Friday, June 21, 2019 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 23 May 2018 03.57 PM

സൗന്ദര്യം വര്‍ധിക്കാന്‍ നാട്ടറിവുകള്‍

''ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ചിട്ടയായ ദിനചര്യയുമായി കൂട്ടിയിണക്കുമ്പോള്‍ യഥാര്‍ഥ സൗന്ദര്യം ഉണ്ടാകുന്നു. ശരിയായ ആഹാരവിഹാരങ്ങളെ ശീലിച്ചുകൊണ്ട് മനസിനെയും ശരീരത്തെയും നിര്‍മ്മലവും സുന്ദരവുമാക്കാന്‍ ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നു''
uploads/news/2018/05/219420/beutyspl230518.jpg

ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ജീവിത രീതി ആചരിച്ചുവരുന്നവരാണ് കേരളീയര്‍. പ്രകൃതിയോടിണങ്ങിയ സൗന്ദര്യ സംരക്ഷണം ആഗ്രഹിക്കുന്നവരും ശീലിക്കുന്നവരുമാണ് മലയാളികള്‍.

ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ചിട്ടയായ ദിനചര്യയുമായി കൂട്ടിയിണക്കുമ്പോള്‍ യഥാര്‍ഥ സൗന്ദര്യം ഉണ്ടാകുന്നു. ശരിയായ ആഹാരവിഹാരങ്ങളെ ശീലിച്ചുകൊണ്ട് മനസിനെയും ശരീരത്തെയും നിര്‍മ്മലവും സുന്ദരവുമാക്കാന്‍ ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നു.

ദേഹപ്രകൃതിക്കനുസരിച്ച്


സൗന്ദര്യം എന്നത് കാണുന്നവന്റെ മനസിലെ ഒരു ഭാവവും കാണുമ്പോള്‍ വീണ്ടും വീണ്ടും കാണണമെന്ന് ആഗ്രഹം ജനിപ്പിക്കുന്നതുമായ ഒന്നാണ്. ബാഹ്യമോടികളേക്കാളും ആന്തരികമായ ആകര്‍ഷണമാണ് ഇതിനടിസ്ഥാനമായി ആയുര്‍വേദം കണക്കാക്കുന്നത്.

സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ കേവലം സൗന്ദര്യവര്‍ധക വസ്തുക്കുടെ ഉപയോഗക്രമം മാത്രമല്ല മറിച്ച് ആഹാക്രമം, വ്യായാമം, ദേഹപ്രകൃതി, ജീവിതശൈലി തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ചും അറിയേണ്ടതുണ്ട്.

ശാരീരികവും മാനസികവുമായ ദോഷങ്ങള്‍, ധാതുക്കള്‍, മലങ്ങള്‍, അഗ്നി ഇവയുടെ പ്രവര്‍ത്തനം സ്വാഭാവികമാകുമ്പോള്‍ ആരോഗ്യവും അതിലൂടെ സ്വതസിദ്ധമായ സൗന്ദര്യം സ്വന്തമാകുന്നു. എങ്കിലും ബാഹ്യസൗന്ദര്യ സംരക്ഷണത്തിന് പണ്ടു മുതല്‍ക്കെ പ്രാധാന്യം നല്‍കിപ്പോരുന്നുണ്ട്.

ഉപഭോഗ സംസ്‌കാരത്തിന്റെ ഈ കാലത്ത് ധാരാളം സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നമുക്ക് വിപണിയില്‍ ലഭ്യമാണ്. അതിന്റെ ഭാഗമായി പ്രചരിക്കുന്ന പരസ്യവാചകങ്ങളുടെ ആകര്‍ഷണ വലയങ്ങളില്‍ അടിപ്പെട്ട് വഞ്ചിതരാകുന്നത് കൗമാര പ്രായക്കാരും യുവ സമൂഹവുമാണ്.

കൃത്രിമ രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഇത്തരത്തിലുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഉപയോഗം എത്രത്തോളം ഫലപ്രദമാണെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

പാര്‍ശ്വഫലങ്ങളില്ലാത്ത, പ്രകൃതിദത്തമായ സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്തുന്ന ഔഷധക്കൂട്ടുകള്‍ക്ക് ഇന്നത്തെ സമൂഹം ഒട്ടും തന്നെ പ്രാധാന്യം നല്‍കുന്നില്ല. ആയുര്‍വേദ ശാസ്ത്രം അനുസരിച്ച് ഓരോ വ്യക്തിയുടെ ദേഹപ്രകൃതിക്കനുസരിച്ച് ആയിരിക്കണം ഓരോരുത്തരും തന്റെ ആരോഗ്യ - സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം


ഭക്ഷണ പദാര്‍ഥങ്ങള്‍ യുക്തിപൂര്‍വം തിരഞ്ഞെടുക്കുകയും തയാറാക്കുകയും സംതൃപ്തിയോടെ കഴിക്കുകയും ചെയ്യുന്നത് ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിന് അത്യാവശ്യമാണ്.

മുടിയുടെ അഴകും കണ്ണുകളുടെ തിളക്കവും ത്വക്കിന്റെ മാര്‍ദവവുമെല്ലാം ആഹാരത്തിലൂടെ ഒരു പരിധിവരെ നമുക്ക് കൈവരിക്കാന്‍ സാധിക്കും. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍, വിറ്റാമിന്‍, അന്നജം, കൊഴുപ്പുകള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ശരിയായ അനുപാതത്തില്‍ ചേര്‍ന്നിട്ടുള്ളതായിരിക്കണം.

കൂടാത വിറ്റാമിന്‍ എ. ബി. സി. ഡി. കെ. ഇരുമ്പ്, ചെമ്പ്, സിങ്ക്, കാത്സ്യം എന്നിവ ത്വക്കിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗപ്രതിരോധശക്തി നിലനിര്‍ത്തുന്നതിനും അത്യന്താപേക്ഷിതമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഹാനികരമായ കൃത്രിമ ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും എരിവ്, ഉപ്പ്, പുളി തുടങ്ങിയവയുടെ അമിതമായ ഉപയോഗം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.

ജീവിത ശൈലി


ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ പലവിധ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ പലര്‍ക്കും മനഃശാന്തി ഇല്ലാതെ പോകുന്നു.

എല്ലാ കാര്യങ്ങളിലും ശ്രദ്ധയര്‍പ്പിച്ച് പ്രവര്‍ത്തിക്കുകയും എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുകയും പൊതുവേ ജീവിതത്തില്‍ എല്ലാ മേഖലയിലും ഉദാത്തവും ലളിതവുമായ ഒരു രീതി പിന്‍തുടരുകയും ചെയ്യുമ്പോള്‍ ആത്മനിയന്ത്രണവും സമാധാനവും വന്നുചേരും.

മനസിന് സമാധാനവും ഉണ്ടാകുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കുകയും പ്രവൃത്തികളില്‍ പൂര്‍ണതയും ആന്തരികവും ബാഹ്യവുമായ സൗന്ദര്യം വര്‍ധിക്കുകയും ചെയ്യും.

കൂടാതെ നിത്യേനെയുള്ള എണ്ണതേച്ചു കുളി, കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക മുതലായവ ശീലിക്കുമ്പോള്‍ ക്ഷീണം അകലുകയും മനസിന് ഉണര്‍വും ഉന്മേഷവും ശാന്തതയും അനുഭവപ്പെടുകയും രോഗങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യും.

വ്യായാമം


ശരീരബലമനുസരിച്ച് വ്യായാമം ശീലമാക്കുന്നത് ശാരീരിക ക്ഷമത കൂട്ടുവാനും മാനസികോല്ലാസത്തിനും ദഹനശക്തി വര്‍ധിപ്പിച്ച് ശരിയായ പോഷണം ലഭിക്കുന്നതിനും ശരീരത്തെ വടിവൊത്തതാക്കുന്നതിനും വളരെ അത്യാവശ്യമാണ്. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പരിശീലനം നേടിയതിനു ശേഷം യോഗാസനം ശീലിക്കുന്നതും ആകാര ഭംഗി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

വീട്ടുമുറ്റത്തെ ഔഷധങ്ങള്‍


നമ്മുടെ പരിസരത്തുതന്നെ വളരുന്ന സസ്യ ഔഷധികളും അടുക്കളയില്‍ നിത്യോപയോഗത്തിലുള്ള പലതും പാര്‍ശ്വഫലങ്ങളില്ലാതെ സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

തുളസി, കറ്റാര്‍വാഴ, ചെറുനാരങ്ങ, മൈലാഞ്ചിയില, നെല്ലിക്ക, ആര്യവേപ്പില, ചെറുപയര്‍, ഉലുവ, മഞ്ഞള്‍, പാല്‍, തൈര്, മോര്, തേന്‍, തേങ്ങാപ്പാല്‍ തുടങ്ങിയവ സൗന്ദര്യ സംരക്ഷണത്തിനായി പ്രയോജനപ്പെടുത്താന്‍ കഴിയും.

മുഖക്കുരുവിന്


1. കസ്തൂരി മഞ്ഞള്‍, ചെറുപയര്‍ ഇവ പൊടിച്ചതും പാല്‍പ്പാടയും ചേര്‍ത്ത് യോജിപ്പിച്ച് പുരട്ടുന്നത് മുഖക്കുരുവിനും മുഖത്തെ കറുത്ത പാടുകള്‍ക്കും നല്ലതാണ്.
2. ഏലാദി ചൂര്‍ണം വെള്ളത്തില്‍ ചാലിച്ച് പുരട്ടുക
3. പച്ചമഞ്ഞളും രക്തചന്ദനവും സമം എടുത്ത് പാലില്‍ അരച്ച് മുഖത്തിടുക.
4. പേരയുടെ തളിരിലയും തുളസിയിലയും ചേര്‍ത്ത് വെണ്ണ പോലെ നന്നായി അരച്ച് മുഖത്ത് പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക.
uploads/news/2018/05/219420/beutyspl230518a.jpg

മുഖകാന്തി വര്‍ധിക്കുന്നതിന്


1. മഞ്ഞള്‍പ്പൊടി, ചെറുപയര്‍, പശുവിന്‍പാല്‍, ചെറുനാരങ്ങാ നീര് എന്നിവ സമം ഒരു നുള്ള് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. അര മണിക്കൂറിന് ശേഷം കടലപ്പൊടിയും ചെറു ചൂടുവെള്ളവും ഉപയോഗിച്ച് മുഖം കഴുകുക.

വരണ്ട മുഖചര്‍മ്മത്തിന്


1. ദിവസവും രാവിലെ പാല്‍പ്പാട പുരട്ടി 5 - 10 മിനിട്ട് തടവുക
2. കുങ്കുമാദി തൈലം പുരട്ടി തടവുക
3. ദിവസവും അര ഗ്ലാസ് പാലുകൊണ്ട് വൈകുന്നേരം മുഖം കഴുകുക

കരിമുഖം


1. കുങ്കുമാദി തൈലം രാത്രി മുഖത്ത് പുരട്ടി കിടക്കുക
2. ഏലാദി ചൂര്‍ണം തേങ്ങാപ്പാലില്‍ ചാലിച്ച് മുഖത്ത് പുരട്ടുക
3. നീര്‍മാതളത്തിന്റെ തൊലിയും ഉലുവയും ചേര്‍ത്ത് പാലില്‍ അരച്ചിടുക

കേശ സംരക്ഷണം


മുടിയുടെ കറുപ്പും മിനുസവും നിലനിര്‍ത്തുന്നതിനും അകാല നരയ്ക്കും മുടികൊഴിച്ചില്‍ തടയുവാനും നീലിഭൃഗാദി, ചെമ്പരിത്യാദി, കയ്യൂണ്യാദി, കുന്തളകാന്തി തുടങ്ങിയവ കാച്ചിയ വെ
ളിച്ചെണ്ണ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കാം.

കണ്ണിന് കുളിര്‍മ്മയ്ക്ക്


1. കക്കരിക്ക വട്ടത്തില്‍ മുറിച്ച് കണ്‍പോളകളില്‍ വച്ച് 10 മിനിട്ട് നേരം കെട്ടുക..

പ്രസവശേഷം സ്ത്രീകളിലെ സൗന്ദര്യ സംരക്ഷണത്തിന്


1. പച്ച മഞ്ഞള്‍ ഉണക്കിപ്പൊടിച്ചതും നല്ലെണ്ണയും ചേര്‍ത്ത് ദേഹത്ത് പുരട്ടി കുളിക്കുന്നത് ഗര്‍ഭിണിയായിരിക്കുമ്പോള്‍ ദേഹത്തുണ്ടാകുന്ന നിറവ്യത്യാസം മാറാന്‍ നല്ലതാണ്.

കുഞ്ഞിന്റെ സൗന്ദര്യത്തിന്


1. ഏലാദി കേരം ദേഹത്തു പുരട്ടി കുളിപ്പിക്കുക
2. നാല്‍പാമരാദി വെളിച്ചെണ്ണ ദേഹത്ത് പുരട്ടി കുളിപ്പിക്കുക
3. മഞ്ഞള്‍പ്പൊടി പാലില്‍ ചാലിച്ച് ദേഹത്ത് പുരട്ടുന്നത് നിറം വര്‍ധിക്കാന്‍ സഹായിക്കും.
4. ആരിവേപ്പിലയും പച്ചമഞ്ഞള്‍ ഉണക്കിപ്പൊടിച്ചതും ചേര്‍ത്ത് തിളപ്പിച്ച വെള്ളംകൊണ്ട് ദേഹം കുളിപ്പിക്കുക.
5. രക്തചന്ദനം, മഞ്ഞള്‍, ചെറുനാരങ്ങാ നീര് ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ ദേഹത്ത് പുരട്ടി കുളിപ്പിക്കുക
6. എല്ലാത്തിനും ഉപരി കുഞ്ഞിന്റെ വ്യക്തിശുചിത്വം, വിദ്യാഭ്യാസം, പെരുമാറ്റം, വസ്ത്രധാരണം, ആഹാര വിഹാരങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ കൊടുക്കുകയും അവരുടെ ആരോഗ്യവും വ്യക്തിത്വവും സൗന്ദര്യവും സംരക്ഷിക്കുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും ശരിയായ അവബോധം അവരില്‍ വളര്‍ത്തിയെടുക്കുകയും ഇവയെല്ലാം കൂടിേച്ചര്‍ന്നതാണ് യഥാര്‍ഥ സൗന്ദര്യമെന്നത് വ്യക്തിമാക്കി കൊടുക്കുകയും വേണം.

ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടിനനുസരിച്ച് സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മാറിക്കൊണ്ടിരിക്കും. അതിനാല്‍ എന്താണ് സൗന്ദര്യം എന്ന് നിര്‍വചിക്കുക പ്രയാസം തന്നെ. ആയുര്‍വേദ ശാസ്ത്ര പ്രകാരം സൗന്ദര്യം എന്നത് കേവലം ബാഹ്യമായ ഒന്നല്ല. മറിച്ച് മാനസികവും ശാരീരികവും സാമൂഹികവുമായ ആരോഗ്യമാണ് ഒരു വ്യക്തിയുടെ സൗന്ദര്യം.

കടപ്പാട്:
ഡോ. ഷിമി ബെന്‍ സി.ജെ - പാലക്കാട്
ഡോ. ദിലീപ് കെ.എസ് - പാലക്കാട്

Ads by Google
Wednesday 23 May 2018 03.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW