Thursday, July 11, 2019 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
എം. ആര്‍. കൃഷ്ണന്‍
Sunday 27 May 2018 05.53 PM

ഉമ്മന്‍ചാണ്ടിയെ നാടുകടത്തിയത് ചെന്നിത്തലയ്ക്ക് കൊടുത്ത പണി? ചെങ്ങന്നൂരിലേയ്ക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് വിളിച്ച രാഹുല്‍ഗാന്ധി പ്രവര്‍ത്തകസമിതിയുടെ കാര്യം ചൂണ്ടിക്കാട്ടിയിട്ട് ഉമ്മന്‍ചാണ്ടിയെ ജൂനിയര്‍ നേതാക്കളെപ്പോലെ വെറും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കി അപമാനിച്ചുവെന്ന വികാരം എ ഗ്രൂപ്പിനുള്ളിലുണ്ട്. പ്രവര്‍ത്തകസമിതിയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ലെങ്കില്‍ അത് മറനീക്കി പുറത്തുവരികയുംചെയ്യും.
Oommen Chandy,  Andhra Pradesh

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ കേരളത്തിലെ പാര്‍ട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തിയത് സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന വ്യക്തിയെന്നതിലുപരി രാഷ്ട്രീയതന്ത്രങ്ങള്‍ ചമയ്ക്കുന്നതില്‍ കേരളത്തിലെ മുമ്പന്മാരില്‍ ഒരാള്‍ കൂടിയാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെ കേരളത്തില്‍ നിന്നും നാടുകടത്തുന്നതുപോലെ മാറ്റിയത് വലിയ പ്രതിസന്ധികള്‍ക്ക് വഴിവയ്ക്കും. പ്രതിപക്ഷനേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയ്ക്ക് എതിരുണ്ടാകാതിരിക്കാനായുള്ള നീക്കം ഇതിന് പിന്നിലുണ്ടെന്ന് ഇപ്പോള്‍ തന്നെ എ ഗ്രൂപ്പിനുള്ളില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് വിളിച്ച രാഹുല്‍ഗാന്ധി പ്രവര്‍ത്തകസമിതിയുടെ കാര്യം ചൂണ്ടിക്കാട്ടിയിട്ട് ഉമ്മന്‍ചാണ്ടിയെ ജൂനിയര്‍ നേതാക്കളെപ്പോലെ വെറും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കി അപമാനിച്ചുവെന്ന വികാരം എ ഗ്രൂപ്പിനുള്ളിലുണ്ട്. പ്രവര്‍ത്തകസമിതിയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ലെങ്കില്‍ അത് മറനീക്കി പുറത്തുവരികയുംചെയ്യും.

സംസ്ഥാനത്ത് ഇനി രണ്ടു അധികാരകേന്ദ്രങ്ങള്‍ വേണ്ടെന്ന ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ് ഇതിന് പിന്നിലുള്ളത്. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുകയാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതിനിടയില്‍ മറ്റുതരത്തിലുള്ള ഒരു ഇടപെടലും ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നില്ല. അതിനിടയിലാണ് ഇന്നലെ പത്രസമ്മേളനം നടത്തി ചെങ്ങന്നൂര്‍ ഫലം പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചത്. ഇത് ഐ ഗ്രൂപ്പിനേയും വല്ലാതെ പ്രതിസന്ധിയിലാക്കി. അതാണ് അധികം വൈകാതെ തെരഞ്ഞെടുപ്പിന്റെ അവസാനദിവസം തന്നെ ഉമ്മന്‍ചാണ്ടിയെ ആന്ധ്രയിലേക്ക് നാടുകടത്തിയിരിക്കുന്നത്.

പാര്‍ട്ടി തീര്‍ത്തും നാമാവശേഷമായിരിക്കുന്ന ആന്ധ്രപോലൊരു സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയെപ്പോലൊരു നേതാവിനെ പറഞ്ഞുവിടുന്നത് അദ്ദേഹത്തെ ഒതുക്കുന്നതിന്റെ ഭാഗമായി തന്നെയാണ്. ഇതോടെ കേരളത്തിലെ ഒരു കാര്യത്തിലും കാര്യക്ഷമമായി ഇടപെടാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ല. കഠിനപ്രയത്‌നവും പൂര്‍ണ്ണസമയവും ആന്ധ്രയില്‍ ചെലവഴിക്കാതെ അവിടെ പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ പറ്റുകയുമില്ല. ആ സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ നിയന്ത്രണവും ഉമ്മന്‍ചാണ്ടിക്ക് നഷ്ടമാകുകയാണ്. ഇതോടെ രമേശ് ചെന്നിത്തല മാത്രമാകും അധികാരകേന്ദ്രം. കെ.പി.സി.സി പ്രസിഡന്റായി മറ്റൊരു കരുത്തനായ നേതാവ് വന്നില്ലെങ്കില്‍ രമേശിന്റെ അധികാരം ആരും ചോദ്യം ചെയ്യുകയുമില്ല. ഇത് രേമശ് ചെന്നിത്തലയ്ക്ക് നല്‍കിയിരിക്കുന്ന ഒരു അവസരമാണ്.

അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷവയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇവിടെ അവര്‍ പ്രതീക്ഷിക്കുന്ന വിജയം കൈവരിക്കാന്‍ ഒരു ഇടപെടലുമില്ലാത്ത ശക്തമായ അധികാരം രമേശിന് നല്‍കിയിരിക്കുകയാണ്. ഫലം വിപരീതമായാല്‍ അതിന്റെപരിണിതഫലവും ശക്തമായിരിക്കും.

ഉമ്മന്‍ചാണ്ടികൂടി പോകുന്നതോടെ യു.ഡി.എഫ് ദുര്‍ബലമാകുമോ എന്നുള്ളതാണ് ഇനി കാണാനുള്ളത്. ഇതോടെ യു.ഡി.എഫിന്റെ പ്രധാന ശക്തിസ്രോതസുകളായിരുന്ന മൂന്ന് നേതാക്കളും കളംമാറുകയാണ്. യു.ഡി.എഫിന് പുതിയ നേതൃത്വമാണ് ഇനി ഉയര്‍ന്നുവരുന്നത്. നേരത്തെ തന്നെ കെ.എം. മാണി യു.ഡി.എഫ് വിട്ടുപോയിരുന്നു. അതിനുശേഷം പി.കെ. കുഞ്ഞാലിക്കുട്ടിയും തന്റെ പ്രവര്‍ത്തനകേന്ദ്രം ദേശീയതലത്തിലേക്ക് മാറ്റി. ഇപ്പോള്‍ പ്രധാന ആസൂത്രകനായ ഉമ്മന്‍ചാണ്ടിയും പോകുന്നു. ഇതോടെ യു.ഡി.എഫിലും പ്രതിസന്ധി ശക്തമാകുകയാണ്.

ഉമ്മന്‍ചാണ്ടി കേരളംവിടുന്നുവെന്ന് കരുതി അദ്ദേഹം എല്ലാം നഷ്ടപ്പെടുത്തുകയില്ല. മൗനിയായിരുന്നുകൊണ്ട് അടുത്ത തന്ത്രം മെനയുകയായിരിക്കും അദ്ദേഹം ചെയ്യുക. അത് ഐ ഗ്രൂപ്പിന് വലിയ തിരിച്ചടിയുമാകും. ഇപ്പോള്‍ ഇന്നത്തെ നിലയില്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്ക്ക് ഏതിരുണ്ടാവില്ല. എന്നാല്‍ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഫലം മറിച്ചായാല്‍ ആ പ്രതീക്ഷ നഷ്ടപ്പെടും. അതായിരിക്കും ഉമ്മന്‍ചാണ്ടി ഇനി ഉറ്റുനോക്കുക. നാളെ വോട്ടെടുപ്പ് നടക്കേണ്ട ചെങ്ങന്നൂരില്‍ തന്നെ ഇത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ നാടുകടത്തിയെന്ന പ്രതീതിയാണ് പൊതുവില്‍ അവിടെയുണ്ടായിരിക്കുന്നത്. അതുണ്ടാക്കുന്ന പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും അവിടെ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW