Monday, June 17, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 23 May 2018 03.02 PM

ക്യാന്‍സറിനെ തോല്‍പ്പിച്ച ജീവിതം

''ചിരിച്ചും ചിരിപ്പിച്ചും മലയാളികളുടെ പ്രിയങ്കരനായ ഇന്നസെന്റ് തനിക്ക് ക്യാന്‍സറാണെന്നറിഞ്ഞപ്പോഴും വേദനയൊതുക്കി ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ ഭാര്യ ആലീസിനെ ക്യാന്‍സര്‍ പിടിമുറുക്കിയപ്പോള്‍ അതിജീവനം അദ്ദേഹത്തിനത്ര എളുപ്പമായിരുന്നില്ല.''
uploads/news/2018/05/219407/innocentCancerINW230518.jpg

ക്യാന്‍സറിനെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഇന്നസെന്റ്, തന്റെ രോഗാവസ്ഥയേക്കാള്‍ തകര്‍ന്നത് ഭാര്യ ആലീസിനും ക്യാന്‍സറാണെന്നറിഞ്ഞപ്പോഴാണ്.

രണ്ടു മനുഷ്യ ജന്മങ്ങളിലേക്കുള്ള കണ്ണുനീര്‍ ഒറ്റ ജന്മത്തില്‍ ഒഴുക്കി, പരസ്പരം സ്നേഹിച്ചും സംരക്ഷിച്ചും അവര്‍ ക്യാന്‍സറിനെ കീഴടക്കി. അ വരിപ്പോള്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ സന്തുഷ്ട ജീവിതം നയിക്കുന്നു. ദുരിതങ്ങളെ കീഴടക്കിയ നാളുകളെക്കുറിച്ച് ഇന്നസെന്റ്.

സന്തുഷ്ട ക്യാന്‍സര്‍ കുടുംബം


ഞാന്‍ വായിച്ച ഏറ്റവും സസ്പെന്‍സും അവിശ്വസനീയമായതുമായ തിരക്കഥയാണ് എന്റെ ജീവിതം. നാട്ടിലെ കൊച്ചാപ്പു എന്നൊരാള്‍ മഹോദരത്താല്‍ മരിച്ചപ്പോഴാണ് ക്യാന്‍സര്‍ എന്ന പേര് ആദ്യമായി ഞാന്‍ കേട്ടത്.

പിന്നീട് പല പേരുകളില്‍ അറിയപ്പെടുന്ന ആ രോഗം ബാധിച്ച് അയല്‍പക്കത്ത് പലരും നിലവിളിച്ച് മരിക്കുന്നതും ഞാന്‍ കണ്ടു. തൊട്ടടുത്ത വീട്ടിലെ സ്ത്രീക്ക് വായില്‍ ക്യാന്‍സര്‍ വന്നപ്പോഴും എനിക്ക് പേടി തോന്നിയില്ല. ഇതൊക്കെ കണ്ട് വളര്‍ന്ന ആളാണ് ഞാന്‍, പക്ഷേ ഒരിക്കല്‍... ഒരിക്കല്‍ മാത്രം ക്യാന്‍സറിന് മുമ്പില്‍ ഞാന്‍ പതറി.

സിനിമാ നടനായി ജീവിക്കുന്നതിനിടെ 15 കൊല്ലം മുമ്പ് ഒരു ദിവസം എന്റെ ബാല്യകാല സുഹൃത്തായ നൂറുദ്ദീനും ഭാര്യയും എന്നെ കാണാന്‍ വന്നു. സംസാരത്തിനിടെ ആല്‍ഫാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്ക് രൂപീകരിച്ചെന്നും ഞാനതിന്റെ പേട്രനാവണം എന്നും നൂറുദ്ദീന്‍ ആവശ്യപ്പെട്ടു.

ഞാന്‍ തമാശയൊക്കെ അഭിനയിച്ച് നടക്കുന്ന ആളാണ്, ഇത്രയും ഗൗരവമുളള സ്ഥാനം വഹിക്കാന്‍, രക്ഷാധികാരിയാവാന്‍ യോഗ്യനല്ലല്ല, എന്നൊക്കെ പറഞ്ഞെങ്കിലും നൂറുദ്ദീന്‍ സമ്മതിച്ചില്ല.

ഞാന്‍ പറയുന്ന നേരംപോക്കുകളിലൊക്കെ വസ്തുതകളുണ്ടെന്ന് വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് മനസിലാക്കിയ ആളാണ് താനെന്നും അതുകൊണ്ടാണ് ഇത്തരമൊരു കാര്യത്തിന് വന്നുകണ്ടതെന്നും പറഞ്ഞപ്പോള്‍ നിഷേധിക്കാന്‍ കഴിഞ്ഞില്ല.

അങ്ങനെ ഞാന്‍ ആല്‍ഫാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കിന്റെ രക്ഷാധികാരിയായി. നടന്‍, അമ്മയുടെ പ്രസിഡന്റ് എന്നീ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയിലും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഞാന്‍ സമയം കണ്ടെത്തി. പരിപാടികള്‍ക്ക് എന്നേയും വിളിക്കണമെന്ന് ആവശ്യപ്പെട്ടു.

രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി നമ്മളും എന്തൊക്കെയോ ചെയ്യുന്നു എന്നൊരു തോന്നലുണ്ടായി. പിന്നീട് അവരുടെ പല ക്ലാസുകളിലും പങ്കെടുത്തു. അങ്ങനെയാണ് ഡോ. വി.പി ഗംഗാധരനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ക്ലാസുകള്‍ കേട്ടു ക്യാന്‍സറിനെക്കുറിച്ചുള്ള കാര്യങ്ങള്‍ നേരംപോക്കുകളിലൂടെ അവതരിപ്പിക്കാന്‍ ഞാനും ശ്രമിച്ചു.

uploads/news/2018/05/219407/innocentCancerINW230518a.jpg

അങ്ങനിരിക്കെ ഒരു ദിവസം എന്റെ നാക്കില്‍ ഒരു തടിപ്പു തോന്നി ചികിത്സ തേടി. ലേക്ഷോര്‍ ആശുപത്രിയില്‍ ഡോ. ഗംഗാധരന്റെ അടുത്തെത്തി. മകന്‍ സോണറ്റും ഒപ്പമുണ്ട്. പരിശോധനകളെല്ലാം കഴിഞ്ഞ് റിസല്‍ട്ട് നോക്കി ഡോക്ടര്‍ പറഞ്ഞു, നിങ്ങള്‍ക്ക് ക്യാന്‍സറാണ്, ലിഫോംമ..

ആ വാര്‍ത്ത എന്റെ കുടുംബത്തെ വല്ലാതെ ഉലച്ചു, മരണവീടുപോലെയായി അവിടം. ഡോക്ടറെ കണ്ട് വീട്ടിലെത്തിയപ്പോള്‍ ആരും ഒറ്റയക്ഷരം മിണ്ടുന്നില്ല, പിന്നീട് ആശുപത്രി വാസത്തിന്റെ നാളുകളായിരുന്നു.

അസുഖം പൂര്‍ണ്ണമായി മാറി വീട്ടിലേക്ക് വരാനൊരുങ്ങുന്ന ദിവസങ്ങളില്‍ ഒരിക്കല്‍ മകന്‍ ആലീസിനെ വിളിച്ചു. എന്റെയൊപ്പം ആശുപത്രിയിലിരുന്ന് ക്യാന്‍സര്‍ രോഗികളെ കണ്ടതുകൊണ്ടാവാം അവന്‍ ആലീസിനോട് മാമോഗ്രാം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

'തനിക്ക് വേദനയോ തടിപ്പോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഒന്നുമില്ല, പിന്നെന്തിന് മാമാഗ്രാം ചെയ്യണം, എന്ന നിലപാടായിരുന്നു', ആലീസിന്. പക്ഷേ എല്ലാവരുടേയും നിര്‍ബന്ധത്തിന് വഴങ്ങി മാമോഗ്രാം ചെയ്തു. റിസല്‍ട്ടില്‍ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു.

എങ്കിലും ബയോപ്സി കൂടി ചെയ്യാമെന്നൊരു നിര്‍ദ്ദേശം കേട്ടപ്പോള്‍ ഞെട്ടിയത് ഞാനായിരുന്നു. അതോടെ ആലീസിനും ടെന്‍ഷനായി. എങ്കിലും ബയോപ്സി ചെയ്തു. ആലീസിന്റെ റിസല്‍ട്ടിനായി കാക്കാതെ ആശുപത്രിയില്‍ നിന്ന് പൂര്‍ണ്ണ ആരോഗ്യവാനായ ഞാന്‍ കുടുംബത്തോടൊപ്പം വീട്ടിലേക്ക് തിരിച്ചു.

യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ ഇരിക്കുമ്പോഴാണ് സോണറ്റിന്റെ ഫോണിലേക്ക് കോള്‍ വന്നത്. ഡോ. ഗംഗാധരനായിരുന്നു ലൈ നിലെന്ന് അവന്റെ മുഖം കണ്ടപ്പോഴേ മനസിലായി. ആ മുഖത്ത് കാര്‍മേഘം ഇരുണ്ടുകൂടി. സോണറ്റിന് ഒരക്ഷരം പോലും പറയേണ്ടി വന്നില്ല, ഞങ്ങള്‍ക്ക് മനസിലായി, ആലീസിനും ക്യാന്‍സറാണെന്ന്.

പക്ഷേ ആരും കരഞ്ഞില്ല. കരയാനുള്ള ശേഷി ഞങ്ങള്‍ക്കില്ലായിരുന്നു. ഹോട്ടലി ല്‍ നിന്നിറങ്ങി, എല്ലാവരും കാറില്‍ കയറി. കാര്‍ നീങ്ങിയതോടെ ആലീസ് പൊട്ടിക്കരഞ്ഞു.

ആ നിമിഷം ഞാന്‍ ദൈവത്തിന്റെ പരീക്ഷണങ്ങളെക്കുറിച്ചാണോര്‍ത്തത്. എന്റെ രോഗം മാറി തൊട്ടടുത്ത നിമിഷം തന്നെ ആലീസിനും അതേ അസുഖമാണെന്നറിഞ്ഞപ്പോള്‍, ഇനി എന്തൊക്കെയാണെന്നെ കാത്തിരിക്കുന്നത് എന്നാണ് ഞാന്‍ ആലോചിച്ചത്.

എനിക്ക് ക്യാന്‍സറാണെന്നറിഞ്ഞപ്പോഴും ഞാന്‍ പതറിയില്ല, പക്ഷേ ആലീസിന്റെ കാര്യം വന്നപ്പോള്‍ അങ്ങനെയായിരുന്നില്ല. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും തളര്‍ന്നു. അന്നുരാത്രി ആരും ഭക്ഷണം കഴിച്ചില്ല.

പ്രതീക്ഷയുടെ നാളുകള്‍


ഇന്‍സിറ്റു എന്നായിരുന്നു ആലീസിന്റെ അസുഖത്തിന്റെ പേര്, ക്യാന്‍സറിന്റെ ആദ്യ ഘട്ടം. ലേക്‌ഷോര്‍ ആശുപത്രിയില്‍ ഡോ.ഗംഗാധരന്റെ ഭാര്യ ഡോ.ചിത്രതാരയാണ് ആലീസിനെ ചികിത്സിച്ചത്്. പരിശോധനകള്‍ക്കൊടുവില്‍ ചെറിയൊരു ഓപ്പറേഷനിലൂടെ രോഗം പൂര്‍ണ്ണമായി മാറുമെന്നവര്‍ ഉറപ്പ് നല്‍കി.
uploads/news/2018/05/219407/innocentCancerINW230518b.jpg

ആല്‍ഫ പാലിയേറ്റീവ് ക്ലിനിക്കിന്റെ പരിപാടികള്‍ക്കിടയില്‍ ബ്രസ്റ്റ് ക്യാന്‍സറിനെക്കുറിച്ച് പറയുന്നത് ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കിത് എങ്ങനെ തിരിച്ചറിയാമെന്നും ഡോക്ടര്‍മാര്‍ വിശദമായി പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.

വിദേശരാജ്യങ്ങളിലൊക്കെ 35 വയസ് കഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യും. ഇവിടെയാകട്ടെ, വേദന വരുമ്പോള്‍ മാത്രമാണ് പരിശോധന നടത്തുന്നതും രോഗം തിരിച്ചറിയുന്നതും. അപ്പോഴേക്കും ശരീരം മുഴുവന്‍ കാന്‍സര്‍ ബാധിച്ചിട്ടുണ്ടാകും.

ആലീസിന് മാമോഗ്രാം ചെയ്യാന്‍ തോന്നിയത് എത്ര നന്നായെന്ന് എനിക്ക് തോന്നി. താമസിയാതെ ചികിത്സ ആരംഭിച്ചു, കുഴപ്പങ്ങളൊന്നുമില്ലാതെ സുഗമമായി സര്‍ജറി ചെയ്തു. പിന്നീടായിരുന്നു റേഡിയേഷന്‍.

ഒരു സന്തുഷ്ട കുടുംബമായി ഞാനും ആലീസും റേഡിയേഷന് പോയി തുടങ്ങി. പിന്നീട് മൂന്നുമാസത്തിലൊരിക്കല്‍ ചെക്കപ്പ്, ഇപ്പോള്‍ ആലീസ് പൂര്‍ണ്ണ ആരോഗ്യവതിയാണ്. വീണ്ടും സന്തോഷത്തിന്റെ നാളുകള്‍.

എനിക്ക് ക്യാന്‍സറാണെന്നറിഞ്ഞപ്പോള്‍ പലരും പ്രാര്‍ത്ഥനയുമായി വന്നിരുന്നു. എനിക്ക് വേണ്ടി ആരൊക്കെയോ പ്രാര്‍ത്ഥിച്ചതില്‍ ബാക്കിയുള്ളതാണ് എന്റെ ആലീസിനെ ഇപ്പോള്‍ ജീവിപ്പിക്കുന്നത്. പിന്നെ കുടുംബത്തിന്റെ സ്നേഹവും കരുതലും.

ക്യാന്‍സര്‍ പഠിപ്പിച്ചത്


പാവപ്പെട്ട സ്ത്രീകളോട് വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യണമെന്ന് പറഞ്ഞാല്‍ അവര്‍ക്കതിന് കഴിയണമെന്നില്ല, സാമ്പത്തികം തന്നെ പ്രശ്നം. ഞാന്‍ എം.പിയായ ശേഷം ഒരു ദിവസം, 'ആരോഗ്യകാര്യങ്ങള്‍ക്കുവേണ്ടി എം.പി ഫണ്ടില്‍ നിന്നും പണം ചെലവഴിക്കാന്‍ പറ്റുമോ' എന്ന് ആലീസ് ചോദിച്ചു.

അപ്പോഴാണ് ഞാനതിനെക്കുറിച്ച് ആലോചിക്കുന്നത്. അതിനെക്കുറിച്ച് ഞാനും എന്റെ സെക്രട്ടറി സേതുരാജും അന്വേഷിച്ചു. അങ്ങനെയാണ് എം.പി ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ മുടക്കി അഞ്ച് സ്ഥലങ്ങളിലെ ആശുപത്രികളില്‍ മാമോഗ്രാം മെഷീന്‍ സ്ഥാപിച്ചത്. പാവപ്പെട്ട സ്ത്രീകള്‍ക്കുവേണ്ടിയാണിത്, അവര്‍ക്കവിടെ സൗജന്യമായി പരിശോധന നടത്താം.

തുടക്കത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ബ്രസ്റ്റ് ക്യാന്‍സര്‍ പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാം. ചികിത്സിക്കാന്‍ പണമില്ലാത്തതുമൂലം ഒരുപാട് സ്ത്രീകള്‍ മരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമോ അത് ചെയ്യണമെന്നാണ് ആലീസ് പറയുന്നത്്.

അശ്വതി അശോക്

Ads by Google
Wednesday 23 May 2018 03.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW