Monday, April 22, 2019 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
ശ്രീപാര്‍വതി
ശ്രീപാര്‍വതി
Tuesday 22 May 2018 05.44 PM

അനുഭവങ്ങള്‍ അമര്‍ന്നുപെയ്യുന്ന കൃഷ്ണം

ജീവിതത്തില്‍ അതിശയങ്ങള്‍ സംഭവിക്കുമോ? ഈ ചോദ്യം സ്വയം പലവട്ടം ചോദിച്ചിട്ടുണ്ട്. അതൊക്കെ കഥകളിലും സിനിമകളിലും മാത്രമായിരിക്കാമെന്നായിരുന്നു തോന്നലുകള്‍ . പക്ഷെ ചിത്രത്തിന്റെ അവസാനം അക്ഷയെ ചികിത്സിച്ച യഥാര്‍ത്ഥ ഡോക്ടര്‍മാര്‍ സംസാരിക്കുമ്പോള്‍ മനസ്സിലാക്കാനാകും ഈ സിനിമ അവതരിപ്പിച്ചതിന് പിന്നില്‍ ഒരു അച്ഛനും അമ്മയും കടന്നു വന്ന വഴികള്‍ എന്തൊക്കെയാണെന്ന് .
krishnam malayalam movie review

മാജിക്കല്‍ റിയലിസം ആദ്യം അനുഭവിച്ചതും ആഘോഷിച്ചതും മാര്‍ക്കേസിന്റെ നോവലുകളിലായിരുന്നു. പിന്നെ നന്ദനത്തില്‍ ഗുരുവായൂരപ്പന്‍ കണ്മുന്നില്‍ വന്നു നിന്നപ്പോള്‍. അതൊരിക്കലും നടക്കാത്ത കഥയാണെന്നും അങ്ങനെയൊന്നും നടക്കാന്‍ പോകുന്നില്ലെന്നും സ്വയമാശ്വസിച്ചു. ഒരിക്കലും കണ്മുന്നില്‍ ആടി തീര്‍ക്കേണ്ടുന്ന ഒരു ജീവിതത്തിന്മേല്‍ പ്രകൃതി മാജിക്കല്‍ റിയലിസം കാണിക്കാന്‍ പോകുന്നില്ല എന്ന് ഉറച്ചു വിശ്വസിച്ചു.നന്ദനത്തെക്കാള്‍ ആമേന്‍ എന്ന ലിജോ സിനിമ ഇഷ്ടപ്പെട്ടതും അതുകൊണ്ടു തന്നെ. ഒരു മാര്‍ക്കേസ് വായനപോലെ അതിങ്ങനെ ഹൃദയഭിത്തികളെ രസകരമായ ഒരു സ്വപ്നത്തിലേക്ക് കൊണ്ട് നടന്നു. പക്ഷെ കൃഷ്ണം എന്ന ദിനേശ് ബാബു സിനിമ കണ്ടിറങ്ങുമ്പോള്‍ മനസിലാക്കണം മാജിക്കല്‍ റിയലിസം യഥാര്‍ത്ഥ ജീവിതത്തിലും അനുഭവിക്കാനുള്ളത് തന്നെയായിരുന്നു! ആ തിരിച്ചറിവ് തന്ന അമ്പരപ്പ് സിനിമ കണ്ടിറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞും വിട്ടു പോകുന്നില്ല.

അക്ഷയ് കൃഷ്ണന്‍ എന്ന പത്തൊന്‍പതുകാരന്റെ ജീവിതമാണ് കണ്മുന്നില്‍. സിനിമയുടെ പരസ്യം തന്നെ വ്യത്യസ്തമായിരുന്നു, നായകനായി അഭിനയിച്ച അക്ഷയ് എന്ന യുവാവിന്റെ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങളാണ് ഈ സിനിമ പറയുന്നത്. ചില സിനിമകളില്‍ പ്രമേയത്തിന്റെ സത്യസന്ധത കാണാം, സ്വന്തം ജീവിതത്തില്‍ അനുഭവിച്ച എത്രയോ നിമിഷങ്ങള്‍ കണ്ടെത്താം, പക്ഷെ ഒരു ചലച്ചിത്രം മുഴുവനായി ഒരു കുടുംബം അനുഭവിച്ച അവസ്ഥകള്‍ ആവിഷ്‌കരിക്കുക, അതിലൂടെ അവര്‍ അവരുടെ നന്മകളെ ലോകവുമായി ബന്ധിപ്പിക്കുക... കൃഷ്ണം എന്ന ചിത്രത്തിലെ യഥാര്‍ത്ഥ ഹീറോ അതുകൊണ്ടു തന്നെ അക്ഷയോ, സംവിധായകന്‍ ദിനേശ് ബാബുവോ ഒന്നുമല്ല, അക്ഷയിന്റെ പിതാവ് പി എന്‍ ബല്‍റാമാണ്. അദ്ദേഹമാണ് സിനിമയുടെ നിര്‍മ്മാതാവും. സിനിമയില്‍ ബല്‍റാമിനെ അവതരിപ്പിച്ച സായ്കുമാര്‍ വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷവുമായി സിനിമയിലേയ്ക്ക് മടങ്ങി വന്നിരിക്കുന്നു.

ആദ്യത്തെ പകുതിയില്‍ സിനിമ പറഞ്ഞു വയ്ക്കുന്നത് മനോഹരമായൊരു കുടുംബകഥയാണ്. മകന്റെ ഏറ്റവും അടുത്ത സുഹൃത്തായ അച്ഛന്‍, വിദേശത്തുള്ള മറ്റു രണ്ടു ആണ്മക്കള്‍. കുടുംബത്തെ ഒത്തിണക്കത്തോടെ കൊണ്ടുപോകുന്ന സുന്ദരിയും സ്‌നേഹമയിയുമായ ഒരു അമ്മയും. മകന്‍ നല്ല മാര്‍ക്ക് വാങ്ങാത്തതിലോ ക്ലാസില്‍ ബെസ്റ്റ് സ്റ്റുഡന്റ് ആകാത്തതിലോ അച്ഛന് ആധികളില്ല. അവന്‍ നല്ല മനുഷ്യനായി വളരുന്നതാണ് അച്ഛന്റെ സ്വപ്നം. സ്വാഭാവികമായും കുട്ടികളുടെ ഭാവി ആധിയാകുന്നത് അമ്മയ്ക്ക് മാത്രമാണല്ലോ. ആ സൗഹൃദത്തിന്റെ പാരമ്യത കൊണ്ട് തന്നെയാണ് ഇഷ്ടം തോന്നിയ പെണ്ണിന്റെ കാര്യം പോലും അടുത്ത സുഹൃത്തായ അച്ഛനോട് തുറന്നു പറയാന്‍ അവനാകുന്നത്. മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും ഹൃദയബന്ധം പറയുന്ന ആദ്യ പകുതിയിലെ പല സീനുകളും സ്‌നേഹത്തിന്റെ ഇഴപിരിയാത്ത ആനന്ദത്താല്‍ കണ്ണ് നനയ്ക്കും. ഒരു അച്ഛനോ അമ്മയോ എങ്ങനെ വേണമെന്ന് മക്കള്‍ ആഗ്രഹിക്കുന്നുവോ അത് ഇങ്ങനെ തന്നെയാണ്!

അക്ഷയ് മികച്ച ഒരു ഡാന്‍സറാണ്, അവന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ കുടുംബത്തെ പോലും വേദനിപ്പിക്കാന്‍ അവന്‍ തയ്യാറല്ല, പക്ഷെ ഒപ്പം നില്‍ക്കുന്ന സുഹൃത്തുക്കള്‍ക്ക് ഒരു അപകടം വന്നാല്‍ ഏതു അവസ്ഥയിലും മറുപടി ചോദിക്കാനും അക്ഷയ് തയ്യാറാണ്. ആദ്യ പകുതിയിലെ കഥ ഇത്തരത്തില്‍ ഏതൊരു സാധാരണ ക്യാംപസ് കഥ പോലെയും മനോഹരമായ ഒരു കുടുംബ കഥ പോലെയും തന്നെയാണ് പോകുന്നത്, പക്ഷെ അക്ഷയ് ഒരു നൃത്തത്തിനിടയില്‍ മയങ്ങി വീഴുന്ന രണ്ടാം പകുതി മുതല്‍ സിനിമയുടെ വഴി മാറുകയാണ്.

krishnam malayalam movie review

പ്രാണനെപോലെ സ്‌നേഹിച്ച മകന്‍ ജീവിതത്തിനും മരണത്തിനുമിടയില്‍പെട്ട് കുരുങ്ങി കിടക്കുന്ന അവസ്ഥയില്‍ ഒരു അച്ഛനും അമ്മയും എന്ത് ചെയ്യണം? അവനു ജീവിക്കാനുള്ള അവസരം വെറും ഒരു ശതമാനം മാത്രമാണെന്ന് ഒരു ഡോക്ടര്‍ അവരുടെ മുഖത്ത് നോക്കി പറയുമ്പോള്‍ ഒരച്ഛന്‍ എങ്ങനെ അതിനെ അതിജീവിക്കണം? ആ നിമിഷങ്ങള്‍ തന്നെയാണ് കൃഷ്ണം പ്രേക്ഷകന് നല്‍കുന്ന സിനിമാനുഭവം. യഥാര്‍ത്ഥത്തില്‍ ഇതേ നിമിഷങ്ങളില്‍ ആശുപത്രിയിലെ സര്‍ജറി വാര്‍ഡില്‍ ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ തുറന്നു കിടക്കുന്ന അവയവങ്ങളുമായി കിടക്കുമ്പോള്‍ അക്ഷയ് അറിഞ്ഞിരുന്നില്ല, എങ്ങനെയാണ് സ്വന്തം അച്ഛനും അമ്മയും ആ നിമിഷങ്ങളില്‍ കൂടി കടന്നു പോയതെന്ന്, മരണ സാധ്യതകളെയൊക്കെ തള്ളിക്കളഞ്ഞു ജീവിതത്തിലേയ്ക്ക് തെളിഞ്ഞ പുഞ്ചിരിയോടെ വരുമ്പോള്‍ പോലും അവന്‍ അറിഞ്ഞില്ല, അവര്‍ കടന്നു പോയ, അനുഭവിച്ചു തീര്‍ത്ത കരച്ചിലുകളെ കുറിച്ച്, അവര്‍ കണ്ടു മുട്ടിയ മനുഷ്യരെ കുറിച്ചു... അക്ഷയും ആ നിമിഷങ്ങള്‍ സിനിമയില്‍ കൂടി കാണുവാന്‍ തന്നെയായിരിക്കണം മോഹിച്ചിട്ടുണ്ടാവുക. സര്‍ജറിയ്ക്കു വേണ്ടി അകമുറിയിലേയ്ക്ക് പോകും മുന്‍പ് ധൈര്യത്തിന്റെ അവസാന കൈവിരലുകളും അവന്‍ തൊട്ടിരുന്നുവല്ലോ!

ജീവിതത്തില്‍ അതിശയങ്ങള്‍ സംഭവിക്കുമോ? ഈ ചോദ്യം സ്വയം പലവട്ടം ചോദിച്ചിട്ടുണ്ട്. അതൊക്കെ കഥകളിലും സിനിമകളിലും മാത്രമായിരിക്കാമെന്നായിരുന്നു തോന്നലുകള്‍ . പക്ഷെ ചിത്രത്തിന്റെ അവസാനം അക്ഷയെ ചികിത്സിച്ച യഥാര്‍ത്ഥ ഡോക്ടര്‍മാര്‍ സംസാരിക്കുമ്പോള്‍ മനസ്സിലാക്കാനാകും ഈ സിനിമ അവതരിപ്പിച്ചതിന് പിന്നില്‍ ഒരു അച്ഛനും അമ്മയും കടന്നു വന്ന വഴികള്‍ എന്തൊക്കെയാണെന്ന് . അവരുടെ വിശ്വാസം എത്രത്തോളം ഉറപ്പുള്ളതായിരുന്നെന്ന്!, സര്‍ജ്ജറി ചെയ്യുന്ന സമയത്തു വിറച്ചു തകര്‍ന്നു തരിപ്പണമായിപ്പോയ ഒരു ഡോക്ടര്‍ എങ്ങനെയാകും അദ്ദേഹത്തിന്റെ ധൈര്യം വീണ്ടെടുത്ത് ജീവിക്കാന്‍ ഒരു ശതമാനം മാത്രം സാധ്യതയുണ്ടായിരുന്ന ഒരു യുവാവിനെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ട് വന്നതെന്നത്. അതുകൊണ്ടു തന്നെ സിനിമയുടെ അവസാനം ആ വാചകങ്ങള്‍ കൂടി കേള്‍ക്കാതെ എഴുന്നേറ്റു പോരരുത്!

സിനിമ കണ്ടിറങ്ങുമ്പോള്‍ ഒട്ടും പരിചയമില്ലാത്ത, പലരും അടുത്ത് വന്നു ചോദിച്ചു, എങ്ങനെയുണ്ടായിരുന്നു സിനിമയെന്ന്!, അവരും അങ്ങോട്ടുമിങ്ങോട്ടും ചര്‍ച്ച ചെയ്തു കൊണ്ട് പോകുന്നതും കണ്ടു. ആരൊക്കെയോ ഫോണ്‍ വിളിച്ചു ആരോടൊക്കെയോ പറയുന്നതും കേട്ടു, 'നല്ലൊന്നാന്തരം കുടുംബ സിനിമ, എല്ലാമുണ്ട്, എല്ലാവര്‍ക്കും ഇഷ്ടമാകും'.

തീയേറ്ററില്‍ തൊട്ടടുത്തിരുന്ന അമ്മയുടെ നെഞ്ചു വിങ്ങുന്നത് മനസ്സിലാകുമായിരുന്നു. ആരുമറിയാതെ കണ്ണ് തുടയ്ക്കാന്‍ ഇത്തിരി കഷ്ടപ്പെട്ട്, പിന്നെ ഈഗോ കളഞ്ഞു, നിറയുന്ന കണ്ണുകളും നീറുന്ന ഹൃദയവും അതിന്റെ വഴിയേ വിട്ടു. അമ്മയുടെ ചങ്കു നീറി ഇടയ്ക്കിടെ ചുമയ്ക്കുന്നുണ്ടായിരുന്നു. മുഖത്ത് നോക്കിയപ്പോള്‍ ഒരു മേഘം പെയ്തിറങ്ങുന്നു, അത് പടര്‍ന്നത് അവിടെ ഇരുന്ന ഓരോരുത്തരിലുമാണെന്നു സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ മനസ്സിലായി...!

നന്മയുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും ഭക്തിയുടെയും കഥയാണ് കൃഷ്ണം. വിശ്വാസത്തിന്റെ ശക്തിയില്‍ ഉരുകിയൊലിച്ചു പോകുന്ന ദുരന്തങ്ങളുടെ നേര്‍സാക്ഷ്യമാണ് കൃഷ്ണം. ഇത് വെറുമൊരു മാജിക്കല്‍ റിയലിസം അനുഭവിപ്പിക്കുന്ന കഥയല്ല. ജീവിതം കൂടി ആണെന്നറിയുമ്പോഴാണ് ആ ഭക്തിയുടെ ശക്തി കണ്ണ് നിറയ്ക്കുന്നത്.

മഴവില്ല് എന്ന മലയാള സിനിമയ്ക്ക് ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ദിനേശ് ബാബു, കൃഷ്ണം എന്ന സിനിമ ചെയ്യുന്നത്. അതൊട്ടും മോശമായില്ല. പിന്നാമ്പുറത്തു നിന്നും ഇടയ്ക്കിടയ്ക്ക് ഉയര്‍ന്നു കേട്ട പശ്ചാത്തല സംഗീതം ഹൃദയത്തെ ഉലച്ചു കൊണ്ടേയിരുന്നു. ജീവിതവുമായി അത്രയേറെ അത് കൊരുത്തു കിടന്നിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മികച്ച ഒരു വേഷവുമായി സായികുമാര്‍ വീണ്ടും മലയാളി പ്രേക്ഷകരിലേക്ക് തിരികെയെത്തുന്നുണ്ട്. വിതുമ്പുന്ന അദ്ദേഹത്തിന്റെ ചുണ്ടുകള്‍ പലപ്പോഴും ഹൃദയം നീറ്റി, ശാന്തികൃഷ്ണയുടെ അമ്മവേഷം ഗംഭീരമായ അനുഭവമായി. ആദ്യപകുതിയില്‍ നിറങ്ങളെല്ലാമണിഞ്ഞ ഓര്‍മ്മയില്‍ നിന്നും രണ്ടാം പകുതിയിലെത്തുമ്പോള്‍ നിറങ്ങള്‍ നഷ്ടപ്പെട്ടു പോയ ഒരമ്മയുടെ ചിത്രം ഈറനണിയിക്കും . രഞ്ജി പണിക്കരുടെ ഡോക്ടര്‍ വേഷവും തിളങ്ങി നില്‍ക്കുന്നു .. നിരവധി പുതുമുഖങ്ങള്‍ അഭിനയിച്ച ഈ സിനിമയുടെ നായകന്‍ അക്ഷയ് കൃഷ്ണനോ ദിനേശ് ബാബുവോ ഒന്നുമല്ല, അത് ഇതിന്റെ നിമ്മാതാവും അക്ഷയുടെ പിതാവുമായ പി എന്‍ ബല്‍റാം തന്നെയാണ്.

കൃഷ്ണം

Ads by Google
ശ്രീപാര്‍വതി
ശ്രീപാര്‍വതി
Tuesday 22 May 2018 05.44 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW