Thursday, April 18, 2019 Last Updated 14 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 02 Jun 2018 03.08 PM

ഇങ്ങനെയോ ഗുരുദക്ഷിണ ?

''കേരളത്തിലെ അധ്യാപകവിദ്യാര്‍ഥി ബന്ധങ്ങളില്‍ സംഭവിക്കുന്നതെന്താണ്? സാക്ഷരകേരളത്തെ നാണം കൊണ്ടു തലതാഴ്ത്തിപ്പിച്ച് വിദ്യാര്‍ഥി സമൂഹം അപമാനിച്ച മൂന്ന് വനിതാ പ്രധാനാധ്യാപികമാരുടെ അനുഭവങ്ങള്‍. ''
uploads/news/2018/06/222476/surveStudents020618.jpg

വിരമിക്കുന്ന പ്രധാനാധ്യാപികയ്ക്ക് ശവകുടീരം ഒരുക്കുന്ന വിദ്യാര്‍ഥി കള്‍, പടക്കം പൊട്ടിച്ചും അന്ത്യോപചാരമര്‍പ്പിച്ചും യാത്ര അയ്ക്കുന്നവര്‍, പ്രധാന അധ്യാപികയോടുള്ള ദേഷ്യം തീര്‍ക്കാന്‍ അവരുടെ കസേര കത്തിക്കുന്ന വിദ്യാര്‍ഥികള്‍. ഇവരെല്ലാം പ്രബുദ്ധ, സാക്ഷര കേരളത്തിന്റെ സമകാലിക കാഴ്ചകളാണ്. ഗുരുവിനായി പെരുവിരല്‍ ദക്ഷിണനല്‍കിയ പാരമ്പര്യമുദ്‌ഘോഷിക്കുന്ന രാജ്യത്തെ പുതിയകാല ദക്ഷിണകളുടെ രീതിയിങ്ങനെ.

സംസ്‌ക്കാരത്തിലും വിദ്യാഭ്യാസത്തിലും മുന്‍പന്തി അവകാശപ്പെടുന്ന കേരളത്തിലെ യുവതലമുറയുടെ ഈ ചെയ്തികള്‍ക്ക് മാപ്പുണ്ടോ? സ്‌കൂളില്‍ കുട്ടികളെ തിരുത്താന്‍ ശ്രമിച്ചതിന് ആരോപണവിധേയയായ ഒരു പ്രധാനാധ്യാപിക ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് കേരളത്തിലെ വിദ്യാര്‍ത്ഥിിഅധ്യാപകബന്ധത്തിലെ വിള്ളലുകളെ പറ്റി മുന്‍ ലക്കത്തില്‍ കന്യക വിശദമായൊരു ഫീച്ചര്‍ ചെയ്തിരുന്നു.

അതിനു തുടര്‍ച്ചയെന്നോണം, പഠിപ്പിച്ച വിദ്യാര്‍ഥികളില്‍ നിന്ന് അപമാനം ഏറ്റുവാങ്ങേണ്ടി വന്ന കാസര്‍കോട് കാഞ്ഞങ്ങാട് നെഹ്രു കോളജിലെ പ്രധാനാധ്യാപിക പി.വി പുഷ്പജ, എറണാകുളം മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പലും തലശ്ശേരി ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പലുമായ എന്‍. എല്‍ ബീന, പാലക്കാട് വിക്‌ടോറിയ കോളജിലെ മുന്‍ പ്രധാനാധ്യാപിക ഡോ.ടി.എന്‍.സരസു എന്നിവരുടെ അനുഭവങ്ങള്‍ ഈ ലക്കം അവതരിപ്പിക്കുന്നു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ആരോപണങ്ങളും ആക്ഷേപങ്ങളുമേറ്റുവാങ്ങി അപമാനിതരാവുന്നവരധികവും അധ്യാപികമാരാണ്! അവര്‍ക്കെതിരേ വിദ്യാര്‍ഥികളെ കൊണ്ട് കല്ലെറിയിച്ചതിനു പിന്നില്‍ അധ്യാപകസമൂഹത്തില്‍പ്പെട്ടവര്‍ക്കുള്ള പങ്കും ദുരൂഹ
മാണ്.

------- അപമാനിക്കപ്പെട്ടു
വിദ്യാര്‍ഥിമനസ്സില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍. ദുരന്തം ഒഴിയുന്നു. ക്യാംപസ് സ്വതന്ത്രമാകുന്നു. നെഹ്രുവിന് ശാപമോക്ഷം...
നെഹ്രു കോളജില്‍ നിന്നു വിരമിക്കുന്ന ഡോ. പി.വി.പുഷ്പജയ്ക്ക് ഏതാനും വിദ്യാര്‍ഥികള്‍ നല്‍കിയ യാത്രയയപ്പിങ്ങനെ കുറേ പോസ്റ്ററുകളിലൂടെയായിരുന്നു. തന്റെ അധ്യാപകജീവിതത്തില്‍ നേരിട്ട ആ കറുത്ത ദിനത്തെക്കുറിച്ച് പറയുമ്പോള്‍ പുഷ്പജ ടീച്ചറുടെ ശബ്ദം ഇടറും: വിലപ്പെട്ട 48 വര്‍ഷത്തിനു ശേഷം കലാലയത്തില്‍ നിന്ന് നിറകണ്ണുകളോടെയാണ് പടിയിറങ്ങുന്നത്. ഇത് ആനന്ദാശ്രുവല്ല. ഇതില്‍പ്പരം സങ്കടം ഇനിയില്ല. അവര്‍ എന്നെ തല്ലിയിരുന്നെങ്കില്‍പ്പോലും എനിക്കിത്രയും വേദന തോന്നുമായിരുന്നില്ല.

കോളജില്‍ എന്നെ സ്നേഹിക്കുന്ന ആയിരത്തോളം കുട്ടികളുണ്ട്. എന്റെ അവസ്ഥ കണ്ട്, പൊട്ടിക്കരയുന്നവര്‍. സമൂഹത്തിന് മുമ്പില്‍ എന്നെ തെറ്റുകാരിയാക്കാനാണ് ചിലര്‍ ശ്രമിച്ചത്. ഞാന്‍ പഠിപ്പിച്ച ഒരു കുട്ടിയും ഇതിലുള്‍പ്പെട്ടിട്ടില്ല എന്നാണ് വിശ്വസിക്കുന്നത്. ചിലര്‍ക്കേ വിരോധമുള്ളൂ, പക്ഷേ എന്നെ സ്നേഹിക്കുന്ന, ഞാന്‍ സ്നേഹിക്കുന്ന ഭൂരിപക്ഷം കുട്ടികളും എനിക്കൊപ്പം നിന്നു.. ടീച്ചര്‍ പറയുന്നു.

1978 മുതല്‍ ഞാന്‍ ഈ കോളജിലുണ്ട്. പ്രീഡിഗ്രിയും ഡിഗ്രിയുമൊക്കെ ഇവിടെയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് പ്രിന്‍സിപ്പലായത്. വിരമിക്കലിനോടനുബന്ധിച്ചു മാനേജ്മെന്റും സ്റ്റാഫും നല്‍കിയ സെന്‍ഡോഫില്‍ പങ്കെടുക്കാന്‍ തുടങ്ങുമ്പോഴാണ് പടക്കശബ്ദം കേട്ടത്. മീറ്റിങ്ങിനായി പോകുമ്പോള്‍ കവാടത്തില്‍ ഒരു ബോര്‍ഡ് കണ്ടു, അതിനുതാഴെയാണ് പടക്കം പൊട്ടിച്ചത്. ബോര്‍ഡില്‍ എന്താണ് എഴുതിയിരുന്നത് എന്ന് കണ്ടില്ല. മീറ്റിങ്ങില്‍ മറ്റുള്ളവര്‍ പറഞ്ഞാണ് ബോര്‍ഡിലെ വാചകങ്ങള്‍ അറിഞ്ഞത്്..

കോളജില്‍ പഠിക്കാന്‍ വരുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. ആ കടമയേ ചെയ്തിട്ടുള്ളൂ, അക്കാദമിക് കാര്യങ്ങളില്‍ ഞാ ന്‍ സ്ട്രിക്റ്റാണ്. സംഭവ ശേഷം ചിലര്‍ എനിക്കെതിരെ സാമൂഹമാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. കോളജില്‍ സിസിടിവി ക്യാമറ വച്ചതാണ് ഞാന്‍ ചെയ്ത കൊടുംപാതകം. അത് സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ല, റാഗിങ്ങും മറ്റും തടയാന്‍ 2014 ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരമാണ് സിസിടിവി വയ്ക്കാന്‍ ഞാന്‍ മാനേജ്മെന്റിനോട് ശുപാര്‍ശ ചെയ്തത്. അതാണ് ഞാന്‍ ചെയ്ത ഒന്നാമത്തെ തെറ്റ്.

സിസിടിവി വച്ചശേഷം ഒരുവര്‍ഷം പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ഈ വര്‍ഷമാണ് സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നത്. എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ സിസിടിവി സ്ഥാപിക്കുമ്പോള്‍ ഇടപെടണമായിരുന്നു. അല്ലാതെ രണ്ട് ലക്ഷം രൂപ മുടക്കി സിസിടിവി വച്ചശേഷം സമരം ചെയ്താല്‍ അംഗീകരിക്കാനാവില്ല. സമരക്കാര്‍ സിസിടിവിയില്‍ ചിലത് തല്ലിപ്പൊട്ടിച്ചു, ചിലത് ഊരിക്കൊണ്ട് പോയി. ഞാന്‍ പോലീസില്‍ പരാതി നല്‍കി. ഇതാണ് രണ്ടാമത്തെ കുറ്റം.

മറ്റൊരു പരാതി, രാഷ്ട്രീയ യോഗങ്ങ ള്‍ അനുവദിക്കില്ലെന്നതായിരുന്നു. മുമ്പ് രാത്രി ഏഴു മണിവരെയൊക്കെ മീറ്റിങിന് ക്ലാസ്‌റൂം തുറന്നുകൊടുത്തിട്ടുള്ളതാണ്. ഒരു തവണ കോണ്‍ഫറന്‍സ് ഹാള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. കോളജില്‍ ആകെ ഒരു കോണ്‍ഫറന്‍സ് ഹാളേ ഉള്ളൂ. ക്ലാസ് സമയത്ത് ക്ലാസ്‌റൂം വിട്ടുനല്‍കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പൂട്ട് പൊളിച്ചകത്ത് കടന്ന് യോഗം കൂടി. പുറത്തുനിന്നുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു. പൂട്ടുപൊളിച്ചതവരാണ്. അതുകൊണ്ടാണ് വീണ്ടുമൊരു പരാതി നല്‍കേണ്ടി വന്നത്.

അവിടം കൊണ്ടും തീര്‍ന്നില്ല, ഈ സംഭവങ്ങളിലെല്ലാം ഉള്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. ഒരു പെണ്‍കുട്ടിയുടെ കൈയില്‍ കയറിപ്പിടിച്ചു എന്ന പരാതിയെ തുടര്‍ന്നാണത്. പെണ്‍കുട്ടി പിന്നീട് പരാതി പിന്‍വലിച്ചതിനാല്‍ പ്രശ്നമുണ്ടായില്ല. മറ്റൊന്ന് അറ്റന്‍ഡന്‍സ് പ്രശ്നമായിരുന്നു. അറ്റന്‍ഡന്‍സ് ഷോര്‍ട്ടേജ് വരുമ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞതാണ് എനിക്കെതിരെയുള്ള അവസാന ആരോപണം. അവരെന്നെ ഘെരാവോ ചെയ്തു. അവര്‍ കൊണ്ടുവന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന 15 ദിവസത്തില്‍ നാല് ദിവസം അവര്‍ കോളജില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. പിന്നെങ്ങനെ അതംഗീകരിക്കാനാവും?

ഇതിനിടെ മറ്റൊരു സംഭവം കൂടിയുണ്ടായി. ക്ലാസ് കട്ട് ചെയ്ത് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും മൂന്ന് നാല് മണിക്കൂര്‍ പുറത്തിരുന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി പല അധ്യാപകരും പറഞ്ഞു. അവര്‍ ഏത് ക്ലാസിലാണെന്നന്വേഷിക്കാന്‍ ഞാനൊരധ്യാപകനെ ചുമതലപ്പെടുത്തി. അവര്‍ അധ്യാപകനെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ചീത്ത വിളിച്ചു. അധ്യാപകന്‍ പൊട്ടിക്കരയുന്ന അവസ്ഥയുണ്ടായി. ആരോപണ വിധേയനായ വിദ്യാര്‍ഥിയെ വിളിച്ച് അധ്യാപകനോട് മാപ്പ് പറയിച്ചു.

പല കോളജിലും ഇത്തരം പ്രശ്നങ്ങ ള്‍ ഉണ്ടായിട്ടുണ്ട്. അന്നുണ്ടായ പരാതിയി ല്‍ കര്‍ശന നടപടി എടുത്തിരുന്നെങ്കില്‍, നേതാക്കള്‍ വിദ്യാര്‍ഥികളെ പറഞ്ഞ് തിരുത്തിയിരുന്നെങ്കില്‍ ഇന്ന് എന്നെപ്പോലെഅധ്യാപകര്‍ക്ക് മോശം അനുഭവം ഉണ്ടാകുമായിരുന്നില്ല. ഈ സംഭവത്തില്‍ പ്രതിയായ കുട്ടികളെ ശിക്ഷിക്കണമെന്നല്ല ഞാ ന്‍ പറയുന്നത്, ചെയ്ത തെറ്റവര്‍ മനസിലാക്കണം. ഇനിയൊരു അധ്യാപകനും അധ്യാപികയ്ക്കും ഇത്തരമൊരു അനുഭവമുണ്ടാവരുത്..

-------- തലയുയര്‍ത്തിപ്പിടിച്ച് പടിയിറക്കം
എറണാകുളം മഹാരാജാസ് കോളജില്‍ പ്രധാനാധ്യാപികയുടെ കസേര കത്തിച്ച സംഭവം ആരും മറന്നിട്ടുണ്ടാവില്ല. അന്നത്തെ പ്രിന്‍സിപ്പല്‍ എന്‍.എല്‍ ബീന പക്ഷേ തോറ്റു പിന്മാറാന്‍ തയാറല്ല, കുട്ടികള്‍ എന്തുചെയ്താലും അവരോടുള്ള കടമ ചെയ്യുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ തയാറല്ലെന്ന നിലപാടിലാണ് ബീന ടീച്ചര്‍.

അന്ന് സംഭവിച്ചതില്‍ കുട്ടികളെ മാത്രം കുറ്റപ്പെടുത്തില്ല. അന്നത് ചെയ്തതെന്തിനാണെന്ന് ഇന്നും അവര്‍ക്കറിയില്ല. കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചതാണ്. മഹാരാജാസിലെ തന്നെ ചില അധ്യാപകരാണ് യഥാര്‍ത്ഥ പ്രതികള്‍. അവരാരാണെന്ന് വ്യക്തമായറിയാം. കസര കത്തിച്ച സംഭവത്തിനുശേഷം ഒരു കൂട്ടം വിദ്യാര്‍ത്ഥിനിക ള്‍ എനിക്കൊരു കത്തയച്ചു. വളരെ വൃത്തികെട്ട രീതിയില്‍ എന്നെ അധിക്ഷേപിക്കണം, വസ്ത്രം പോലും ഉരിയണം എന്നൊക്കെ ചില അധ്യാപകര്‍ ആവശ്യപ്പെട്ടു എന്നൊക്കെ അതില്‍ വ്യക്തമായി പറയുന്നുണ്ട്. അവരുടെ പേരും കത്തിലുണ്ട്.

സ്വയംഭരണാധികാരമുള്ള കോളജാണ് മഹാരാജാസ്. ആ കലാലയത്തെ നയിക്കുക എളുപ്പമുള്ള കാര്യമല്ല, കുട്ടികളുടെ നന്മ ഉദ്ദേശിച്ച് ഞാന്‍ ചെയ്ത കാര്യങ്ങള്‍ പലരേയും ചൊടിപ്പിച്ചിട്ടുണ്ടാകും. അവരൊക്കെയാണ് എതിര്‍ക്കുന്നത്്. എല്ലാ അധ്യാപകരും അങ്ങനെയല്ല, കുട്ടികളോടുള്ള കടമ അറിയാവുന്നവരുമുണ്ട്. എന്നാല്‍ അവരെ അനുസരിച്ച് ക്ലാസില്‍ കയറാന്‍ കുട്ടികള്‍ തയാറല്ല. അതുകൊണ്ട് തന്നെ വളരെ മോശം റിസല്‍ട്ടായിരുന്നു കിട്ടിയിരുന്നത്. ഈ അവസ്ഥ മാറണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ആണുങ്ങളുടെ ചൂട് പറ്റാനാണോ കോളജില്‍ വരുന്നതെന്ന് പെണ്‍കുട്ടികളോട് ചോദിച്ചു എന്നാണ് എനിക്കുമേല്‍ ആരോപിക്കുന്ന കുറ്റം. ഞാന്‍ നിഷേധിക്കുന്നില്ല, ഒരു ദിവസം കോളജിലൂടെ നടക്കുമ്പോള്‍ ഒരു ക്ലാസിന് വെളിയില്‍ കുറച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വളരെ ആഭാസകരമായ രീതിയില്‍ ഇരിക്കുന്നത് കണ്ടു. അടുത്തുള്ള ക്ലാസില്‍ അധ്യാപകന്‍ പഠിക്കുന്നുണ്ട്, ക്ലാസിലിരിക്കുന്ന കുട്ടികളും ആ കാഴ്ച കാണുന്നുണ്ട്.

പുറത്തുള്ള ആണ്‍കുട്ടികളോട് ക്ലാസില്‍ പോകാന്‍ പറഞ്ഞു, പെണ്‍കുട്ടികളോട് ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നന്വേഷിച്ചു, അവരെ ക്ലാസിലാക്കി, അവരോട് മാതാപിതാക്കളെപ്പറ്റി അന്വേഷിച്ചു, സാധാരണക്കാരാണവര്‍. അവരുടെ ബുദ്ധിമുട്ടിനെ പറ്റി കുട്ടികളോട് പറഞ്ഞു മനസിലാക്കി, ഇതിനിടെ രാവിലെ വന്ന് ആണ്‍കുട്ടികളെ പറ്റിയിരിക്കാതിരുന്നൂടെ? എന്ന് ഞാനൊന്ന് ചോദിച്ചുപോയി. ആ പെണ്‍കുട്ടികള്‍ പലരോടും പറഞ്ഞു, മുന്‍പ് പറഞ്ഞ അധ്യാപകര്‍ പുറമേ നിന്നുള്ള നാല് അധ്യാപകരുമായി ചേര്‍ന്ന് എന്റെ മുറിയില്‍ വന്ന് പ്രതിഷേധിച്ചു. ഞാനവിടെ ഉണ്ടായിരുന്നില്ല. എന്റെ കസേര കത്തിക്കാന്‍ പ്രേരിപ്പിച്ചത് ഒരു അധ്യാപകനാണ്.

ഇതുകൊണ്ടൊന്നും ഞാന്‍ തോല്‍ക്കില്ല, എല്ലാവരോടും ഞാനത് പറഞ്ഞിട്ടുമുണ്ട്, മനോവീര്യം കെടുത്തുന്ന രീതിയില്‍ എന്തുചെയ്താലും എനിക്കൊന്നുമില്ല. എന്നെപ്പറ്റി എനിക്ക് ബോധ്യമുള്ളിടത്തോളം മന:പ്പൂര്‍വം ഒരു തെറ്റും ചെയ്യില്ല എന്നും ഉറപ്പുണ്ട്. അധ്യാപിക എന്ന നിലയില്‍ മാത്രമല്ല, മകള്‍, ഭാര്യ, അമ്മ, മരുമകള്‍ എന്ന നിലയിലൊന്നും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല, രണ്ട് വര്‍ഷം പ്രിന്‍സിപ്പലായി ഇരുന്നിട്ടുണ്ടെങ്കില്‍ ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. മാവുള്ള മാവിലേ കല്ലെറിയൂ എന്ന് കേട്ടിട്ടില്ലേ, അതാണെന്റെ കാര്യത്തില്‍ സംഭവിച്ചത്. ഞാനിന്ന് തലശ്ശേരി ബ്രണ്ണന്‍ കോളജിലാണ്. ഇവിടെയും ഞാനെന്റെ ജോലി ഭംഗിയായി ചെയ്തു തീര്‍ക്കും..

-------വെട്ടിയത് കലാലയാഭിമാനത്തില്‍
26 വര്‍ഷത്തെ പഴമ്പുരാണം തീരുന്നു. മഹത്‌സേവനങ്ങള്‍ക്ക് പെരുത്ത് നന്ദിി എന്നെഴുതി പ്രതീകാത്മക കുഴിമാടമൊരുക്കി, ആ മണ്‍കൂനക്ക് മുകളില്‍ പൂക്കള്‍ വിതറി, സാമ്പ്രാണിത്തിരി കത്തിച്ച്, റീത്ത് സമര്‍പ്പിച്ചു വിദ്യാര്‍ഥികള്‍. ഒരു അധ്യാപകനും അധ്യാപികക്കും ഒരു വിദ്യാര്‍ഥിയും കൊടുത്തുകൂടാത്ത യാത്രയയപ്പായിരുന്നു അത്. പാലക്കാട് വികേ്ടാറിയ കോളജിലെ പ്രിന്‍സിപ്പലായിരുന്ന ഡോ.ടി.എന്‍.സരസു ടീച്ചര്‍ക്ക് വിദ്യാര്‍ഥികള്‍ നല്‍കിയ സമ്മാനം ഇതായിരുന്നു.29 വര്‍ഷത്തെ അധ്യാപന ജീവിതവും ഏറ്റുവാങ്ങേണ്ടി വന്ന വിമര്‍ശനങ്ങളും നേരിട്ട വെല്ലുവിളികളും വികേ്ടാറിയ കോളേജിലെ പ്രിന്‍സിപ്പലായി വിരമിച്ച ഡോ.ടി.എന്‍.സരസുവിന്റെ വാക്കുകളിലൂടെ ....

എന്റെ കുഴിമാടമല്ല, വികേ്ടാറിയ കോളജിന്റെ അഭിമാനത്തിലാണ് അന്നവര്‍ കുഴിവെട്ടിയത്. ആ സംഭവം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമാകുന്നു, ഇന്നുമത് മറക്കാന്‍ കഴിയുന്നില്ല. എത്രമാത്രം വിഷമമുണ്ടായിരുന്നെന്ന് വാക്കുകളിലൂടെ പറയാന്‍ കഴിയില്ല.

27 വര്‍ഷം വികേ്ടാറിയയ്ക്കൊപ്പമുണ്ടായിരുന്നു. ചെറുപ്പവും മധ്യവയസും എന്തിനേറെ, ജീവിതത്തിന്റെ നല്ലൊരുപങ്കും വികേ്ടാറിയക്ക് വേണ്ടി ചെലവഴിച്ചു. ധാ രാളമെതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടും എനിക്ക് ചെയ്യാന്‍ പറ്റുന്ന ചെറുതും വലുതുമായ കാര്യങ്ങള്‍ ചെയ്തു. ചെയ്ത പ്രവര്‍ത്തികള്‍ക്കെല്ലാം അവസാനം ലഭിച്ചത് ശവക്കൂനയാണെങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് സംതൃപ്തി മാത്രമേ ഉള്ളൂ. ഞാനാരോടും ഒരുതെറ്റും ചെയ്തിട്ടില്ല. എന്നിട്ടുമവര്‍ എന്നെ ക്രൂശിച്ചു.

എനിക്ക് ശവക്കല്ലറയൊരുക്കിയത് വിദ്യാര്‍ഥികളാണെങ്കിലും അവരെക്കൊണ്ടത് ചെയ്യിച്ചത് അധ്യാപകരാണ്. ചിലരുടെ രാഷ്ട്രീയക്കളിക്കും ഗുണ്ടാവിളയാട്ടത്തിനും കൂട്ടുനില്‍ക്കാത്ത അധ്യാപകരെ ഒറ്റപ്പെടുത്തി ക്രൂശിക്കുന്നത് പല കോളജുകളിലും പതിവാണ്. മഹാരാജാസില്‍ ബീന ടീച്ചറും നെഹ്രു കോളജില്‍ പുഷ്പജ ടീച്ചറുമെല്ലാം നേരിട്ടത് ഒരേ പ്രശ്നമാണ്.

കോളജുകളിലെ അധ്യാപക സംഘടനാ പ്രവര്‍ത്തകരിലധികവും ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവരാണ്. പണ്ടൊക്കെ അധ്യാപകര്‍ക്കിടയില്‍ പരസ്പര ബഹുമാനമുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ ആത്മാര്‍ഥതയുള്ളതായി തോന്നുന്നില്ല. സംഘടന വളര്‍ത്താനാണ് പലര്‍ക്കും താല്‍പര്യം. ഇവരാരും കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കില്ല, അവരവരുടേതായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയേ ഉള്ളൂ.

ഞാനിന്നുമൊരു വിദ്യാര്‍ഥിയാണ്. ഇപ്പോഴും ഒരു കോഴ്സ് പഠിക്കുന്നുണ്ട് എനിക്കുമുണ്ട് അധ്യാപകര്‍. കാണുമ്പോള്‍ കാല്‍ തൊട്ടു തൊഴുതാണ് ഞാനവരെ ബഹുമാനിക്കുന്നത്. വിദ്യാര്‍ഥികളെ മാത്രം കുറ്റം പറയുന്നില്ല. കാരണം അധ്യാപകര്‍ ചെയ്യുന്നത് കണ്ടാണ് കുട്ടികള്‍ പഠിക്കുന്നത്. ഇങ്ങനെ പറയാന്‍ കാരണമുണ്ട്, എനിക്ക് കുഴിമാടം നിര്‍മ്മിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു കുട്ടിയോട് കോളജിലെ ഒരു അധ്യാപിക നീ കൈയിലെ ഞെരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കൂ, നിനക്കൊന്നും സംഭവിക്കാതെ ഞങ്ങള്‍ നോക്കിക്കോളാം.. എന്നാണേ്രത പറഞ്ഞത്, ഇങ്ങനെ പറയുന്ന അധ്യാപകരോട് കുട്ടികള്‍ക്കെങ്ങനെ ബഹുമാനമുണ്ടാകും?

ഇങ്ങനെയുള്ള അധ്യാപകരാണ് അധ്യാപകവിദ്യാര്‍ത്ഥി ബന്ധം വഷളാക്കുന്നത്. ഇനി ഇങ്ങനെ ഒരു സംഭവമുണ്ടാകരുത്. അതിനുള്ള നടപടിയുണ്ടാകണം. 2016 ല്‍ എനിക്കൊരു ദുരനുഭവമുണ്ടായി, 2017 ല്‍ ബീനടീച്ചര്‍ക്കും ഇപ്പോഴിതാ പുഷ്പജടീച്ചര്‍ക്ക്, 2019 ല്‍ ഇനിയാര്? ഈ സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും..

------- ജനറേഷന്‍ ഗ്യാപ്
അധ്യാപകരോട് വിദ്യാര്‍ത്ഥികള്‍ അപമര്യാദയായി പെരുമാറുന്നതിനെ രണ്ടു രീതിയില്‍ കാണാം. അധ്യാപികയുടെ അല്ലെങ്കില്‍ വിദ്യാര്‍ത്ഥിയുടെ ഭാഗത്താണ് തെറ്റെന്ന് പറയാന്‍ കഴിയില്ല. പഴയ തലമുറക്കാര്‍ സഹിഷ്ണുത കൂടുതലുള്ളവരായിരുന്നു. തെറ്റായ പേരന്റിങ്, മാധ്യമങ്ങളുടെ സ്വാധീനം എന്നിവമൂലം ഇന്നത്തെ കുട്ടികളുടെ ആറ്റിറ്റിയൂഡില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. പണ്ടൊക്കെയാണെങ്കില്‍ ഒരു വീട്ടില്‍ നാലോ അഞ്ചോ കുട്ടികളുണ്ടാവും, ഇവരെ ശിക്ഷിച്ചാണ് വളര്‍ത്തുന്നതും.

ഇന്നത്തെ അണുകുടുംബത്തിലുള്ളത് ഒന്നോ രണ്ടോ കുട്ടികള്‍, ഇവരെയാകട്ടെ ശിക്ഷിക്കുന്നില്ലെന്ന് മാത്രമല്ല, അനാവശ്യമായ വാശികള്‍ പോലും സാധിച്ച് കൊടുക്കും. ഇങ്ങനെ വരുമ്പോള്‍ മറ്റുള്ളവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയൊരു പ്രകോപനം മതി വിദ്യാര്‍ത്ഥികളെ അസ്വസ്ഥരാക്കാന്‍. അധ്യാപകര്‍ കുട്ടിയുടെ ചെറിയൊരു തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ പോലും അവര്‍ക്കത് സഹിക്കാന്‍ പറ്റില്ല.

അധ്യാപകക വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയൊരു ജനറേഷന്‍ ഗ്യാപ്പുണ്ട്, അധ്യാപകരിപ്പോഴും പഴയ കാലഘട്ടത്തിലാണ് നില്‍ക്കുന്നത്. ഗുരു എന്നാല്‍ ഉയര്‍ന്ന സ്ഥാനമാണെന്നും എല്ലാവരുമവരെ ബഹുമാനിക്കണമെന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ കുട്ടികളാകട്ടെ അവരുടെ വൈബ് മനസിലാക്കി ഒപ്പം നില്‍ക്കുന്ന അധ്യാപകരെയാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ പ്രായത്തിന്റെ പ്രത്യേകതകൊണ്ട് അധ്യാപകര്‍ പറയുന്ന ഇത്തരം ന്യായീകരണങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ല. അഥവാ, ടീച്ചര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതവരെ വളരെയധികം പ്രകോപിതരാകുകയും അതിന്റെ പക മനസില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. പിന്നീടെപ്പോഴെങ്കിലും ഈ പക വീട്ടുമെന്നതില്‍ സംശയമില്ല.

അധ്യാപകരുടെ ഭാഗത്തും തെറ്റുണ്ട്്. വിട്ടുവീഴ്ചാ മനോഭാവവും താഴ്ന്നുകൊടുക്കാനുള്ള മനസ്ഥിതിയൊക്കെ അവര്‍ക്ക് കുറവാണ്. തങ്ങള്‍ പറയുന്നത് കുട്ടികള്‍ അനുസരിക്കണമെന്ന പിടിവാശിയാണവര്‍ക്ക്. ഇങ്ങനെയൊക്കെ വരുമ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള അകലം കൂടുന്നു.
അടുത്തിടെ പരീക്ഷയില്‍ തോറ്റതിന് സ്‌കൂള്‍ കുട്ടി ആത്മഹത്യ ചെയ്ത സംഭവം നോക്കിയാല്‍, ആ കുട്ടി തോറ്റ സങ്കടത്തേക്കാള്‍ ടീച്ചറോടുള്ള ദേഷ്യം തീര്‍ക്കാനാണ് ആത്മഹത്യ ചെയ്തതെന്നാണ് എനിക്ക് തോന്നുന്നത്.ചില കോളജുകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിശോധിച്ചാല്‍, സഹ അധ്യാപകര്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ഇതിന് പിന്നിലുണ്ടെന്ന് മനസിലാകും. അധ്യാപകരെ അപമാനിക്കുന്ന രീതിയില്‍ കുട്ടികള്‍ എന്തെങ്കിലും ചെയ്യുമെന്ന് ഏതെങ്കിലും അധ്യാപകന്‍ മനസിലാക്കിയാല്‍ പോലും അവരത് പുറത്ത് പറയില്ല, കുട്ടികള്‍ക്കനുകൂലമായി അവര്‍ കണ്ണടച്ചെന്നും വരാം.

ചില അധ്യാപകര്‍ക്ക് ചില വിദ്യാര്‍ത്ഥികളോട് മാത്രം പ്രത്യേക ഒരിഷ്ടം കാണും, അവര്‍ക്ക് കൂടുതല്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കും. ഇത് മറ്റുകുട്ടികള്‍ക്ക് അധ്യാപകരോട് ദേഷ്യം തോന്നിപ്പിക്കും. പണികൊടുക്കാന്‍ ഒരവസരത്തിനായി കാത്തിരിക്കും. ഈ അവസരം മുതലെടുക്കുന്നത് മറ്റ്് അധ്യാപകരാണ്്. അവര്‍ കുട്ടികളെ കൂടുതല്‍ പ്രകോപിപിക്കും. അവര്‍ കുട്ടികളെ മുമ്പില്‍ നിര്‍ത്തി പ്രശ്‌നമുണ്ടാക്കും. എന്നിട്ട് ഒന്നും അറിയാത്തപോലെ ഇരിക്കും. ഇങ്ങനെയുള്ള ടീച്ചേഴ്‌സുമുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW