Sunday, August 11, 2019 Last Updated 30 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.16 PM

ആതിര വരവായി...

നൈല ഉഷയുടെ സഹോദരി ആതിര ഉഷ വെള്ളിത്തിരയിലേക്ക് ചുവടു വയ്ക്കാനുള്ള ഒരുക്കത്തിലാണ്...
uploads/news/2018/05/218319/CiniINWathirausha190518a1.jpg

ലളിത,പത്മിനി, രാഗിണി... അംബിക, രാധ...കലാരജ്ഞിനി, കല്പന, ഉര്‍വ്വശി...ഇങ്ങനെ സഹോദരിമാര്‍ ഏകദേശം ഒരേ കാലയളവില്‍ സിനിമയിലേക്കെത്തുന്ന പതിവ് മലയാളത്തില്‍ പുതുമയുള്ളതല്ല. ആ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഒരാള്‍ കൂടി എത്തുന്നു.

നൈല ഉഷയുടെ സഹോദരി ആതിര ഉഷ. പതിവിനു വിപരീതപമായി അനിയത്തി സിനിമയില്‍ സജീവമായ ശേഷമാണ് ആതിര എത്തുന്നതെന്ന പ്രത്യേകത ഇവരിലുണ്ട്. വെള്ളിത്തിരയിലേക്ക് ചുവടു വയ്ക്കാനൊരുങ്ങുന്ന ആതിര ഉഷയുടെ വിശേഷങ്ങളിലേക്ക്...

അനിയത്തിക്കു പിന്നാലെ വെള്ളിത്തിരയിലേക്ക് ചുവടു വയ്ക്കാനൊരുങ്ങുന്നു എന്നു കേള്‍ക്കുന്നുണ്ടല്ലോ ?


അങ്ങനെയൊന്നുമില്ല. ആദ്യമായി ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചു, കലിക എന്നാണതിന്റെ പേര്. മാര്‍ച്ചിലാണത് റിലീസ് ചെയ്തത്. അഭിനയമോഹം പണ്ടുമുതലേ മനസ്സിലുണ്ട്. എനിക്കിഷ്ടപ്പെട്ട ഒരു കഥാപാത്രം കിട്ടിയപ്പോള്‍ അഭിനയിച്ചു എന്നു മാത്രം.

സത്യത്തില്‍ ഈ വിഷുക്കാലം എനിക്കതു കൊണ്ടു തന്നെ വളരെ സ്‌പെഷ്യലായിരുന്നു. ആദ്യ ഹ്രസ്വചിത്രത്തിന് ഇത്രയും നല്ല പ്രതികരണം കിട്ടിയതില്‍ എന്നെക്കാളേറെ സന്തോഷം വീട്ടുകാര്‍ക്കാണ്.

വെള്ളിത്തിരയോട് താത്പര്യമുണ്ടോ ?


എനിക്കെന്നും സിനിമകള്‍ ഇഷ്ടമായിരുന്നു. ചെറുപ്പത്തില്‍ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്. ഓണം, ക്രിസ്മസ്, റംസാന്‍, വിഷു എന്നിങ്ങനെ വിശേഷാവസരങ്ങളിലൊക്കെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കും. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ സിനിമകള്‍ക്കാണ് അന്നത്തെ കാത്തിരിപ്പ്. മലയാളം മാത്രമല്ല തമിഴ് സിനിമകളും കാണുമായിരുന്നു.

ഞാന്‍ ആരാധിക്കുന്ന താരങ്ങളിലൊരാളായി മാറണമെന്ന് കുഞ്ഞുനാളില്‍ സ്വപ്നം കാണുമായിരുന്നു. പക്ഷേ അത് തുറന്നു പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അഭിനേത്രിയാകണമെന്നതാണ് സ്വപ്നമെന്ന് ഞാനാരോടും പറഞ്ഞിട്ടില്ല.

എന്നാല്‍ മോഡലിംഗിലൂടെയും പരസ്യചിത്രങ്ങളിലൂടെയും ഹ്രസ്വചിത്രത്തിലൂടെയുമൊക്കെ ആ സ്വപ്നം തുറന്നു പറയാനുള്ള ആത്മവിശ്വാസം ഇപ്പോള്‍ കിട്ടി. എന്നെങ്കിലുമൊരിക്കല്‍ വെള്ളിത്തിരയില്‍ പറന്നുയരാനാണ് എന്റെ മോഹമെന്ന് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ എനിക്കിപ്പോള്‍ ഒരു മടിയുമില്ല.

ചേച്ചിക്കു മുന്‍പേ അനിയത്തി സിനിമയില്‍ എത്തിയല്ലോ ?


അതെ. അതില്‍ അവളെക്കാള്‍ സന്തോഷം എനിക്കാണ്. നൈലയുടെ സഹോദരി എന്ന നിലയിലുള്ള അംഗീകാരം എനിക്ക് പലപ്പോഴും കിട്ടിയിട്ടുണ്ട്. ഇപ്പോഴവള്‍ സിനിമയും ജോലിയുമൊക്കെയായി വളരെ തിരക്കാണ്, ഞാനും കുടുംബവും ജോലിയുമായി തിരക്കില്‍ത്തന്നെ. അതുകൊണ്ട് ഞങ്ങള്‍ രണ്ടാളും കുട്ടിക്കാലം മിസ് ചെയ്യുന്നുണ്ട്.

അവളുടെ സിനിമാ പോസ്റ്ററുകളും ടി.വി പ്രോഗ്രാമുകളും സിനിമകളുമൊക്കെ കാണുമ്പോള്‍ ശരിക്കും അഭിമാനം തോന്നാറുണ്ട്. അവള്‍ നേടിയെടുത്ത അംഗീകാരത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഞാനാണ്. നൈലയുടെ സഹോദരി എന്ന നിലയില്‍ ആരെങ്കിലും എന്നെ പരിചയപ്പെടാനെത്തുമ്പോള്‍ ഒരുപാട് അഭിമാനം തോന്നാറുണ്ട്.

അവളഭിനയിച്ച എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. എങ്കിലും ദിവാന്‍ജി മൂലയിലെയും കുഞ്ഞനന്തന്റെ കടയിലെയും നൈലയുടെ കഥാപാത്രം എന്റെ പേഴ്‌സണല്‍ ഫേവറൈറ്റാണ്.

uploads/news/2018/05/218319/CiniINWathirausha190518a.jpg

കുട്ടിക്കാലത്തെക്കുറിച്ച് ?


ഞങ്ങളുടെ കുട്ടിക്കാലവും മിക്ക സഹോദരങ്ങളെയും പോലെ തന്നെയായിരുന്നു. ഞാനും അനിയത്തി നൈലയും അനിയന്‍ കണ്ണനുമൊക്കെ ഒരുമിച്ചുള്ള ആ കാലം മറക്കാനാവില്ല. ചെറിയ പിണക്കങ്ങളും കുസൃതികളും കളികളും, പരസ്പരം എല്ലാം ഷെയര്‍ ചെയ്തുമുള്ള കുട്ടിക്കാലം.

അച്ഛന്‍ കെ. ഗോപകുമാര്‍ അബുദാബിയിലാണ് ജോലി ചെയ്തിരുന്നത്. ഞങ്ങളുടെ കുട്ടിക്കാലവും അവിടെ തന്നെയായിരുന്നു. എന്റെ പതിമൂന്നു വയസ്സു വരെ അച്ഛനവിടെ ജോലി ചെയ്തു, പിന്നീട് തിരുവനന്തപുരത്തേക്ക് ഷിഫ്റ്റായി. പക്ഷേ രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴുള്ള അച്ഛന്റെ ആകസ്മിക മരണം എല്ലാം മാറ്റിമറിച്ചു.

അച്ഛന്‍ പോയ ശേഷം ഞങ്ങള്‍ക്ക് വളരെപ്പെട്ടെന്ന് പക്വത വന്നു, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. അമ്മ ഉഷയാണ് പിന്നീട് ഞങ്ങളുടെ കരുത്തായി മാറിയത്. ഒരു സിംഗിള്‍ പേരന്റായി മൂന്നു കുട്ടികളെ വളര്‍ത്തുക എന്നത് അമ്മയ്ക്ക് വലിയ വെല്ലുവിളിയായി. എങ്കിലും ഗ്രാന്റ്‌പേരന്റ്‌സിന്റെയും ബന്ധുക്കളുടെയും സഹായവും പിന്തുണയും ഞങ്ങള്‍ക്ക് പലപ്പോഴും വലിയ ആശ്വാസമായി മാറിയിട്ടുണ്ട്.

പിന്നീട് നൈലയ്ക്ക് ദുബായിയില്‍ ജോലി കിട്ടി. അവള്‍ക്കൊപ്പം ഞങ്ങളും അങ്ങോട്ടേക്ക് പോയി. അധികം വൈകാതെ എനിക്കും അനിയനുമൊക്കെ ജോലി കിട്ടി.

അനിയനിപ്പോള്‍ ഖത്തര്‍ എയര്‍വെയ്‌സില്‍ ജോലി ചെയ്യുന്നു. ഞങ്ങള്‍ മൂന്നു പേരും വിവാഹമൊക്കെ കഴിഞ്ഞ് സെറ്റിലായി. എത്ര തിരക്കുണ്ടെങ്കിലും പഴയ കാലം ഓര്‍ത്തെടുക്കാന്‍ ഞങ്ങള്‍ തിരുവനന്തപുരത്ത് കൂടാറുണ്ട്.

മക്കള്‍ വെള്ളിത്തിരയില്‍ തിളങ്ങുന്നത് അച്ഛന്‍ കാണാനായില്ലല്ലോ ?


അതൊരു വലിയ സങ്കടമാണ്. അച്ഛനെപ്പോഴും ഞങ്ങളുടെ കലാവാസന പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ കാലഘട്ടത്തില്‍ എക്‌സ്ട്രാ കലിക്കുലര്‍ ആക്ടിവിറ്റീസിലൊക്കെ ഞാന്‍ സജീവമായിരുന്നു. അച്ഛനായിരുന്നു അതിനൊക്കെ കൂടുതല്‍ പിന്തുണ തന്നിട്ടുള്ളത്.

ഞങ്ങളതില്‍ പങ്കെടുക്കണമെന്നും സമ്മാനം വാങ്ങണമെന്നുമൊക്കെ അച്ഛന്‍ വളരെയധികം ആഗ്രഹിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ നൃത്തവും പാട്ടുമൊക്കെ എന്റെയിഷ്ടങ്ങളില്‍ പെട്ടിരുന്നു.

വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളില്‍ പാട്ട് എന്നില്‍ നിന്ന് പതിയെ അകന്നു, ആ സ്ഥാനം നൃത്തം കവര്‍ന്നെടുത്തു. ഇപ്പോഴും ദുബായില്‍ പല വേദികളിലും ഞാന്‍ ഭരതനാട്യം ചെയ്യാറുണ്ട്. അച്ഛന്റെ അനുഗ്രഹം കൊണ്ടാണ് ഇതൊക്കെ സാധ്യമായത്.

കുടുംബത്തിന്റെ പിന്തുണ ?


നിരുപാധികമായ പിന്തുണയാണ് കുടുംബത്തിന്റേത്. വീട്ടുകാര്യവും ജോലിയും ഒരുമിച്ചു മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വരാറുണ്ട്. ഞാന്‍ ഇതു രണ്ടും മാനേജ് ചെയ്യുന്നത് കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ്.

എന്റെ അഭിനയമോഹം സാധ്യമായതും അവരുടെ പിന്‍ബലം കൊണ്ടാണ്. ഭര്‍ത്താവ് രഞ്ജിത്തും മകള്‍ റിഷിതയുമൊക്കെ എന്റെ ഏറ്റവും വലിയ കരുത്താണ്. അഭിനേത്രി എന്ന നിലയില്‍ എന്റെ വിമര്‍ശകരും ഇവര്‍ രണ്ടുപേരും തന്നെയാണ്.

പിന്നെയുള്ളത് എന്റെ അമ്മയാണ്, ആ നെടുംതൂണിലാണ് ഞങ്ങള്‍ എപ്പോഴും താങ്ങി നിന്നിട്ടുള്ളത്. താങ്ങായും കരുത്തായും അമ്മ കൂടെയുള്ളതാണ് വലിയ പുണ്യം.

കേരളത്തെ മിസ് ചെയ്യാറില്ലേ ?


ചിലപ്പോഴൊക്കെ. ബന്ധുക്കളെല്ലാം അവിടെയല്ലേ. ബന്ധുക്കളുടെയൊക്കെ വിവാഹാഘോഷങ്ങളാണ് കൂടുതല്‍ മിസ് ചെയ്യുന്നത്. എങ്കിലും ദുബായ് ഞങ്ങളുടെ സ്വന്തമാണ്.

ദുബായിയെ സ്‌നേഹിക്കാന്‍ പഠിച്ചതോടെ നാടിനെ അത്രകണ്ട് മിസ് ചെയ്യുന്നില്ല. പിന്നെ ഉത്സവാഘോഷങ്ങളൊക്കെ കൂടുതലും കേരളത്തിലാണല്ലോ. ഓണം, ക്രിസ്മസ് ഒക്കെ നന്നായി കേരളത്തില്‍ ആഘോഷിക്കും.

അബുദാബിയില്‍ വച്ച് ഏപ്രില്‍ എട്ടിനാണ് അച്ഛന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞത്, അതിന്റെ ചടങ്ങുകളൊക്കെ കഴിഞ്ഞത് ഏപ്രില്‍ പതിനാലിനും. അതിനു ശേഷമുള്ള വിഷുക്കാലം ഒരിക്കലും ഞങ്ങള്‍ ആഘോഷിച്ചിട്ടില്ല.

uploads/news/2018/05/218319/CiniINWathirausha190518.jpg

ഇഷ്ടങ്ങളെക്കുറിച്ച് ?


ഡ്രസ്സിംഗില്‍ എനിക്ക് യുണീക്ക് സ്‌റ്റെലാണിഷ്ടം. വെസ്‌റ്റേണ്‍ ഇന്ത്യന്‍ ഔട്ട്ഫിറ്റുകള്‍ പരീക്ഷിക്കാറുണ്ട്. ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് പിറകേ പോകാറില്ല. ഞാന്‍ തന്നെ പരീക്ഷണങ്ങള്‍ നടത്താറാണ് പതിവ്. ഷോപ്പിംഗ് ക്രേസുണ്ട്. ആക്‌സസറീസും, ചെരുപ്പുകളുമൊക്കെയാണ് ഇഷ്ട ഷോപ്പിംഗ്. പിന്നെ സോഷ്യല്‍ മീഡിയയില്‍ അപ്പ്ടുഡേറ്റാണ്.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയൊക്കെ ഫോളോ ചെയ്യാറുണ്ട്, പക്ഷേ അഡിക്റ്റല്ല. വായനയാണ് എന്റെ ഇഷ്ടവിനോദം. ബിരിയാണി, ചോറും മീന്‍കറിയുമാണ് ഇഷ്ടഭക്ഷണം. ബാലിയാണ് ഫേവറൈറ്റ് ഡെസ്റ്റിനേഷന്‍. ഇപ്പോള്‍ കേള്‍ക്കുന്നത് മദ്രാസിപട്ടണത്തിലെ പൂക്കള്‍ പൂക്കും തരുണം എന്ന പാട്ടാണ്, അതുകൊണ്ട് അതാണ് ഇഷ്ടമുള്ള പാട്ട്.

സിനിമയെക്കുറിച്ച് പറഞ്ഞാല്‍ ഇഷ്ടനടിയെന്ന നിലയില്‍ പേരെടുത്തു പറയാന്‍ ആരുമില്ല, ഓരോ കാലത്ത് ഓരോ ഇഷ്ടമാണ്. പക്ഷേ ഇഷ്ടനടനായി എന്നും എപ്പോഴും ലാലേട്ടന്‍ തന്നെ.

പേരിലെ ഉഷ എന്നത് വ്യത്യസ്തമാണല്ലോ ?


അച്ഛനാണ് എനിക്കും നൈലയ്ക്കും അമ്മയുടെ പേര് തന്നത്. തിരുവനന്തപുരത്ത് അങ്ങനെയൊരു പതിവുണ്ടെന്ന് എനിക്കു തോന്നുന്നു. എന്റെ നക്ഷത്രം തിരുവാതിരയാണ്, അതില്‍ നിന്നുള്ളതാണ് ആതിര എന്ന പേര്. പിന്നെ നൈല എന്നുള്ളത് അച്ഛന്റെ ഒരു സുഹൃത്തിന്റെ പേരായിരുന്നു.

അതു കേട്ടപ്പോള്‍ എന്തോ ഒരു ഇഷ്ടം തോന്നി. അങ്ങനെയാണ് രണ്ടാമത്തെ മകള്‍ക്ക് നൈല എന്ന പേര് അച്ഛന്‍ സെലക്ട് ചെയ്തത്. പേരു മാത്രമല്ല ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും അച്ഛന്റെ അനുഗ്രഹം കൊണ്ടും അമ്മയുടെ പിന്തുണ കൊണ്ടും കിട്ടിയതാണ്.

സ്വപ്നങ്ങളും പ്രതീക്ഷകളും ?


ജീവിതത്തെക്കുറിച്ച് വലിയ പ്ലാനിംഗൊന്നുമില്ല. എങ്ങനെയാണോ ജീവിതം കൊണ്ടുപോകുന്നത്, അങ്ങനെ ജീവിക്കുന്നതാണിഷ്ടം. എന്റെതായ രീതിയില്‍ ഒരു വ്യക്തിമുദ്ര പതിപ്പിച്ച് സിനിമാലോകത്ത് ഒരു ഇടം സൃഷ്ടിക്കണമെന്ന സ്വപ്നം ഇപ്പോഴും മനസ്സിലുണ്ട്.

ലക്ഷ്മി ബിനീഷ്
ചിത്രങ്ങള്‍- അന്‍ഷാദ്

Ads by Google
Saturday 19 May 2018 01.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW