Thursday, September 13, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
പി.എസ്. അഭയന്‍
Saturday 19 May 2018 04.12 PM

മൂന്നാം തവണയും രാജി; 2007 ല്‍ ഏഴു ദിവസം, ഇത്തവണ രണ്ടരദിവസം കഴിഞ്ഞപ്പോള്‍തന്നെ വീണു; യെദ്യുരപ്പയ്ക്ക് മുഖ്യമന്ത്രിപദം എന്നും മുള്‍ക്കിരീടം

മുമ്പ് ഏഴു ദിവസം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ശേഷം ഇറങ്ങേണ്ടി വന്ന യെദ്യുരപ്പയ്ക്ക് ഇത്തവണ ഇരിക്കാന്‍ കഴിഞ്ഞത് രണ്ടരദിവസം. ഇരുന്നതിന്റെ തൊട്ടു പിന്നാലെ കസേരയില്‍ നിന്നും എഴുന്നേല്‍ക്കേണ്ട സ്ഥിതി യദ്യൂരപ്പയ്ക്ക് ഉണ്ടാകുന്നത് ഇതാദ്യമായിട്ടല്ല.
BS Yeddyurappa resigns

ബാംഗ്‌ളൂര്‍: സാമുദായിക ജനപിന്തുണകളുടെ കാര്യത്തില്‍ ബിജെപിയുടെ കര്‍ണാടകത്തിലെ തിളങ്ങുന്ന മുഖമാണ് യെദ്യൂരപ്പയെങ്കിലും മുഖ്യമന്ത്രി പദത്തില്‍ യെദ്യൂരപ്പയെ എന്നും കാത്തിരുന്നത് ദൗര്‍ഭാഗ്യത്തിന്റെ കരിനിഴല്‍. മുമ്പ് ഏഴു ദിവസം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ശേഷം ഇറങ്ങേണ്ടി വന്ന യെദ്യുരപ്പയ്ക്ക് ഇത്തവണ ഇരിക്കാന്‍ കഴിഞ്ഞത് രണ്ടരദിവസം. ഇരുന്നതിന്റെ തൊട്ടു പിന്നാലെ കസേരയില്‍ നിന്നും എഴുന്നേല്‍ക്കേണ്ട സ്ഥിതി യദ്യൂരപ്പയ്ക്ക് ഉണ്ടാകുന്നത് ഇതാദ്യമായിട്ടല്ല.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമസഭകളില്‍ ബിജെപിയ്ക്ക് ആദ്യ പടി ചവിട്ടാന്‍ അവസരം നല്‍കിയ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയ 2004 ലായിരുന്നു ആദ്യ തിരിച്ചടി. 2004 ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 79 സീറ്റുകളാണ് ബിജെപിയ്ക്ക് കിട്ടിയത്. കോണ്‍ഗ്രസ് 64 സീറ്റുകളും ജെഡിഎസ് 58 സീറ്റുകളും നേടി. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം അധികാരം നേടിയപ്പോള്‍ യെദ്യൂരപ്പ പ്രതിപക്ഷ നേതാവായി. എന്നാല്‍ ഈ സഖ്യം പിരിയുകയും പിന്നീട് ജെഡിഎസ് ബിജെപിയുമായി കൈ കോര്‍ക്കുകയും ചെയ്തു. ഉപമുഖ്യനായും ധനകാര്യമന്ത്രിയായുമാണ് 2006 ല്‍ യെദ്യൂരപ്പ നിയോഗിതനായത്. അധികാര കൈമാറ്റം സംബന്ധിച്ച് നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരം 2007 ല്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ ഏഴു ദിവസം മാത്രമായിരുന്നു ആയുസ്. കുമാരസ്വാമിയെ മുഖ്യമന്ത്രിയായി പിന്തുണയ്ക്കാതിരുന്നതിനെ തുടര്‍ന്ന് ജെഡി എസ് പിന്തുണ പിന്‍വലിച്ചതോടെ സഖ്യത്തിന് വിരാമവുമായി. 2007 നവംബര്‍ 12 ന് സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പയ്ക്ക് നവംബര്‍ 19 ന് ഇറങ്ങേണ്ടി വന്നു.

BS Yeddyurappa resigns

എന്നാല്‍ 2008 ല്‍ ശക്തമായി ബിജെപി തിരിച്ചടിച്ചതോടെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി. 45,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിക്കാരിപ്പുരയില്‍ നിന്നും ജയിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തന്നെ ബിജെപി ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറി. 2008 മെയ് യില്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എന്നിരുന്നാലും ടൂറിസം മന്ത്രി ജനാര്‍ദ്ധന റെഡ്ഡിയും സഹോദരനും അനധികൃത ഖനി വിവാദത്തില്‍ പെട്ടത് യെദ്യൂരപ്പയെയും കുഴിയില്‍ വീഴ്ത്തി. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാതെ 2011 ജൂലൈ 31 ന് രാജിവെയ്‌ക്കേണ്ടി വന്നു. അന്ന് കസേര തെറിച്ച് യെദ്യൂരപ്പ പൊതുജനങ്ങള്‍ക്ക് മുന്നിലിരുന്ന് തേങ്ങിക്കരഞ്ഞു.

അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസാണ് പുലിവാലായത്. ഇത് അദ്ദേഹത്തെ ജയിലിലാക്കുന്ന സ്ഥിതിയിലേക്ക് വരെ നയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ ജയിലിലാകുന്ന ആദ്യ കര്‍ണാടകാ മുഖ്യമന്ത്രിയെന്ന കുപ്രസിദ്ധിയും യെദ്യൂരപ്പ നേടി. 2011 ല്‍ ബിജെപിയുമായി യെദ്യൂരപ്പ ഇടഞ്ഞു. 2012 നവംബര്‍ 30 ന് എംഎല്‍എ ആയിരിക്കെ തന്നെ ബിജെപിയുടെ പ്രാഥമികാംഗത്വം തന്നെ രാജി വെച്ചാണ് യെദ്യൂരപ്പ പ്രതികരിച്ചത്. പിന്നാലെ 2011 ല്‍ രൂപീകരിച്ച കര്‍ണാടകാ ജനതാ പക്ഷം എന്നൊരു പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

യെദ്യൂരപ്പയുടെ പിണക്കം 2013 തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സമ്മാനിച്ചത് വന്‍ തോല്‍വിയായിരുന്നു. യെദ്യൂരപ്പ എംഎല്‍എയാകുകയും ചെയ്തു. ഇതോടെ യെദ്യുരപ്പയുടെ ശക്തി ബോദ്ധ്യപ്പെട്ട ബിജെപി അദ്ദേഹവുമായി വീണ്ടും കൂട്ടുകൂടി. 2013 നവംബറില്‍ അദ്ദേഹം ബിജെപിയില്‍ തിരിച്ചെത്തി. 2014 ല്‍ യെദ്യൂരപ്പയുടെ കെജെപി ബിജെപിയില്‍ ലയിച്ചു. ഇത്തവണ കര്‍ണാടകാ നിയമസഭയിലേക്ക് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന യെദ്യൂരപ്പ ഒരിക്കല്‍ കൂടി ബിജെപിയെ വിജയത്തിലേക്ക് നയിച്ചു. പക്ഷേ പുതിയ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയെങ്കിലും ഭരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റ് പിന്നിലാണ് കണക്കുകള്‍ പ്രകാരം ലാന്റ് ചെയ്തത്.

224 സീറ്റുകളില്‍ 222 എണ്ണത്തിലെ ഫലം വന്നപ്പോള്‍ 111 സീറ്റുകള്‍ വേണമെന്നിരിക്കെ കിട്ടിയത് 104 സീറ്റ്. തുടര്‍ന്ന് കേവലഭൂരിപക്ഷം അവകാശപ്പെട്ട കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ തടഞ്ഞ് ഗവര്‍ണര്‍ യെദ്യൂരപ്പയ്ക്ക് അവസരം നല്‍കിയത് വന്‍ വിവാദമാകുകയും സത്യപ്രതിജ്ഞ നടത്തിയതിന്റെ പിറ്റേന്ന് തന്നെ സുപ്രീംകോടതിയുടെ ഇടപെടലില്‍ കുടുങ്ങുകയും ചെയ്തു. 24 മണിക്കൂറിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട ബാദ്ധ്യതയില്‍ തിരിച്ചടി നേരിടുകയും ചെയ്തതോടെ ഒരു ദിവസം അധികാര കസേരയില്‍ ഇരുന്ന ശേഷം രാജി വെയ്‌ക്കേണ്ടി വന്ന ആദ്യ സംസ്ഥാന മുഖ്യമന്ത്രി പദവും യെദ്യൂരപ്പയെ തേടി വന്നിരിക്കുകയാണ്.

Ads by Google
പി.എസ്. അഭയന്‍
Saturday 19 May 2018 04.12 PM
Ads by Google
Loading...
LATEST NEWS
TRENDING NOW