Monday, July 22, 2019 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 21 May 2018 04.15 PM

ദൈവത്തിന്റെ കരങ്ങള്‍

''വേദനയുടെ ലോകത്ത് ജീവിക്കുന്ന ക്യാന്‍സര്‍ രോഗികള്‍ക്കാശ്വാസമായി മാറിയ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.കെ.ചിത്രതാരയുടെ അനുഭവങ്ങളിലൂടെ ...''
uploads/news/2018/05/218824/Drkchrithrathra210518a.jpg

ക്യാന്‍സര്‍ എന്ന മഹാവിപത്തിനാല്‍ കഷ്ടപ്പെടുന്നവര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച സീനിയര്‍ ഓങ്കോളജിസ്റ്റ് ഡോ. വി.പി ഗംഗാധരന്റെ നല്ല പാതി, ഡോ.കെ. ചിത്രതാര.

ക്യാന്‍സര്‍ കാര്‍ന്നുതിന്നുന്ന ജീവിതങ്ങള്‍ക്കൊരു ആശ്വാസമാണ് ഈ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്. വേദനയനുഭവിക്കുന്ന രോഗികള്‍ക്ക് ധൈര്യം പകര്‍ന്ന് അവരിലൊരാളായി ജീവിക്കുന്ന ഡോക്ടറിന്റെ വാക്കുകളിലൂടെ...

പേടിയാണ് ശത്രു


ക്യാന്‍സര്‍ എന്ന പേരിനോട് എല്ലാവര്‍ക്കുമൊരു പേടിയുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. തുടക്കത്തിലേ ചികിത്സിച്ചാല്‍ സ്തനാര്‍ബുദം പൂര്‍ണ്ണമായും ഭേദമാക്കാമെ ന്ന് പലര്‍ക്കുമറിയില്ല. തനിക്ക് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ എന്റെ മുമ്പില്‍ പൊട്ടിക്കരഞ്ഞവരുണ്ട്. മറ്റുചിലപ്പോള്‍ രോഗിയോടൊപ്പം വരുന്നവരാണ് കരഞ്ഞ് ബഹളമുണ്ടാക്കുന്നത്.

അത്ഭുതമെന്താണെന്നുവച്ചാല്‍ ക്യാന്‍സര്‍ ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുക്കാന്‍ ആര്‍ക്കും മടിയില്ല, പക്ഷേ മാമോഗ്രാം ചെയ്യാന്‍ എല്ലാവര്‍ക്കും പേടിയാണ്. കോളജ് അധ്യാപികമാര്‍ പോലും ഇക്കൂട്ടത്തിലുണ്ട്.

ഒരിക്കല്‍ ഒരു സ്ത്രീ ചികിത്സയ്ക്കെത്തി. അഡ്വാന്‍സ്ഡ് സ്‌റ്റേജിലാണവര്‍. ക്യാന്‍സര്‍ ആണെന്നറിഞ്ഞിട്ടും പേടിമൂലം ചികിത്സിക്കാതെ ജീവിക്കുകയായിരുന്നു അവര്‍. വീട്ടുകാരും അവരെ സപ്പോര്‍ട്ട് ചെയ്തു എന്നതാണു വിചിത്രം. ആശുപത്രിയിലെത്തിയപ്പോഴേക്കും ട്യൂമര്‍ വലുതായിരുന്നു. മാത്രമല്ല, അസ്ഥിയിലേക്കും വ്യാപിച്ചിരുന്നു.

ഞാന്‍ അവര്‍ക്ക് സര്‍ജറി നിര്‍ദ്ദേശിച്ചു. അതിന്റെ തലേന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റായി. പിറ്റേന്ന് ആളെ കാണാനില്ല. എല്ലായിടത്തും അന്വേഷിച്ചെങ്കിലും ഉച്ചയോടെയാണ് കണ്ടെത്തിയത്. പിന്നീടവര്‍ക്ക് സൈക്ക്യാട്രിക് ട്രീറ്റ്മെന്റ് നല്‍കി പേടി മാറ്റിയ ശേഷമാണ് സര്‍ജറി ചെയ്തത്.

മിഥ്യാധാരണകള്‍


അര്‍ബുദം ബാധിച്ച സ്തനം നീക്കം ചെയ്താല്‍ സൗന്ദര്യം നഷ്ടമാകുമെന്ന് പറയുന്ന സ്ത്രീകളും ഒട്ടും കുറവല്ല, ഒരിക്കല്‍ സ്തനാര്‍ബുദം ബാധിച്ച ഒരാളെത്തി. രോഗത്തെക്കുറിച്ച് ചോദിച്ചിട്ട് അവര്‍ സംസാരിക്കുന്നേയില്ല. പല വര്‍ത്തി ചോദിച്ചപ്പോള്‍ കരയാന്‍ തുടങ്ങി.

ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ സ്തനം നീക്കണമെന്ന് മറ്റൊരു ആശുപത്രിയില്‍ നിന്നറിഞ്ഞതോടെ അവര്‍ സംസാരിക്കുന്നുപോലുമില്ലെന്ന്് പറഞ്ഞു. ഞാനവരോട് സംസാരിച്ചു. നീക്കിയ സ്തനങ്ങള്‍ക്കുപകരം മറ്റൊന്ന് വച്ചുപിടിപ്പിക്കാമെന്നറിഞ്ഞപ്പോഴാണവര്‍ക്ക് ആശ്വാസമായത്.

ഇതിലും കഷ്ടമായിരുന്നു മറ്റൊരു കേസ്. രോഗി, സ്തനങ്ങള്‍ നീക്കാനുള്ള സര്‍ജറി കഴിഞ്ഞ് ബോധം വന്നശേഷവും മിണ്ടുന്നില്ല. സര്‍ജറി സമയത്ത് ബ്രെയിന്‍ ഡാമേജായതാണെന്ന് കരുതി ന്യൂറോളജിസ്റ്റിനെ കാണിച്ചു.

പരിശോധനയില്‍ ബ്രെയിന്‍ പ്രശ്‌നമൊന്നുമില്ലെന്നറിഞ്ഞപ്പോഴാണ് സമാധാനമായത്. പക്ഷേ ഡിസ്ചാര്‍ജാകുംവരെ അവര്‍ മിണ്ടിയിട്ടേയില്ല. ഞങ്ങള്‍ പരിശോധനയ്ക്ക് ചെല്ലുമ്പോഴും മുഖം തരാതെ തിരിഞ്ഞു കിടക്കും. ആശുപത്രി വിട്ട് വളരെ നാളുകള്‍ക്കുശേഷമാണ് അവര്‍ വീണ്ടും പഴയപടി സംസാരിച്ചു തുടങ്ങിയത്.

uploads/news/2018/05/218824/Drkchrithrathra210518.jpg

ഒരു വീട്ടിലാര്‍ക്കെങ്കിലും ക്യാന്‍സറുണ്ടെങ്കില്‍ ആ വീട്ടിലുള്ളവരുടെ കല്യാണം പോലും നടക്കില്ല എന്നത് മറ്റൊരത്ഭുതം. സ്തനം നീക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടാമത്തെ സ്തനത്തിനും ക്യാന്‍സര്‍ ബാധിച്ച ഒരു സ്ത്രീ തുടര്‍ചികിത്സ തേടിയെത്തി. അവര്‍ക്ക് ക്യാന്‍സറാണെന്ന കാരണത്താല്‍ മകന് കല്യാണമൊന്നും ശരിയാകുന്നില്ല എന്ന് കേട്ടപ്പോള്‍ സങ്കടം തോന്നി. വിദ്യാഭ്യാസമുണ്ടായിട്ടും ആളുകള്‍ ഇത്തരത്തില്‍ പെരുമാറുന്നുണ്ടല്ലോ!

മറ്റൊരു തെറ്റിധാരണ സ്തനം മാറ്റിവയ്ക്കല്‍ സര്‍ജറിയെക്കുറിച്ചാണ്, അര്‍ബുദം വന്ന സ്തനത്തിന് പകരം കൃത്രിമ സ് തനം വച്ചാല്‍ പിന്നീടെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോ, വീണ്ടും ക്യാന്‍സര്‍ വരുമോ എന്ന് ആശങ്കപ്പെടുന്നവരാണ് കൂടുതല്‍.

സര്‍ജറി ചെയ്യുന്ന സമയത്ത് കൈക്കുഴിയിലെ ഗ്ലാന്‍ഡുകളും നീക്കാറുണ്ട്. ഇതെന്തിനാണെന്ന് പലര്‍ക്കുമറിയില്ല, കൈക്കുഴയില്‍ ക്യാന്‍സര്‍ വരാതിരിക്കാനാണിത്. പരിശോധനയില്‍ ഗ്ലാന്‍ഡുകളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ കണ്ടെത്തുന്ന ഭാഗം മാത്രം നീക്കിയാല്‍ മതി. ഈ ഗ്ലാന്‍ഡുകള്‍ നീക്കിയില്ലെങ്കില്‍ ആ ഭാഗത്ത് വീണ്ടും ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ട്.

ബ്രാ ഉപയോഗിക്കുന്നത് സംബന്ധിച്ചും ചില തെറ്റിധാരണകളുണ്ട്. ഇറുകിയതും കറുത്ത നിറത്തിലുമുള്ള ബ്രാ ഉപയോഗിക്കുന്നത് സ്തനാര്‍ബുദത്തിന് കാരണമാകുന്നില്ല. സര്‍ജറി കഴിഞ്ഞവര്‍ സിലിക്കണ്‍ ബ്രാ ഉപയോഗിക്കുന്നതിലും പ്രശ്നമില്ല.

പ്രായഭേദമില്ല


നാല്പതു വയസിന് മുകളിലുള്ളവരിലാണ് കൂടുതലായും സ്തനാര്‍ബുദം കാണുന്നത്. എന്നാലിന്ന് 20 വയസുമുതലുള്ളവരിലും ക്യാന്‍സര്‍ കണ്ടുവരുന്നു. പ്രായമുള്ളവരേക്കാള്‍ പെണ്‍കുട്ടികളാണ് ചികിത്സയുമായി കൂടുതല്‍ സഹകരിക്കുന്നത്.

കുറച്ചുവര്‍ഷം മുമ്പ് ഒരു ബി.ടെക് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കെത്തി. 21 വയസ്സേ കാണൂ, അവള്‍ ചികിത്സയോട് പൂര്‍ണ്ണമായും സഹകരിച്ചു. സര്‍ജറിക്കുശേഷം പൂര്‍ണ്ണസുഖം പ്രാപിച്ച അവള്‍ ഇന്ന് വിവാഹിതയും അമ്മയുമാണ്.

പ്രസവവും ഗര്‍ഭധാരണവും


ഗര്‍ഭിണികളിലും മുലയൂട്ടുന്നവരിലും സ്താനാര്‍ബുദം കണ്ടുവരാറുണ്ട്. മൂന്ന് മാസമാകാത്ത ഗര്‍ഭിണികള്‍ക്ക് സ്തനാര്‍ബുദമുണ്ടായാല്‍ സര്‍ജറി ചെയ്യുന്നത് അത്ര എളുപ്പമല്ല, കാരണം അനസ്തേഷ്യ ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്നങ്ങളുണ്ടാകും.

ഇത്തരം കേസുകളില്‍ അബോര്‍ഷനേ നിവര്‍ത്തിയുള്ളൂ. ആദ്യം പൊരുത്തപ്പെടാന്‍ കഴിയില്ലെങ്കിലും ആരോഗ്യമാണ് വലുതെന്ന് തിരിച്ചറിയുമ്പോള്‍ എല്ലാവരും തന്നെ അബോര്‍ഷന് തയാറാകും.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW