Sunday, August 12, 2018 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 21 May 2018 03.02 PM

സൂര്യദശയിലെ ശുക്രാപഹാരഫലം

നിങ്ങളുടെ ദശാകാലഫലങ്ങള്‍ - ഭാഗം - 15
uploads/news/2018/05/218813/joythi210518a.jpg

''ജാതകപ്രകാരം ശുക്രന്‍ ദുര്‍ബ്ബലനാണെങ്കില്‍ ആ വ്യക്തികള്‍ക്ക് ആകര്‍ഷകത്വം കുറവായി അനുഭവപ്പെടും. ദാമ്പത്യജീവിതത്തില്‍ പ്രയാസങ്ങളും പൊതുകാര്യങ്ങളില്‍ വിമുഖതയും അനുഭവമാകും. തദ്ദോഷശാന്ത്യര്‍ത്ഥം ശുക്രപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്''

സൂര്യദശാകാലം ആരംഭിച്ച് 5 വര്‍ഷം കഴിഞ്ഞശേഷം വരുന്ന ഒരു വര്‍ഷക്കാലമാണ് ശുക്രാപഹാരകാലഘട്ടം. അനവധി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ശുഭഗ്രഹമാണ് ശുക്രനെങ്കില്‍ക്കൂടിയും സൂര്യനും ശുക്രനും പരസ്പരം ശത്രുതയുള്ളതിനാല്‍ ഈ സമയത്തില്‍ പ്രയാസങ്ങളും അനുഭവത്തില്‍ വന്നേക്കും. അനുകൂല രാശിയില്‍ അനുകൂല ഭാവത്തിലാണ് ശുക്രന്റെ സ്ഥിതിയെങ്കില്‍ ഗുണവും പ്രതികൂല സ്ഥിതിയിലാണെങ്കില്‍ പ്രതിബന്ധങ്ങളും ശുക്രന്‍ സൃഷ്ടിച്ചേക്കും.

അനുകൂലസ്ഥിതനായ ശുക്രാപഹാരഫലം


ജാതകപ്രകാരം ശുക്രന്‍ ഉച്ചത്തിലോ, സ്വക്ഷേത്രത്തിലോ, ബന്ധുക്ഷേത്രത്തിലോ, കേന്ദ്ര ത്രികോണരാശിയിലോ ആണ് നില്‍ക്കുന്നതെങ്കില്‍ ഈ കാലഘട്ടത്തില്‍ സാമ്പത്തിക ഉന്നതി, വിവാഹാദി മംഗളകാര്യസിദ്ധി, വിശേഷ വസ്ത്രാഭരണസിദ്ധി, വാഹനലാഭം, രാജകീയ ബഹുമാനസ്ഥാനലബ്ധി, യശസ്സ് തുടങ്ങിയ സല്‍ഫലങ്ങള്‍ അനുഭവമാകും.

പ്രതികൂലസ്ഥിതനായ ശുക്രാപഹാരഫലം


ജാതകത്തില്‍ ശുക്രന്‍ നീചത്തിലോ, ശത്രുക്ഷേത്രത്തിലോ, മൗഢ്യത്തിലോ ആണെങ്കിലും ദശാനാഥനായ സൂര്യനില്‍നിന്നും 6-8-12 എന്നീ ഭാവങ്ങളിലാണ് നില്‍ക്കുന്നതെങ്കിലും ആ കാലഘട്ടം വളരെ പ്രയാസം നിറഞ്ഞതായിരിക്കും.

ഈ സമയത്തില്‍ സ്ത്രീകള്‍ നിമിത്തമായി അപകീര്‍ത്തി, മാനസികവിഷമം, പ്രണയപരാജയം ഭാര്യാസന്താനാദികള്‍ക്ക് അരിഷ്ടത, ധനനഷ്ടം മുതലായ വിഷമതകള്‍ വന്നുചേരും.

കേന്ദ്രാധിപത്യമോ, മാരകാധിപത്യമോ ഉള്ള ശുക്രനാണെങ്കിലും മരണതുല്യമായ ക്ലേശഫലങ്ങളെ അത് നല്‍കുന്നതാണ്. ദേഹാരിഷ്ടത, അപകടങ്ങള്‍ എന്നിവ ഇക്കാലയളവിലുണ്ടാകാം.

ജാതകപ്രകാരം ശുക്രന്‍ ദുര്‍ബ്ബലനാണെങ്കില്‍ ആ വ്യക്തികള്‍ക്ക് ആകര്‍ഷകത്വം കുറവായി അനുഭവപ്പെടും. ദാമ്പത്യജീവിതത്തില്‍ പ്രയാസങ്ങളും പൊതുകാര്യങ്ങളില്‍ വിമുഖതയും അനുഭവമാകും. തദ്ദോഷശാന്ത്യര്‍ത്ഥം ശുക്രപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്.

പരിഹാരകര്‍മ്മങ്ങള്‍


ഈ കാലഘട്ടത്തില്‍ സൂര്യനേയും ശുക്രനേയും പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക വഴി ദോഷഫലങ്ങള്‍ക്ക് കുറവ് വരികയും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന
താണ്. സൂര്യപ്രീതിക്കായി ചെയ്യേണ്ട കര്‍മ്മങ്ങള്‍ മുന്‍ ലക്കത്തില്‍ എഴുതിയിരുന്നു. ഈ ലക്കം ശുക്രപ്രീതിക്കായി ചെയ്യേണ്ട കാര്യങ്ങള്‍ മനസ്സിലാക്കാം.

വ്രതം


ശുക്രപ്രീതിക്കായി വെള്ളിയാഴ്ച ദിവസങ്ങളില്‍ വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. ജാതകത്തില്‍ ശുക്രന്‍ ഓജരാശിയിലാണെങ്കില്‍ ഗണപതിയേയും യുഗ്മരാശിയിലാണെങ്കില്‍ മഹാലക്ഷ്മി, അന്നപൂര്‍ണ്ണേശ്വരി തുടങ്ങിയ ദേവികളേയും പ്രാര്‍ത്ഥിക്കാവുന്നതാണ്. വ്രത ദിവസം മേല്‍പ്പറഞ്ഞ ദേവതകളുടെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് നല്ലതാണ്.

വസ്ത്രം


ശുക്രപ്രീതിക്കായി വെള്ള, ഇളംനീല തുടങ്ങിയ നിറങ്ങള്‍ കൂടുതല്‍ ശോഭനകരമാണ്. കടുംനിറങ്ങള്‍ ധരിക്കാന്‍ പാടില്ല. വെള്ളിയാഴ്ചകളിലും ജന്മനക്ഷത്രങ്ങളിലും മേല്‍പ്പറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഗുണകരമാണ്.

പുഷ്പം


ശുക്രപ്രീതിക്കായി മുല്ലപ്പൂവ്, തുമ്പ പ്പൂവ് തുടങ്ങിയ വെളുത്ത നിറത്തിലുള്ള പൂക്കള്‍ ചൂടാവുന്നതാണ്.

രത്‌നം


ശുക്രപ്രീതിക്കായി ധരിക്കേണ്ട രത്‌നം വജ്രം ആണ്. ഈ രത്‌നം ധരിക്കുന്നതിലൂടെ ആകര്‍ഷകത്വം വര്‍ദ്ധിക്കുകയും ഭൗതികസുഖങ്ങള്‍ സുലഭമായി ലഭിക്കുകയും ചെയ്യുന്നു. വളരെയധികം ശക്തിയേറിയ രത്‌നമാകയാല്‍ വളരെ ശ്രദ്ധയോടെ ജാതകം പരിശോധിപ്പിച്ചശേഷം മാത്രമേ ഈ രത്‌നം ധരിക്കാവൂ.

ശുക്രന് അനിഷ്ടസ്ഥാനാധിപത്യമുണ്ടെങ്കില്‍ ധരിക്കുവാന്‍ പാടില്ല. ഈ രത്‌നം ജാതകന് അനുകൂലമല്ലെങ്കില്‍ വിപരീതഫലം നല്‍കുന്നതാണ്. ആയതിനാല്‍ ജാതകചിന്തനം ചെയ്തതിനുശേഷം മാത്രമേ രത്‌നധാരണം ചെയ്യാവൂ.

യന്ത്രം


ശുക്രപ്രീതിക്കായി ധരിക്കാവുന്ന പ്രധാന യന്ത്രം ശുക്രയന്ത്രമാണ്. കൂടാതെ ത്രിപുരസുന്ദരിയന്ത്രം, മഹാലക്ഷ്മിയന്ത്രം, ക്ഷിപ്രഗണപതിയന്ത്രം തുടങ്ങിയ യന്ത്രങ്ങളും ധരിക്കാവുന്നതാണ്. വിധിപ്രകാരം തയ്യാര്‍ ചെയ്ത യന്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ പ്രതിബന്ധങ്ങള്‍ക്ക് കുറവ് വരുന്നതാണ്. ഏത് യന്ത്രം ധരിക്കുന്നതാണ് ഉത്തമം എന്നറിയുവാന്‍ ജാതകചിന്തനം ചെയ്യേണ്ടതാണ്.

ദോഷ പരിഹാരാര്‍ത്ഥമായി ജപിക്കേണ്ട മന്ത്രങ്ങള്‍


ഹിമകുന്ദ മൃണാളാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വ ശാസ്ത്രപ്രവക്താരം
ഭാസ്‌കരം പ്രണമാമ്യഹം

പ്രാര്‍ത്ഥനാമന്ത്രം


ദൈത്യമന്ത്രീ ഗുരുസ്‌തേഷാം
പ്രാണദശ്ച മഹാമതിഃ
പ്രഭൂസ്താരാ ഗ്രഹാണാം ച
പീഡാം ഹരതു മേ ഭൃഗുഃ

ശുക്രഗായത്രി


ഓം ഭൃഗുപുത്രായ വിദ്മഹേ
ദൈത്യാ ചാര്യായ ധീമഹി
തന്നോഃ ശുക്രഃ പ്രചോദയാല്‍

ഈ മന്ത്രങ്ങള്‍ നിത്യവും കുളി കഴിഞ്ഞശേഷം ഭക്തിപൂര്‍വ്വം ജപിക്കാവുന്നതാണ്.

( തുടരും.. ചന്ദ്രദശാഫലം )

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്, പാലക്കാട്
മൊ: 9447320192

Ads by Google
Ads by Google
Loading...
TRENDING NOW