Friday, June 28, 2019 Last Updated 8 Min 40 Sec ago English Edition
Todays E paper
Ads by Google
ഇ.പി. ഷാജുദീന്‍
ഇ.പി. ഷാജുദീന്‍
Saturday 19 May 2018 06.33 PM

മഞ്ഞു സാഗരത്തിലെ ചുവന്ന സൂര്യന്‍

മലമുകളിലുള്ള എല്ലാവരും കിഴക്കോട്ട് നോക്കിയിരിപ്പാണ്. പലതരം കാമറകളും മൊബൈല്‍ ഫോണുകളും ഒക്കെ സൂര്യനെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍കുന്നു. അങ്ങകലെ ഒരു മലയ്ക്കപ്പുറത്തുനിന്നും ചുവന്നുതുടുത്ത ഓറഞ്ചു പോലെ സൂര്യന്‍ ഉദിച്ചു പൊങ്ങി. പര്‍വതനിരകളുടെ മുകള്‍ ഭാഗങ്ങളാകെ ചുവപ്പുരാശി പടര്‍ന്നു. അവയെല്ലാം പതിയെ സ്വര്‍ണനിറം വാരിപ്പൂശി. അത്യുന്നതങ്ങളിലെ നിശബ്ദതയെ തടസ്സപ്പെടുത്തിക്കൊണ്ട് കാമറാ ഷട്ടറുകള്‍ തുറന്നടയുന്ന ശബ്ദം മാത്രം കുറേ നേരത്തേക്ക്.
Thunganath
ഫോട്ടോകള്‍: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി

ചന്ദ്രശിലയുടെ മേലേ -7

തുംഗനാഥിലെ പ്രഭാതം നാലുമണിക്കു പോലും അധികം തണുപ്പുള്ളതായിരുന്നില്ല. നാലരയായപ്പോഴേക്കും പതുക്കെ നടപ്പുതുടങ്ങി. ഒരു കിലോമീറ്റര്‍ കുത്തനേകയറണം ചന്ദ്രശിലയുടെ മുകളിലെത്താന്‍. സാധാരണഗതിയില്‍ പുലര്‍ച്ചെ കയറിയാല്‍ ഒരുമണിക്കൂര്‍ മതിയാവും. അഞ്ചേമുക്കാലിനാണ് സൂര്യോദയം അതിനുമുന്‍പ് മുകളിലെത്തണമെന്ന ചിന്തയിലാണ് നടപ്പ്. മനസ്സിനൊപ്പം ശരീരമെത്തുന്നില്ലെന്നു മനസ്സിലായെങ്കിലും ഈ അവസരം വിട്ടുകളയാന്‍ ഒട്ടും തോന്നിയില്ല. എങ്ങനെയെയും ഒരു മണിക്കൂര്‍ കൊണ്ട് മുകളിലെത്തണം എന്നതുമാത്രമായി ചിന്ത.

Thunganath

തുംഗനാഥ് ക്ഷേത്രം കഴിയുമ്പോഴേക്കും പിന്നെ പുല്ലുമാത്രം വളരുന്ന മലഞ്ചെരിവുകളാണ്. ഒരു ഒറ്റയടിപ്പാത മാത്രം മുകളിലേക്ക്. കുറച്ചു പേര്‍ മുന്നിലായി കയറിപ്പോകുന്നത് അരണ്ട വെളിച്ചത്തില്‍ കാണാം. ഞാന്‍ പതിയെ കാലടികള്‍ വച്ചും ഇടയ്ക്കിടയ്ക്ക് വിശ്രമിച്ചും കയറിപ്പോകുമ്പോള്‍ പിന്നാലെ വന്ന കൂടുതല്‍ പേര്‍ എന്നെ മറികടന്ന് മുകളിലേക്ക് പോയി. അതിലൊരു സംഘത്തെ പ്രത്യേകം ശ്രദ്ധിച്ചു. ഏതാനും ചെറുപ്പക്കാര്‍. അതില്‍ നല്ല ഉറച്ച ശരീരമുള്ളവന്‍ ഹിന്ദി സിനിമയിലെ യുവതാരം ടൈഗര്‍ ഷ്രോഫിനെ പോലെ തോന്നിച്ചു. മറ്റൊരാള്‍ മുടിയൊക്കെ നീട്ടിവളര്‍ത്തി ഒരു പോപ് ഗായകനെ അനുസ്മരിപ്പിച്ചു. വലിയ കാമറകളൊക്കെ തോളത്ത് തൂക്കി പോകുമ്പോഴും അവര്‍ മാനിന്റെ വേഗത്തില്‍ മലഞ്ചെരുവില്‍ നിന്ന് മലഞ്ചെരുവിലേക്ക് ചാടിച്ചാടി കയറിപ്പോകുന്നു.

Thunganath


നാല്‍പതിനുമേല്‍ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ താഴെനിന്നു കയറിവന്ന് ''ഇയാള്‍ എന്ന് ഇതിന്റെ മുകളില്‍ കയറും'' എന്ന മട്ടില്‍ എന്നെ ഒന്നു നോക്കി ചടുല ചുവടുകളോടെ മുകളിലേക്ക് കയറി. ഇത്രയൊക്കെ ദൂരം താണ്ടി വന്നിട്ടും ചന്ദ്രശിലയുടെ മുകളില്‍ നിന്ന് സൂര്യോദയം കാണാനാവില്ലല്ലോ എന്ന് തോന്നിപ്പോയി.

അല്‍പ്പവും കൂടി വെളിച്ചം വന്നപ്പോള്‍ അതാ മുകളിലായി കാണുന്നു, തലേന്നു കണ്ട ബംഗാളിയും അയാളുടെ തടിച്ചുരുണ്ട ഭാര്യയും. ആ ബംഗാളി സ്ത്രീ അത്രവലിയബുദ്ധിമുട്ടൊന്നുമില്ലാതെ മുകളിലേക്ക് കയറുന്നതു കണ്ടപ്പോള്‍ എനിക്കു സ്വയം കളിയാക്കാനാണു തോന്നിയത്. അവര്‍ക്കാകാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ? എന്നതായി പിന്നീട് ചിന്ത. ഞാന്‍ നില്‍ക്കുന്നയിടത്തു നിന്ന് ചന്ദ്രശിലയുടെ നിരപ്പ് കാണാമായിരുന്നു. അവിടെ നേരത്തേയെത്തിയവരെ കാണാം. വാച്ചില്‍ നോക്കി. അഞ്ചുമണി. ഉദയത്തിന് ഇനിയും മുക്കാല്‍ മണിക്കൂറുണ്ട്. എന്റെ മുന്നില്‍ അല്‍പം ദൂരമേയുള്ളൂ, പക്ഷേ അതികഠിനമായ കയറ്റമാണ്. എന്തായാലും വേണ്ടില്ല, ഇവിടം കയറിയിട്ടേയുള്ളു എന്നുറപ്പിച്ച് ഞാന്‍ ചുവടുകള്‍ വച്ചു. ചന്ദ്രശിലയുടെ തുഞ്ചത്തേക്കുള്ള ഓരോ അടിയും പതിയെ എന്റെ കാല്‍വയ്പുകളില്‍ പിന്നിലാകാന്‍ തുടങ്ങി. പെട്ടെന്നു കിട്ടിയ ഈ ഊര്‍ജത്തില്‍ കയറ്റം പ്രശ്‌നമല്ലാതായി തോന്നുകയായിരുന്നു. വാച്ചില്‍ 5.20; ഞാനിതാ ഒരു ചെറിയ പാറയ്ക്ക് വലം വച്ച് മുകളിലേക്ക് ആഞ്ഞുകയറുന്നു- 13,000 അടി മുകളില്‍ ചന്ദ്രശിലയുടെ മേലേക്ക്.

Thunganath

അല്‍പം മാത്രം നിരപ്പുള്ള സ്ഥലമാണ് ഈ മലമുകള്‍. കയറി ചെല്ലുന്നിടത്തു തന്നെ ഒരു ചെറിയ ശിവക്ഷേത്രമുണ്ട്. ക്ഷേത്രത്തിനു ചുറ്റുമായും മലയില്‍ പലയിടത്തും ചെറിയ പാറക്കല്ലുകള്‍ സ്തൂപങ്ങള്‍ പോലെ അടുക്കി വച്ചിരിക്കുന്നു. രാവണനുമേല്‍ വിജയം നേടിയശേഷം ശ്രീരാമന്‍ ധ്യാനത്തിലിരുന്ന സ്ഥലമാണ് ചന്ദ്രശിലയെന്നാണ് രാമഭക്തരുടെ വിശ്വാസം. ധാരാളം ഭക്തരും ഇവിടെ വരുന്നുണ്ട്. അവര്‍ ഒരുക്കുന്നതാണ് ഈ കൊച്ചു സ്തൂപങ്ങള്‍.
സമുദ്രനിരപ്പില്‍ നിന്ന് നാലായിരം മീറ്റര്‍ ഉയരത്തില്‍ ഇവിടെ നില്‍ക്കുമ്പോള്‍ ലോകത്തിന്റെ നെറുകയിലാണെന്ന് തോന്നും. ഒരു വലിയ വൃത്തത്തിലെന്നു തോന്നുംവിധം ലോകം മുഴുവന്‍ ഇതാ നമ്മുടെ കാല്‍ ചുവട്ടില്‍. എമ്പാടും മലകള്‍ മാത്രം. മഞ്ഞിന്റെ അതിവിശാലമായ ഒരു കടല്‍ ചന്ദ്രശിലയ്ക്കു ചുറ്റും പരന്നു കിടക്കുന്നു. ഒരുവശത്ത് മഞ്ഞുമൂടിയ ധാരാളം പര്‍വതനിരകള്‍. മറ്റൊരിടത്ത് പച്ചപ്പിന്റെ വിവിധ ഷേഡുകളാല്‍ ഉടയാട ചാര്‍ത്തിയ മലകള്‍. ഉദിക്കാനൊരുങ്ങുന്ന സൂര്യന്റെ വെമ്പല്‍ കിഴക്ക് കാണാം. നേരിയ വെളിച്ചം ആ ഭാഗത്തെ പര്‍വതങ്ങളുടെ മഞ്ഞുമേലാപ്പിനു തിളക്കമേകുന്നുണ്ട്.

Thunganath

മലമുകളിലുള്ള എല്ലാവരും കിഴക്കോട്ട് നോക്കിയിരിപ്പാണ്. പലതരം കാമറകളും മൊബൈല്‍ ഫോണുകളും ഒക്കെ സൂര്യനെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍കുന്നു. അങ്ങകലെ ഒരു മലയ്ക്കപ്പുറത്തുനിന്നും ചുവന്നുതുടുത്ത ഓറഞ്ചു പോലെ സൂര്യന്‍ ഉദിച്ചു പൊങ്ങി. പര്‍വതനിരകളുടെ മുകള്‍ ഭാഗങ്ങളാകെ ചുവപ്പുരാശി പടര്‍ന്നു. അവയെല്ലാം പതിയെ സ്വര്‍ണനിറം വാരിപ്പൂശി. അത്യുന്നതങ്ങളിലെ നിശബ്ദതയെ തടസ്സപ്പെടുത്തിക്കൊണ്ട് കാമറാ ഷട്ടറുകള്‍ തുറന്നടയുന്ന ശബ്ദം മാത്രം കുറേ നേരത്തേക്ക്.

ഫോട്ടോയെടുത്തു മടുത്തപ്പോള്‍ പ്രഭാപൂരത്തില്‍ നില്‍ക്കുന്ന ആ പ്രദേശമാകെ കണ്ണോടിച്ചു. ഒരു വശത്ത് യമുനോത്രിയും ഗംഗോത്രിയും കേദാര പര്‍വതങ്ങളും മറുവശത്ത് പേരറിയാത്ത അനേകം പര്‍വതങ്ങള്‍. കാണുന്നതില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്നത് നന്ദാദേവി, ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പര്‍വതം. അതിവിദൂരത്തില്‍ കാണുന്ന പര്‍വതങ്ങളില്‍ ഒന്ന് ഇന്ത്യയില്‍ ഏറ്റവും ഏറ്റവും ഉയരമുള്ള പര്‍വതമായ കാഞ്ചന്‍ജംഗയാണ്. നന്ദാദേവി സാങ്ങ്ച്വറിയിലെ പ്രധാന പര്‍വതങ്ങളിലൊന്നായ ത്രിശൂലും തിരിച്ചറിയാം.

Thunganath

നല്ല തെളിച്ചമുള്ള ദിവസങ്ങളില്‍ ഇവിടെനിന്നാല്‍ കൈലാസപര്‍വതവും എവറസ്റ്റും വരെ കാണാമെന്നു കേട്ടിട്ടുണ്ട്. അന്ന് നല്ല തെളിച്ചമുള്ള ദിവസമായിരുന്നു. ഞങ്ങള്‍ വിദുരത്തു കണ്ട പര്‍വതങ്ങളില്‍ കൈലാസവും എവറസ്റ്റും ഉണ്ടാകാമെന്നു മനസ്സു പറഞ്ഞു.
അല്‍പം നിരപ്പു കണ്ട ഒരിടത്ത് ഞങ്ങള്‍ ഇരുന്നു. രാവിലെ തുടങ്ങിയ നടപ്പിനും നില്‍പ്പിനും ഒരു ഇടവേള അപ്പോഴാണു കിട്ടിയത്. ചന്ദ്രശില കയറുന്ന ഉല്‍സാഹത്തില്‍ ക്ഷീണമെല്ലാം മറന്നു പോയിരുന്നു. മാത്രമല്ല, അല്‍പം നിന്നു പോയപ്പോള്‍ തണുപ്പും അരിച്ചരിച്ചങ്ങെത്തി.
ഞങ്ങള്‍ സംസാരിച്ചിരിക്കെ പെട്ടെന്ന് ഒരു ചോദ്യം കേട്ടു

''കേരളത്തില്‍ എവിടെനിന്നാ?''

തിരിഞ്ഞു നോക്കുമ്പോള്‍ രാവിലെ എന്നെ കടന്നു മലകയറിപ്പോയ നീളന്‍ മുടിക്കാരനാണ്.
ആളെ പരിചയപ്പെട്ടു. റോബിന്‍ തോമസ്, തൃപ്പൂണിത്തുറക്കാരനാണ്. ഇന്ന് നല്ല തെളിഞ്ഞ ദിവസമാണെന്ന് റോബിന്‍ അവിടം ചിരപരിചയമുള്ളതു പോലെ പറഞ്ഞു. പിന്നെ തുടര്‍ന്നു പറഞ്ഞതു കേട്ടപ്പോള്‍ കാര്യം ബോധ്യമായി. കഴിഞ്ഞ അഞ്ചാറു ദിവസമായി റോബിനും കൂട്ടുകാരും ചന്ദ്രശില കയറുകയാണ്. അതും ചോപ്തയില്‍ താമസിച്ചു കൊണ്ട്! എല്ലാ ദിവസവും പുലര്‍ച്ചെ ചോപ്തയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ കുത്തനേ കയറി വരുന്നു, സൂര്യോദയത്തിനു മുന്‍പ് മുകളിലെത്തുന്നു!

Thunganath

താന്‍ ഒരു മ്യുസിഷ്യനാണെന്നും ഫോട്ടോഗ്രാഫി ഹോബിയാണെന്നും റോബിന്‍ പറഞ്ഞു. പിന്നീട് കുറേ നാളുകള്‍ക്കു ശേഷം റോബിനെ കണ്ടത് ഒരു സംഗീത വീഡിയോയിലാണ്. ഏറെ പ്രശസ്തമായ ''പടകാളി ചങ്കിച്ചങ്കരി'' എന്ന പാട്ടിന്റെ സംഗീത ഉപകരണങ്ങള്‍ മാത്രമുപയോഗിച്ചുള്ള ഒരു അവതരണം മിക്കവരും കണ്ടിട്ടുണ്ടാകും. അതില്‍ പിയാനോ വായിക്കുന്നത് റോബിനാണ്. ലണ്ടന്‍ ട്രിനിറ്റി കോളജില്‍ നിന്ന് പിയാനോയില്‍ സര്‍ട്ടിഫിക്കറ്റ് നേടിയ റോബിന്‍ തൃപ്പൂണിത്തുറയില്‍ ലിക്വിഡ് സ്‌കൂള്‍ ഓഫ് മ്യൂസിക് എന്ന സ്ഥാപനം നടത്തുകയാണ്.
അല്‍പനേരം മലമുകളില്‍ തന്നെയിരുന്നു. തലേന്ന് ഒപ്പം നടന്നു വന്ന പലരും അവിടെയുണ്ട്. ചിലരൊക്കെ പരിചയം ഭാവിച്ചു. ബംഗാളിയും ഭാര്യയും വന്ന് തമാശ പറഞ്ഞ പൊട്ടിച്ചിരിച്ചു, അല്‍പ നേരം കഴിഞ്ഞാല്‍ തമ്മില്‍ വഴക്കുണ്ടാക്കി രണ്ടു വഴിക്ക് നടക്കാനുള്ളവരാണെന്ന് അവരും ഞങ്ങളും അപ്പോള്‍ അറിഞ്ഞിരുന്നില്ല.

(ഫോട്ടോ: ജോര്‍ഡി ജോര്‍ജ്, ജീവന്‍ ചാണ്ടി)

Ads by Google
ഇ.പി. ഷാജുദീന്‍
ഇ.പി. ഷാജുദീന്‍
Saturday 19 May 2018 06.33 PM
Ads by Google
Loading...
TRENDING NOW