Monday, April 22, 2019 Last Updated 7 Min 40 Sec ago English Edition
Todays E paper
Ads by Google
ദിപു വിജയ്
Sunday 20 May 2018 08.26 AM

അച്ഛനെ തോല്‍പ്പിച്ച് രാഷ്ട്രീയ പ്രവേശനം ഇപ്പോള്‍ മകനെ മുഖ്യമന്ത്രിയാക്കാന്‍ കളമൊരുക്കി; കര്‍ണാടക രാഷ്ട്രീയത്തിലെ ക്രൈസിസ് മാനേജര്‍, കിങ്മേക്കര്‍ എന്നിങ്ങനെ അറിയപ്പെടുന്ന ഡി.കെ.എസിന്റെ ചാണക്യതന്ത്രങ്ങള്‍ ഇങ്ങനെ

uploads/news/2018/05/218546/D-K-S.jpg

എച്ച്.ഡി. ദേവഗൗഡയെ പരാജയപ്പെടുത്തി തെരഞ്ഞെടുപ്പ് രാഷ്ട്രീയപ്രവേശം, ഇപ്പോള്‍ ഗൗഡയുടെ മകന് മുഖ്യമന്ത്രിയാകാന്‍ കളമൊരുക്കി, അതാണു ഡി.കെ. ശിവകുമാറെന്ന കോണ്‍ഗ്രസുകാരുടെ സ്വന്തം ഡി.കെ.എസ്. 1989-ല്‍ എച്ച്.ഡി. ദേവഗൗഡയെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തിയ ശിവകുമാറാണ് ഇപ്പോള്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ മറികടന്ന് എച്ച്.ഡി. കുമാരസ്വാമിക്കു മുഖ്യമന്ത്രിപദത്തിലേക്കു വഴിതെളിച്ചത്.

ക്രൈസിസ് മാനേജര്‍, കിങ്മേക്കര്‍.... കര്‍ണാടക രാഷ്ട്രീയത്തില്‍ ഡി.കെ. ശിവകുമാറിന്റെ വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല. കര്‍ണാടകയില്‍ ദിവസങ്ങള്‍നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമാകുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഏറെ കടപ്പെട്ടിരിക്കുന്നത് കനകപുരയില്‍നിന്നുള്ള ഈ എം.എല്‍.എയോടാണ്, 'ചാണക്യ'തന്ത്രങ്ങളും മോഹനവാഗ്ദാനങ്ങളുമായി ബി.ജെ.പി. വട്ടമിട്ടു പറന്നിട്ടും രാവണന്‍കോട്ട തീര്‍ത്ത് സ്വന്തം സഖ്യത്തിലെ അംഗങ്ങളെ കാത്തതിന്.

കോണ്‍ഗ്രസ്-ജെ.ഡി.എസ്. എം.എല്‍.എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം ചെറുത്തത് ഡി.കെ.എസാണ്. എം.എല്‍.എമാരെ ബംഗളുരുവില്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചതും പിന്നീട് ഹൈദരാബാദിലേക്കു സുരക്ഷിതമായി മാറ്റിയതിനും പിന്നിലെ ബുദ്ധികേന്ദ്രം ഇദ്ദേഹത്തിന്റേതായിരുന്നു. ഉടക്കിനിന്ന ആനന്ദ് സിങ്ങിനെയും പ്രതാപ്ഗൗഡ പാട്ടീലിനെയും അനുനയിപ്പിക്കാന്‍ മുന്‍കൈയെടുത്തതും മറ്റാരുമല്ല.

മുഖ്യമന്ത്രിയാകാന്‍ കുപ്പായംതുന്നിയിരിക്കുന്ന കുമാരസ്വാമിക്കു മുമ്പേ കോണ്‍ഗ്രസിനു മുമ്പില്‍ പലതവണ ശിവകുമാര്‍ രക്ഷകന്റെ വേഷമണിഞ്ഞു. 2002-ല്‍ അന്നത്തെ മഹാരാഷ്ട്രയിലെ വിലാസ്റാവു ദേശ്മുഖ് സര്‍ക്കാര്‍ പ്രതിസന്ധി നേരിട്ടപ്പോഴും ഗുജറാത്തില്‍നിന്ന് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്കു മത്സരിച്ചപ്പോഴും ശിവകുമാര്‍ യഥാര്‍ഥ 'ക്രൈസിസ് മാനേജരാ'യി. മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് തേടിയ വിലാസ് റാവു ദേശ്മുഖിന്റെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സുരക്ഷിത താവളമൊരുക്കിയത് അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയായിരുന്നു.

എന്നാല്‍, ദൗത്യമേല്‍പ്പിച്ചത് അന്നത്തെ നഗരവികസനമന്ത്രി ഡി.കെ. ശിവകുമാറിനെയും. ഇന്നത്തെപ്പോലെ അന്നും എം.എല്‍.എമാര്‍ക്ക് താമസമൊരുക്കിയത് ഡി.കെയുടെ ബംഗളുരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍. ഒടുവില്‍ വിശ്വാസവോട്ട് ദിനം എം.എല്‍.എമാരെ സുരക്ഷിതമായി മുംബൈയിലത്തിച്ചശേഷമാണ് ഡി.കെ. ദൗത്യമവസാനിപ്പിച്ചത്.

പിന്നീട്, അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ പ്രവേശനം തടയാനുള്ള ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുടെ കരുനീക്കം പരാജയപ്പെടുത്താന്‍ ചുക്കാന്‍പിടിച്ചതും ശിവകുമാറാണ്. 59 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസില്‍നിന്ന് ശങ്കര്‍സിങ് വഗേലയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം പാര്‍ട്ടിവിട്ടതോടെ ഹൈക്കമാന്‍ഡ് അപകടം മണത്തു. തൊട്ടുപിന്നാലെ മൂന്നുപേര്‍കൂടി കളംമാറ്റിച്ചവിട്ടി. ഇതോടെ, എം.എല്‍.എമാരെ കര്‍ണാടകയിലേക്കു മാറ്റാന്‍ തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ദൗത്യം ഏല്‍പ്പിച്ചത് ഊര്‍ജമന്ത്രി ശിവകുമാറിനെ.

ഈഗിള്‍ടണ്‍ റിസോര്‍ട്ടിലെ സുരക്ഷിതവാസത്തിനുശേഷം എം.എല്‍.എമാരെ വോട്ടെടുപ്പ് ദിവസം ഗുജറാത്തിലെത്തിച്ചു, അഹമ്മദ് പട്ടേലിനെ രാജ്യസഭയിലും. എന്നാല്‍, ബി.ജെ.പി. ഇതിനു പകരംവീട്ടിയത് എന്‍ഫോഴ്സ്മെന്റ് റെയ്ഡുകളിലൂടെയായിരുന്നു. വസതികളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയെങ്കിലും ശിവകുമാര്‍ തളര്‍ന്നില്ല. ഇപ്പോള്‍ സിദ്ധരാമയ്യയ്ക്കും കുമാരസ്വാമിക്കുംവേണ്ടി കളത്തിലിറങ്ങിയും ശിവകുമാര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു.

1989-ല്‍ സാക്ഷാല്‍ എച്ച്.ഡി. ദേവെഗൗഡയെ സാത്തനുര്‍ നിയമസഭാ മണ്ഡലത്തില്‍ അട്ടിമറിച്ചാണ് വൊക്കലിഗ സമുദായക്കാരനായ ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയപ്രവേശം. തൊട്ടടുത്തവര്‍ഷംതന്നെ എസ്. ബംഗാരപ്പ സര്‍ക്കാരില്‍ ജയില്‍-ഹോംഗാര്‍ഡ് മന്ത്രിയായി സ്ഥാനക്കയറ്റം. 1994-ലെ തെരഞ്ഞെടുപ്പില്‍ ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ തരംഗം ആഞ്ഞടിച്ചപ്പോള്‍ കടപുഴകാതെ പിടിച്ചുനിന്ന അപൂര്‍വം ചിലരില്‍ ശിവകുമാറുമുണ്ടായിരുന്നു.

എന്നാല്‍, 2002-ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കനകപുരയില്‍ െേദവഗൗഡയോടു പരാജയപ്പെട്ടു. കഴിഞ്ഞ യദിയൂരപ്പ സര്‍ക്കാരിന്റെ കാലത്ത് കര്‍ണാടക പി.സി.സി. അധ്യക്ഷസ്ഥാനവും ശിവകുമാറിനെ തേടിയെത്തി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍പിടിച്ചത് മുഖ്യമന്ത്രി സിദ്ധരാമയ്യയാണെങ്കിലും ഫലമറിഞ്ഞശേഷം കളംനിറഞ്ഞ് കളിച്ചത് മുന്‍ഊര്‍ജമന്ത്രികൂടിയായ ശിവകുമാറാണ്.

അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ മറ്റൊരു അധികാരകേന്ദ്രമായി ശിവകുമാര്‍ മാറുന്നത് പുതിയ പ്രതിസന്ധിക്കു വഴിവയ്ക്കുമെന്നാണു സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ പോലും കഷ്ടിച്ചു കടന്നുകൂടിയപ്പോള്‍ കനകപുര മണ്ഡലത്തില്‍നിന്ന് 79,909 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഡി.കെ. ശിവകുമാറിന്റെ വിജയം.

ബി.ജെ.പിയുടെ തന്ത്രങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യത്തെ സര്‍ക്കാര്‍ രൂപീകരണത്തിന്റെ വക്കോളമെത്തിച്ച ശിവകുമാര്‍ ഉപമുഖ്യമന്ത്രിസ്ഥാനത്തിനായി അവകാശമുന്നയിച്ചാല്‍ നേതൃത്വത്തിന് അവഗണിക്കാനാകില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW