Friday, June 21, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 25 May 2018 04.24 PM

രോഗങ്ങള്‍മൂലം ആത്മഹത്യ ഞെട്ടിക്കുന്ന കണക്കുകള്‍

''രോഗത്തിന്റെ പിടിയിലമര്‍ന്ന് മനസും ശരീരവും തളര്‍ന്ന് മരണത്തിലേക്ക് സ്വയം ഇറങ്ങിപ്പോകുന്ന രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. മാരക രോഗങ്ങളുടെ വ്യാപനവും ചികിത്സാ ചെലവിലുണ്ടായ കുതിച്ചുചാട്ടവും സാധാരണക്കാരുടെ അതിജീവനം ദുസഹമാക്കുന്നു. ഇങ്ങനെ കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടുന്ന അവസ്ഥയാണ് രോഗിയെ ആത്മഹത്യാമുനമ്പില്‍ എത്തിക്കുന്നത്''
uploads/news/2018/05/220033/suiciedatm250518.jpg

ഗായകനും ചിത്രകാരനുമൊക്കെയായിരുന്നു ആ നാല്‍പ്പതുകാരന്‍. അമ്മയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം. ചുവരില്‍ പരസ്യ ചിത്രങ്ങള്‍ വരച്ചും ബോര്‍ഡുകള്‍ എഴുതിയും കിട്ടുന്ന തുച്ഛമായ പ്രതിഫലമായിരുന്നു അയാളുടെ ആകെ വരുമാനം.

പെട്ടെന്ന് ഒരു ദിവസമുണ്ടായ ശക്തമായ പുറംവേദനയെത്തുടര്‍ന്നാണ് ഡോക്ടറെ കണ്ടത്. സംശയം തോന്നിയ ഡോക്ടര്‍ വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശിച്ചു. ഡോക്ടറുടെ സംശയം തെറ്റിയില്ല. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന കാന്‍സര്‍ വകഭേദത്തിന്റെ നാലാം ഘട്ടം.

സ്വകാര്യ ആശുപത്രിയിലെ റേഡിയേഷനും കീമോതെറാപ്പിയും കുടുംബത്തെ തളര്‍ത്തി. ചികിത്സാ ചെലവ് താങ്ങാനാകാതെ വീട്ടിലേക്ക് മടങ്ങി. ആകെ സമ്പാദ്യമായ നാല് സെന്റ് പുരയിടം വില്‍പ്പനയ്ക്ക് വച്ചതോടെ അയാളുടെ സമനിലതെറ്റി. അമ്മയ്ക്കും ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും ക്ഷമപറഞ്ഞ് കത്തെഴുതിവച്ച് അയാള്‍ സ്വയം ജീവനൊടുക്കി.

രോഗം തളര്‍ത്തിയ മനസും ജീവിതവുമായി ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് 12,988 പേര്‍ ആത്മഹത്യ ചെയ്തു. ഇതില്‍ 2,325 പേരും ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ജീവനൊടുക്കിയവരാണ്. മുഖ്യമന്ത്രിതന്നെയാണ് ഞെട്ടിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്.

വിദ്യാഭ്യാസരംഗത്തും വൈദ്യശാസ്ത്രരംഗത്തും ലോകത്തിനു മാതൃകയായ കേരളത്തിലാണ് രോഗം മൂലമുള്ള ആത്മഹത്യാ നിരക്ക് ഉയരുന്നത്. ചികിത്സാ ചെലവ് താങ്ങാനാവാതെ വരുന്നതും കുടുംബത്തിന്റെ ബുദ്ധിമുട്ടുമാണ് രോഗംമൂലമുള്ള ആത്മഹത്യക്ക് പ്രധാന കാരണം.

പൂര്‍ണമായി ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത രോഗങ്ങള്‍, ആജീവനാന്തം ചികിത്സ വേണ്ടിവരുന്ന രോഗങ്ങള്‍, വലിയ ചെലവ് ആവശ്യമായിവരുന്ന ശസ്ത്രക്രിയ തുടങ്ങിയ സാഹചര്യങ്ങള്‍ രോഗികളെ കടുത്ത വിഷാദ രോഗത്തിലേക്ക് അടുപ്പിക്കുന്നു.

തനിക്കുവേണ്ടി മറ്റുള്ളവര്‍ ബുദ്ധിമുട്ടുന്നു എന്ന തോന്നല്‍ കൂടിയാകുമ്പോഴാണ് മനസിന്റെ നിയന്ത്രണം നഷ്ടമാകുന്നത്. രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുമ്പോഴുള്ള നിസഹായ അവസ്ഥയാണ് രോഗികളെ ആത്മഹത്യയിലെത്തിക്കുന്നത്.

പ്രതീക്ഷകള്‍ നഷ്ടപ്പെടുന്നു


മറ്റു സംസ്ഥാനങ്ങളില്‍ എന്നപോലെ കേരളത്തിലും മാരക രോഗങ്ങള്‍ പടര്‍ന്നു പിടിച്ച സാഹചര്യങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ കാലഘട്ടങ്ങളിലൊന്നും രോഗബാധിതര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. മരുന്നുകള്‍ കണ്ടുപിടിച്ചിട്ടില്ലാത്ത രോഗങ്ങള്‍ പോലും ധൈര്യത്തോടെ നേരിട്ടിരുന്നു.

മുന്‍ കാലങ്ങളില്‍ രോഗങ്ങള്‍ ബാധിച്ചാലും ജീവിതത്തിനു അര്‍ഥം കണ്ടെത്താന്‍ ആളുകള്‍ ശ്രമിച്ചിരുന്നു. ഇന്നത്തെ സമൂഹത്തിനു ജീവിക്കാനുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു തുടങ്ങി. സാമ്പത്തിക ഞെരുക്കങ്ങളും രോഗങ്ങളുടെ ബുദ്ധിമുട്ടുകളും രോഗബാധിതരെ മാനസികപ്രയാസങ്ങളിലേക്ക് എത്തിക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുമ്പോഴാണ് ആത്മഹത്യയെക്കുറിച്ച് ഇവര്‍ ചിന്തിക്കുന്നത്.

ജീവന്‍ സ്വയം ഇല്ലാതാക്കാന്‍ അവകാശമില്ലെന്ന ചിന്ത സമൂഹത്തില്‍ മുന്‍പുണ്ടായിരുന്നു. എന്നാല്‍ ഭൗതികതയുടെ അതിപ്രസരമുള്ള ലോകത്ത് അത്തരത്തിലുള്ള ചിന്തകളും കാഴ്ചപ്പാടുകളും നഷ്ടപ്പെട്ടു.

അതുകൊണ്ട് തന്നെ ജീവിതത്തില്‍ മറ്റ് പ്രതീക്ഷള്‍ക്ക് കാരണങ്ങളില്ലാതെയായി തീര്‍ന്നു. ജീവിതത്തില്‍ ഒന്നും പ്രതീക്ഷിക്കാനില്ലെന്ന ശൂന്യത രോഗികളായവരില്‍ അധികരിച്ചു. ആശ്രയിക്കാന്‍ മറ്റാരുമില്ലെന്ന തോന്നല്‍ രോഗികളായവരെ സംബന്ധിച്ച് ജീവിക്കാനുള്ള ആശ നഷ്ടപ്പെടുത്തും.

രോഗബാധിതരായതോടെ ജീവിതം അവസാനിച്ചെന്ന തോന്നലും ഇവരെ നിരാശരാക്കും. സുഖവും ദുഃഖവും ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഇന്നു വളരെ കുറവാണ്. ദുഃഖവും പേറി ജീവിക്കേണ്ട കാര്യമെന്താണ് എന്ന ചിന്തയാണ് ഇവരെ അലട്ടുന്നതും ആത്മഹത്യയിലേക്ക് നയിക്കുന്നതും.

uploads/news/2018/05/220033/suiciedatm250518a.jpg

സ്‌നേഹവും പരിഗണനയും ലഭിക്കാതാകുമ്പോള്‍


കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഏറെക്കുറെ നേരത്തെ കണ്ടെത്തി പരിഹരിക്കാമെന്നു വൈദ്യശാസ്ത്രം തന്നെ ഉറപ്പു നല്‍കുന്നുണ്ട്. പക്ഷേ രോഗങ്ങള്‍ സുഖപ്പെടുന്ന പ്രക്രിയയ്ക്ക് പല ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതായിട്ടുണ്ട്. നീണ്ട കാലത്തെ ചികിത്സകള്‍ വേണ്ടി വരുന്ന സാഹചര്യങ്ങളുണ്ട്.

സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകള്‍ സാധാരണക്കാരായ ആളുകളെ സംബന്ധിച്ച് ബാധ്യതയാകും. പരസഹായം ആവശ്യമായി വരുന്ന സാഹചര്യം, ദൈനംദിന കാര്യങ്ങള്‍ക്ക് വരെ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരിക തുടങ്ങി പല കാരണങ്ങള്‍ രോഗികളെ അസ്വസ്ഥരാക്കും.

ഏറെക്കാലം മറ്റുള്ളവരുടെ കൈത്താങ്ങ് ആവശ്യമായി വരുമ്പോള്‍ രോഗികള്‍ക്കിതു മാനസികമായി ഒട്ടേറെ പ്രശ്്‌നങ്ങള്‍ സൃഷ്ടിക്കും.

രോഗാവസ്്ഥയില്‍ അവര്‍ക്ക് ഏറ്റവും ആവശ്യം കുടുംബാംഗങ്ങളുടെ പിന്തുണയാണ്. കുടുംബത്തിലുള്ളവരുടെ സ്‌നേഹവും പരിഗണനയും ലഭിക്കുന്നത് രോഗികള്‍ക്ക് നേരിയ ആശ്വാസം നല്‍കും. എന്നാല്‍ ഒപ്പമുള്ളവര്‍ അവഗണിക്കുന്നത് രോഗികളെ കൂടുതല്‍ ദുഃഖത്തിലാഴ്ത്തുകയും ചെയ്യും.

അതോടൊപ്പം സാമ്പത്തികമായി സഹായിക്കാന്‍ ആരും തയാറാകാത്തതും ചികിത്സാ ചെലവുകളെക്കുറിച്ചുള്ള ആശങ്കകളും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കും. രോഗാവസ്ഥയില്‍ അനുഭവിക്കേണ്ടി വരുന്ന മാരകമായ വേദനയും ആത്മഹത്യയിലേക്ക് എത്തിക്കുന്നതിനു കാരണമാകുന്നുണ്ട്.

രോഗങ്ങള്‍ മൂലം അനുഭവിക്കേണ്ടി വരുന്ന ശാരീരിക വേദന പലര്‍ക്കും സഹിക്കാവുന്നതിലും അധികമായിരിക്കും. അങ്ങനെയുള്ള ചില നിമിഷങ്ങളില്‍ ആത്മഹത്യയിലേക്ക് പോകുന്നവരുണ്ട്.

ഒറ്റപ്പെട്ടുവെന്ന തോന്നലാണ് പലരേയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. രോഗാവസ്ഥയില്‍ കുടുംബത്തിലുള്ളവരുടെ പിന്തുണയില്ലെന്ന തിരിച്ചറിവ് ഇവരെ കൂടുതല്‍ വേദനിപ്പിക്കും. ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുവെന്ന തോന്നലാണ് കൂടുതല്‍ അലട്ടുക.

സ്‌നേഹിക്കുവാനും കരുതുവാനും ആരുമില്ലെന്ന തിരിച്ചറിവ് രോഗികളെ മാനസികമായി ഏറെ തളര്‍ത്തും. കുടുംബത്തിന്റെ പിന്തുണ പ്രധാനപ്പെട്ട ഘടകം തന്നെയാണ്. പ്രത്യേകിച്ചും രോഗാവസ്ഥയില്‍.

കുടുംബപ്രശ്‌നങ്ങളും ആത്മഹത്യയിലേക്ക്


ഒന്നര വര്‍ഷത്തിനിടെ കുടുംബപ്രശ്‌നങ്ങള്‍ മൂലം ജീവനൊടുക്കിയത് 4,172 പേരാണ്. കുടുംബപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം സമൂഹത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളാണ്.

സമൂഹികപരമായ മാറ്റങ്ങള്‍ കുടുംബബന്ധങ്ങളിലും സ്വാധീനിച്ചിട്ടുണ്ട്. കാര്‍ഷിക വൃത്തിയില്‍ നിന്നും സൈബര്‍ യുഗത്തിലേക്കുള്ള മാറ്റങ്ങള്‍ കുടുംബങ്ങളിലും പ്രതിഫലിച്ചു.

കൂട്ടുകുടുംബ രീതികളില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുണ്ട്. അണുകുടുംബമായതോടെ പുരുഷാധിപത്യം കുറഞ്ഞു. എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പരസ്പര സഹകരണം ഇന്നു കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

വ്യക്തി വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കി തുടങ്ങിയതോടെ കുടുംബബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു തുടങ്ങി. ജീവിത പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയാത്തതും കുടുംബപ്രശ്‌നങ്ങള്‍ക്കും തുടര്‍ന്നുള്ള ആത്മഹത്യയിലേക്കും എത്തിക്കുന്നുണ്ട്.

ഡിജിറ്റല്‍ യുഗത്തില്‍ വ്യക്തി താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന. സ്വാര്‍ഥ താല്‍പര്യങ്ങള്‍, സമ്പത്ത് ആര്‍ജിക്കുക, സുഖസൗകര്യങ്ങള്‍ നേടിയെടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങി. ഇവയൊക്കെ കുടുംബപ്രശ്‌നങ്ങള്‍ മൂലമുള്ള ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട്.

uploads/news/2018/05/220033/suiciedatm250518b.jpg

സാമൂഹിക മാറ്റം അനിവാര്യം


രോഗങ്ങള്‍ മൂലമുണ്ടാകുന്ന ആത്മഹത്യയ്ക്ക് പരിഹാരം കണ്ടെത്തേണ്ടത് സമൂഹത്തില്‍ നിന്നാണ്. മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ സഹതപിക്കാനും അവരോട് ദയ കാണിക്കാനുമുള്ള മനസ് സമൂഹത്തിനുണ്ടാകണം. ആര്‍ദ്രത നിറഞ്ഞ മനസിനായി വ്യക്തിയും സമൂഹവും മാറേണ്ടതുണ്ട്. മറ്റുള്ളവരെ കൂടി കരുതാനുള്ള മനസ് നേടിയെടുക്കുകയാണ് വേണ്ടത്.

മറ്റുള്ളവരെ കരുതുകയും പരിഗണിക്കുകയും ചെയ്യുമ്പോള്‍ ഒറ്റപ്പെടുന്നവരുടെ എണ്ണം കുറയും. പ്രകൃതിയെയും സഹജീവികളെയും സംരക്ഷിക്കുന്ന സമൂഹത്തെയാണ് വളര്‍ത്തിയെടുക്കേണ്ടത്. കുടുംബബന്ധങ്ങളും അയല്‍ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിലൂടെ വ്യക്തികളിലുണ്ടാകുന്ന മാറ്റം സമൂഹത്തിന്റെ നന്മയ്ക്കായി ഉപകരിക്കും.

മൂല്യാധിഷ്ഠിതമായ ഒരു സമൂഹമാണ് ഇനി ഉണ്ടാകേണ്ടത്. സ്വത്തിനും സമ്പത്തിലും മാത്രം ഒതുങ്ങുന്നതല്ല ജീവിതമെന്ന ബോധ്യമുണ്ടാകണം. ഇന്നത്തെ വിദ്യാഭ്യാസ രീതികള്‍ പോലും മാറേണ്ടതുണ്ട്. നിലവിലുള്ള വിദ്യാഭ്യാസ രീതികള്‍ നല്ല വ്യക്തികളെ സൃഷ്ടിക്കുന്നില്ല. മത്സരമനോഭാവമാണ് കുട്ടികളില്‍ പോലും വളര്‍ത്തിയെടുക്കുന്നത്.

വിദ്യാഭ്യാസകാലത്ത് തന്നെ ജീവിതമൂല്യങ്ങള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. ബലഹീനര്‍ക്കും ജീവിക്കാനുള്ള സാഹചര്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുകയാണ് വേണ്ടത്. പ്രത്യേകിച്ചും രോഗങ്ങള്‍ മൂലം മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുകയെന്നത് കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും കടമയാണ്.

പരസ്പര സഹകരണം എന്ന ആശയമാണ് സമൂഹത്തില്‍ ഉണ്ടാകേണ്ടത്. രോഗികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതാകുന്നത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കും. മാനസികാരോഗ്യം നഷ്ടപ്പെടുന്നിടത്ത് ആത്മഹത്യകള്‍ വര്‍ധിക്കും. മാനസികാരോഗ്യം എന്തുകൊണ്ട് ഇല്ലാതാകുന്നുവെന്നതിനു ആഴമേറിയ പഠനങ്ങള്‍ ആവശ്യമാണ്.

രോഗികള്‍ ഒറ്റപ്പെടുന്നു


പൊതുജനാരോഗ്യരംഗത്ത് സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വലിയൊരു ശതമാനം രോഗികള്‍ക്കും വേണ്ടത്ര ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്നുവേണം കരുതാന്‍.

അല്ലെങ്കില്‍ ചികിത്സാ ആനുകൂല്യങ്ങളെക്കുറിച്ച് വലിയൊരു ജനവിഭാഗം ഇന്നും ബോധവാന്മാരല്ല. കാന്‍സര്‍, കരള്‍ രോഗം, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഭാരിച്ച ചികിത്സാ ചെലവ് വേണ്ടിവരുന്ന രോഗങ്ങള്‍ വ്യാപകമായതും ആത്മഹത്യാനിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഫാ. ഒ. തോമസ്
കൗണ്‍സിലര്‍
പ്രധാന അധ്യാപകന്‍
മലങ്കര ഓര്‍ത്തഡോക്‌സ്
തിയോളജിക്കല്‍ സെമിനാരി, കോട്ടയം

തയാറാക്കിയത് :
നീതു സാറാ ഫിലിപ്പ്

Ads by Google
Ads by Google
Loading...
TRENDING NOW