Thursday, April 18, 2019 Last Updated 15 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 01 Jun 2018 01.24 PM

നവാസ് കാത്തിരിക്കുന്നു നിഹാലിന്റെ ചിരി കാണാന്‍....

uploads/news/2018/06/222142/charity.jpg

പറവൂര്‍: നാലുവയസു പ്രായമുള്ള കുഞ്ഞുങ്ങളുടെ കൊഞ്ചലും കുസൃതികളും കാണുമ്പോള്‍ നവാസിന്റെയും നൗഫിയയുടെയും ഉള്ള് പിടയും. തങ്ങളുടെ മകന് എന്നാണാവോ സംസാരശേഷിയും പൂര്‍ണമായ ചലനശേഷിയും കിട്ടുക എന്നോര്‍ത്തിട്ട്. നീറിക്കോട് പള്ളത്ത് പറമ്പില്‍ നവാസിന്റെ മൂന്നാമത്തെ കുഞ്ഞാണ് നാലുവയസ് പിന്നിട്ട മുഹമ്മദ് നിഹാല്‍. 2014 മാര്‍ച്ച് നാലിന് പറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് നിഹാല്‍ പിറന്നത്. പ്രസവം എടുത്ത സമയത്ത് ഡോക്ടര്‍ക്ക് പറ്റിയ കൈപ്പിഴയുടെ തീരാദുഃഖവുമായിട്ടാണ് നാല് വര്‍ഷമായി നവാസിന്റെ കുടുംബം കഴിയുന്നത്. ജനിച്ചിട്ട് ഇതുവരെ നിഹാല്‍ കരയുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എഴുന്നേറ്റു നില്‍ക്കാനും നടക്കാനും കഴിയില്ല.

വലത് കൈക്ക് സ്വാധീനമില്ല. ഇടതു കൈയുടെ ചൂണ്ടാണി വിരല്‍ ഒഴികെ മറ്റു വിരലുകളെല്ലാം മടങ്ങിയിരിക്കുകയാണ്. തലച്ചോറിന് ക്ഷതമുണ്ട്. വായിലൂടെ ഇതുവരെ ആഹാരം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. വെള്ളം വായിലൊഴിച്ചു നല്‍കിയാല്‍ തുമ്മലും മറ്റ് അസ്വസ്ഥതകളു ഉണ്ടാകും. പൊക്കിളിനരികെ വയറ്റില്‍ നിന്നിട്ട ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരമാണ് ഇപ്പോഴും നല്‍കുന്നത്. വയറ്റില്‍ ഒരു സര്‍ജറി നടത്തി. ജൂണ്‍ ഏഴിന് വായില്‍ മറ്റൊരു ഓപ്പറേഷന്‍ നിശ്ചയിച്ചിരിക്കുന്നു.

കുഞ്ഞിന് സംഭവിച്ച ദുരന്തത്തിന്റെ പേരില്‍ നിരവധി ജനകീയ സമരങ്ങള്‍ നടന്നിരുന്നു. ഒടുവില്‍ അന്ന് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് മുന്‍കൈയെടുത്ത് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ചികിത്സാ ചിലവിലേക്ക് നല്‍കി. ശ്രീ ചിത്തിരയില്‍ തുടര്‍ചികിത്സ വാഗ്ദാനം ചെയ്യുകയുമുണ്ടായി.എന്നാല്‍ ശ്രീ ചിത്തിരയില്‍ നിഹാലിന് ആവശ്യമായ ചികിത്സാ സംവിധാനം ഇല്ലാതിരുന്നതിനാല്‍ ഇടപ്പിള്ളി അമൃത ആശുപത്രിയിലാണ് ചികിത്സ നടന്നു വരുന്നത്. ഇത് എത്രനാള്‍ തുടരേണ്ടി വരുമെന്ന് ഒരു രൂപവുമില്ല.

തുടര്‍ച്ചയായ ചികിത്സ മൂലം നേരിയ പുരോഗതി കാണാന്‍ കഴിയുന്നതാണ് ആശ്വാസവും പ്രതീക്ഷയും.ഇപ്പോള്‍ ഇടതുകൈ കുത്തി മുട്ടുകാലില്‍ അല്‍പനേരം ഇരിക്കും. കേള്‍ക്കുന്നവര്‍ക്ക് മനസിലാകില്ലെങ്കിലും ചിലശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഫിസിയോ തെറാപ്പിയും സ്പീച്ചു തെറാപ്പിയും മുടങ്ങാതെ ചെയ്താല്‍ നല്ല മാറ്റം ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒപ്പം ചില ഓപ്പറേഷനുകളും ചെയ്യേണ്ടിവരും. നിഹാലിന് കൊടുക്കുന്ന പ്രത്യേക ആഹാരത്തിന് മാത്രം മാസം നാലായിരം രൂപയോളമാകും. പ്രതിമാസമുള്ള ചെക്കപ്പും തുടര്‍ചികിത്സയും ഉദാരമതികളുടെ സഹായം ഒന്നുകൊണ്ട് മാത്രമാണ് നടന്നുവരുന്നത്.
സ്വന്തമായി വീടുപോലുമില്ലാത്ത കൂലിപ്പണിക്കാരനായ നവാസിന്റെ വരുമാനം ഒന്നിനും തികയില്ല. തുടര്‍ ചികിത്സക്ക് വീണ്ടും ഉദാരമതികളിലേക്ക് ഉറ്റുനോക്കുകയാണ് നവാസും കുടുംബവും.

നീറിക്കോട് മഹല്ല് സെക്രട്ടറി പി.എം. ഹസന്‍ ചെയര്‍മാനും വാര്‍ഡ് മെമ്പര്‍ കാഞ്ചനസോമന്‍ കണ്‍വീനറുമായി നിഹാല്‍ ചികിത്സാസഹായസമിതി രൂപീകരിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് കരുമാല്ലൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 17490100009467,ഐ എഫ് എസ് കോഡ്:എഫ് ഡി ആര്‍ എല്‍ 0001749, ഫോണ്‍: 9656589811.

Ads by Google
Ads by Google
Loading...
TRENDING NOW