Wednesday, April 17, 2019 Last Updated 10 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 22 May 2018 04.08 PM

സര്‍വ്വൈശ്വര്യം ലഭിക്കാന്‍

'' സുകൃതം വര്‍ദ്ധിപ്പിക്കുന്നതിനും പാപങ്ങളകറ്റുന്നതിനും ദേവിയോളം ശക്തി മറ്റൊരു ദേവതയ്ക്കുമില്ലെന്ന് തന്നെ പറയാം. നമ്മള്‍ അറിഞ്ഞോ, അറിയാതെയോ ചെയ്യുന്ന പാപകര്‍മ്മങ്ങളെല്ലാം ദേവി, ക്ഷണത്തില്‍ അകറ്റേണമേയെന്ന് ദേവീമാഹാത്മ്യത്തില്‍ തന്നെ പറയുന്നുണ്ട്. ''
uploads/news/2018/05/219107/joythi220518.jpg

കലികാലത്തി ല്‍ സമാധാനത്തിനും ശാന്തിക്കും രോഗദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിനും വിശ്വാസം, ജപം, പാരായണം എന്നിവ അത്യാവശ്യമാണ്. ജാതകനില നോക്കിയും അല്ലാതെയും ദേവീ ദേവന്മാരുടെ നാമങ്ങളും മന്ത്രങ്ങളും ജപത്തിനും പാരായണത്തിനും തെരഞ്ഞെടുക്കാവുന്നതാണ്.

ഗ്രഹനിലനോക്കി തെരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ഉചിതം.വ്യക്തമായ ശുഭഗ്രഹനിലയും ഉത്തരയോഗങ്ങളും ഉണ്ടെങ്കിലും ജീവിതം മുരടിച്ചുപോകാറുണ്ട്. ക്ഷേത്രദര്‍ശനവും വഴിപാടുകളും ചിലപ്പോള്‍ ഫലിച്ചില്ലെന്നുവരാം.

അതിനു കാരണം കുടുംബ പാരമ്പര്യമാകാം, ദുഷ്‌കൃതങ്ങളാകാം. നല്ലൊരു ജീവിതസുഖം കിട്ടിയെന്നുവരില്ല. ജാതകനിലവാരം ഉന്നതിയിലല്ലെങ്കില്‍പ്പോലും ചിലര്‍ ഇതിന് വിപരീതമായി ഉന്നതിയിലെത്തുന്നുമുണ്ട്. കുടുംബത്തില്‍ നിലനിന്നുപോരുന്ന സദ്കര്‍മ്മങ്ങളോ, പുണ്യമോ ഒക്കെയായിരിക്കും അതിന് കാരണം.

ജപപാരായണത്തിന്റെ ബലമില്ലാതെ ഒരു നിമിഷംപോലും പിടിച്ചുനില്‍ക്കാനുള്ള സാഹചര്യക്കുറവാണ് കലികാലത്തുള്ളത്.. തീവ്രമായ വിശ്വാസം നമ്മളെ ഉന്നതിയിലെത്തിക്കുകയും ചെയ്യും. സാമ്പത്തിക ബുദ്ധിമുട്ടുകളിലും രോഗദുരിതങ്ങളിലും മറ്റനേകം പ്രശ്‌നങ്ങളിലും കിടന്നുഴലുന്നവര്‍ക്ക് ശക്തി നല്‍കുന്നതാണ് ദേവീ മാഹാത്മ്യ പാരായണം.

സുകൃതം വര്‍ദ്ധിപ്പിക്കുന്നതിനും പാപങ്ങളകറ്റുന്നതിനും ദേവിയോളം ശക്തി മറ്റൊരു ദേവതയ്ക്കുമില്ലെന്ന് തന്നെ പറയാം. നമ്മള്‍ അറിഞ്ഞോ, അറിയാതെയോ ചെയ്യുന്ന പാപകര്‍മ്മങ്ങെളല്ലാം ദേവി, ക്ഷണത്തില്‍ അകറ്റേണമേയെന്ന് ദേവീമാഹാത്മ്യത്തില്‍ തന്നെ പറയുന്നുണ്ട്. അപേക്ഷ ഉപേക്ഷിക്കാത്തത് അമ്മ മാത്രമാണ്. പലവുരു അമ്മേ എന്നു വിളിക്കുമ്പോള്‍ അമ്മ അറിയാതെ തിരിഞ്ഞു നോക്കിപ്പോകും.

അതാണമ്മ. ആ അമ്മയുടെ മാഹാത്മ്യപാരായണം ഏതു കുറ്റത്തിനും മാപ്പുനല്‍കുന്ന ഒന്നാണ്. നിത്യവും നിലവിളക്ക് കത്തിച്ചുവച്ച് അതിന്റെ മുന്നിലിരുന്ന് ദേവിമാഹാത്മ്യം പാരായണം നടത്തുക. ഏഴു ദിവസംകൊണ്ടോ, ഒന്‍പതുദിവസംകൊണ്ടോ വായിച്ചു തീര്‍ക്കുക.

ഇങ്ങനെ ഒരുവര്‍ഷംകൊണ്ട് പല പ്രാവശ്യം വായിച്ചു തീര്‍ക്കാന്‍ പറ്റും. വര്‍ഷത്തിലൊരിക്കല്‍ കുടുംബത്തിലുള്ളവര്‍ ഒത്തുചേര്‍ന്ന് കുടുംബത്തില്‍വച്ച് ഒറ്റ ദിവസംകൊണ്ട് പാരായണം ചെയ്ത് ഭഗവതി സേവ, ചണ്ഡികാഹോമം ഇവ നടത്തിയാല്‍ എന്തെങ്കിലും അപകടങ്ങളോ, പാപങ്ങളോ ഉണ്ടെങ്കില്‍ അകന്നുപോകും.

വളര്‍ന്നുവരുന്ന തലമുറയ്ക്കും വീട്ടിലുള്ളവര്‍ക്കും ഉയര്‍ച്ചയ്ക്ക് കാരണമാകും. കൂടാതെ വിദ്യാപുരോഗതിക്കും, സാമ്പത്തിക നേട്ടത്തിനും ഉദ്യോഗലബ്ധിക്കും, ദാമ്പത്യസുഖത്തിനും, വിവാഹ പുരോഗതിക്കും എന്നുവേണ്ട എല്ലാത്തിനും പരിഹാരമാണിത്.

ചൊവ്വ, വെള്ളി, അഷ്ടമി, നവമി, ചതുര്‍ദ്ദശി തുടങ്ങിയ ദേവീ പ്രധാനമായ ദിവസങ്ങളില്‍ ഭഗവതി സേവ, ഹോമം ഇവ വരത്തക്കവിധത്തില്‍ പാരായണം ക്രമീകരിച്ചാല്‍ വളരെ വിശേഷമായിരിക്കും. വര്‍ഷംതോറും ഇങ്ങനെ ചെയ്താല്‍ അമ്മയുടെ അപാരമായ അനുഗ്രഹത്തിന് പാത്രമാകും. വിചാരിച്ച കാര്യങ്ങളെല്ലാം നടക്കും. കീര്‍ത്തി വര്‍ദ്ധിക്കും. ആയുരാരോഗ്യം വര്‍ദ്ധിക്കും.

ഭക്തിവിശ്വാസങ്ങളോടെ ധാര്‍മ്മികതയോടെ ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നവരെ കൈവിടില്ല ദേവി. മന്ത്രം, മനസ്സിനെ ശുദ്ധമാക്കാനുള്ള ഉപായമാണെന്ന് മന്ത്രശാസ്ത്രത്തില്‍ പറയുന്നുമുണ്ട്. ''മനനാല്‍ ത്രായതേ ഇതി മന്ത്രം'' ഒരു മൂര്‍ത്തിയുടെ മന്ത്രം നിരന്തരം ഉരുവിടുമ്പോള്‍ ആ മൂര്‍ത്തി മനസ്സിനെ രക്ഷിക്കും.

സുഖത്തിനും ദുഃഖത്തിനും കാരണം മനസ്സാണ്. ദേവീമാഹാത്മ്യത്തില്‍ ''700'' മന്ത്രങ്ങളാണുള്ളത്. ആ മന്ത്രജപം ജീവിതം സുഖകരവും സുന്ദരവുമാക്കിത്തീര്‍ക്കും. ഒരു മാതാവ് ശിശുവിന് ആവശ്യമുള്ളതെല്ലാം നല്‍കി പരിപാലിക്കുന്നതുപോലെ അമ്മ (ദേവി) പരിപാലിച്ചുകൊള്ളും.

നാലാം അദ്ധ്യായത്തിലെ ഇരുപത്തിമൂന്നാം ശ്ലോകമൊഴിച്ച് മറ്റു സകലശ്ലോകങ്ങളിലും 'ത' 'ര' എന്ന രണ്ടക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിന്റെയര്‍ത്ഥം ഈ പാരായണംകൊണ്ട് സംസാരാര്‍ണ്ണവത്തെ തരണം ചെയ്താലും എന്നാണ്. ഓരോ ശ്ലോകമന്ത്രവും ഉപദേശിക്കുന്നതും അതാണ്. എല്ലാവരും ഏതെങ്കിലും മന്ത്രജപത്തിലൂടെയോ, പരായണത്തിലൂടെയോ സകല ദുരിതങ്ങളില്‍നിന്നും മോചിതരാവുക.

*** എല്‍. ഗോമതി അമ്മ
(റിട്ട. ടീച്ചര്‍) ഫോണ്‍: 9446946945

Ads by Google
Tuesday 22 May 2018 04.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW