യമില്ലാതെ പറഞ്ഞുകൊണ്ടിരിക്കില്ല. അടിക്കുമെന്നുപറഞ്ഞാല്‍ അടിക്കും. പിന്നെ വല്ലപ്പോഴുമൊക്കെ വീട്ടില്‍ വരുന്നയാളായതുകൊണ്ട് എന്നോട് ഇത്തിരി സ്‌നേഹം കൂടുതലാണ്.

കുട്ടികള്‍ എന്തെങ്കിലും വേണമെന്ന് പറഞ്ഞാല്‍ ഞാനത് അപ്പോള്‍ ത്തന്നെ വാങ്ങി കൊടുക്കില്ല. രണ്ട് മൂന്ന് ദിവസം ആഗ്രഹം മനസിലിട്ട് വളര്‍ത്തിയിട്ടേ സാധിച്ചുകൊടുക്കൂ. കാരണം ഒരുപാട് ആഗ്രഹിച്ചിട്ട് കിട്ടു
മ്പോഴാണല്ലോ സുഖം.

സ്വയം ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങളുണ്ടോ?


രണ്ട് ചോദ്യങ്ങളാണ് പെട്ടെന്ന് മനസിലേക്ക് വരുന്ന്
1 . ഈ സ്വഭാവം എല്ലാ കാലവും ഇതുപോലെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയുമോ?
2. ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ പിഷാരടി ഏറ്റെടുക്കാന്‍ തുടങ്ങുമോ?
നമ്മളിപ്പോള്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്ന ചില സ്വഭാവങ്ങളുണ്ട്. അത് എപ്പോഴും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ പറ്റുമോ എന്നുള്ളത് ഒരു ചോദ്യമാണ്.

നമ്മുടെ സ്വഭാവങ്ങളെല്ലാം ചുറ്റും നടക്കുന്ന കാര്യങ്ങളെ ആസ്പദമാക്കി മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് നമുക്ക് പരിചയമുള്ള ആളുകള്‍ ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ഒക്കെ പോസ്റ്ററുകളിടു ന്നു. ചിലരെയൊക്കെ വിളിച്ചുപറയും നീയങ്ങനെ ചെയ്യരുതെന്ന്.

പക്ഷേ എപ്പോഴും അങ്ങനെ പറയാനുള്ള മനസുണ്ടാവണമെന്നില്ല. പരമാവധി ഞാന്‍ ഇതുപോലെതന്നെ ആയിരിക്കാന്‍ ശ്ര
മിക്കും. ഇനി ഏറ്റെടുത്ത കാര്യം ചെയ്യാതിരിക്കുമോ എന്ന്. അങ്ങനെയൊന്ന് എന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാവില്ല.

ഹാസ്യരൂപേണ വ്യത്യസ്തമായി ചിന്തിക്കുന്നതെങ്ങനെയാണ്?


ഭൂരിപക്ഷം ആളുകളും ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയാറുണ്ട്. അത് നമ്മള്‍ കേള്‍ക്കാറുമുണ്ട്. അങ്ങനെ അഭിപ്രായം പറയുന്ന മെന്‍ഡാലിറ്റി എല്ലാവര്‍ക്കുമുണ്ട്. ഞാന്‍ പരമാവധി ഇത് കേള്‍ക്കുന്നതിനേക്കാള്‍ ഇതിന്റെ പല വശങ്ങളിലേക്കും ചിന്തിക്കും. അപ്പോള്‍ അതിലെനിക്ക് രസമുള്ള എന്തെങ്കിലും കണ്ടെത്താന്‍ കഴിയും.

കഴിഞ്ഞയിടെ ഒരുത്തന്‍ മന്ത്രിമാരെ കുറ്റംപറഞ്ഞ് ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു. ഞാന്‍ വെറുതേ ഇവന്റെ പ്രൊഫൈലിലൊക്കെ പോയി നോക്കി. അപ്പോഴാണ് അറിയുന്നത് ഇവന്‍ വെറുതെ പാടത്തും പറമ്പിലും ഒക്കെ ബൈക്കുമായി കുത്തിയിരിക്കുന്നവനാണെന്ന്. അതെനിക്ക് തമാശയായി തോന്നി. അങ്ങനെ ഓരോ കാര്യങ്ങളിലും വ്യത്യസ്തതയോടെ കാണുന്നതുകൊണ്ടായിരിക്കണം അതിലൊക്കെ തമാശയുടെ മേമ്പൊടികൂടി ചേര്‍ക്കാന്‍ കഴിയുന്നത്.

ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മള്‍ കാണുന്ന പുറമേയുള്ള ലോകവും യഥാര്‍ഥ ലോകവും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. നമ്മള്‍ കാണുന്ന അത്രയും പ്രശ്‌നങ്ങളൊന്നും പുറത്തില്ല. സൗഹൃദത്തോടെ ജീവിക്കുന്ന ധാരാളം മനുഷ്യരുണ്ട്. ഇതൊന്നും തിരിച്ചറിയാതെ ഇന്റര്‍ നെറ്റിലേക്ക് കയറുമ്പോള്‍ ആളുകളുടെ സ്വഭാവം മാറുന്നു.

uploads/news/2018/06/222983/rameshpisharody040618d.jpg

മൃഗസ്‌നേഹിയായതുകൊണ്ടാണോ ഇത്തരമൊരു കഥ?


ജയറാമേട്ടനോട് പറഞ്ഞ് അദ്ദേഹം അഭിനയിക്കാമെന്നേറ്റ കഥ ഇതായിരുന്നില്ല. ആ കഥയ്ക്ക് മറ്റൊന്നുമായി സാമ്യം തോന്നി. അതുകൊണ്ട് മാറ്റിയതണ്. ഞാന്‍ നോക്കിയപ്പോള്‍ സിനിമയിലെ നായകന്‍മാരെല്ലാം മിക്കവാറും എല്ലാ കഥാപാത്രങ്ങളേയും അവതരിപ്പിച്ചുകഴിഞ്ഞു. ഒരു പെറ്റ് ഷോപ്പിന്റെ ഓണറായി ഒരു നടനേയും കണ്ടിട്ടില്ല അങ്ങനെയാണ് ജയറാമേട്ടന് ഈ കഥാപാത്രം നല്‍കുന്നത്.

അതുപോലെ എന്റെ വീടിന്റെ പേര് കിളിക്കൂട് എന്നാണ് ഭാര്യയെ വിളിക്കുന്ന പേര് കിളി എന്നാണ്. അതൊക്കെ യാദൃച്ഛികമായി സംഭവിച്ചതാണ്. പക്ഷികളോട് വല്ലാത്ത ഇഷ്ടമുണ്ട്. ഇതിനോടൊന്നും ഒരു ശത്രുത തോന്നില്ല.

സ്‌റ്റേജ് ഷോകള്‍ക്ക് അവധി കൊടുത്ത് സിനിമയിലേക്ക് തിരിയുന്നുണ്ടോ?


സ്‌റ്റേജ് ഷോകള്‍ക്ക് അവധി കൊടുക്കാന്‍ പറ്റില്ല. 18 വര്‍ഷമായി ഞാന്‍ ചെയ്യുന്ന കാര്യമാണത്. സിനിമകള്‍ ഇനിയും ചെയ്യണം എന്നുതന്നെയാണ് ആഗ്രഹം. പുതിയ പ്രോജക്ടുകളൊന്നും ഇതുവരെ ഏറ്റെടുത്തിട്ടില്ല

ഷെറിങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW