Tuesday, April 23, 2019 Last Updated 9 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 24 May 2018 03.44 PM

പ്രണോയ് പ്രയാണം തുടരുന്നു

''ഒളിംപിക്‌സില്‍ കേരളത്തിനഭിമാനമായി മാറിയ ബാഡ്മിന്റണ്‍ താരം പ്രണോയ് ഹസീന സുനില്‍കുമാറിന്റെ കായികജീവിതത്തിലൂടെ...''
uploads/news/2018/05/219731/PrannoyHaseenaSunilkumar240518.jpg

പ്രഥമ യൂത്ത് ഒളിംപിക്‌സ് 2010 ഓഗസ്റ്റില്‍ സിംഗപ്പൂരില്‍ നടക്കുമ്പോള്‍ ഒളിംപിക്‌സിലെ ചില കുട്ടിക്കളികള്‍ ആയി കരുതിയവര്‍ എത്രയോയുണ്ട്.

14 നും 18 നും മധ്യേ പ്രായക്കാരുടെ ഈ കായികമാമാങ്കത്തില്‍ പെട്ടെന്നൊരുനാള്‍ മലയാളികള്‍ ആകര്‍ഷിക്കപ്പെട്ടു. ആണ്‍കുട്ടികളുടെ ബാഡ്മിന്റന്‍ സെമിയില്‍ ഒരു മലയാളിപ്പയ്യന്‍ ഒന്നാം സീഡ്, കൊറിയന്‍ താരം ജി വൂക്ക് കാങ്ങിനെ അട്ടിമറിച്ചു.

തിരുവനന്തപുരം സ്വദേശി പ്രണോയ് ഹസീന സുനില്‍കുമാര്‍ എന്ന എച്ച്. എസ്. പ്രണോയ് കലാശക്കളിക്കു യോഗ്യത നേടിയപ്പോള്‍ കേരളത്തില്‍ പെട്ടെന്നൊരു ഒളിംപിക് ആവേശം അണപൊട്ടി.

പി.ടി. ഉഷ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ ഓടിയപ്പോള്‍ ഉണ്ടായതുപോലൊരു പ്രതീക്ഷ. അതുവരെ ശ്രദ്ധിക്കപ്പെടാതെ പോയ പയ്യന്‍ സ്വര്‍ണം നേടുമോ എന്നായി സംസാരം.

വിജയത്തിലേക്ക്


ഫൈനലില്‍ പ്രണോയ് തായ്‌ലന്‍ഡിന്റെ പിസിത് പൂഡ്ചാലയോട് പരാജയപ്പെട്ടു. എങ്കിലെന്ത്? യൂത്ത് ഒളിംപിക്‌സില്‍ പ്രണവ് വെള്ളി മെഡല്‍ ജേതാവായി. 205 രാജ്യങ്ങളില്‍ നിന്നു 3522 താരങ്ങള്‍ പങ്കെടുത്ത മേളയില്‍ ഇന്ത്യക്ക് കിട്ടിയത് ആറു വെള്ളിയും രണ്ടു വെങ്കലവും. അതിലൊരു വെള്ളി കേരളത്തിനു സ്വന്തം.

നേരത്തെ ജൂനിയര്‍ ലോകകപ്പില്‍ പ്രണോയ് നേടിയ വെങ്കലം ഭാഗ്യമല്ലായിരുന്നുവെന്നു വ്യക്തമാകുകയായിരുന്നു. ഏഴെട്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ പ്രണോയ് ആരേയും തോല്‍പിക്കാന്‍ പോന്ന ബാഡ്മിന്റന്‍ താരമായി. ബാഡ്മിന്റന്‍ ഇതിഹാസം ലിന്‍ ഡാനും മാര്‍ക് യാനെയുമൊക്കെ പ്രണോയ്‌യുടെ മുന്നില്‍ മുട്ടുമടക്കി; ഒരിക്കലെങ്കിലും.

uploads/news/2018/05/219731/PrannoyHaseenaSunilkumar240518a.jpg

പരുക്കേറ്റു വിശ്രമിച്ചപ്പോള്‍ പ്രണോയ് ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങനെ കുറിച്ചു. എന്നെ താല്‍ക്കാലികമായി വീഴ്ത്താന്‍ കഴിഞ്ഞെന്നിരിക്കും. പക്ഷേ, സീറ്റ് ഉറപ്പിക്കുക; ഞാന്‍ മടങ്ങിവരുന്നതുകാണാന്‍. പഴയതിലും കരുത്തനായി..

മറ്റൊരിക്കല്‍ പ്രണോയ് എഴുതി. ആക്രമണ ശൈലിയാണ് എന്റേത്. സാഹസികമാകാം; പക്ഷേ, തെറ്റുപറ്റിയാല്‍ ഏറ്റവും വേഗം അതില്‍ നിന്നുമോചിതനാകും. മുന്നോട്ടുള്ള പ്രയാണം തുടരുകയും ചെയ്യും.. അതേ, പ്രണോയ് പ്രയാണം തുടരുകയാണ്.

അച്ഛന്റെ പാതയില്‍


പിതാവ് സുനില്‍കുമാറിനെ പിന്തുടര്‍ന്ന് ബാഡ്മിന്റന്‍ കോര്‍ട്ടില്‍ ഇറങ്ങിയ പ്രണോയ് 16 വയസുവരെ അച്ഛന്റെ ശിക്ഷണത്തില്‍ വളര്‍ന്നു. 10ാം ക്ലാസ് പൂര്‍ത്തിയായപ്പോള്‍ ഹൈദാരാബാദില്‍ ഗോപിഛങ് അക്കാദമിയില്‍ ചേര്‍ന്നു. 2014 ല്‍ ഇന്തൊനീഷ്യന്‍ മാസ്‌റ്റേഴ്‌സും 2016 ല്‍ സ്വിസ് ഓപ്പണ്‍ ഗ്രാന്‍പ്രീയും ജയിച്ചു.

പ്രീമിയര്‍ ബാഡ്മിന്റന്‍ ലീഗില്‍ 201617 ല്‍ മുംബൈ റോക്കറ്റ്‌സ് ഫൈനലില്‍ തോറ്റപ്പോഴും എഴു മത്സരവും ജയിച്ച താരമായി പ്രണോയ്. പ്രണോയ്‌യോടു തോറ്റവരില്‍ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ, ലോക നാലാം നമ്പര്‍ സണ്‍വാന്‍ ഹോയും ഉള്‍പ്പെട്ടു.

പോയവര്‍ഷം പ്രണോയ് മികച്ച ഫോമിലായിരുന്നു. ലോകറാങ്കിങ്ങില്‍ 11ാ മത്. ഒപ്പം യു.എസ്. ഓപ്പണ്‍ സൂപ്പര്‍ സീരീസ് വിജയം. ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ ഇന്ത്യയുടെ തന്നെ കിടമ്പി ശ്രീകാന്തിനോട് തോറ്റ പ്രണോയ് ദേശീയ ചാംമ്പ്യനായത് ശ്രീകാന്തിനെ തോല്‍പ്പിച്ചാണ്.

ഇന്തൊനീഷ്യന്‍ ഓപ്പണില്‍ ലോക ചാമ്പ്യന്‍ ചെന്‍ ലോങ്ങിനെയും മൂന്നാം നമ്പര്‍ ലീ ചോങ്ങിനെയും പ്രണോയ് അട്ടിമറിച്ചു.

സിംഗിള്‍സ് താരത്തിന്റെ ഉദയം


തിരുവനന്തപുരം ആനയറ ഈശാലയം തിരുമുറ്റം വീട്ടില്‍ സുനില്‍ കുമാറിന്റെയും ഹസീനയുടെയും മകനാണ് പ്രണോയ്. മികച്ച സിംഗിള്‍സ് കളിക്കാരനായതുകൊണ്ടാണ് ജോര്‍ജ് തോമസിനും വി. ഡിജുവിനും സനേവ് തോമസിനും ജസീല്‍ പി. ഇസ്മയിലിനും അപ്പുറം ഒരു തിളക്കം കൈവന്നത്. ഫ്രഞ്ച് ഓപ്പണ്‍ വിജയിച്ച, ഒളിംപ്യന്‍ യു. വിമല്‍കുമാറിനുശേഷം കേരളത്തില്‍ നിന്നു മികച്ചൊരു സിംഗിള്‍സ് താരത്തിന്റെ രംഗപ്രവേശം.
uploads/news/2018/05/219731/PrannoyHaseenaSunilkumar240518b.jpg

ഭാവി വാഗ്ദാനം


ദിനേശ് ഖന്നയും പ്രകാശ് പദുക്കോണും സയ്ദ് മോദിയും പുല്ലേല ഗോപിഛന്ദുമൊക്കെ രാജ്യാന്തര വേദികളില്‍ ഇന്ത്യക്കായി മെഡല്‍ നേടിയപ്പോള്‍ അവര്‍ക്കൊക്കെ നാട്ടില്‍ കാര്യമായ എതിരാളികള്‍ ഇല്ലായിരുന്നു. പ്രണോയ്‌യുടെ കാലഘട്ടം വ്യത്യസ്തമാണ്.

ശ്രീകാന്തും കാശ്യപും ഒക്കെ ജ്വലിച്ചു നില്‍ക്കുന്ന കാലഘട്ടത്തിലാണ് പ്രണോയ് ഇന്ത്യന്‍ താരമായത്. 2018 ഏപ്രിലില്‍ ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ ആയി എന്നും ഓര്‍ക്കണം. നാട്ടിലെ പോരാട്ടം കനക്കുന്നത് പ്രണോയിക്കു കൂടുതല്‍ കരുത്തു പകരുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു.

രാജ്യാന്തര വേദിയില്‍ ലിന്‍ ഡാന്‍ പോലും പരിക്ഷീണനാണ് എന്നു പറയാന്‍ പറ്റില്ല. ഈ വര്‍ഷവും ഡാന്‍ ഓള്‍ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. ഷി യുക്വിയോട് മൂന്നു സൈറ്റിലാണു കീഴടങ്ങിയത്.

34ാം വയസിലാണു 10ാം ഫൈനല്‍ കളിച്ചത്. പ്രണോയിക്ക് പ്രായം 25. ഇനിയും ഏറെക്കാലം ബാക്കി. ഒന്നേമുക്കാല്‍ മീറ്റര്‍ ഉയരത്തിനൊത്ത് കോര്‍ട്ട് നിറഞ്ഞുകളിക്കാന്‍ ഇനിയും ബാല്യം ബാക്കി. ഇന്ത്യയുടെ മൂന്നാമത്തെ ഓള്‍ഇംഗ്ലണ്ട് ചാമ്പ്യന്‍ കേരളത്തില്‍ നിന്നായാല്‍ അത്ഭുതപ്പെടേണ്ട.

സനില്‍ പി. തോമസ്

Ads by Google
Thursday 24 May 2018 03.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW