Monday, June 24, 2019 Last Updated 11 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 28 May 2018 03.25 PM

മലയാളത്തിന്റെ മുഖശ്രീ

മലയാള സിനിമയിലെ പുതുനായികമാരില്‍ പ്രേക്ഷകപ്രീതി നേടിയ നായികയാണ് അനു സിതാര. അഭിനയ മികവിലൂടെയും ശാലീന സൗന്ദര്യത്തിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായ അനു സിതാരയുടെ സൗന്ദര്യ വിശേഷങ്ങള്‍...
uploads/news/2018/05/220874/StarHealthanusithra280518.jpg

'രാമന്റെ ഏദന്‍ തോട്ടം' എന്ന ചിത്രത്തിലൂടെ അനു സിതാര വളരെ പെട്ടെന്നാണ് പ്രേക്ഷക മനസുകളില്‍ ഇടം നേടിയത്. വിടര്‍ന്ന കണ്ണുകള്‍. മുഖത്ത് വിരിയുന്ന നറു പുഞ്ചിരി. ശാലീന സൗന്ദര്യത്തിന്റെ മലയാളി സങ്കല്‍പമായ അനു സിതാരയുടെ ആരോഗ്യ സൗന്ദര്യ വിശേഷങ്ങള്‍

പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണമുണ്ട്


സൗന്ദര്യ സംരക്ഷണത്തിനായി കൂടുതല്‍ സമയം ചെലവിടാറൊന്നുമില്ല. സമയം കിട്ടുന്നതനുസരിച്ച് ചെറിയ പൊടികൈകള്‍ ചെയ്യും. അതും വീട്ടില്‍ തന്നെ ചെയ്യാവുന്നവ. സൗന്ദര്യസംരക്ഷണത്തെക്കുറിച്ചോര്‍ത്ത് ടെന്‍ഷനില്ല. വീട്ടിലുള്ളപ്പോള്‍ മുഖത്ത് വെള്ളരിക്ക നീര് അരച്ച് പുരട്ടും.

അതൊക്കെ മമ്മിയുടെ രഹസ്യക്കൂട്ടുകളാണ്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ മമ്മിയാണ് സൗന്ദര്യസംരക്ഷണത്തിനു നിര്‍ബന്ധിക്കാറുള്ളത്. വെള്ളരിക്ക നീര്് മുഖത്ത് പുരട്ടി വയ്ക്കും. പത്ത് മിനിറ്റ് കഴിഞ്ഞ് ചെറുതായി ഉണങ്ങി തുടങ്ങുമ്പോള്‍ കഴുകി കളയും.

സ്‌കിന്‍ ഫ്രഷ് ആകുകയും ചെയ്യും ചര്‍മ്മത്തിനു നല്ല തണുപ്പും കിട്ടും. വീട്ടില്‍ കിട്ടുന്ന പഴങ്ങളും വെള്ളരിക്കയുമൊക്കെ ഉപയോഗിച്ചുള്ള സൗന്ദര്യ സംരക്ഷണങ്ങളെ ഇതുവരെ പരീക്ഷിച്ചിട്ടുള്ളൂ. ക്രീമൊന്നും ഉപയോഗിക്കാറേയില്ല. ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത് പുരികം ത്രെഡ് ചെയാന്‍ മാത്രമാണ്. മുഖത്തെക്കാള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് മുടിയുടെ സംരക്ഷണമാണ്.

മുടിയുടെ സംരക്ഷണത്തിനു കറ്റാര്‍ വാഴ വെറുതെ മുടിയില്‍ തേച്ച് കുറച്ചു നേരം നില്‍ക്കാറുണ്ട്. അപ്പോള്‍ തലയ്ക്ക് നല്ല തണുപ്പ് കിട്ടും. ക്ഷീണമൊക്കെ മാറും. കുറച്ച് സമയത്തിനു ശേഷം തല കഴുകും. മുടിയില്‍ എണ്ണ സ്ഥിരമായി വയ്ക്കാറില്ല. അതും പ്രത്യേകം തയാറാക്കിയ എണ്ണ എന്നൊന്നുമില്ല.

സമയം കിട്ടുന്നതനുസരിച്ച് തലയില്‍ എണ്ണ തേച്ച് മസാജ് ചെയ്യാറുണ്ട്. മുടി മസാജ് ചെയ്യുന്നത് നല്ലതാണല്ലോ. മുടി വരണ്ടതാകുന്നു എന്നു തോന്നുമ്പോള്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ പുരട്ടാറുണ്ട്. മൈല്‍ഡ് ഷാംപു മാത്രമേ ഉപയോഗിക്കാറുള്ളൂ.

uploads/news/2018/05/220874/StarHealthanusithra280518a.jpg

മേക്കപ്പ് താല്‍പര്യമില്ല


സിനിമയില്‍ മാത്രമേ മേക്കപ്പ് ഉപയോഗിക്കാറുള്ളൂ. എനിക്ക് മേക്കപ്പ് ഒട്ടും താല്‍പര്യമില്ല. കുട്ടിക്കാലം മുതലേ കണ്ണെഴുതാറുണ്ട്. ആകെയുള്ള ഒരുക്കം കണ്ണെഴുതുന്നതാണ്. സിനിമയില്‍ മേക്കപ്പ് ചെയ്യാതെ പറ്റില്ലല്ലോ. '

സര്‍വോപരി പാലാക്കാരന്‍' എന്ന ചിത്രത്തില്‍ എന്റെ കഥാപാത്രത്തിനു മേക്കപ്പ് കൂടുതലായിരുന്നു. മുഖത്ത് ചെറിയ കുരുക്കള്‍ വന്നപ്പോള്‍
മേക്കപ്പ് അലര്‍ജിയാണെന്നു മനസിലായി. അതിനു ശേഷം മേക്കപ്പ് നീക്കം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കും.

മുഖത്ത് വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ച് ഫെയ്‌സ് വാഷ് കൊണ്ട് കഴുകിയാണ് മേക്കപ്പ് കളയുന്നത്. എണ്ണ നന്നായി കഴുകി കളഞ്ഞ്, മോയ്‌സ്ചറൈസര്‍ പുരട്ടും. ബ്രാന്‍ഡഡ് കോസ്‌മെറ്റിക്‌സ് മാത്രമേ ഉപയോഗിക്കാറുള്ളൂ.

ഇഷ്ടവസ്ത്രം സാരിയാണ്. അതുപോലെ തന്നെ സല്‍വാര്‍ ഇഷ്ടമാണ്. എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള എല്ലാ വസ്ത്രങ്ങളും ധരിക്കാറുണ്ട്. മുന്‍പ് ജീന്‍സ് ധരിക്കുമായിരുന്നു.

പിന്നീട് ജീന്‍സ് എനിക്ക് ഇണങ്ങുന്ന വസ്ത്രമല്ലെന്നു മനസിലായി. ഇപ്പോള്‍ ജീന്‍സ് ഉപയോഗിക്കാറില്ല. എനിക്ക് അനുയോജ്യമാണെന്നു തോന്നുന്ന വസ്ത്രങ്ങളെല്ലാം എനിക്ക് ഇഷ്ടമാണ്.

നൃത്തം പ്രധാന വ്യായാമം


ഇഷ്ട വിനോദവും വ്യായാമവും നൃത്തമാണ്. അമ്മ ഡാന്‍സ് ടീച്ചറാണ്. അതുകൊണ്ട് കുട്ടിക്കാലം മുതല്‍ ഡാന്‍സ് എനിക്ക് ഇഷ്ടമാണ്. മൂന്ന് വയസുമുതല്‍ അമ്മയാണെന്നെ നൃത്തം പഠിപ്പിച്ചത്.

ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കലാമണ്ഡലത്തില്‍ ചേര്‍ന്ന് ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചു. നൃത്തത്തോടുള്ള എന്റെ താലപര്യം കുട്ടിക്കാലത്തേ ഉള്ളതാണ്. സമയം കിട്ടുമ്പോഴൊക്കെ പ്രാക്ടീസ് ചെയ്യാറുണ്ട്. എന്റെ പ്രധാന വ്യായാമവും നൃത്തമാണ്.

uploads/news/2018/05/220874/StarHealthanusithra280518b.jpg

ശരീരഭാരം നിയന്ത്രിക്കണമെന്ന് തോന്നുമ്പോള്‍ ഞാന്‍ ഡാന്‍സ് തന്നെയാണ് പ്രാക്ടീസ് ചെയ്യാറുള്ളത്. ശരീരഭാരം 56 കിലോയില്‍ കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഭാരം കൂടിയെന്നു തോന്നുമ്പോള്‍ ഡാന്‍സ് നന്നായി പ്രാക്ടീസ് ചെയ്യും.

അരമണിക്കൂര്‍ ഡാന്‍സ് ചെയ്താല്‍ അതു നല്ലൊരു വ്യായാമമാണ്. മറ്റ് വ്യായാമങ്ങളൊന്നും ചെയ്യാറില്ല. ഒരാഴ്ച തുടര്‍ച്ചയായി ഡാന്‍സ് ചെയ്യാറുണ്ട്. അതുകൊണ്ട് ശരീരഭാരം കൂടിയാലും മറ്റ് വ്യായാമങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല.

എനിക്ക് ശരീരഭാരം നിയന്ത്രിക്കാന്‍ ഏറ്റവും കൂടുതല്‍ സഹായകമാകുന്നത് ഡാന്‍സ് തന്നെയാണ്. പക്ഷേ അതൊരു വ്യായാമം മാത്രമല്ല, എനിക്ക് ഇഷ്ടമുള്ള ഹോബി കൂടിയാണ് ഡാന്‍സ്.

വീട്ടില്‍ നിന്നും പൂര്‍ണ പിന്തുണയുണ്ട്


അച്ഛനും അമ്മയും കലയെ സ്‌നേഹിക്കുന്ന വ്യക്തികളാണ്. അതുകൊണ്ട് എനിക്ക് അവരുടെ പൂര്‍ണ പിന്തുണയുണ്ട്. അച്ഛന്‍ അബ്ദുള്‍ സലാം കലാകാരനാണ്. നാടകത്തില്‍ അഭിനയിക്കുന്നുണ്ട്.

അമ്മ നൃത്ത അധ്യാപികയും. അതുകൊണ്ട് അച്ഛന്റെയും അമ്മയുടെയും സപ്പോര്‍ട്ട് കുട്ടിക്കാലം മുതല്‍ എനിക്ക് ലഭിക്കുന്നുണ്ട്. ഇപ്പോള്‍ അനിയത്തിയും എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. വിവാഹത്തിനു ശേഷം ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബവും എന്നെ നന്നായി പിന്തുണയ്ക്കാറുണ്ട്. അവരുടെയൊക്കെ സപ്പോര്‍ട്ടാണ് ഓരോ പ്രോജക്്ടും ഏറ്റെടുക്കാനുള്ള ധൈര്യം നല്‍കുന്നത്.

ഒഴിവു സമയം നൃത്ത വിദ്യാലയത്തില്‍


നൃത്തത്തില്‍ അമ്മയാണ് എന്റെ ആദ്യ ഗുരു. അമ്മയില്‍നിന്നും പഠിച്ചു തുടങ്ങിയെങ്കിലും കലാമണ്ഡലത്തില്‍ ചേര്‍ന്നതോടെയാണ് നൃത്തം ഗൗരവമായി കണ്ടുതുടങ്ങിയത്. ഞാനൊരു നര്‍ത്തകിയാകണമെന്നത് അമ്മയുടെ ആഗ്രഹമാണ്.

പക്ഷേ പ്ലസ്ടുവിനു ഇഷ്ടവിഷയം തിരഞ്ഞെടുക്കാന്‍ കഴിയാതെ വന്നു. പിന്നെ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതിനുള്ള സങ്കടം കൊണ്ടും മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ കലാമണ്ഡലം വിട്ടു. എങ്കിലും നൃത്തം ഉപേക്ഷിച്ചിട്ടില്ല.

മോഹിനിയാട്ടമായിരുന്നു എനിക്കിഷ്ടം. കേരളത്തിന്റെ തനതു കലാരൂപമായതു കൊണ്ട് കൂടുതല്‍ പുരാണകഥകളും ചരിത്രകഥകളുമൊക്കെ അറിയാന്‍ നൃത്തം സഹായിച്ചിട്ടുണ്ട്. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ നൃത്തത്തില്‍ മാത്രം ശ്രദ്ധിക്കുമായിരുന്നു.

നൃത്തത്തോടുള്ള താല്‍പര്യം ഉപേക്ഷിക്കാനാകത്തതുകൊണ്ട് വയനാട്ടില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. നവരസ എന്നാണ് സ്‌കൂളിന്റെ പേര്. ഇപ്പോള്‍ സിനിമയില്‍ തിരക്കായപ്പോള്‍ അമ്മയാണ് സ്‌കൂള്‍ നോക്കി നടത്തുന്നത്. ഷൂട്ടില്ലാത്തപ്പോള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് നവരസയിലാണ്.

uploads/news/2018/05/220874/StarHealthanusithra280518c.jpg

ആഹാരചിട്ടകളില്ല


പ്രത്യേകിച്ച് ഭക്ഷണക്രമങ്ങളൊന്നും തന്നെയില്ല. എല്ലാ തരം ഭക്ഷണങ്ങളും കഴിക്കാറുണ്ട്. ഭക്ഷണ നിയന്ത്രണവും ഒട്ടും തന്നെയില്ല. ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം നന്നായി ആസ്വദിച്ച് കഴിക്കാറുണ്ട്. എണ്ണയുള്ളതാണെന്നോ കൊഴുപ്പുള്ളതാണെന്നോ കരുതി ഭക്ഷണം ഒഴിവാക്കാറില്ല.

ചോറും മീന്‍കറിയും വളരെ ഇഷ്ടമാണ്. മമ്മിയുണ്ടാക്കുന്ന ചോറും മുളകിട്ട മീന്‍കറിയുമാണ് എന്റെ പ്രിയപ്പെട്ട ഭക്ഷണം. അതുകൊണ്ട് ഭക്ഷണം നന്നായി കഴിക്കാറുണ്ട്. ശരീരഭാരം നിയന്ത്രിക്കാന്‍ ഭക്ഷണം ഒഴിവാക്കാറുമില്ല.

ചോറും മറ്റ് നാടന്‍ ഭക്ഷണങ്ങളുമൊക്കെ കഴിക്കും. പക്ഷേ അമിതമായി കഴിക്കാറില്ല. വയറു നിറയുന്നതാണ് കണക്ക്്. ചിക്കന്‍, ഫിഷ്, സാമ്പാര്‍, കൂണ്‍ ഇവയൊക്കെ പാകം ചെയ്യാറുണ്ട്. പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കും. മധുരപലഹാരങ്ങളോട് വലിയ താല്‍പര്യമില്ല. ഓര്‍ഗാനിക് പഴങ്ങളും പച്ചക്കറികളുമാണ് സാധാരണ ഞാന്‍ ഉപയോഗിക്കാറുള്ളത്.

ചില ഫ്രൂട്ട്‌സും പച്ചക്കറികളും പുറത്തുനിന്നും വാങ്ങിയത് കഴിക്കുമ്പോള്‍ അലര്‍ജി ഉണ്ടാകാറുണ്ട്. അതുകൊണ്ട് പച്ചക്കറികളും പഴങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മരുന്നുകള്‍ അടിക്കാത്ത പച്ചക്കറികളും പഴങ്ങളും കിട്ടിയാല്‍ അതല്ലേ നല്ലത്.

ഇപ്പോള്‍ ഞാന്‍ ഓര്‍ഗാനിക് പച്ചക്കറികളും പഴങ്ങളുമാണ് വാങ്ങിക്കുന്നത്. തിരക്കുകളൊക്കെ കഴിഞ്ഞു ഫ്രീയാകുമ്പോള്‍ എന്റെ നാട്ടില്‍ തന്നെ ചെറിയ രീതിയില്‍ കൃഷി തുടങ്ങണമെന്ന് ആഗ്രഹമുണ്ട്.

തയാറാക്കിയത് :
നീതു സാറാ ഫിലിപ്പ്

Ads by Google
Ads by Google
Loading...
TRENDING NOW