Sunday, August 12, 2018 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 24 May 2018 03.06 PM

നിറങ്ങളെ സ്‌നേഹിച്ച കലാസംവിധായകന്‍

uploads/news/2018/05/219720/CiniINWArtDirectionShebeerali1.jpg

വര്‍ണ്ണരാജികള്‍ പെരുമഴപോലെ പെയ്തിറങ്ങുമ്പോള്‍ കലാസംവിധായകന്‍ ഷെബീറലിക്ക് എന്തെന്നില്ലാത്ത ആഹ്‌ളാദമാണ്. സംവിധായകന്‍ കഥ പറയുമ്പോള്‍ കഥാവഴിയിലെ ഓരോ സീക്വന്‍സുകളിലെയും നിറങ്ങള്‍ ഷെബീറലിയുടെ മനസ്സില്‍ പതിഞ്ഞിരിക്കും.

മലയാളസിനിമയിലെ പ്രതിഭയുള്ള കലാസംവിധായകരുടെ ഗുരുമുഖത്തുനിന്ന് സ്വായത്തമാക്കിയ വൈവിധ്യമാര്‍ന്ന അനുഭവങ്ങളുമായാണ് ഷെബീറലി കലാസംവിധാന ശാഖയില്‍ നിലയുറപ്പിക്കുന്നത്. തമിഴിലെ പ്രമുഖ കലാസംവിധായകരായ മുത്തുരാജിന്റെ കൂടെ 'പുലി'യെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അസോസിയേറ്റായത് ഷെബീറലിക്ക് പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്.

വി.എം. അനില്‍ സംവിധാനം ചെയ്ത 'ഒമ്പതാം വളവിനപ്പുറം' എന്ന ചിത്രത്തിലൂടെയാണ് ഷെബീറലി സ്വതന്ത്ര കലാസംവിധായകനായത്. തുടര്‍ന്ന് മട്ടാഞ്ചേരി, തേനീച്ചയും പീരങ്കിപ്പടയും പച്ചമാങ്ങ, ഇക്കയുടെ ശകടം തുടങ്ങിയ ചിത്രങ്ങളിലൂടെ കടന്നുവന്ന ഷെീബറലി തന്റെ ആറാമത്തെ ചിത്രമായ പായക്കപ്പലിലാണ് ഇപ്പോള്‍ കലാസംവിധാനം നിര്‍വഹിക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയുടെ സഹോദരനായ ഷെബീറലിയെ തിരൂരില്‍ ചിത്രീകരണം നടന്ന പായക്കപ്പലിന്റെ സെറ്റിലാണ് കണ്ടത്. മലയാളസിനിമയിലെ യുവകലാസംവിധായകരില്‍ ഒരാളായ ഷെബീറലി സിനിമാമംഗളത്തിന്റെ വായനക്കാരുമായി സംസാരിക്കുന്നു.

? ഷെബീറലി കലാസംവിധാനം നിര്‍വഹിക്കുന്ന ആറാമത്തെ ചിത്രമാണ് പായ്ക്കപ്പല്‍. ഈ ചിത്രത്തില്‍ സെറ്റ് വര്‍ക്കിന് പ്രാധാന്യമുണ്ടോ


ഠ തീര്‍ച്ചയായും പായക്കപ്പല്‍ നല്ലൊരു എക്‌സ്പീരിയന്‍സ് തന്നെയാണ്. സംവിധായകന്‍ മുഹമ്മദ് റാഫി സാറ് പായക്കപ്പലിന്റെ കഥ പറഞ്ഞപ്പോള്‍തന്നെ കഥയ്ക്ക് അനുയോജ്യമായ സെറ്റ് വര്‍ക്കിന്റെ സാധ്യതയെക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്.

തൊള്ളായിരത്തി അറുപത്തഞ്ച് കാലത്തെ കഥാപശ്ചത്തലമായതിനാല്‍ ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ഉരു രൂപകല്പന ചെയ്യണമായിരുന്നു. ഒരുകാലത്ത് കടലിലൂടെ ഓടിച്ചുവന്ന് കരയില്‍ ഇടിച്ചുനില്‍ക്കുന്ന പഴയ ഉരു നിര്‍മ്മിക്കാന്‍ കുറെയധികം കാര്യങ്ങള്‍ റഫര്‍ ചെയ്യേണ്ടിവന്നു.

സ്‌ക്വയര്‍ പൈപ്പുകളിലൂടെയാണ് സംവിധായകന്റെ മനസ്സിലുള്ള പഴയകാലത്തെ ഉരു നിര്‍മ്മിച്ചത്. തിരൂരിലെ നൂര്‍ലേക്ക് എന്ന സ്ഥലത്താണ് പായക്കപ്പലിനു വേണ്ട ഞാന്‍ ഉരു തയാറാക്കിയിരിക്കുന്നത്. ഉരുനിര്‍മ്മാണം നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു.

പഴയകാലത്തെ ജാറം രൂപകല്പന ചെയ്യേണ്ടി വന്നു. മാത്രമല്ല, പായക്കപ്പലിന്റെ കഥയ്ക്ക് അനുയോജ്യമായി ഒറ്റപ്പാലത്തെ വരിക്കാശേരി മനയെ പ്രൌഡിയുള്ള മുസ്ലീം ഭവനമാക്കി മാറ്റണമായിരുന്നു. മലയാളസിനിമയിലെ മാത്രമല്ല, മറ്റു ഭാഷകളിലെ കലാസംവിധായകരും വരിക്കാശേരി മനയില്‍ സെറ്റ് വര്‍ക്കുകളിലൂടെ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ എന്തെങ്കിലും ചെയ്ഞ്ച് വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് പഴയകാലത്തെ മുസ്ലീം ഭവനമാക്കി വരിക്കാശേരി മനയെ മാറ്റിയെടുത്തത്.

? കലാസംവിധാനത്തില്‍ ഏറ്റവും പ്രാധാന്യമുള്ളത് നിറങ്ങള്‍ക്കാണ്. കഥ ആവശ്യപ്പെടുന്ന സിറ്റുവേഷനനുസരിച്ചാണ് നിറങ്ങള്‍ നല്‍കുന്നത്. ഷെബീറലിയുടെ മനസ്സിലെ നിറങ്ങള്‍...


ഠ എല്ലാ നിറങ്ങളും എനിക്കിഷ്ടമാണ്. കഥയുടെ സിറ്റുവേഷനനുസരിച്ച് സംവിധായകന്റെയും ക്യാമറാമാന്റെയും മനസ്സിലും ചില നിറങ്ങളുണ്ടാവും. സെറ്റിടുമ്പോള്‍ അവരുടെ താല്പര്യത്തിനനുസരിച്ചാണ് മുന്നോട്ടു പോകുന്നത്.

പായക്കപ്പല്‍ ചെയ്യുമ്പോള്‍ നിറങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഈ ചിത്രത്തില്‍ ക്യാമറാമാന്‍ വിപിന്‍മോഹന്‍ സാറിന് വിവിധ സീനുകള്‍ ചിത്രീകരിക്കുമ്പോള്‍ കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു.

പായക്കപ്പലിന്റെ കഥാപശ്ചാത്തലത്തിന് അനുയോജ്യമായത് വൈറ്റ് കളറാണെന്ന് വിപിന്‍ മോഹന്‍ സാറ് നിര്‍ദ്ദേശിച്ചിരുന്നു. സംവിധായകന്റെയും ക്യാമറാമാന്റെയും ആഗ്രഹപ്രകാരം ഞാന വൈറ്റ് കളറിനു തന്നെയാണ് കുടുതലും പ്രാധാന്യം നല്‍കിയത്.

? ഷെബീറലിയുടെ കലാസംവിധാന ശാഖയിലെ എക്‌സ്പീരിയന്‍സിനെക്കുറിച്ച് സൂചിപ്പിക്കാമോ


ഠ തൃശൂരിലെ പട്ടിക്കരയിലെ മരത്തംകോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് ഞാന്‍ പ്ലസ്ടു കഴിഞ്ഞത്. എന്റെ ജ്യേഷ്ഠന്‍ ഷാജി പട്ടിക്കര സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായതിനാല്‍ ചെറുപ്പം മുതല്‍ക്കേ എന്റെ മനസ്സിലും സിനിമയുണ്ടായിരുന്നു.

ജ്യേഷ്ഠന്റെ നിര്‍ദ്ദേശപ്രകാരമാണ് കലാസംവിധായകന്‍ സി.കെ.സുരേഷിന്റെ കീഴില്‍ ലക്കി ജോക്കേഴ്‌സ് എന്ന ചിത്രത്തിലൂടെ ഞാന്‍ കലാസംവിധാന ശാഖയിലേക്ക് കടന്നുവന്നത്.

uploads/news/2018/05/219720/CiniINWArtDirectionShebeerali.jpg

? മലയാളസിനിമയിലെ നിരവധി കലാസംവിധായകരോടൊപ്പം വര്‍ക്ക് ചെയ്തതിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞില്ലേ...


ഠ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ വര്‍ക്ക് ചെയ്ത എന്റെ ഗുരുസ്ഥാനീയരായ ഓരോ കലാസംവിധായകരും ഓരോ പാഠശാലയാണ്. ഇവരിലൂടെ നിരവധി കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ കഴിഞ്ഞു. എന്റെ ഗുരുനാഥന സി.കെ. സുരേഷ് സാറിലൂടെ തുടങ്ങിയ യാത്ര 16 കലാസംവിധായകരിലൂടെ കടന്നുവന്നപ്പോള്‍ വേറിട്ട അനുഭവങ്ങളാണ് എന്നിലുണ്ടാക്കിയത്.

സാലു കെ. ജോര്‍ജിന്റെ കൂടെ ഭൂമിയുടെ അവകാശികള്‍, തോപ്പില്‍ ജോപ്പന്‍, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, പ്രശാന്ത് മാധവിന്റെ കൂടെ ജോമോന്റെ സുവിശേഷങ്ങള്‍, കിങ് ലെയര്‍, ഹണിബീ ടു, 2.5, സുജിത്ത് രാഘവിനോടൊപ്പം പാവാട, മരുഭൂമിയിലെ ആന, സാബുമോഹന്റെ കൂടെ നമുക്ക് പാര്‍ക്കാം , കുട്ടീം കോലും, ഇയ്യോബിന്റെ പുസ്തകം, എം. ബാവയോടൊപ്പം മോസയിലെ കുതിരമീനുകള്‍, സൈലന്റ്‌സ്, തരംഗം, ശ്രീനിയുടെ കൂടെ ജോസേട്ടന്റെ ഹീറോ, വീണ്ടും കണ്ണൂര്‍, മല്ലനും മാദേവനും, ഒരേ ഒരു രാജ, തെക്ക് തെക്കൊരു ദേശം, പേഴ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്തത് വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു.

വത്സന്‍, ഷിജി പട്ടണം, ഷിബു പഴഞ്ചിറ, ജയശ്രീ ലക്ഷ്മി നാരായണന്‍, രഞ്ജിത്ത് കോത്തേരി, കോയ, രാജീവ് കോവിലകം, ശ്യാം കാര്‍ത്തികേയന്‍, മുരളി ബേപ്പൂര്‍, മില്‍ട്ടണ്‍, സജിത്ത് എടവനക്കാട്, ജയന്‍ മാസ്, ഉണ്ണി കുറ്റിപ്പുറം, രാജേഷ് കല്പത്തൂര്‍, എന്നിവരോടൊപ്പവും കലാസംവിധാന സഹായിയായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

? കലാസംവിധാന മേഖലയില്‍ ഷെബീറലിയുടെ മനസിലെ റോള്‍മോഡലായി മാറിയവര്‍...


ഠ എല്ലാ കലാസംവിധായകരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എനിക്ക് മാതൃക തന്നെയാണ്. എങ്കിലും കലാസംവിധാന ശാഖയില്‍ നിലനില്‍ക്കാന്‍ എനിക്ക് പ്രചോനമായത് കലാസംവിധായകരായ മുത്തുരാജും പ്രശാന്ത് മാധവുമാണ്.

തമിഴില്‍ മുത്തുരാജ് സാറിന്റെ കൂടെ പുലിയെന്ന ഹിറ്റ് ചിത്രത്തിലാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. ശരിക്കും പറഞ്ഞാല്‍ കലാസംവിധാനത്തിലെ വ്യത്യസ്തമാ കാര്യങ്ങളാണ് മുത്തുരാജ് സാറിലൂടെ ഞാന്‍ പഠിച്ചത്.

പുലിയെന്ന തമിഴ് ചിത്രത്തിലെ കലാസംവിധാനത്തിലെ എക്‌സ്പീരിയന്‍സ് ഒരിക്കലും മറക്കാനാവില്ല. എന്നെ ആകര്‍ഷിച്ച മറ്റൊരു കലാസംവിധായകന്‍ പ്രശാന്ത് മാധവ് ഒരുപാട ക്രിയേറ്റിവിറ്റിയുള്ള കലാസംവിധായകനാണ്.

? കലാസംവിധായകനെന്ന നിലയില്‍ ടെന്‍ഷന്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ...


ഠ തീര്‍ച്ചയായും ഒരു സിനിമ തുടങ്ങി അവസാനിക്കുന്നതുവരെ വല്ലാത്ത ടെന്‍ഷന്‍ തന്നെയാണ്. കാരണം കഥയ്ക്ക് അനുയോജ്യമായ സെറ്റ് തയാറാക്കുമ്പോള്‍ സംവിധായകന്റെ തൃപ്തിയാണല്ലോ പ്രധാനം. വി.എം. അനിലിന്റെ ഒമ്പതാം വളവിനപ്പുറം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായെങ്കിലും തുടര്‍ന്ന് ചെയ്ത മട്ടാഞ്ചേരി, തേനീച്ചയും പീരങ്കിയും പച്ചമാങ്ങ, ഇക്കയുടെ ശകടം, ആറാമത്തെ ചിത്രമായ പായക്കപ്പല്‍ ഉള്‍പ്പെടെ ഓരോ ചിത്രങ്ങള്‍ ചെയ്യുമ്പോഴും കൂടുതല്‍ സീരിയസായി സിനിമയിലെ കലാസംവിധാനത്തെ സമീപിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.

? കലാസംവിധായകനെന്ന നിലയില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാറുണ്ടോ...


ഠ ഓരോ സിനിമകളും ഓരോ അനുഭവങ്ങളാണ്. കലാസംവിധാനശാഖയിലെ മാറ്റങ്ങള്‍ എന്തെന്നറിയാനും പഠിക്കാനും ഞാന്‍ തയാറാകാറുണ്ട്. എങ്കിലല്ലേ നിലനില്‍ക്കാന്‍ കഴിയുകയുള്ളു.

? കുടുംബത്തെക്കുറിച്ച് സൂചിപ്പിക്കാമോ...


ഠ തൃശൂരിലെ മരുത്തംകോടാണ് താമസിക്കുന്നത്. പിതാവ് മുഹമ്മദ്, മാതാവ് ഹാജിറ, സഹോദരങ്ങള്‍ ഷാജി പട്ടിക്കര, മുഹമ്മദ് മുസ്തഫ, സെബീന, മൊബൈല്‍: 8907362213.

-എം.എസ്.ദാസ്മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍

Ads by Google
Thursday 24 May 2018 03.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW