Tuesday, March 26, 2019 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 27 May 2018 01.20 AM

മുറ്റത്തെ മുല്ലയ്‌ക്കും മണമുണ്ട്‌

uploads/news/2018/05/220529/sun2.jpg

പുസ്‌തകങ്ങള്‍ വില്‍പ്പനയില്‍ ലക്ഷം കടന്നതിന്റെ സമീപകാല കണക്കുകള്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ വന്‍പ്രസാധകരുടെയോ മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങളുടെയോ പരസ്യപ്രചരണങ്ങളുടെയോ പുരസ്‌കാരങ്ങളുടെയോ പിന്‍ബലമില്ലാതെ ഒരു പുസ്‌തകം നിശ്ശബ്‌ദമായി ജനഹൃദയങ്ങള്‍ കീഴടക്കിയ കഥ, ചരിത്രം അറിഞ്ഞതായി പോലും ഭാവിക്കാതെ കടന്നു പോകുന്നു. ശ്രീകൃഷ്‌ണന്റെ ജീവിതം ആധാരമാക്കി തുളസി കോട്ടുക്കല്‍ രചിച്ച കൃഷ്‌ണായനം എന്ന കൃതിക്കാണ്‌ ഒരേ സമയം ഈ ഭാഗ്യവും ദുര്യോഗവും സംഭവിച്ചിരിക്കുന്നത്‌. പ്രസിദ്ധീകരിച്ച്‌ രണ്ട്‌ പതിറ്റാണ്ടുകള്‍ പിന്നിട്ട ശേഷവും ഈ പുസ്‌തകം ആഘോഷങ്ങളില്ലാതെ അതിന്റെ ജൈത്രയാത്ര തുടരുകയാണ്‌.
അദ്ധ്യാപകനായ തുളസി കോട്ടുക്കലാണ്‌ കൊട്ടും കുരവയുമില്ലാതെയും വാക്കുകള്‍ കൊണ്ട്‌ ജനഹൃദയങ്ങള്‍ കീഴടക്കാമെന്ന്‌ തെളിയിച്ചിരിക്കുന്നത്‌.
അമീഷ്‌ ത്രിപാഠിയുടെ ശിവത്രയം ലോകമെമ്പാടും ലക്ഷക്കണക്കിന്‌ വായനക്കാരെയും ആരാധകരെയും സൃഷ്‌ടിച്ചത്‌ സമീപകാലചരിത്രം. എന്നാല്‍ അമീഷ്‌ അടക്കമുളള പുതിയകാല എഴുത്തുകാര്‍ സമാനമായ ഒരു വായനാവിപ്ലവം സ്വപ്‌നം കാണുന്നതിന്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ തുളസിയുടെ മനസിലേക്ക്‌ ശ്രീകൃഷ്‌ണന്റെ ജീവിതകഥ കടന്നു വന്നു. ആറ്‌ വാള്യങ്ങളിലായി പൂര്‍ത്തിയായ കൃഷ്‌ണായനം എന്ന സമ്പൂര്‍ണ്ണ ശ്രീകൃഷ്‌ണജീവിതകഥ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്‌ 1996 ലാണ്‌. 2016 ല്‍ എത്തിയപ്പോഴേക്കും 20 പതിപ്പുകളിലായി ഒരു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞു. കാലാന്തരത്തില്‍ ആറ്‌ വാള്യങ്ങള്‍ സമാഹരിച്ച്‌ ഒറ്റപതിപ്പായി പുറത്തിറങ്ങി. ആയിരകണക്കിന്‌ പേജുകള്‍ വരുന്ന ഈ ബൃഹത്‌ഗ്രന്ഥത്തിന്‌ അന്താരാഷ്‌ട്ര പുസ്‌തകമേളയില്‍ മികച്ച പുസ്‌തകത്തിനുളള പുരസ്‌കാരവും ലഭിച്ചിരുന്നു. കൂടാതെ ഒട്ടേറെ അവാര്‍ഡുകളും കൃഷ്‌ണായനം സ്വന്തമാക്കി. ഗര്‍ഭ ഭാഗവതം അടക്കം നിരവധി അപുര്‍വകൃതികള്‍ പഠിച്ചും വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനും ശേഷമാണ്‌ തുളസി കൃഷ്‌ണായനത്തിന്റെ രചനയിലേക്ക്‌ കടന്നത്‌.
കൊല്ലംജില്ലയിലെ അഞ്ചലിന്‌ സമീപം കോട്ടുക്കലിലാണ്‌ തുളസിയുടെ ജനനം. വിദ്യാഭ്യാസാനന്തരം ഹൈസ്‌കുള്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. മലയാളം, സംസ്‌കൃതം ഭാഷാപണ്ഡിതനായ തുളസി കോട്ടുക്കല്‍ അറിയപ്പെടുന്ന വാഗ്മി കൂടിയാണ്‌. പതിനാലാം വയസില്‍ എഴുതിയ മുന്‍പേ പറക്കുന്ന പക്ഷികളാണ്‌ തുളസിയുടെ ആദ്യകഥ. ഇത്‌ മനോരമയില്‍ പ്രസിദ്ധീകരിച്ചു. പിന്നീട്‌ മലയാളത്തിലെ അറിയപ്പെടുന്ന എല്ലാ ആനുകാലികങ്ങളിലും കഥകള്‍ എഴുതി. വ്യാസഭാരതം കുട്ടികള്‍ക്ക്‌ വേണ്ടി 'ഹരിശ്രീ മഹാഭാരതം' എന്ന പേരില്‍ 12 വാള്യങ്ങളിലായി എഴുതിക്കൊണ്ടാണ്‌ പുസ്‌തക രചനാ രംഗത്തേക്ക്‌ പ്രവേശിച്ചത്‌. തുളസിയുടെ സമാനതകളില്ലാത്ത പ്രതിഭയും കര്‍മ്മശേഷിയും പ്രകടമാകുന്നത്‌ ഋഗ്വേദത്തിന്‌ നല്‍കിയ ഗദ്യാഖ്യാനത്തിലുടെയാണ്‌. വേദസാഹിത്യത്തിലെ അത്യപൂര്‍വകൃതിയായ ഋഗ്വേദത്തെ പുര്‍ണ്ണമായും ഗദ്യരൂപത്തില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്‌ ഈ പുസ്‌തകത്തില്‍. 7 ഭാഗങ്ങളും 3400 പേജുകളും വരുന്ന ഈ ഗ്രന്ഥം 14 വര്‍ഷം കൊണ്ടാണ്‌ അദ്ദേഹം പൂര്‍ത്തിയാക്കിയത്‌.
'എഴുത്തുകാരന്റെ ദര്‍ശനം' 'കാവ്യശൈലി എഴൂത്തച്‌ഛന്‍ കൃതികളില്‍' എന്നീ പ്രബന്ധങ്ങള്‍ക്ക്‌ കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചന്‍ അവാര്‍ഡ്‌ ലഭിച്ചു. ഒരു വിഭാഗത്തില്‍ രണ്ട്‌ തവണ തുഞ്ചന്‍ അവാര്‍ഡ്‌ ലഭിച്ച ഏക എഴുത്തുകാരനാണ്‌ തുളസി കോട്ടുക്കല്‍.
അദ്ധ്യാത്മരാമായണം, മഹാഭാരതം, ഹരിനാമകീര്‍ത്തനം എന്നീ കൃതികളെ ആധാരമാക്കിയാണ്‌ 'എഴുത്തച്‌ഛന്റെ ദര്‍ശനം' എന്താണെന്ന്‌ തുളസി സമര്‍ത്ഥിച്ചത്‌.
അക്കാദമി തന്നെ അത്‌ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. എഴൂത്തച്‌ഛന്റെ ഉദാത്തമായ രചനാശൈലിയെക്കുറിച്ച്‌ ആധുനിക ശൈലീവിചാരത്തില്‍ പഠിക്കുന്ന പ്രബന്ധമാണ്‌ കാവ്യെൈശലി എഴുത്തച്‌ഛന്‍ കൃതികളില്‍.
ശ്രീനാരായണഗുരുവിനെക്കുറിച്ച്‌ പതിനഞ്ചോളം പ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായുണ്ട്‌. 'ശ്രീനാരായണഗുരുദര്‍ശനം' 'ശ്രീനാരായണഗുരുവും ക്ഷേത്രപ്രതിഷ്‌ഠകളും' 'ശ്രീനാരായണഗുരുവിന്റെ സാഹിത്യരചനകള്‍' തുടങ്ങിയവ അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമാണ്‌.
കൂടാതെ വിവിധ വിഷയങ്ങളെ അവലംബമാക്കി ഏകദേശം 250 ഓളം പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്‌ തുളസി കോട്ടുക്കല്‍. ഈ ജനുസില്‍ അഴീക്കോട്‌ സപ്‌തതി അവാര്‍ഡ്‌, കുഞ്ചന്‍ സ്‌മാരക അവാര്‍ഡ്‌, ശ്രീനാരായണീയര്‍ അവാര്‍ഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങളും നേടി.
ഉപന്ന്യാസ രചനാ രംഗത്തും കോട്ടുക്കലിന്റെ സംഭാവന അനന്യമാണ്‌. '111 ഉപന്ന്യാസങ്ങള്‍' 'അറിവ്‌' '51 ഉപന്ന്യാസങ്ങള്‍' എന്നിവ ഏറെ ശ്രദ്ധേയമായ ഗ്രന്ഥങ്ങളാണ്‌. 71 നവീന ഉപന്ന്യാസങ്ങള്‍ എന്ന പുസ്‌തകത്തിന്റെ രചനയിലാണ്‌ ഇപ്പോള്‍. മികച്ച പ്രാസംഗികന്‍ കൂടിയായ അദ്ദേഹത്തിന്റെ '101 പ്രസംഗങ്ങള്‍' വ്യാപകമായി വായിക്കപ്പെട്ട മറ്റൊരു പുസ്‌തകമാണ്‌.
രാവണന്റെ കാഴ്‌ചപ്പാടില്‍ രാമായണത്തെ നോക്കി കാണുന്ന മലയാളരാമായണമാണ്‌ കോട്ടുക്കലിന്റെ മറ്റൊരു സംഭാവന. രാവണന്റെ മകളാണ്‌ സീത എന്ന സങ്കല്‍പ്പത്തിന്റെ നിജസ്‌ഥിതി അന്വേഷിക്കുകയും അതിലെ സത്യാസത്യങ്ങള്‍ അപഗ്രഥിക്കുകയും ചെയ്‌തുകൊണ്ട്‌ രചിക്കപ്പെട്ട കൃതിയാണ്‌ മലയാളരാമായണം.
'ശ്രീശങ്കരാചാര്യര്‍' ആചാര്യരുടെ ജീവിതം ഗവേഷണ രൂപത്തില്‍ ആഖ്യാനം ചെയ്യുന്ന കൃതിയാണ്‌. 'തേജസ്വിയായ വാഗ്മി' എന്ന ശീര്‍ഷകത്തില്‍ സ്വാമി വിവേകാനന്ദന്റെ ജീവിതവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇത്‌ സി.ബി.എസ്‌.സി 9-ാം ക്ലാസിലെ ഉപപാഠപുസ്‌തകം കൂടിയാണ്‌. കൂടാതെ ഡോ.ബി.ആര്‍.അംബേദ്‌കര്‍, അയ്യങ്കാളി എന്നിവരുടെ ജീവചരിത്രങ്ങളും രചിച്ചിട്ടുണ്ട്‌.
ബാലസാഹിത്യത്തിലും കോട്ടുക്കലിന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്‌. ഭഗീരഥന്‍, മധുമൊഴിക്കഥകള്‍, തേനൂറും കഥകള്‍ എന്നിവ അക്കൂട്ടത്തില്‍ ചിലതാണ്‌് ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ച 'യാഗഗുരു' 'സ്വര്‍ണ്ണക്കിരീടി' 'മഹാഭാരതത്തിലെ നുറുങ്ങുകഥകള്‍' എന്നിവയും ഈ സാഹിത്യശാഖയില്‍ കോട്ടുക്കലിന്റെ വിലപ്പെട്ട സംഭാവനകളായി പരിഗണിക്കപ്പെടുന്നു.
ബസേലിയന്‍ എന്ന തൂലികാനാമത്തിലും കോട്ടുക്കല്‍ കൃതികള്‍ രചിച്ചിട്ടുണ്ട്‌. പഴയ നിയമവും പുതിയ നിയമവും സാധാരണക്കാര്‍ക്ക്‌ മനസിലാകുന്ന തരത്തില്‍ കഥാരൂപത്തില്‍ അദ്ദേഹം എഴുതി. 'ബൈബിള്‍ സാഗരം' എന്നായിരുന്നു ഈ പുസ്‌തകത്തിന്റെ ശീര്‍ഷകം. 'ആമോസ്‌' 'വിശുദ്ധനായ പൗലോസ്‌' എന്നിവയും സമാനതലത്തില്‍ ശ്രദ്ധേയമായ രചനകളാണ്‌. ഇപ്പോള്‍ ബൈബിള്‍ കഥകള്‍ എന്ന പേരില്‍ ഏറെ ബൃഹത്തായ ഒരു ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ്‌ അദ്ദേഹം. വിവിധ ജനുസിലായി 52 ലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്‌ തുളസി കോട്ടുക്കല്‍.
ഹൈസ്‌കൂള്‍ അദ്ധ്യാപികയായി വിരമിച്ച ചന്ദ്രമതിയാണ്‌ ഭാര്യ. ആദര്‍ശ്‌, ഐശ്വര്യ എന്നിങ്ങനെ രണ്ട്‌ മക്കളുമുണ്ട്‌.

എസ്‌.എസ്‌

Ads by Google
Sunday 27 May 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW