Tuesday, May 21, 2019 Last Updated 57 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 30 May 2018 03.13 PM

പ്രസവത്തിന് മുമ്പ് കുഞ്ഞിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍കൂട്ടി അറിയാനാവില്ലേ?

ഗൈനക്കോളജി
uploads/news/2018/05/221478/askdrgalacolgy300518.jpg

''മറുപിള്ള വിട്ടുപോകുന്നവര്‍ക്ക് കൂടുതല്‍ രക്തസ്രാവം കൊണ്ടും രക്തസമ്മര്‍ദം കൂടുന്നതുകൊണ്ടും താല്‍ക്കാലികമായ കിഡ്‌നി തകരാറുകള്‍ വരാം''

കുഞ്ഞിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍കൂട്ടി അറിയാനാവില്ലേ


എനിക്ക് 30 വയസ്. പ്രസവം കഴിഞ്ഞ് ഒന്നര മാസമായി. പറഞ്ഞതിനേക്കാള്‍ രണ്ടു ദിവസം മുമ്പായിരുന്നു പ്രസവം. ചെറിയ തോതില്‍ ബ്ലീഡിംഗ് ഉണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ ലേബര്‍ റൂമില്‍ കയറ്റി. രണ്ടു മണിക്കൂറിനുള്ളില്‍ സിസേറിയന്‍ നടത്തി. കുഞ്ഞിന് മൂന്നു കിലോഗ്രാം തൂക്കമുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞിന് കരളിന് തകരാറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു ദിവസം എന്‍ഐസിയുവില്‍ കിടത്തി. പിറ്റേന്ന് റൂമില്‍ കൊണ്ടുവന്നു. അപ്പോള്‍ കുഞ്ഞിന് മൂത്രം പോകുന്നില്ല എന്ന് കണ്ടതിനെത്തുടര്‍ന്ന് വീണ്ടും എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചു. എനിക്ക് കാലിന് നീരുണ്ടായിരുന്നു. രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടുതലാണെന്നും കിഡ്‌നിക്ക് തകരാറുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയിട്ടും എന്തുകൊണ്ടാണ് കുഞ്ഞിന്റെയും എന്റെയും തകരാറുകള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കാത്തത്? കുഞ്ഞിന് ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കിലും എന്റെ കാലിലെ നീരിന് കുറവില്ല. പ്രസവ ശേഷം സ്ത്രീകള്‍ക്ക് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ പതിവാണോ?
----- ഷീബ രാജീവ് ,നെടുങ്കണ്ടം

ഗര്‍ഭിണിയായിരിക്കുമ്പോള്‍ രക്തസ്രാവം ഉണ്ടാകാനുള്ള രണ്ട് പ്രധാന കാരണങ്ങളാണുള്ളത്. ഒന്ന് പ്ലാസെന്റാ പ്രീവിയ അല്ലെങ്കില്‍ മറുപിള്ള സ്ഥാനം തെറ്റി ഗര്‍ഭാശയമുഖത്തിരിക്കുന്നത്. രണ്ടാമത് മറുപിള്ള ഗര്‍ഭാശയത്തിന്റെ ഭിത്തിയില്‍ നിന്ന് സമയത്തിനു മുമ്പേ വീട്ടുപോകുന്നത്. താങ്കള്‍ക്ക് രണ്ടാമത്തെ കാരണം കൊണ്ടാകാം നേരത്തെ സിസേറിയന്‍ വേണ്ടിവന്നത് എന്നു മനസിലാക്കുന്നു.

എന്നാല്‍ ഇത് നേരത്തെയുള്ള സ്‌കാനിംഗ്‌കൊണ്ടോ, പരിശോധനകൊണ്ടോ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കില്ല. മറുപിള്ള വിട്ടുപോകുന്നവര്‍ക്ക് കൂടുതല്‍ രക്തസ്രാവം കൊണ്ടും രക്തസമ്മര്‍ദം കൂടുന്നതുകൊണ്ടും താല്‍ക്കാലികമായ കിഡ്‌നി തകരാറുകള്‍ വരാം. ഈ തകരാറുകള്‍ ആറ് ആഴ്ച കഴിഞ്ഞിട്ടും ഇവ ശരിയാകുന്നില്ലെങ്കില്‍ ഒരു നെഫ്രോളജിസ്റ്റിനെ കാണേണ്ടതാണ്.

ഗര്‍ഭസ്ഥശിശുവിന്റെ കരളിനോ വൃക്കയ്‌ക്കോ ഉള്ള എല്ലാ തകരാറുകളും നേരത്തേയുള്ള സ്‌കാനിംഗില്‍ കണ്ടെത്തണമെന്നില്ല. കുഞ്ഞ് ജനിച്ച് കഴിഞ്ഞാണ് കരളിന്റെ പ്രവര്‍ത്തനം ആരംഭിച്ച് അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പ്രകടമാവുക. എങ്കിലും അടുത്ത ഗര്‍ഭധാരണത്തിനു മുമ്പ് ഒരു ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടുന്നത് ഉചിതമാണ്.

ഗര്‍ഭധാരണത്തിന് തടസം


എനിക്ക് 35 വയസ്. ഭാര്യയ്ക്ക് 32. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. ഇതുവരെ കുഞ്ഞുങ്ങള്‍ ഉണ്ടായില്ല. ഇതിനിടെ മൂന്നു തവണ ഗര്‍ഭധാരണം നടന്നു. എന്നാല്‍ ആദ്യ മാസങ്ങളില്‍ തന്നെ ഗര്‍ഭം അലസി. പല ഡോക്ടര്‍മാരെയും മാറി മാറി കണ്ടു. പരിശോധനകളും ചികിത്സകളും പലതും നടത്തി. എന്നാല്‍ ഏറ്റവും ഒടുവില്‍ കണ്ട ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഭാര്യയ്ക്ക് ഗര്‍ഭധാരണം ഇനി സാധ്യമല്ലെന്നാണ്. ഗര്‍ഭപാത്രത്തിന് തകരാറുണ്ടെന്ന് പറഞ്ഞു. ഇതു ഞങ്ങളെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. ഏതെല്ലാം സാഹചര്യങ്ങളിലാണ് ഇത്തരത്തില്‍ ഗര്‍ഭധാരണം സംഭവിക്കാതിരിക്കുന്നത്? ഞങ്ങള്‍ക്ക് ഇനി കുഞ്ഞുങ്ങളുണ്ടാകാന്‍ സാധ്യതയില്ലേ?
------ അനില്‍ ,പാലച്ചുവട്

താങ്കള്‍ കത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, എന്തുകൊണ്ടാണ് ഭാര്യയ്ക്ക് ഇനി ഗര്‍ഭധാരണം സാധ്യമല്ല എന്ന് ഡോക്ടര്‍ പറഞ്ഞതെന്ന് വ്യക്തമല്ല. ഗര്‍ഭപാത്രത്തിലുണ്ടാകുന്ന ജന്മനാലുള്ള തകരാറുകള്‍ കൊണ്ട് ഗര്‍ഭം അസലിപ്പോകാനുള്ള സാധ്യത, മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത എന്നിവ കൂടുതലായി കാണാറുണ്ട്.

ഗര്‍ഭപാത്രത്തിലുള്ള പാട (സെപ്റ്റം) ആണ് തടസമെങ്കില്‍ ഓപ്പറേഷന്‍ വഴി അത് നീക്കം ചെയ്യാം. ഇതുവഴി സാധാരണ ഗര്‍ഭധാരണം പ്രതീക്ഷിക്കാവുന്നതാണ്. ചിലര്‍ക്ക് ഗര്‍ഭാശയമുഖ (സെര്‍വിക്‌സ്) ത്തിന് ബലക്കുറവുണ്ടാകുന്നത് മൂലം മാസം തികയുന്നതിന് മുമ്പേ വെള്ളം പോവുകയും പ്രസവിക്കുകയും ചെയ്യും. ഇതിന് വേണ്ടത് ഗര്‍ഭിണിയായിരിക്കുമ്പോഴോ അതിന് മുന്‍പോ സെര്‍വിക്‌സില്‍ സ്റ്റിച്ചിട്ട് ബലപ്പെടുത്തുക എന്നൊരു ചികിത്സാരീതിയുണ്ട്.

യോനീദ്വാരം ചെറുത്


ഞാനൊരു ഡിഗ്രി വിദ്യാര്‍ഥിനിയാണ്. 19 വയസ്. 168 സെന്റീ മീറ്റര്‍ ഉയരമുണ്ട്. മെലിഞ്ഞ ശരീരപ്രകൃതമാണ് എനിക്ക്. വിവാഹാലോചനകള്‍ നടക്കുന്നു. ഇനി ഞാന്‍ എന്നെ അലട്ടുന്ന പ്രശ്‌നത്തിലേക്ക് കടക്കാം. എന്റെ യോനീദ്വാരം വളരെ ചെറുതാണ്. കാഴ്ചയില്‍ തന്നെ വ്യക്തവുമാണ്. സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവച്ചപ്പോള്‍ ഇത് വിവാഹ ജീവിതത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടറെ കാണണമെന്നും പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തിനായി ഞാന്‍ ഇതുവരെ ഡോക്ടറെ കണ്ടില്ല. ചെറിയ യോനീദ്വാരം ലൈംഗിക ബന്ധത്തെയും പ്രസവത്തെയുമൊക്കെ ബാധിക്കില്ലേ? എന്റെ പ്രശ്‌നത്തിന് എന്താണ് പരിഹാരം?
----- ബി.ജെ. എസ് ,ആലുവ

യോനീദ്വാരം സാധാരണ ഹൈമന്‍ എന്നൊരു പാടകൊണ്ട് മൂടപ്പെട്ടിരിക്കും. കന്യാചര്‍മം എന്നറിയപ്പെടുന്ന ഈ പാട ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയം പൊട്ടുന്നു. സ്ഥിരമായി ലൈംഗിക ബന്ധം തുടരുമ്പോള്‍ യോനീദ്വാരം പതിയെ വികസിക്കും. ലൈംഗിക ബന്ധം അനായാസമായിത്തീരുകയും ചെയ്യും. താങ്കളുടെ പ്രശ്‌നത്തില്‍ എന്തെങ്കിലും അസ്വഭാവികതയുണ്ടോ എന്നറിയാന്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്താവുന്നതാണ്.

ആര്‍ത്തവം നിലച്ചിട്ടും രക്തസ്രാവം


എനിക്ക് 49 വയസ്. ആര്‍ത്തവം നിലച്ചിട്ട് ഒന്നര വര്‍ഷമായി. അതിനു ശേഷം പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മാസം യോനിയില്‍ നിന്നും ചെറിയ തോതില്‍ രക്തസ്രാവം ഉണ്ടായി. ആര്‍ത്തവത്തിന് സമാനയിരുന്നു ഇത്. നീറ്റലോ വേദനയോ അനുഭവപ്പെട്ടില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഞാന്‍ ഇതുവരെ ഡോക്ടറെ കണ്ടില്ല? എനിക്ക് വിശദമായ പരിശോധന ആവശ്യമാണോ?
----- ആന്‍സി ,കോട്ടപ്പുറം

മാസമുറ അവസാനിച്ചതിന് ശേഷമുള്ള രക്സ്രാവം പല കാരണങ്ങള്‍കൊണ്ടും ഉണ്ടാകാം. ഗര്‍ഭപാത്രത്തിനുള്ളിലെ കട്ടികുറവുകൊണ്ടോ, യോനിയിലെ വരള്‍ച്ചകൊണ്ടോ രക്തസ്രാവം ഉണ്ടാകാം. പത്തു ശതമാനം പേരില്‍ ഇത് കാന്‍സര്‍ പോലുള്ള തടിപ്പുകള്‍ കൊണ്ടുമാകാം. അതുകൊണ്ട് എത്രയും വേഗം ഡോക്ടറെ കണ്ട് വിശദമായ പരിശോധന നടത്തണം.

ട്രെന്‍ഡി അടിവസ്ത്രങ്ങള്‍


എന്റെ മകള്‍ക്കു വേണ്ടിയാണ് ഈ കത്ത്. അവള്‍ക്ക് 16 വയസ്. പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. അവള്‍ സ്ട്രാപ്‌ലെസ് ബ്രാപോലുള്ള ട്രെന്‍ഡി ആയ അടിവസ്ത്രങ്ങളാണ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഈ പ്രായത്തില്‍ ഇത്തരത്തിലുള്ള ബ്രാ ധരിക്കുന്നത് ആരോഗ്യകരമാണോ? സ്തനഭംഗി നഷ്ടപ്പെടാന്‍ ഇത് ഇടയാക്കുമോ? മകളെ ഇക്കാര്യം എങ്ങനെ പറഞ്ഞ് ബോധ്യപ്പെടുത്തും?
----കെ. ആര്‍. കെ ,ഇരിങ്ങാലക്കുട

ഏതുപ്രായത്തിലായാലും സ്തനങ്ങള്‍ക്ക് ആവശ്യമായ സപ്പോര്‍ട്ട് നല്‍കുന്നരീതിയിലുള്ള ബ്രാ ഉപയോഗിക്കുന്നതാണ് നല്ലത്. കൃത്യമായ അളവിലുള്ള ബ്രാ തെരഞ്ഞെടുക്കാന്‍ കൗമാരപ്രായം മുതല്‍ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണം. അമ്മമാര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതും നല്ലതാണ്.

കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കൗമാരപ്രായത്തില്‍ പുതിയ ഫാഷന്‍ പരീക്ഷണങ്ങളൊക്കെ സ്വാഭാവികമാണ്. എന്നാല്‍ ട്രെന്‍ഡിനൊപ്പം ശരീരത്തിന് ഇണങ്ങിയതും ആരോഗ്യത്തിന് ദോഷം ചെയ്യാത്തതുമായ അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ മകളെ ഓര്‍മ്മിപ്പിക്കുക.

ഡോ. ദിവ്യ ജോസ്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
സൈമര്‍ ഹോസ്പിറ്റല്‍, കൊച്ചി

Ads by Google
Ads by Google
Loading...
TRENDING NOW