Tuesday, July 02, 2019 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 03 Jun 2018 01.18 AM

മുങ്ങാന്‍ തുടങ്ങുന്ന വള്ളങ്ങള്‍

uploads/news/2018/06/222601/1.jpg

ഒരു വലിയ ബോട്ട്‌ വളരെ വേഗത്തില്‍ നദിയിലൂടെ പോകുന്നു. ധാരാളം ചെറിയ ബോട്ടുകളും മത്സ്യം പിടിക്കുന്ന ചെറുവള്ളങ്ങളും നദിയിലുണ്ട്‌. വേഗത്തില്‍ പോകുന്ന ബോട്ടിന്‌ യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ അതിന്റെ ഓളം ചെറുബോട്ടുകളെയും വള്ളങ്ങളെയും സാരമായി ബാധിക്കുന്നു. വെള്ളം അടിച്ചുകയറി ചെറുവള്ളങ്ങള്‍ മുങ്ങാന്‍ തുടങ്ങുന്നു. ഇതെഴുതിക്കൊണ്ടിരുന്നപ്പോള്‍ എന്റെ മേശപ്പുറത്ത്‌ ഒരു കത്ത്‌ വന്നു. വളരെ വേദനയോടെ ഒരു പെണ്‍കുട്ടി എഴുതിയിരിക്കുന്നു :
പ്രിയ തിരുമേനി അറിയുന്നതിന്‌,
വളരെ വിഷമത്തോടു കൂടിയാണ്‌ ഞാന്‍ ഈ കത്തെഴുതുന്നത്‌. എന്റെ നാത്തൂന്റെ കുടുംബത്തിന്റെ കാര്യങ്ങളാണ്‌. അവര്‍ ആകെ നാലു മക്കളാണ്‌ - മൂന്നു പെണ്ണും ഒരാണും. എന്റെ നാത്തൂനാണ്‌ അതില്‍ മൂത്തത്‌. ഒരു പുത്രന്‍ മാത്രം ഉള്ളതുകൊണ്ട്‌ മാതാപിതാക്കള്‍ വളരെ ഓമനിച്ചാണ്‌ അവനെ വളര്‍ത്തിയത്‌. അവന്‌ സര്‍ക്കാര്‍ ജോലിയും ജീവിക്കാന്‍ ആവശ്യമായ സാമ്പത്തികവുമുണ്ട്‌. ആ സഹോദരന്‍ ചെറുപ്പം മുതല്‍ കാശ്‌ കൈകാര്യം ചെയ്‌തു ചെയ്‌ത് ഇപ്പോള്‍ ഒരു മുഴുക്കുടിയനായി മാറി. പിതാവ്‌ മരിച്ചിട്ട്‌ 10 വര്‍ഷത്തോളമായി. ഒരു വര്‍ഷം മുമ്പ്‌ മാതാവും മരിച്ചു. ഇപ്പോള്‍ വീട്ടില്‍ സഹോദരങ്ങള്‍ മാത്രമായി. വീടു നോക്കാന്‍ ഒരാള്‍ വേണ്ടതുകൊണ്ട്‌ സഹോദരന്‍ പെണ്ണു കെട്ടി. ഇപ്പോള്‍ ആ വീട്ടില്‍ ഒരു സമാധാനവുമില്ല. സഹോദരനും ഭാര്യയും തമ്മില്‍ വഴക്ക്‌. നാത്തൂന്മാര്‍ തമ്മിലും വഴക്ക്‌. ഇയാളാകട്ടെ കിട്ടുന്ന കാശു മുഴുവനും കുടിച്ചു കളയുകയാണ്‌.
ഇനിയുള്ള രണ്ടു സഹോദരികളില്‍ മൂത്തയാള്‍ എം.എസ്‌.സി. ബി.എഡുകാരിയാണ്‌. ഒരു ജോലി കിട്ടാത്തതിനാല്‍ മനസ്സാകെ പതറിയിരിക്കുകയാണ്‌. ഇപ്പോള്‍ ഒരു മാനസികരോഗിയുടെ ലക്ഷണമാണ്‌. ഇളയ ആള്‍ എം.എയ്‌ക്ക് പഠിക്കുന്നു.
രണ്ടു സഹോദരിമാരെ വിവാഹം ചെയ്‌തയയ്‌ക്കാന്‍ ബാങ്കിലിട്ടിരുന്ന കാശും അയാള്‍ കുടിച്ചു തീര്‍ത്തു. ഇപ്പോള്‍ അവരുടെ ഭാവി ഇരുളടഞ്ഞിരിക്കുകയാണ്‌.
ഇതെല്ലാം ആ സഹോദരന്റെ മദ്യപാനത്തില്‍ നിന്നുണ്ടായതാണ്‌. ഇതിന്‌ ഒരു പരിഹാരമുണ്ടായാല്‍ എല്ലാം നേരെയാകും എന്നു ഞാന്‍ വിശ്വസിക്കുന്നു...
മിസിസ്‌ കെ. ആര്‍.
ചീറിപ്പാഞ്ഞു പോകുന്ന വലിയ ബോട്ട്‌ ചെറുവള്ളങ്ങളെ മുക്കിക്കളയുന്നത്‌ കണ്ടിട്ടില്ലേ. ഇയാള്‍ വീടിനും നാടിനും ഒരുപോലെ തലവേദനയായി മാറിയിരിക്കുകയാണ്‌. നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ നിങ്ങളെ മാത്രമല്ല ദോഷമായി ബാധിക്കുന്നത്‌; മറ്റ്‌ അനേകരെ അതു സ്വാധീനിക്കുന്നു. ഒന്നുകില്‍ നന്മയ്‌ക്ക്, അല്ലെങ്കില്‍ തിന്മയ്‌ക്ക് അത്‌ കാരണമാകുന്നു. ഭക്‌തനായ ദാവീദ്‌ ഒരിക്കല്‍ പ്രാര്‍ഥിച്ചു :
'ദൈവമേ, എന്നെ ശോധന ചെയ്‌ത് എന്റെ ഹൃദയത്തെ അറിയേണമേ, എന്നെ പരീക്ഷിച്ച്‌ എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിനുള്ള മാര്‍ഗം എന്നില്‍ ഉണ്ടോ എന്നു നോക്കി, ശാശ്വത മാര്‍ഗത്തില്‍ എന്നെ നടത്തേണമേ.'
ഈ പ്രാര്‍ഥന ബൈബിളിലെ സങ്കീര്‍ത്തനങ്ങളില്‍ കാണാം. നമുക്കു ജീവിതത്തില്‍ ഗൗരവതരമായ ഉത്തരവാദിത്തങ്ങളുണ്ട്‌.
ഒന്നാമത്‌, നാം നമ്മോടു തന്നെ ഉത്തരവാദിത്തമുള്ളവരായിത്തീരണം. കര്‍ത്താവിന്റെ കരങ്ങളില്‍ അതിനായി സമര്‍പ്പിക്കുക. രണ്ടാമത്‌ നാം ദൈവത്തോട്‌ ഉത്തരവാദിത്തമുള്ളവരായിരിക്കണം.
തെറ്റു ചെയ്‌തിട്ട്‌ കുഴപ്പമില്ല എന്നു പറഞ്ഞു നടക്കരുത്‌. ദൈവത്തോട്‌ ക്ഷമ ചോദിക്കണം. മൂന്നാമത്‌, മറ്റുള്ളവരോടും നാം ഉത്തവരാദിത്തമുള്ളവരായിരിക്കണം. നാം നമുക്കു വേണ്ടിത്തന്നെ ജീവിക്കുന്നില്ല. സി. എച്ച്‌. സ്‌പര്‍ജന്‍ എന്ന വേദപണ്ഡിതന്‍ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: 'എത്ര വിലപ്പെട്ട വസ്‌ത്രമാണെങ്കിലും തീക്കനല്‍ അതിനുള്ളില്‍ കൊണ്ടു നടക്കാനൊക്കുകില്ല. ഇങ്ങനെ ചെയ്‌താല്‍ അവസാനം പുകയും തീയുമായി അതു പുറത്തു വരും. ഇതു പോലെ നാം സ്‌നേഹിക്കുന്ന പാപങ്ങള്‍ അധികനാള്‍ മറച്ചു വയ്‌ക്കുവാന്‍ നമുക്കു കഴിയുകയില്ല.
അന്തരംഗത്തിലെ സത്യമാണല്ലോ ദൈവം ഇച്‌ഛിക്കുന്നത്‌. കപടഭക്‌തി ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ ബന്ധം നശിപ്പിക്കും. 'ഈ പാഠങ്ങള്‍ കുറിക്കൊള്ളുമല്ലോ.
കപടഭക്‌തി മറ്റുള്ളവരുമായുള്ള ബന്ധം തകര്‍ക്കുന്നു.
കപടഭക്‌തിക്കാരെ ദൈവം വെറുക്കുന്നു.
ദൈവത്തിന്റെ അംഗീകാരത്തിനുവേണ്ടി മാത്രം ജീവിക്കുക.
നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ മറ്റുള്ളവരെ സാരമായി ബാധിക്കുന്നു.
കപടഭക്‌തി മനുഷ്യനെ മനുഷ്യനില്‍നിന്നും ദൈവത്തില്‍ നിന്നും വേര്‍പ്പെടുത്തുന്നു.
നിങ്ങളുടെ ജീവിതം പരിശോധിക്കുക. ജീവിതത്തില്‍ തിരുത്തേണ്ടത്‌ തിരുത്തുക. അപ്പോള്‍ നിങ്ങളുടെ ജീവിതം രൂപാന്തരപ്പെടും. മറ്റുള്ളവരെ സ്‌നേഹിക്കാനും അംഗീകരിക്കാനും അപ്പോള്‍ നിങ്ങള്‍ക്കു കഴിയും.

Ads by Google
Sunday 03 Jun 2018 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW