Tuesday, July 16, 2019 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 20 May 2018 02.42 AM

ഡിമാന്റ്‌ ഉള്ളവര്‍!

uploads/news/2018/05/218537/re5.jpg

ഒരു ഗ്രാമത്തില്‍ ആശുപത്രിയോ, ഡോക്‌ടര്‍മാരോ, നഴ്‌സുമാരോ, ഇല്ലാതിരുന്നാല്‍ ആ സമൂഹത്തിലെ ആളുകളുടെ അവസ്‌ഥ എന്താണ്‌? ചില സ്‌ഥലങ്ങളില്‍ ഒരാള്‍ക്കു രോഗം പിടിപ്പെട്ടാല്‍ നാല്‍പ്പതോ അമ്പതോ മൈല്‍ ജീപ്പിലും ബസിലും ഒക്കെ രോഗികളെയും കൊണ്ട്‌ ഓട്ടമാണ്‌. കാരണമെന്താണ്‌? അടുത്തെങ്ങും ഒരു ഡോക്‌ടര്‍ ഇല്ല. അതിനാല്‍ അവിടെ ചെല്ലുമ്പോഴേക്കും രോഗി മരിച്ചിരിക്കും. ഡോക്‌ടര്‍ പറയും, സമയം വൈകിപ്പോയി, ഒരു മണിക്കൂര്‍ നേരത്തെ വന്നിരുന്നെങ്കില്‍ രക്ഷപ്പെട്ടേനേ. പക്ഷേ, സമയം വൈകിപ്പോയി. നമ്മുടെ സമൂഹത്തില്‍ വലിയ രാഷ്‌ട്രീയ നേതാക്കള്‍ ഉണ്ടായിരിക്കും. വലിയ കോടീശ്വരന്മാര്‍ കാണുമായിരിക്കും. എന്നാല്‍ നാം രോഗി ആകുമ്പോള്‍ നമുക്കു ആവശ്യമായിരിക്കുന്നത്‌ ഒരു ഡോക്‌ടറെയാണ്‌. നമ്മെ ശുശ്രൂഷിക്കാന്‍ ഒരു ഡോക്‌ടര്‍, ഒരു നഴ്‌സ്.
നാം വാര്‍ധക്യത്തിലെത്തുമ്പോള്‍ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു കഴിവില്ല. അരകിലോമീറ്റര്‍ നടക്കാന്‍ പോലും നമുക്ക്‌ ആരോഗ്യമില്ല. പെട്ടെന്നൊന്ന്‌ എഴുന്നേല്‍ക്കാന്‍ നമ്മെക്കൊണ്ടാവില്ല. ഈ സാഹചര്യത്തില്‍ നമുക്കാവശ്യമായിരിക്കുന്നത്‌ ഒരുകെട്ട്‌ രൂപയല്ല; പുതിയ ഒരു കാര്‍ സമ്മാനമായി ലഭിക്കുന്നതല്ല; കാരണം ആ കാറില്‍ ചെന്നു കയറാന്‍ പോലും നമുക്ക്‌ സാധ്യമല്ല. അത്‌ ഓടിക്കാന്‍ കഴിയില്ല. മറിച്ച്‌ നമുക്കാവശ്യമായിരിക്കുന്നത്‌ ഒന്നു സഹായിക്കാന്‍, കൈപിടിച്ച്‌ എഴുന്നേല്‍പ്പിക്കാന്‍ കഴിയുന്ന വ്യക്‌തികളെയാണ്‌.
എന്താണ്‌ ഞാന്‍ ഈ പറയുന്നതിന്റെ അര്‍ത്ഥം? ലോകത്തില്‍ ഏതു രാജ്യത്തായാലും മറ്റുള്ളവരെ സേവിക്കുന്ന, സഹായിക്കുന്ന ആളുകള്‍ക്ക്‌ എപ്പോഴും ഡിമാന്റാണ്‌. അതുകൊണ്ട്‌, മറ്റുള്ളവരുമായി നല്ല ബന്ധത്തില്‍ കഴിയാന്‍, ഒരു ധന്യജീവിതം നയിക്കാന്‍ നാം അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം, ആളുകള്‍ എന്നെ നോക്കണം, എന്നെ ശുശ്രൂഷിക്കണം, എന്റെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കണം എന്ന ചിന്ത വിട്ടിട്ട്‌ എങ്ങനെ മറ്റുള്ളവരെ എനിക്കു സഹായിക്കാന്‍ കഴിയും, എന്ന്‌ ചിന്തിക്കണം. എങ്ങനെ എന്റെ ജീവിതത്തിലൂടെ, സംസാരത്തിലൂടെ, പ്രവര്‍ത്തനത്തിലൂടെ ചിന്തയിലൂടെ, കൊടുക്കല്‍ വാങ്ങലുകളിലൂടെ മറ്റുള്ളവര്‍ക്ക്‌ പ്രയോജനം ഉണ്ടാകും? ഈ ചിന്തയില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്‌തി ഒരിക്കലും ഒറ്റപ്പെടുകയില്ല. ഈ വ്യക്‌തിക്ക്‌ ധാരാളം സ്‌നേഹിതരും ബന്ധങ്ങളും ഉണ്ടായിരിക്കും. ഒരു ഭവനത്തിലെ മാതാവിനെ ആശ്രയിച്ചു മാത്രം ആ കുടുംബത്തിലെ മറ്റ്‌ അംഗങ്ങള്‍ ജീവിക്കുമ്പോള്‍ ഭര്‍ത്താവും മക്കളും എല്ലാവരും ആഗ്രഹിക്കുന്നത്‌, അവരുടെയെല്ലാം ഇഷ്‌ടമനുസരിച്ച്‌, കാര്യങ്ങളൊക്കെ നടക്കണം, സോപ്പ്‌ വാങ്ങിയിരിക്കണം, തൂവാല എല്ലാം അലക്കിയിരിക്കണം; ആഹാരം കൃത്യസമയത്ത്‌ ഉണ്ടാക്കി മേശപ്പുറത്ത്‌ വെച്ചിരിക്കണം; പാത്രമെല്ലാം കഴുകി വളരെ ഭംഗിയായി അവിടെ സൂക്ഷിക്കണം; പശുവിനെയും ആടിനെയുമെല്ലാം അഴിച്ചു കെട്ടിയിരിക്കണം. അവയെ കുളിപ്പിക്കണം. കടയില്‍പ്പോയി സാധനം വാങ്ങണം. പോസ്‌റ്റ് ഓഫീസില്‍ പോകണം. ചുരുക്കം പറഞ്ഞാല്‍ ആ ഭവനത്തില്‍ ജീവിക്കുന്ന എല്ലാവരും പ്രതീക്ഷിക്കുന്നത്‌, മാതാവ്‌ (ഭാര്യ) എല്ലാ കാര്യങ്ങളും കൃത്യമായി എല്ലാവര്‍ക്കും വേണ്ടി ചെയ്‌തിരിക്കണം എന്നാണ്‌. എന്റെ കാര്യം, ഞാന്‍ മാത്രം, എന്നു പറഞ്ഞു ജീവിക്കുന്ന ഒരാള്‍ക്ക്‌ മറ്റുള്ളവരുമായി സൗഹാര്‍ദ്ദത്തില്‍ ജീവിക്കുവാന്‍ കഴിയുകയില്ല; ഇയാള്‍ എല്ലാവര്‍ക്കും ഒരു തലവേദനയായിരിക്കും. ആ പാവം പിടിച്ച ഭാര്യ വെളുപ്പിന്‌ അഞ്ചു മണി മുതല്‍ അടിമയെപ്പോലെ കഷ്‌ടപ്പെടുന്നു. ഒരുത്തന്‍ കിടക്കയില്‍ നിന്നു എഴുന്നേറ്റിട്ടില്ല, മണി ഏഴരയായി. എന്താ? അവന്‍ കാപ്പി കൊണ്ടുവരാനായിട്ട്‌ കാത്തിരിക്കുകയാണ്‌. മറ്റുള്ള പിള്ളേരും എല്ലാം കുത്തിയിരിക്കുന്നു അങ്ങും ഇങ്ങും. എഴുന്നേല്‍ക്കാന്‍ നിവൃത്തിയില്ല. കാരണം കട്ടന്‍കാപ്പി കിട്ടണം.
ബൈബിളില്‍ ലൂക്കോസ്‌ എഴുതിയ സുവിശേഷത്തില്‍ ഇങ്ങനെ കാണുന്നു, തങ്ങളുടെ (യേശുവിന്റെ ശിഷ്യന്മാരുടെ) കൂട്ടത്തില്‍ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത്‌ എന്നതിനെച്ചൊല്ലി ഒരു തര്‍ക്കം അവരുടെ ഇടയില്‍ ഉണ്ടായി.
അപ്പോള്‍ യേശു അവരോട്‌ ഇങ്ങനെ മറുപടി പറഞ്ഞു: 'ജാതികളുടെ രാജാക്കന്മാര്‍ അവരില്‍ കര്‍ത്തൃത്വം നടത്തുന്നു; അവരുടെമേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്നു പറയുന്നു. നിങ്ങളോ അങ്ങനെയല്ല; നിങ്ങളില്‍ വലിയവന്‍ ഇളയവനെപ്പോലെയും നായകന്‍ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ... ഞാനോ നിങ്ങളുടെ ഇടയില്‍ ശുശ്രൂഷിക്കുന്നവനെപ്പോലെയാകുന്നു.'
മറ്റുള്ളവരുമായുള്ള നമ്മുടെ പെരുമാറ്റം എങ്ങനെയുണ്ട്‌? വീട്ടിലും, നാട്ടിലും, സഭയിലും, സമൂഹത്തിലും രാഷ്‌ട്രീയ രംഗത്തും എവിടെയായിരുന്നാലും മറ്റുള്ളവരെ സേവിക്കുന്ന, ശുശ്രൂഷിക്കുന്ന, അവരുടെ ജീവിതം മെച്ചപ്പെടാന്‍ സഹായിക്കുന്ന, അവര്‍ക്ക്‌ അഭിവൃദ്ധി ഉണ്ടാകാന്‍ ഉതകുന്ന ജീവിതമാണോ നാം നയിക്കുന്നത്‌. അങ്ങനെ നാം ജീവിക്കുമെങ്കില്‍, അത്‌, അനുഗ്രഹത്തിന്റെ മാര്‍ഗമാണ്‌.

Ads by Google
Sunday 20 May 2018 02.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW