Thursday, November 15, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
ആര്‍. സുരേഷ്
Sunday 27 May 2018 08.17 AM

വാറ്റ് കുടിശികയ്ക്ക് കോടതി വിലക്ക് വന്നതോടെ ചെറുകിടക്കാരെ ലക്ഷ്യമിട്ട് നികുതി വകുപ്പ്

uploads/news/2018/05/220577/VAT.jpg

തിരുവനന്തപുരം: വാറ്റ് നികുതിക്കാലത്തെ കുടിശിക പിരിക്കുന്നതു ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തില്‍ ചെറുകിട വ്യാപാരികളെ ലക്ഷ്യമിട്ടു നികുതിവകുപ്പ്. വാറ്റ് നികുതി കുടിശിക പിരിച്ചെടുക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതിനാല്‍ നൂറോളം വന്‍കിടക്കാരുടെ കുടിശിക പിരിച്ചെടുക്കാനാവാത്ത ഗതികേടിലാണ് വകുപ്പ്.

ജി.എസ്.ടി. നിലവില്‍ വന്നതിനാല്‍ വാറ്റ് കുടിശിക പിരിക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുന്നതുകൊണ്ട് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമാണു നേരിടേണ്ടിവരുന്നത്. നൂറിലധികം വമ്പന്മാര്‍ക്ക് വാറ്റുമായി ബന്ധപ്പെട്ട് കോടതി സ്റ്റേ ഉത്തരവുകള്‍ നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ചെറുകിടക്കാര്‍ക്ക് നോട്ടീസ് നല്‍കി നികുതി പിരിച്ചെടുക്കാനാണ് കഴിഞ്ഞമാസം ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ നല്‍കിയ നിര്‍ദേശം. ഇത്തരത്തില്‍ നോട്ടീസുകള്‍ അയച്ചുതുടങ്ങിയതായാണ് വിവരം.

ചരക്കുസേവന നികുതി(ജി.എസ്.ടി) നിലവില്‍ വന്നതുകൊണ്ട് മുന്‍പുണ്ടായിരുന്ന മൂല്യവര്‍ധിതനികുതി(വാറ്റ്) നിയമത്തിന് പ്രാബല്യമില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹൈക്കോടതിക്കു മുമ്പാകെ വ്യാപാരികളുടെ കേസ് പരിഗണനയ്ക്കുവന്നപ്പോള്‍ ജി.എസ്.ടിയിലെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അഭിഭാഷകന് പ്രതിരോധിക്കാന്‍ സാധിക്കാതിരുന്നതും വീഴ്ചയായി. ഇതിനെതിരേ കേന്ദ്ര ജി.എസ്.ടി വകുപ്പ് തന്നെ സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്.

സുപ്രീംകോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ചാല്‍പോലും ലഭിക്കേണ്ട വന്‍ നികുതി കുടിശിക പിരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കേരളം. ജി.എസ്.ടി നിയമം നിലവില്‍ വരുംമുമ്പ് ഇവ പിരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാതിരുന്നതാണു വിനയായത്.

അന്ന് ഒരു നോട്ടീസെങ്കിലും നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ നടപടികളുമായി മുന്നോട്ടുപോകാമായിരുന്നു. ഈ സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ടുപോകാനാവാത്ത ചെറുകിടക്കാരെ ലക്ഷ്യമിടുന്നത്.ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ തന്നെ വാറ്റ് കുടിശിക പിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കുടിശിക പിരിക്കുന്നതിന് മുന്നോടിയായി ആശ്വാസപദ്ധതികളും പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ഭൂരിപക്ഷം വ്യാപാരികളും സഹകരിക്കാത്ത സാഹചര്യത്തിലാണ് കുടിശിക പിരിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കിയത്. ഒരു സാമ്പത്തികവര്‍ഷം ഒരു വര്‍ഷത്തെ കുടിശിക എന്ന നിലയിലായിരുന്നു നടപടികള്‍ നീക്കിയത്.

മൊത്തം അഞ്ചുവര്‍ഷത്തെ കുടിശികയായി 20000 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. ആശ്വാസപദ്ധതി ഫലം കണ്ടിരുന്നെങ്കില്‍ 7000 കോടി രൂപയെങ്കിലും കുടിശികയായി ലഭിക്കുമായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഒരു നോട്ടീസ് പോലും അയക്കാത്ത സാഹചര്യത്തില്‍ നടപടികളുമായി മുന്നോട്ടുപോകാനാകാതെ വലയുകയാണ് നികുതിവകുപ്പ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW