Monday, April 22, 2019 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 03 Jun 2018 01.09 AM

തയ്യലില്‍ തളിര്‍ത്ത ജീവിതം

uploads/news/2018/06/222597/2.jpg

''ഗംഗാധരന്‍-പൊന്നമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ മൂത്തവളായിരുന്നു ഞാന്‍. അച്‌ഛന്‌ കൂലിപ്പണിയായിരുന്നു. നിലം പാട്ടത്തിനെടുത്ത്‌ കൃഷിയും ചെയ്യും. അപ്പോള്‍ നിലമുഴാന്‍ വേണ്ടി കാളയെ കൊണ്ടു വരുമ്പോള്‍ അതിനുള്ള കാര്യങ്ങള്‍ നോക്കണം. അച്‌ഛന്‍ പണി കഴിഞ്ഞ്‌ വരുന്നതിനു മുമ്പ്‌ അതെല്ലാം ചെയ്‌തു തീര്‍ക്കേണ്ട ജോലി എനിക്കാണ്‌. പുളിയരിയും പിണ്ണാക്കുമൊക്കെയിട്ട്‌ വേവിച്ച്‌ വയ്‌ക്കണം. ചിലപ്പോള്‍ പുളിയരി വേവില്ല. അതു കാണുമ്പോള്‍ അച്‌ഛന്‌ ദേഷ്യം വരും. കാഞ്ഞിരത്തിന്റെ വടിയെടുത്ത്‌ നല്ല അടി തരും. കുറേ കരഞ്ഞാലും എനിക്ക്‌ അച്‌ഛനോട്‌ ദേഷ്യമൊന്നും തോന്നിയിട്ടില്ല. ഞങ്ങള്‍ മക്കളെ വളര്‍ത്താന്‍ വേണ്ടിയല്ലേ എന്നു വിചാരിക്കും.
അമ്മയ്‌ക്ക് അടുത്തുള്ള കശുവണ്ടി ഫാക്‌ടറിയിലായിരുന്നു പണി. രാവിലെ ഏഴു മണിക്കു മുമ്പേ പോകും. തലേന്നു വൈകിട്ടത്തെ ചോറു ബാക്കിയുണ്ടെങ്കില്‍ അത്‌ തിളപ്പിച്ചുകൊണ്ടാണ്‌ പോകുക. വളരെ തുഛമായ കൂലിയാണ്‌ കിട്ടിയിരുന്നത്‌. ഞാന്‍ മൂത്ത മകളായതു കൊണ്ട്‌ അമ്മ പണിക്കു പോയാല്‍ പിന്നെ വീട്ടുകാര്യങ്ങള്‍ മുഴുവന്‍ നോക്കാനുള്ള ചുമതല എനിക്കായിരുന്നു. ഇളയ കുട്ടികളെ നോക്കുന്നതും ഞാനായിരുന്നു. അമ്മ പിള്ളേരെ നോക്കി വീട്ടിലിരുന്നാല്‍ അടുപ്പില്‍ തീപുകയില്ല. ഒമ്പതു വയര്‍ കഴിയണ്ടേ? അതുകൊണ്ട്‌ എനിക്ക്‌ ഏഴാം ക്‌ളാസ്‌ വരെയേ പഠിക്കാന്‍ കഴിഞ്ഞുള്ളൂ.'' പ്രസന്ന ബാല്യകാലത്തെ കുറിച്ചോര്‍ക്കുന്നു.
പ്രസന്നയ്‌ക്കും ഇളയ കുട്ടികള്‍ക്കുമൊപ്പം വീട്ടിലെ കഷ്‌ടപ്പാടുകള്‍ കൂടിയാണ്‌ വളര്‍ന്നത്‌. ഇളയവര്‍ക്ക്‌ പഠിക്കാനും വീട്ടിലെ നിത്യചെലവിനുമെല്ലാം നന്നേ ബുദ്ധിമുട്ടി. പാടത്തും കശുവണ്ടി ഫാക്‌ടറിയിലുമൊക്കെ പ്രസന്ന പണി ചെയ്‌ത് കിട്ടുന്ന കൂലി അച്‌ഛനെയോ അമ്മയേയോ ഏല്‍പിക്കും.
''കൃഷി ചെയ്‌ത് കിട്ടുന്ന കുറച്ച്‌ നെല്ലാണ്‌ വീട്ടുചെലവിന്‌ ആശ്രയം. നെല്ലു പുഴുങ്ങി ഉണക്കി മില്ലില്‍ കൊണ്ടു പോയി കുത്തിച്ച്‌ അരിയാക്കണം. മഴക്കാലമായാല്‍ അതും പ്രയാസമാണ്‌. രണ്ടു കിലോ മീറ്ററോളം ദൂരമുണ്ട്‌ മില്ലിലേക്ക്‌. പലയിടത്തും തെന്നിക്കിടക്കുന്ന വഴിയും. നെല്ലുചാക്കും തലയില്‍ ചുമന്ന്‌ അവിടെ വരെ പോകുന്നത്‌ എത്ര പാടുപെട്ടിട്ടാണെന്നറിയാമോ. ഈ അരി കൊണ്ടു ചെന്നിട്ടു വേണമല്ലോ വീട്ടില്‍ കഞ്ഞി വയ്‌ക്കാന്‍ എന്നോര്‍ക്കുമ്പോള്‍ കാലുകള്‍ താനേ നീളും. അങ്ങനെ രാത്രി ആ അരി കൊണ്ടുവന്ന്‌ വെച്ചാണ്‌ ഞങ്ങള്‍ കഞ്ഞികുടിച്ച്‌ കിടന്നുറങ്ങുന്നത്‌'' ഇല്ലായ്‌മകള്‍ വലച്ച ആ കാലത്തെ കുറിച്ച്‌ പറയുമ്പോള്‍ പ്രസന്നയുടെ കണ്ണുകള്‍ നിറയുന്നു.

വിവാഹജീവിതത്തിലേക്ക്‌
മാതാപിതാക്കള്‍ക്കൊപ്പം കുടുംബം പോറ്റാന്‍ കഷ്‌ടപ്പെട്ട പ്രസന്നയുടെ ഇരുപത്തിയേഴാം വയസിലായിരുന്നു കല്യാണം. അതു നടത്തിയതിന്റെ പ്രയാസങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും പ്രസന്നയുടെ ശബ്‌ദമിടറും.
''ഞങ്ങളുടെ വീട്ടിലെ സ്‌ഥിതിയെല്ലാം അറിയാവുന്ന അടുത്തുതന്നെയുള്ള ആളാണ്‌ എന്നെ കെട്ടിയത്‌. കല്യാണത്തിനായി ആകെ രണ്ടു പവന്‍ മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂ. ആറേഴു പവന്‍ വേണം. പിന്നെ സദ്യയ്‌ക്കുള്ള ചെലവ്‌. കല്യാണതത്തലേന്ന്‌ വൈകുന്നേരം ആറു മണിയായിട്ടും സ്വര്‍ണം ശരിയായില്ല. തരാമെന്നു പറഞ്ഞവര്‍ മെല്ലെ പിന്‍വലിഞ്ഞു. അമ്മ കരച്ചിലായി. അച്‌ഛന്‍ വിഷമിച്ച്‌ നില്‍ക്കുന്നു. എന്തു ചെയ്യാനാണ്‌. ഒടുവില്‍ ഞാനും ബന്ധുവും കൂടി പഞ്ചായത്തിലെ ഒരു മെമ്പറെ കണ്ടു. അദ്ദേഹം പരിചയമുള്ള സ്വര്‍ണക്കടയില്‍ നിന്നും അഞ്ചു പവന്റെ സ്വര്‍ണം സ്വന്തം ഉറപ്പില്‍ വാങ്ങി തന്നു. കല്യാണം കഴിഞ്ഞ്‌ സംഭാവന കിട്ടിയ കാശു കൊണ്ട്‌ ആദ്യം ആ കടം തീര്‍ത്തു'' പ്രസന്ന പറയുന്നു.
വിവാഹം കഴിഞ്ഞ്‌ ഭര്‍ത്താവ്‌ വിക്രമനുമൊത്ത്‌ സമാധാനപരമായ ജീവിതം ആശിച്ചെങ്കിലും ആ വീട്ടിലെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. ഭര്‍ത്താവിന്റെ ജ്യേഷ്‌ഠനും ഭാര്യയും സ്‌ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ പ്രസന്നയോട്‌ നിരന്തരം വഴക്കായി. പതിനൊന്നു വര്‍ഷത്തോളം മാനസിക പീഡനം സഹിച്ച്‌ ആ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടി. ഒടുവില്‍ കുടുംബവീട്ടില്‍ നിന്നു മാറി ഏനാദിമംഗലത്ത്‌ വാടകയ്‌ക്ക് താമസിക്കാനായി പ്രസന്നയും കുടുംബവും പോന്നു. നടുവേദനയുള്ളതിനാല്‍ കൂലിപ്പണികള്‍ക്കൊന്നും പോകാന്‍ കഴിയുമായിരുന്നില്ല. വാടകയും വീട്ടുചെലവും ചികിത്സയുമെല്ലാം ഭര്‍ത്താവിന്റെ വരുമാനത്തില്‍ നിന്നായിരുന്നു. ഒന്നും മിച്ചം വയ്‌ക്കാനില്ലാത്ത അവസ്‌ഥ. ''മഴക്കാലമാകുമ്പോള്‍ ചേട്ടന്‌ പണി കാണില്ല.അപ്പോള്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഇങ്ങനെ പോയാല്‍ എങ്ങനെ ജീവിക്കും എന്നോര്‍ത്ത്‌ ഞങ്ങള്‍ പരസ്‌പരം പറഞ്ഞ്‌ കരയുമായിരുന്നു'' പ്രസന്ന പറയുന്നു.

വഴികാട്ടിയായി കുടുംബശ്രീ
ആ അവസ്‌ഥയില്‍ അയല്‍പക്കത്തുള്ളവര്‍ കുടുംബശ്രീ രൂപീകരിച്ചപ്പോള്‍ പ്രസന്നയും അംഗമായി. ഇതിനിടെ പ്രസന്നയുടെ കഷ്‌ടപ്പാടുകള്‍ കണ്ട്‌ ഒരു കടയിലെ ചേച്ചി ഫ്രീയായി തയ്യല്‍ പഠിപ്പിച്ചത്‌ ഗുണമായി. കഴിഞ്ഞ വര്‍ഷം കുടുംബശ്രീ മുഖേന പത്തനംതിട്ട ജില്ലയില്‍ സ്‌റ്റാര്‍ട്ടപ്പ്‌ വില്ലേജ്‌ എന്റര്‍പ്രണര്‍ഷിപ്‌ പദ്ധതി ആരംഭിച്ചപ്പോള്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ പ്രസന്നയ്‌ക്ക് സാധിച്ചു. കുടുംബശ്രീ തന്നെ നാലു ദിവസത്തെ പരിശീലനം നല്‍കി. ഭാഗ്യത്തിന്‌ വീടിനടുത്ത്‌ 300 രൂപ വാടകയ്‌ക്ക് ഒരു കടമുറി കിട്ടി. ഒരു മെഷീനും വാങ്ങി. എട്ടുമാസം കഴിഞ്ഞപ്പോള്‍ അമ്പതിനായിരം രൂപ കിട്ടി. രണ്ടു മെഷീനും കുറച്ച്‌ തുണികളും വാങ്ങി വച്ചു. മെല്ലെ സംരംഭം പച്ച പിടിച്ചു. കണ്ടറിഞ്ഞും കേട്ടറിഞ്ഞും നിരവധി ആളുകള്‍ അപര്‍ണ ടെയ്‌ലറിങ്ങ്‌ സെന്ററിലേക്ക്‌ വന്നു തുടങ്ങി. കടയില്‍ തിരക്കായതോടെ പ്രസന്ന നാലു പേരെ കൂടി ഒപ്പം കൂട്ടി. തന്നോട്‌ അനുകമ്പ തോന്നി ഒരാള്‍ സൗജന്യമായി തയ്യല്‍ പഠിപ്പിച്ചു തന്നതിന്റെ ഓര്‍മ മനസിലുള്ളതുകൊണ്ട്‌ പ്രസന്ന അവരെയും സൗജന്യമായി തയ്യല്‍ പഠിപ്പിച്ചു. ഇന്ന്‌ എത്ര തിരക്കുണ്ടെങ്കിലും ആവശ്യക്കാരുടെ മുഴുവന്‍ വര്‍ക്കുകളും തീര്‍ത്തു കൊടുക്കാന്‍ പ്രസന്നയ്‌ക്ക് കഴിയുന്നു. മാസം ഒരു രൂപ പോലും സ്വന്തമായി എടുക്കാനില്ലാതെ വിഷമിച്ചിരുന്ന ഈ വീട്ടമ്മ ഇപ്പോള്‍ എല്ലാ മാസവും പതിനായിരം രൂപയ്‌ക്കു മേല്‍ സമ്പാദിക്കുന്നു. വീട്ടു വാടകയും കുടുംബശ്രീ വായ്‌പയും എല്ലാം അടയ്‌ക്കുന്നത്‌ ഈ വരുമാനത്തില്‍ നിന്നാണ്‌. കൂടാതെ തയ്യല്‍ പഠിക്കാന്‍ വേണ്ടിയാണെങ്കിലും തന്റെ കടയില്‍ നില്‍ക്കുന്നവര്‍ക്കും ഒരു നിശ്‌ചിത തുക മാസം നല്‍കാന്‍ ഈ സംരംഭകയ്‌ക്ക് കഴിയുന്നുണ്ട്‌.

ചിറകു വിടര്‍ത്തുന്ന സംരംഭം
ഇന്ന്‌ സംരംഭം വിപുലീകരിക്കുന്ന തിരക്കിലാണ്‌ പ്രസന്ന. ഇതിന്റെ ഭാഗമായി റെഡിമെയ്‌ഡ് ഡ്രസുകളും കടയില്‍ വില്‍ക്കുന്നുണ്ട്‌. മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ നിന്നാണ്‌ തുണിത്തരങ്ങള്‍ വാങ്ങുന്നത്‌. ഈ കാര്യങ്ങള്‍ക്കെല്ലാം ഭര്‍ത്താവിന്റെയും കുട്ടികളുടെയും പൂര്‍ണ പിന്തുണയുമുണ്ട്‌. ഇപ്പോള്‍ വീട്ടിലും മെഷീന്‍ വാങ്ങിയിട്ടുണ്ട്‌. യൂണിഫോമിന്റെയും കല്യാണ ഡ്രസിന്റെയുമെല്ലാം വര്‍ക്കുളളപ്പോള്‍ ഭര്‍ത്താവും കുട്ടികളും തയ്യല്‍ ജോലികളില്‍ സഹായിക്കും. എത്ര രാത്രിയായാലും അവരും ജോലി തീര്‍ത്തിട്ടേ കിടക്കൂ. തയ്യല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം, ഡ്രസ്‌ സൈക്കിളില്‍ ആവശ്യക്കാരുടെ വീടുകളില്‍ കൊണ്ടുപോയി കൊടുക്കുന്നത്‌ മകനാണ്‌.
''ഇത്രയും നാള്‍ കുടുംബം പുലര്‍ത്താന്‍ എന്റെ ഭര്‍ത്താവ്‌ തനിച്ചു കഷ്‌ടപ്പെടുകയായിരുന്നു. ഇന്നിപ്പോള്‍ എനിക്കും ഒരു വരുമാനമുള്ളതുകൊണ്ട്‌ അദ്ദേഹത്തിന്‌ ആശ്വാസമായി. അതോര്‍ക്കുമ്പോള്‍ എനിക്ക്‌ വലിയ സമാധാനവും സന്തോഷവുമുണ്ട്‌. കുടുംബശ്രീ തന്ന നേട്ടമാണിത്‌. ഈ പദ്ധതി വന്നില്ലായിരുന്നെങ്കില്‍ എന്റെ ജിവിതം ഇരുളില്‍ കിടന്നേനെ. ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം കൈവന്നതു പോലെ. എന്തു പ്രതിസന്ധിയുണ്ടെങ്കിലും തണലായി കുടുംബശ്രീയുണ്ടല്ലോ എന്ന ബലം'' പ്രസന്ന പറയുന്നു.

പ്രത്യാശയോടെ മുന്നോട്ട്‌
ഭാവിയെക്കുറിച്ച്‌ ഈ വീട്ടമ്മയ്‌ക്ക് ഇനിയും സ്വപ്‌നങ്ങളുണ്ട്‌. പിന്നെ ഏതൊരമ്മയേയും പോലെ മക്കളെക്കുറിച്ചും. മകള്‍ അപര്‍ണ പ്‌ളസ്‌ ടുവിന്‌ പഠിക്കുന്നു. മകന്‍ അലോക്‌നാഥ്‌ പത്താംക്‌ളാസില്‍ മികച്ച വിജയം നേടി.
''വീട്ടിലെ ബുദ്ധിമുട്ടു കാരണം എനിക്ക്‌ പഠിക്കാന്‍ കഴിഞ്ഞില്ല. എന്റെ മക്കളെയെങ്കിലും പഠിപ്പിക്കണം. വീട്ടിലെ എല്ലാ കഷ്‌ടപ്പാടുകളും പ്രയാസങ്ങളും അറിയിച്ചു തന്നെയാണ്‌ അവരെ വളര്‍ത്തുന്നത്‌. അതുകൊണ്ട്‌ അവര്‍ക്കും ഞങ്ങളെ സഹായിക്കുന്നതില്‍ സന്തോഷമേയുള്ളൂ. കടമ്പനാട്ട്‌ ഒരു പതിനഞ്ചു സെന്റ്‌ സ്‌ഥലമുണ്ട്‌. വാടക വീട്ടില്‍ നിന്നു മാറി സ്വന്തമായൊരു വീടു വയ്‌ക്കണം. പിന്നെ, ഫാഷന്‍ ഡിസൈനിങ്ങ്‌ പഠിക്കണമെന്നുണ്ട്‌. അത്‌ എന്റെ ജോലിക്കു കൂടുതല്‍ നന്നാകുമല്ലോ. കൂട്ടിന്‌ കുടുംബവും കുടുംബശ്രീയുമുള്ളപ്പോള്‍ എല്ലാം ശരിയാകും എന്നു തന്നെയാണ്‌ എന്റെ പ്രതീക്ഷയും വിശ്വസവും''
പ്രതീക്ഷകള്‍ തിളങ്ങുന്ന കണ്ണുമായി പ്രസന്ന കുമാരി ചിരിക്കുന്നു. ഉള്ളില്‍ ആത്മവിശ്വാസമുള്ള ഒരു സ്‌ത്രീയുടെ ചിരി. പ്രതിസന്ധികളെ അതിജീവിക്കുന്ന പുഞ്ചിരി.

Ads by Google
Sunday 03 Jun 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW