Thursday, June 27, 2019 Last Updated 11 Min 38 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 25 May 2018 02.22 AM

ലിനിയുടെ ജീവബലി

uploads/news/2018/05/219940/linanipaha.jpg

കേരളം കണ്ണീര്‍മിഴികളോടെ ലിനിയെ കാണുന്നു. അണഞ്ഞുതീരുംവരെ അന്യജീവനായി പ്രകാശിച്ചവള്‍. ആതുരസേവനരംഗത്തെ ജീവബലി. ത്യാഗവും സേവനവുമാണ്‌ രക്‌തസാക്ഷിത്വത്തിന്റെ അടിസ്‌ഥാനമെങ്കില്‍, ലിനി രോഗകേരളത്തിന്റെ രക്‌തസാക്ഷി. സഹജീവികളുടെ തല അറുക്കുന്നവര്‍ രക്‌തസാക്ഷികളാകുന്ന നാട്ടില്‍, നിപ മായുമ്പോള്‍ ലിനി ഓര്‍മ്മയാകും.

ലിനിയെപ്പോലെ സേവനസന്നദ്ധതയുള്ളവരാണ്‌ നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം നഴ്‌സുമാരും. എന്നാല്‍, അവര്‍ക്കു നാം എന്തു തിരികെ നല്‍കുന്നുവെന്ന്‌ ഓര്‍ക്കണം. ചെയ്യുന്ന ജോലിക്ക്‌ അര്‍ഹമായ പ്രതിഫലം ലഭിക്കുന്നവരല്ല ഇവരില്‍ നല്ലൊരു പങ്കും. ജീവിക്കാന്‍വേണ്ടി നഴ്‌സുമാര്‍ തെരുവിലിറങ്ങിയപ്പോള്‍ അവരെ ആക്ഷേപിക്കാന്‍ മുന്‍പന്തിയില്‍ ചില മന്ത്രിമാര്‍വരെ ഉണ്ടായി. സ്വകാര്യ മാനേജുമെന്റുകള്‍ നഴ്‌സുമാര്‍ക്കെതിരേ കരുനീക്കിയപ്പോള്‍ അത്തരക്കാര്‍ക്ക്‌ ഒളിഞ്ഞും തെളിഞ്ഞും ഒത്താശ ചെയ്‌തവര്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നു.

പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ ദിവസവേതനക്കാരിയായിരുന്ന ലിനി ജീവത്യാഗത്തിലൂടെ കാരുണ്യത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും മാലാഖയായി മാറുന്നു; ആവശ്യം വരുമ്പോള്‍ മാലാഖമാര്‍ എന്നു നഴ്‌സുമാരെ പുകഴ്‌ത്തും; എന്നാല്‍, അവരുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടയ്‌ക്കും. രാപകലില്ലാതെ അധ്വാനിക്കുന്ന അവരെ കേരളത്തിന്റെ തെരുവുകളില്‍ സമരത്തിനിരുത്തിയതിനു പൊതുസമൂഹം മാപ്പുപറയണം.

ലിനിയുടെ മരണത്തിനു പരോക്ഷ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്‌. നിപ ബാധിതര്‍ മരിച്ച്‌ ആഴ്‌ചകള്‍ കഴിഞ്ഞിട്ടാണ്‌ ഏതുതരം െവെറസ്‌ ബാധ എന്നു കണ്ടെത്തുന്നത്‌. രക്‌തസാമ്പിളുകള്‍ പരിശോധനയ്‌ക്കയയ്‌ക്കാന്‍ െവെകി എന്ന ആരോപണം നിസാരമല്ല. ലിനിയെപ്പോലുള്ളവര്‍ ദിവസക്കൂലിക്കു പണിയെടുക്കുന്നു. എഴുന്നൂറില്‍പരം നഴ്‌സുമാരുടെ തസ്‌തികകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒഴിഞ്ഞുകിടക്കുന്നു.

***മൂന്നുമാസം; 36 പേര്‍

നിപ ബാധിച്ചു മരിച്ചവരെപ്പറ്റിയുള്ള എണ്ണത്തില്‍ ഇനിയും വ്യക്‌തതയില്ല. പതിനഞ്ചോ പതിനാറോ...? എന്നാല്‍, ഈ വര്‍ഷം മാത്രം പനിപിടിച്ച്‌ 76 പേര്‍ മരിച്ചു. 8.77 ലക്ഷം പേര്‍ക്കു പനി പിടിച്ചു. 615 പേര്‍ക്ക്‌ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഇതില്‍ 5 പേര്‍ മരിച്ചു. എലിപ്പനി പിടിച്ച്‌ 10 പേര്‍ മരണപ്പെട്ടു. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്തെ മരണം 36! മൂന്നുമാസം കൊണ്ട്‌ 36 പേര്‍ മരിച്ച നാട്‌. അതും പനിപിടിച്ച്‌. പണ്ടൊക്കെ പനിയല്ലേ... സാരമില്ല എന്നു പറയാറുണ്ട്‌. ഇന്നു പനി പിടിച്ചാല്‍ അതു പറയാന്‍ ഒരാള്‍ അവശേഷിക്കണമെന്നില്ല.

ഏതു സര്‍ക്കാരിന്റെ കാലത്തും പനി വരും; മരിക്കും. അതിനു ഞങ്ങളെന്തുവേണമെന്ന്‌ അതതു സര്‍ക്കാരുകളും അക്കാലത്തെ ആരോഗ്യമന്ത്രിമാരും ഉളുപ്പില്ലാതെ ചോദിക്കാറുണ്ട്‌. ഇപ്പോഴത്തെ മന്ത്രി നേരിട്ട്‌ ഇങ്ങനെ ചോദിക്കുന്നില്ല. അവസരം വന്നാല്‍ ചോദിക്കും. പനിപിടിച്ച്‌ ഓരോ ദിവസവും മനുഷ്യര്‍ മരിച്ചുവീഴുന്നു.

പനി നിയന്ത്രിക്കാനോ ഉറവിടം കണ്ടെത്താനോ സംവിധാനമില്ല. െവെറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌പോലും പ്രവര്‍ത്തിക്കുന്നില്ല. ഗ്ലൗസും മാസ്‌ക്കും വിതരണം ചെയ്യുന്നു.പകര്‍ച്ചവ്യാധികള്‍ വരുന്നത്‌ എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌. വ്യത്യാസം നോക്കിയിട്ടില്ല. രോഗം തടയാനും ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുമുള്ള തുടര്‍ നടപടികള്‍ക്കും പൗരന്റെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താനും സര്‍ക്കാരുകള്‍ക്ക്‌ ഉത്തരവാദിത്വമില്ലേ?

മലയാളിയുടെ പനിയുടെ യഥാര്‍ത്ഥവിവരം പരിശോധിച്ചറിയാന്‍ പുനെ വരെ പോകണം. മുട്ടിനുമുട്ടിനു കോടിക്കണക്കിനു വില വരുന്ന ആരാധനാലയങ്ങളുള്ള കേരളത്തില്‍ കൊതുകുകടിച്ചും വവ്വാല്‍ നക്കിയും മനുഷ്യര്‍ ചത്താല്‍ ശരിക്കുള്ള കാരണം അറിയാന്‍ ഇതരസംസ്‌ഥാനങ്ങളിലെ ലാബുകളിലേക്കു രക്‌തം കൊടുത്തയയ്‌ക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്കു കുമിഞ്ഞുകൂടാന്‍ സംസ്‌ഥാനത്ത്‌ വെള്ളാന സൗധങ്ങള്‍ പണിയാന്‍ ബജറ്റില്‍ കോടികളുണ്ട്‌; സ്വന്തം രോഗം നിശ്‌ചയിക്കാന്‍ ലാബ്‌ പണിയാന്‍ പണമില്ല.

ഇന്നു ഞാന്‍, നാളെ നീ എന്ന ഭീതിയിലാണ്‌ ഓരോ മലയാളിയും. പനി വന്നാല്‍ മരണം. മരണവാതില്‍ക്കല്‍ നാം, മൗനം കുടിച്ചിരിക്കുന്നു. ജേക്കബ്‌ വടക്കുംചേരിക്കും മോഹനന്‍ െവെദ്യനും പിറകെ ഓടാനാണ്‌ മരണക്കിടക്കയിലും ഉത്സാഹം. അവര്‍ പറയുന്നത്‌ എന്തുമാകട്ടെ, അതിനെ ശാസ്‌ത്രീയമായി നിരാകരിക്കാന്‍ കഴിയണം. അവര്‍ക്കും പോലീസിലൂടെ മറുപടി! ആരോഗ്യവകുപ്പിനു നിപ െവെറസിനെക്കാള്‍ ഭയം ജേക്കബ്‌ വടക്കുംചേരിയെയാണ്‌.

െഹെദരാബാദില്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്‌ നടന്നപ്പോള്‍ ആരോഗ്യമന്ത്രി കെ.കെ. െശെലജ കേരള പ്രതിനിധികളെ ഞെട്ടിച്ചു; പല മന്ത്രിമാരും നോക്കിനില്‍ക്കെ, ആരോഗ്യവകുപ്പിന്റെ നേട്ടങ്ങള്‍ ഒന്നാംതരം പുസ്‌തകമാക്കി അവര്‍ പാര്‍ട്ടിവേദിയില്‍ വിതരണം ചെയ്‌തു. ജനുവരി മുതല്‍ക്കുള്ള മൂന്നു മാസത്തിനിടയില്‍ കേരളത്തില്‍ പനി പിടിച്ച്‌ 36 പേര്‍ മരിച്ചു എന്ന കണക്കും പുസ്‌തകത്തില്‍ ഉണ്ടാകും; ഇതും ഭരണനേട്ടമെന്ന്‌ തെറ്റിദ്ധരിച്ചാകാം, ആരോഗ്യമന്ത്രിയെ അഭിനന്ദിക്കാന്‍ പാര്‍ട്ടി പ്രതിനിധികള്‍ മത്സരിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW