Thursday, November 15, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
എം. ആര്‍. കൃഷ്ണന്‍
Wednesday 23 May 2018 11.40 AM

മാണിയുടെ മനംമാറ്റത്തിന് കാരണം എന്ത്? ജോസ് കെ. മാണിക്ക് അധികാരം കൈമാറാനുള്ള നീക്കം വീണ്ടും പൊളിച്ച് ജോസഫും കൂട്ടരും; ഇനി നോട്ടം മകനെ കേന്ദ്രമന്ത്രിയാക്കാന്‍

തെരഞ്ഞെടുപ്പുകളില്‍ നിന്നും വിരമിച്ചുകൊണ്ട് കിരീടവും ചെങ്കോലും മകന് കൈമാറാനായിരുന്നു നീക്കം. ഇതിന് ജോസഫ് വിഭാഗം നല്‍കിയ അതേനാണയത്തിലുള്ള മറുപടിയാണ് ചെങ്ങന്നൂരിലെ യു.ഡി.എഫ് പിന്തുണ. ഇതോടെ പാര്‍ട്ടിയില്‍ ജോസ് കെ. മാണി ഉണ്ടാക്കികൊണ്ടുവന്ന ആധിപത്യം തകരുകയും ജോസഫും കൂട്ടരും പിടിമുറുക്കുകയും ചെയ്തു.
 K.M. Mani

തിരുവനന്തപുരം: ചരല്‍ക്കുന്ന് ക്യാമ്പ് തീരുമാനത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് ചെങ്ങന്നൂരില്‍ യു.ഡി.എഫിന് പിന്തുണ നല്‍കാനുള്ള കേരള കോണ്‍ഗ്രസി(എം)ന്റെ തീരുമാനം അനന്തരാവകാശിയാകാന്‍ നിന്ന ജോസ് കെ. മാണിക്ക് ഏറ്റ തിരിച്ചടി. ജോസ് കെ. മാണിയുടെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് ചരല്‍ക്കുന്നില്‍വച്ച് യു.ഡി.എഫ് വിടാന്‍ മാണി കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇപ്പോള്‍ കര്‍ണ്ണാടകയിലെ രാഷ്ട്രീയമാണ് മാണി ഗ്രൂപ്പിനെ തിരിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നതും.

അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ലീഡറായി ജോസ് കെ. മാണിയെ അവരോധിക്കാനായിരുന്നു കെ.എം. മാണിയുടെ തീരുമാനം. തെരഞ്ഞെടുപ്പുകളില്‍ നിന്നും വിരമിച്ചുകൊണ്ട് കിരീടവും ചെങ്കോലും മകന് കൈമാറാനായിരുന്നു നീക്കം. ഇതിന് ജോസഫ് വിഭാഗം നല്‍കിയ അതേനാണയത്തിലുള്ള മറുപടിയാണ് ചെങ്ങന്നൂരിലെ യു.ഡി.എഫ് പിന്തുണ. ഇതോടെ പാര്‍ട്ടിയില്‍ ജോസ് കെ. മാണി ഉണ്ടാക്കികൊണ്ടുവന്ന ആധിപത്യം തകരുകയും ജോസഫും കൂട്ടരും പിടിമുറുക്കുകയും ചെയ്തു. എന്നും മാണിക്കൊപ്പം നിന്ന സി.എഫ്. തോമസ്, തോമസ് ഉണ്ണിയാടന്‍ എന്നിവരുടെ സമ്മര്‍ദ്ദവും ഇതിന് പിന്നിലുണ്ട്.

സംസ്ഥാന നിയമസഭയില്‍ ജോസ് കെ. മാണിക്ക് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരാന്‍ ജോസഫ് വിഭാഗം അനുവദിക്കില്ലെന്ന തിരിച്ചറിവാണ് മാണിയെ ഈ തീരുമാനത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയത്. ഈ സാഹചര്യത്തില്‍ മാണിയുടെ ഇനിയുള്ള ലക്ഷ്യം ജോസ് കെ. മാണിയെ കേന്ദ്ര മന്ത്രിയാക്കുകയെന്നതാണ്. സംസ്ഥാനത്ത് ബി.ജെ.പിയുമായി മാണി ഗ്രൂപ്പിന് ഒരു ബന്ധം സാദ്ധ്യമല്ല. കര്‍ണ്ണാടകയില്‍ ബി.ജെ.പിയെ പുറത്താക്കി കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വന്നത് മാണിയെ തിരിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നാണ്. കര്‍ണ്ണാടക മാതൃക, സഖ്യങ്ങളായിരിക്കും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരായി ഉണ്ടാകുക. അത്തരത്തില്‍ പ്രാദേശികസഖ്യങ്ങള്‍ കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യുമെന്നും സമീപരാഷ്ട്രീയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നത് ദേശീയതലത്തില്‍ പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലാണ് മാണിയെ ഈ തീരുമാനത്തിന് പിന്തുണനല്‍കാന്‍ പ്രേരിപ്പിച്ചത്. ഇടതുമുന്നണിയില്‍ നിന്ന് വിജയിച്ചുവന്നാലും സി.പി.എം കോണ്‍ഗ്രസുമായി ഇപ്പോഴും മുഖംതിരിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയതലത്തിലൂം ജോസ് കെ. മാണിക്ക് ഒരു ഭാവിയില്ലാതാകും. ഇക്കാര്യങ്ങളാണ് മാണിയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഈ തീരുമാനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രത്യേകിച്ച് ആലപ്പുഴ ജില്ലാകമ്മിറ്റിക്ക് ചില ആശങ്കകളുമുണ്ട്. ഇത്രയും നാള്‍ ഇടതുമുന്നണിക്ക് പിന്തുണയെന്ന നിലയില്‍ മുന്നോട്ടുപോയിട്ട് വോട്ടെടുപ്പിന് ഒരാഴ്ച മാത്രമുള്ളപ്പോള്‍ മറിച്ച് തീരുമാനിച്ചത് അണികളില്‍ ആശങ്കയുണ്ടാക്കുമെന്നാണ് ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ വിലയിരുത്തല്‍. മാത്രമല്ല, ഇങ്ങനെ ഒരു തുറന്ന തീരുമാനം ഇന്നത്തെ സ്ഥിതിയില്‍പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അത്ര ഗുണകരമാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തന്ത്രപരമായ ഒരു തീരുമാനമായിരുന്നു ഇക്കാര്യത്തില്‍ വേണ്ടിയിരുന്നത്. തങ്ങള്‍ പിന്തുണ നല്‍കിയിട്ട് ചെങ്ങന്നൂരില്‍ യു.ഡി.എഫ് തോല്‍ക്കുകയാണെങ്കില്‍ പിന്നെ ഇടതുമുന്നണിയിലേക്കുള്ള പോക്ക് ഒരിക്കലും സാദ്ധ്യമാവില്ല. മാത്രമല്ല, യു.ഡി.എഫില്‍ നിന്നും ഇപ്പോള്‍ ഉണ്ടായ സ്വീകാര്യത ലഭിക്കുകയുമില്ല. ഇത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആ സാഹചര്യത്തില്‍ ഇത്രയും തുറന്ന നിലപാട് വേണ്ടായിരുന്നുവെന്നാണ് അവരുടെ അഭിപ്രായം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW