Friday, April 19, 2019 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 27 May 2018 01.39 AM

വെളിച്ചമുള്ള മുഖം

uploads/news/2018/05/220567/re4.jpg

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന കാര്യമാണ്‌. ഞാനും മകനും കൂടി കടയില്‍ സാധനം വാങ്ങാന്‍ പോയി. ചെന്ന്‌ കയറിയപ്പോള്‍ അവിടുത്തെ ആളുകളുടെ ഇടപെടല്‍ എന്നെ വളരെ ചിന്തിപ്പിച്ചു. അപ്പോള്‍ സമയം വൈകിട്ട്‌ ആറു കഴിഞ്ഞിരുന്നു. പകലത്തെ മുഴുവന്‍ അധ്വാനം കഴിഞ്ഞാണ്‌ അവര്‍ ഇരിക്കുന്നതെങ്കിലും യാതൊരു ക്ഷീണമോ, പരിഭവമോ, ബുദ്ധിമുട്ടോ അവരുടെ മുഖത്ത്‌ കാണാന്‍ കഴിഞ്ഞില്ല. എന്തുവേണം എന്നു ചോദിച്ചുകൊണ്ട്‌ ആ കടയിലെ ചുമതലപ്പെട്ട വ്യക്‌തി എന്റെ അടുത്തേക്കു വന്നു. ഞങ്ങളെ സഹായിക്കാനുള്ള മനഃസ്‌ഥിതിയും സന്തോഷവും കൊണ്ട്‌ നിറഞ്ഞ അയാളുടെ മുഖത്തുനിന്ന്‌ അത്‌ പ്രതിഫലിപ്പിക്കുന്ന ചിരിയും പ്രസന്നതയും അലയടിച്ചു. അയാളുടെ മുഖത്ത്‌ എഴുതി വച്ചിരിക്കുന്നത്‌, ഒരു കുഴപ്പവുമില്ല, എന്തുവേണം. എന്തുവേണമെങ്കിലും ചെയ്‌തുതരാം, എന്താണ്‌ അറിയേണ്ടത്‌ എന്നൊക്കെയാണ്‌.
അങ്ങനെ ആകപ്പാടെ ഒരു നല്ല അന്തരീക്ഷം അവര്‍ ആ കടയില്‍ സൃഷ്‌ടിക്കുന്നു. ഇരുട്ട്‌ അല്ല, വെളിച്ചം പരത്തുന്ന മുഖം, പ്രതികരണം, വാക്കുകള്‍, അതാണ്‌ അവരില്‍ നിന്നും പുറപ്പെടുന്നത്‌.
സന്തോഷിക്കുന്ന ഒരു വ്യക്‌തി തങ്ങളില്‍ തന്നെ സമാധാനവും സംതൃപ്‌തിയും അനുഭവിക്കുന്ന ആളാണ്‌. ഇങ്ങനെയുള്ളവര്‍ക്കാണ്‌ മറ്റുള്ളവര്‍ക്ക്‌ അനുഗ്രഹം പകരുവാന്‍ കഴിയുന്നത്‌.
ചിലരുടെ മുഖം കണ്ടാല്‍ എപ്പോഴും ദുഃഖ ഭാവമാണ്‌. മറ്റുള്ളവര്‍ക്ക്‌ സന്തോഷം പകര്‍ന്നു കൊടുക്കാനോ, അവരുടെ ജീവിതം മെച്ചപ്പെടുത്തുവാനോ, തങ്ങള്‍ ആയിരിക്കുന്ന ഭവനത്തില്‍ വെളിച്ചം പകര്‍ന്നു കൊടുക്കുവാനോ ഇങ്ങനെയുള്ളവര്‍ക്ക്‌ കഴിയുകയില്ല!
എണ്ണയില്ലാതെ കരിന്തിരി എരിയുന്ന ഒരു വിളക്കിന്‌ മറ്റുള്ളതിലേക്ക്‌ വെളിച്ചം പകര്‍ന്നു കൊടുക്കുവാന്‍ കഴിയുകയില്ല.
പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു തിരി, കണ്ണിലും മൂക്കിലും ചെവിയിലുമെല്ലാം അസ്വസ്‌ഥത ഉണ്ടാക്കും. പിന്നെ തുമ്മലും ചീറ്റലുമൊക്കെ ആരംഭിക്കും. വെള്ളം കോരിയൊഴിച്ച്‌ ഇത്‌ കെടുത്തിയാല്‍ മതിയായിരുന്നു എന്നു പറഞ്ഞു പിന്നെ ഓട്ടമാണ്‌.
വീട്ടില്‍ വെളിച്ചമില്ലെങ്കില്‍, വേണ്ടവണ്ണം നല്ല പ്രകാശത്തോടെ ബള്‍ബ്‌ കത്തുന്നില്ല എങ്കില്‍, എന്തോ ഒരു വല്ലാത്ത അസ്വസ്‌ഥതയല്ലേ? വ്യക്‌തി ജീവിതത്തിലും ഇതുതന്നെയാണ്‌ സംഭവിക്കുന്നത്‌. വീട്ടിലോ, നാട്ടിലോ, ഓഫീസിലോ, എവിടെയായിരുന്നാലും ചില വ്യക്‌തികളുടെ മുഖം മ്ലാനമായിരിക്കും. അവരുടെ സംസാരം, പ്രതികരണം ഇവയെല്ലാം ഒന്നും നടക്കാന്‍ പോണില്ല എന്ന മട്ടിലാണ്‌. എന്നാല്‍ ചിലരുടെ മുഖത്ത്‌ എഴുതിവച്ചിരിക്കുന്നത്‌ കുഴപ്പമില്ല എന്നാണ്‌. അവരുടെ ചിരിയും സന്തോഷവും സ്വീകരണവുമെല്ലാം, കുഴപ്പമില്ല, ഞാന്‍ നിങ്ങളെ സഹായിക്കാം എന്ന്‌ വിളിച്ചറിയിക്കുന്നതുപോലെയാണ്‌.
ചില ഓഫീസുകളില്‍, ഗവണ്‍മെന്റ്‌ ആശുപത്രിയില്‍, ബസ്‌ സ്‌റ്റേഷനില്‍, ചില തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍, സര്‍ക്കാര്‍ ഓഫീസുകളില്‍ ഒക്കെ ചെല്ലുമ്പോള്‍, അവിടെ ഇരിക്കുവാന്‍ പോലും തോന്നുകയില്ല. കാരണം, അവിടെ ജോലി ചെയ്യുന്ന ആ ക്ലാര്‍ക്കിന്റെ, ആ ഉദ്യോഗസ്‌ഥന്റെ മുഖം കണ്ടാലറിയാം, സംഗതി ആകപ്പാടെ കുഴപ്പമാണെന്ന്‌. ആരെയോ കടിച്ചുകീറാന്‍ ഇരിക്കുന്നതു പോലെയുണ്ടാകും. മുഖമെല്ലാം വീര്‍ത്ത്‌ നിങ്ങള്‍ ഏതാണ്ട്‌ അവരോടു ചെയ്‌തതു പോലെയാണ്‌. കഴുതയുടെ മുഖം പോലെ ഗൗരവത്തിലുള്ള ഇരുപ്പു കണ്ടാല്‍ പേടി തോന്നും. ബൈബിളിലെ സദൃശവാക്യങ്ങളില്‍ ഇങ്ങനെ കാണുന്നു, 'സന്തുഷ്‌ടഹൃദയം നല്ല ഒരു ഔഷധമാകുന്നു; തകര്‍ന്ന മനസോ അസ്‌ഥികളെ ഉണക്കുന്നു.'
മനഃപൂര്‍വമായി, ഞാന്‍ സന്തോഷത്തില്‍ ജീവിക്കും എന്ന്‌ ഹൃദയത്തില്‍ തീരുമാനമെടുക്കണം; എന്റെ ജീവിതം, ദുഃഖത്തിന്റെയും തകര്‍ച്ചയുടെയും, അയ്യോ, വയ്യേ, എന്നു പറഞ്ഞു ജീവിക്കുന്ന ജീവിതമാകരുത്‌. പിന്നെയോ എന്നെ കാണുന്നവര്‍ എന്റെ സംസാരം, മുഖഭാവം എന്നിവയില്‍ നിന്ന്‌ മനസിലാക്കണം, ഞാന്‍ സ്‌നേഹിക്കുന്ന വ്യക്‌തി എന്ന്‌. എന്റെ ചിരിക്കുന്ന മുഖവും നല്ല വാക്കുകളും അത്‌ അവരെ ബോധ്യപ്പെടുത്തണം. വിമര്‍ശനവും കുറ്റം പറച്ചിലും താഴ്‌ത്തിക്കെട്ടലും ജീവിതത്തെ ധന്യമാക്കുകയില്ല. നാം ഏതു സാഹചര്യത്തില്‍ ജീവിക്കുന്നവരായാലും മറ്റുള്ളവര്‍ക്ക്‌ സന്തോഷം പകര്‍ന്നുകൊടുക്കുന്നവരായിരിക്കണം. മറ്റുള്ളവരുമായി സമാധാനത്തില്‍, സന്തോഷത്തില്‍, ഐക്യത്തില്‍ ജീവിക്കുവാനും പ്രയോജനപ്രദമായ നിലയില്‍ അവരുടെ ജീവിതത്തെ കെട്ടിപ്പണിയുവാനും അവര്‍ക്ക്‌ പ്രോത്സാഹനം നല്‍കി ബലപ്പെടുത്തുവാനും നമ്മുടെ ജീവിതം കൊണ്ടുകഴിയണം.
മറ്റുള്ളവരുടെ ജീവിതത്തില്‍ അനുഗ്രഹവും നന്മയും ഉയര്‍ച്ചയും ഉണ്ടാകുവാന്‍ നിങ്ങളുടെ ജീവിതവും എന്റെ ജീവിതവും പ്രയോജനപ്പെടട്ടെ! അതാണ്‌ ദൈവം നമ്മെക്കുറിച്ച്‌ ആഗ്രഹിക്കുന്നത്‌.

Ads by Google
Sunday 27 May 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW