Sunday, November 18, 2018 Last Updated 20 Min 9 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Sunday 20 May 2018 08.13 AM

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: മാണിയുടെ മൗനത്തില്‍ കുരുങ്ങി ജനാധിപത്യ കേരളാ കോണ്‍ഗ്രസ്; പരസ്യമായി പിന്തുണക്കാന്‍ കഴിയാതെ പി.സി.ജോര്‍ജ്

uploads/news/2018/05/218544/k-m-mani.jpg

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം. മാണിയുടെ മൗനത്തില്‍ കുരുക്കിലായത് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുളള ജനാധിപത്യ കേരളാ കോണ്‍ഗ്രസ്. കേരളാ കോണ്‍ഗ്രസ്(എം) നിലപാട് പരസ്യമാക്കാത്തതിനാല്‍ തീരുമാനമെടുക്കാനാകാതെ ഫ്രാന്‍സിസ് ജോര്‍ജ് പക്ഷം പ്രതിസന്ധിയിലായി. മാണി ഗ്രൂപ്പ് ഇടതുമുന്നണിയെ പരസ്യമായി പിന്തുണച്ചാല്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണു ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ നിരീക്ഷണം. അതുകൊണ്ടു തന്നെ മാണി ഗ്രൂപ്പിന്റെ അഭാവത്തില്‍ യു.ഡി.എഫില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണു നേതാക്കളുടെ വിശ്വാസം.

അതിനാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പരസ്യപ്രചരണം വേണ്ടന്ന നിലപാടാണു ഫ്രാന്‍സിസ് ജോര്‍ജ് പക്ഷത്തിനുളളത്. ഇടതുമുന്നണിയിലെടുക്കണമെന്നു ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. മാണി ഗ്രൂപ്പിന്റെ വരവ് പ്രതീക്ഷിച്ചാണു തങ്ങളെ അവഗണിക്കുന്നതെന്നാണു ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വസം.

യു.ഡി.എഫുമായി ഇടഞ്ഞു കേരളാ കോണ്‍ഗ്രസ്(എം) ഇടതുപാളയത്തിലെത്തിയാല്‍ നിലവില്‍ ഇടതുമുന്നണിക്കൊപ്പമുളള ഫ്രാന്‍സിസ് ജോര്‍ജ് പക്ഷം വലത്തോട്ടു നീങ്ങുമെന്ന കാര്യം വ്യക്തമാണ്. മാണിയുടെ നിലപാട് അറിഞ്ഞശേഷം ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞത് പുതിയ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നതിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്.

മാണി ഗ്രൂപ്പ് നേതൃത്വവുമായുളള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണു ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടിക്കു രൂപം നല്‍കി ഇടതുപാളയത്തിലെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് മത്സരിക്കാന്‍ നാലു സീറ്റ് ലഭിച്ചെങ്കിലും വിജയിക്കാനായില്ല.

തെരഞ്ഞെടുപ്പിനുശേഷം മുന്നണിയില്‍ എടുക്കുമെന്നു സി.പി.എം. വാഗ്ദാനം നല്‍കിയിരുന്നെങ്കിലും നടപ്പായില്ല. ഇതില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

ബോര്‍ഡ്- കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനത്തേയ്ക്ക് തങ്ങളെ പരിഗണിക്കാത്തതും പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്. മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേയ്ക്ക് നീങ്ങിയാല്‍ ഒരു വിഭാഗത്തെ അടര്‍ത്തിമാറ്റി യു.ഡി.എഫില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതോടൊപ്പം നിലവില്‍ ഇടതുമുന്നണിക്കൊപ്പമുളള ഫ്രാന്‍സിസ് ജോര്‍ജ് പക്ഷത്തേയും കൂട്ടാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഈ ചര്‍ച്ചകള്‍ വളരെയേറെ മുന്നോട്ടു പോയെന്നാണു സൂചന.

കെ.എം. മാണി നിലപാട് പരസ്യമാക്കാത്തതിനാല്‍ ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനും ആരെയാണു പിന്തുണയ്ക്കുന്നതെന്ന് പറയാന്‍ കഴിയാത്ത് സ്ഥിതിയാണ്. മാണി പിന്തുണയ്ക്കുന്ന മുന്നണിയെ പിന്തുണയ്ക്കാനില്ലെന്ന നിലപാടിലാണ് പി.സി. ജോര്‍ജിപ്പോള്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW